UPDATES

അന്നത്തിന് ഉപാധിവെക്കുന്ന ഭരണകൂടം; അടിച്ചേല്‍പ്പിക്കുന്ന ആധാര്‍

ക്ഷേമ ഭരണകൂടത്തിന്റെയും നിരീക്ഷണ ഭരണകൂടത്തിന്റെയും അതിരുകള്‍ അതിവേഗം മായുന്നു

ഭക്ഷ്യാവകാശങ്ങള്‍ ലഭിക്കാന്‍ ഉപാധികള്‍ വെക്കുന്നത് ഒരു ക്ഷേമരാഷ്ട്രത്തിന് ചേര്‍ന്നതല്ല. ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താളാകാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഈയിടെ ഇറക്കിയ വിജ്ഞാപനം ന്യായമായും പ്രതിഷേധം സൃഷ്ടിച്ചു. പൊതുവിതരണ സംവിധാനത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കി ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പരിഷ്കാരം സൃഷ്ടിച്ച പ്രശ്നങ്ങള്‍ ഇനിയും അവസാനിക്കാതിരിക്കെ ഇത്തരമൊരു നടപടി  അസാധാരണമാണ്.  ആധാര്‍ രേഖകളും പരിശോധിച്ചുറപ്പ് വരുത്തലിലെ പ്രശ്നങ്ങളും, സാങ്കേതികവും അടിസ്ഥാനസൌകര്യങ്ങള്‍ സംബന്ധിച്ച കുഴപ്പങ്ങളും മൂലം ആന്ധ്ര പ്രദേശ്, ഝാര്‍ഖണ്ട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കിയ നിരവധി പരാതികളാണ് ഉയരുന്നത്. സാങ്കേതികവിദ്യ സ്വീകരിക്കുന്നതുകൊണ്ടു മാത്രം സേവനങ്ങളിലെ അഴിമതിയും പിടുപ്പുകേടും ഇല്ലാതാകില്ലെന്നും പക്ഷേ അത് സാമൂഹ്യവും സാമ്പത്തികവുമായി ദുര്‍ബ്ബലരായവരെ ഒഴിവാക്കാനുള്ള ഒരു വഴിയാണെന്നും ഈ അനുഭവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തേണ്ടതാണ്.

എന്നാല്‍, കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി വിവിധ മന്ത്രാലയങ്ങള്‍ ഏതാണ്ട് 30-ഓളം പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കുകയാണ്. ഇതില്‍ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമം, തൊഴിലാളികളുടെ പ്രോവിഡന്‍റ് ഫണ്ട്, പെന്‍ഷന്‍, സ്കോളര്‍ഷിപ് പദ്ധതികള്‍, ഈയടുത്തായി 1984-ലെ ഭോപ്പാല്‍ വാതക ദുരന്തത്തിലെ പീഡിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന് വരെ ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഗുണഭോക്താവിന് നേരിട്ടു ആനുകൂല്യം കൈമാറുന്ന രീതിയിലുള്ള 84 പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാണ് നീക്കം.

സര്‍ക്കാര്‍ സമ്മതിക്കില്ലെങ്കിലും, ജനങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണ് ഈ വിജ്ഞാപനങ്ങള്‍. ഈ വിഷയം ഇപ്പൊഴും കോടതിയുടെ പരിഗണനയിലാണ്. ഈയടുത്ത് ഒരു പത്രക്കുറിപ്പില്‍, “ഒരു വ്യക്തിക്ക് ആധാര്‍ അനുവദിക്കുന്നതുവരെ തിരിച്ചറിയാനുള്ള മറ്റ് മാര്‍ഗങ്ങളെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍ നല്കും,” എന്ന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍ ചെയ്തത്. പുതിയ വിജ്ഞാപനങ്ങളിലെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമാണെന്നും അതില്ലാത്തപക്ഷം മറ്റ് തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍ ഗുണഭോക്താക്കള്‍ ആധാറിനായി പേര് നല്കിയതിന് തെളിവ് നല്കണം. ഇതും, തെളിവ് നല്കാന്‍ ഏര്‍പ്പെടുത്തിയ ചുരുങ്ങിയ സമയക്രമവും വെച്ചു നോക്കിയാല്‍ ആധാര്‍ നിര്‍ബന്ധിതമാക്കി എന്നു തന്നെ പറയാം.

ചോര്‍ച്ച തടയാനും സുതാര്യത ഉറപ്പുവരുത്താനും വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കാനും ‘വലിയ തോതില്‍ പൊതുപണം’ ലാഭിക്കാനും കഴിയുന്ന ഒരു അത്ഭുത മരുന്നായാണ് സര്‍ക്കാര്‍ ആധാറിനെ അവതരിപ്പിക്കുന്നത്. അത് പറയാത്ത കാര്യം ആധാര്‍ പദ്ധതി വന്‍തോതില്‍ ബൃഹദ് ഡാറ്റയുടെ ശേഖരണവും നിയന്ത്രണവും ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്നാണ്. ഇത് ‘ഡാറ്റാ നിരീക്ഷണം’ (വ്യക്തിപരമായ വിശദാംശങ്ങളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച ഡിജിറ്റല്‍ ഡാറ്റാ നിരീക്ഷിക്കുന്ന ഏര്‍പ്പാട്) സാധ്യമാക്കുന്നു. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം സുരക്ഷാ, നിരീക്ഷണ പദ്ധതിയുടെ ഭാഗമായി അന്നത്തെ എന്‍ഡിഎ സര്‍ക്കാരാണ് ആധാര്‍ ആശയം ആദ്യമായി കൊണ്ടുവന്നത്. ഇന്നത്തെ നിലയിലുള്ള ആധാര്‍ ഘടകങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല അതും. മാത്രവുമല്ല, സ്വകാര്യത നിയമമോ, ബയോ മെട്രിക് ഡാറ്റാ നിയന്ത്രണ നിയമമോ കൊണ്ടുവരാതെ, Aadhaar (Targeted Delivery of Financial and Other Subsidies, Benefits and Services) Act, 2016, ഒരു ധന ബില്ലായി അവതരിപ്പിക്കുകയും ഭരണഘടന നടപടിക്രമങ്ങളെയും പരിശോധനകളെയും മറികടക്കുകയും ചെയ്തു. ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന സുപ്രീം കോടതിയുടെ ഉത്തരവുകളെയും അത് ലംഘിച്ചു.

സാധാരണ പൌരനെ സംബന്ധിച്ച് ആധാറിന്റെ ഏറ്റവും ആശങ്കയുണര്‍ത്തുന്ന ഭാഗം അതിലെ നിയന്ത്രണവും ബയോമെട്രിക് ഡാറ്റാ ആര്‍ക്കൊക്കെ പ്രാപ്യമാണ് എന്നതുമാണ്. ആധാര്‍ ചേര്‍ക്കല്‍ അപേക്ഷയില്‍ ‘സമ്മതമാണോ’ എന്നു  ചോദിക്കുന്ന  ഭാഗമുണ്ട്; “UIDAI-ക്കു (Unique Identification Authority of India) ഞാന്‍ നല്കിയ വിവരങ്ങള്‍ ക്ഷേമ സേവനങ്ങള്‍ അടക്കമുള്ള പൊതുസേവനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏജന്‍സികള്‍ക്ക് നല്‍കുന്നതില്‍ എനിക്കു വിരോധമില്ല.” ഭാവിയില്‍ സൌകര്യങ്ങള്‍ ലഭിക്കാന്‍ ആളുകളോട് സമ്മതം നല്‍കാന്‍ പറയുന്ന പേര് ചേര്‍ക്കല്‍ കേന്ദ്രങ്ങളില്‍ ഈ ഉപാധികള്‍ വ്യക്തമാക്കുന്നില്ല. ആധാറിന്റെ പരസ്യത്തില്‍ ഈ സമ്മതം വാങ്ങല്‍ പ്രാമുഖ്യത്തോടെ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. UIDAI പോര്‍ട്ടലിലുള്ള ഒരാളുടെ ബയോമെട്രിക് ഡാറ്റ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ഫോണ്‍ വഴി  OTP (One Time Password) വെച്ചു പൂട്ടിവെക്കാന്‍ കഴിയുമെന്നും പറയുന്നില്ല. രണ്ടാമത് പറഞ്ഞ സംഗതി പരസ്യമാക്കുന്നില്ല എന്നു മാത്രമല്ല, ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാനും കഴിയില്ല.

ഈ പ്രശ്നങ്ങളൊന്നും ആധാര്‍ നിയമത്തില്‍ പരാമര്‍ശിക്കുന്നില്ല എന്നു മാത്രമല്ല അന്‍പത്തിയെഴാം വകുപ്പില്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു; “ഒരു വ്യക്തിയെ എന്തെങ്കിലും കാര്യങ്ങള്‍ക്കായി തിരിച്ചറിയുന്നതിനായി ഭരണകൂടമോ, ഏതെങ്കിലും കോര്‍പ്പറേറ്റോ, വ്യക്തികളോ നിലവിലുള്ള ഏതെങ്കിലും നിയമാനുസൃതമായോ അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും കരാറനുസരിച്ചോ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിനെ ഈ നിയമത്തിലുള്ള ഒന്നുംതന്നെ തടയുന്നില്ല.” ഇത് രാഷ്ട്രേതര സ്ഥാപങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭ്യമാക്കാന്‍ വഴിയൊരുക്കും, അതിതിനകം സംഭവിച്ചുകഴിഞ്ഞു. പൊതുജനത്തിന്റെ പരാതികളെ തുടര്‍ന്ന് അനധികൃതമായ രീതിയില്‍ തങ്ങളുടെ ഡാറ്റാ ഉപയോഗിക്കരുതെന്ന് UIDAI 24 സ്ഥാപനങ്ങളെ വിലക്കി. ആശയക്കുഴപ്പം കൂട്ടുന്ന ഒന്നാണ് ‘ബയോമെട്രിക് വിവരങ്ങളുടെ’ നിയമത്തിലെ നിര്‍വചനത്തില്‍ ‘മറ്റ് ജൈവ ഘടകങ്ങള്‍’ (ഡി എന്‍ എ) ഉള്‍പ്പെടുത്താനുള്ള സന്നദ്ധത. ഒപ്പം തന്നെ കുഴപ്പിക്കുന്നതാണ് ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന അതിന്റേതന്നെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കുന്ന സുപ്രീം കോടതിയുടെ ഫെബ്രുവരി 2017-ലെ ഉത്തരവ്. ഇത് ഇത്തരം ബൃഹദ് ഡാറ്റയുടെ നിയന്ത്രണവും പ്രാപ്യതയും  സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു: ആളുകളുടെ എണ്ണക്കണക്ക് മാത്രമല്ല, ബയോമെട്രിക് ഡാറ്റാ സംബന്ധിച്ചും.

ആധാറിന്റെ പ്രചാരണത്തിലൂടെ, നമുക്ക് സേവനങ്ങള്‍ നല്‍കണമെങ്കില്‍ നമ്മുടെ വിവരങ്ങളും നമ്മെ നിരീക്ഷണത്തില്‍ വെക്കാനുള്ള പ്രാപ്യതയും തരണം എന്നാവശ്യപ്പെടുന്ന ഒരു കോര്‍പ്പറേറ്റിനെ പോലെയാണ് ഇന്ത്യന്‍ ഭരണകൂടം പെരുമാറുന്നത്. വ്യക്തമാകുന്ന കാര്യം, തന്റെ ജനതയില്‍ നിന്നും സുതാര്യത ആവശ്യപ്പെടുന്ന ഭരണകൂടം സ്വയം സുതാര്യമാകാന്‍ ഒരു ശ്രമവും നടത്തുന്നില്ല എന്നതാണ്.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍