UPDATES

വായന/സംസ്കാരം

ഇഎംഎസിന്റെ മറുകണ്ടം ചാടലും ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കാത്ത എംടിയും- എന്‍ പ്രഭാകരന്‍/അഭിമുഖം-ഭാഗം 2

ആധുനികോത്തരത നമ്മുടെ സാഹിത്യത്തെ സ്വതന്ത്രമാക്കി; പാര്‍ട്ടി സാഹിത്യം പുരോഗമന സാഹിത്യത്തെ കൊന്നു കളഞ്ഞു; മലയാള സാഹിത്യത്തില്‍ ഇപ്പോഴും സവര്‍ണ്ണ ബോധം

(ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിലും നോവലിലും ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ പ്രമുഖ എഴുത്തുകാരില്‍ ഒരാളാണ് എന്‍ പ്രഭാകരന്‍. 1971ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ‘ഒറ്റയാന്റെ പാപ്പാൻ’ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു കടന്നു വന്നു. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ രചിച്ചു. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ച എന്‍ പ്രഭാകരന്‍ തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു. വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. ഒറ്റയാന്റെ പാപ്പാൻ, ഏഴിനും മീതെ, പുലിജന്മം, ജന്തുജനം, ബഹുവചനം, തീയ്യൂർ രേഖകൾ, രാത്രിമൊഴി, കാൽനട, ജനകഥ, അദൃശ്യവനങ്ങൾ, ക്ഷൌരം എന്നിവയാണ് പ്രധാന കൃതികള്‍. എഴുത്ത്, ജീവിതം, ദേശം, രാഷ്ടീയം എന്നിവയെ  കുറിച്ച് എന്‍ പ്രഭാകരന്‍ സഫിയയുമായി സംസാരിക്കുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം-ആധുനികതയുടെ കാലത്ത് ഞാന്‍ എന്തുകൊണ്ട് എഴുതിയില്ല)

ഭാഗം- 2

സഫിയ: അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പ്രക്ഷുബ്ധത ഒക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സാഹിത്യത്തില്‍ രാഷ്ട്രീയവത്ക്കരണം നടക്കാതെ പോയത്?

എന്‍ പ്രഭാകരന്‍: നമ്മുടെ അനുഭവലോകവുമായിട്ട് പൊരുത്തപ്പെടാത്ത സാഹിത്യവും ദര്‍ശനവും ഉണ്ടാക്കിയ ആശയകുഴപ്പം അടിയന്തരാവസ്ഥയിലും തുടര്‍ന്നു. സാഹിത്യത്തില്‍ ശരിയായ രീതിയില്‍ ഉള്ള ഒരു രാഷ്ട്രീയവത്ക്കരണം ഈ കാലത്ത് നടന്നില്ല. പക്ഷേ, തീരെ ഉണ്ടായിരുന്നില്ല എന്നു പറയാന്‍ പറ്റില്ല. കെജി ശങ്കരപ്പിള്ളയുടെ ‘ബംഗാള്‍’ എന്ന കവിത ആ കാലത്താണ് വരുന്നത്.  പി എന്‍ ദാസ് പത്രാധിപരായിരുന്ന പ്രസക്തി മാസികയില്‍. ബ്രണ്ണന്‍ കോളേജില്‍ അതിന്‍റെ നൂറു കോപ്പി വിറ്റിരുന്നു. ഞാന്‍ പഠിക്കുന്ന സമയത്താണ് അത്. അടിയന്തരാവസ്ഥയുടെ തൊട്ടുമുന്‍പ്. നക്സല്‍ പിരീഡിന്റെ മൂര്‍ധന്യത്തില്‍ അതിന്‍റെ ഒരു ആശയ ലോകവും അനുഭവ ലോകവും സജീവമായിട്ട് നില്ക്കുമ്പോഴാണ് ‘ബംഗാള്‍’ വന്നത്. അസ്തിത്വവാദ സാഹിത്യത്തിന്റെ ഇടയില്‍ സച്ചിദാനന്ദന്റെയും ശങ്കരപ്പിള്ളയുടെയും അത്തരം രാഷ്ട്രീയം അല്ലെങ്കിലും ചുള്ളിക്കാടിന്‍റെ കവിതകളും രാഷ്ട്രീയം പറഞ്ഞു . പിന്നെ കടമ്മനിട്ടയുടെ കവിതയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കവിതയില്‍ കുറച്ചെങ്കിലും ഇടപെടല്‍ നടന്നിട്ടുണ്ട് എന്നു കാണാം. എം സുകുമാരന്‍, യു പി ജയരാജ്, പി കെ നാണു ഇങ്ങനെ കുറച്ചു ആള്‍ക്കാരാണ് കഥയില്‍ ഉണ്ടായിരുന്നത്. പട്ടത്തുവിള കരുണാകരന്‍റെ കഥകള്‍ ഇടതുപക്ഷത്തോട് ഐക്യപ്പെട്ടിട്ടുള്ള ഒരു എഴുത്തായിട്ട് എനിക്കു തോന്നിയിട്ടില്ല. ബൌദ്ധിക തലത്തില്‍ ഇടതുപക്ഷത്തോട് പ്രതികരിക്കുന്ന എഴുത്താണത്. ഐക്യപ്പെടുമ്പോള്‍ തന്നെ ചെറിയൊരു അകല്‍ച്ചയും അതിനകത്തുണ്ട്. സുകുമാരന്റെയും ജയരാജന്റെയും നാണുവിന്റെയും കഥകള്‍ അങ്ങനെയല്ല.

ഒ വി വിജയന്‍, മുകുന്ദന്‍, കാക്കനാടന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, സേതു ഇവരിലൂടെയൊക്കെ പ്രത്യേക പരിവേഷത്തോടെ അസ്തിത്വവാദ സാഹിത്യം വന്നുകൊണ്ടിരുന്നു. എല്ലാ കാലത്തും ഈ യുവജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ചില മുദ്രാവാക്യങ്ങളുണ്ടല്ലോ… എനിക്കു ആരോടും കടപ്പാടില്ല, അച്ഛനോടും അമ്മയോടും കടപ്പാടില്ല, എനിക്കൊരു മൃഗമായിരുന്നാല്‍ മതിയായിരുന്നു, ഒരു പശു ആയാല്‍ ഇഷ്ടം പോലെ നടക്കാമായിരുന്നു… അങ്ങനത്തെ ഒരു പറച്ചില്‍ ഉണ്ടല്ലോ, ചെറുപ്പക്കാരെ അത് പെട്ടെന്നു ആകര്‍ഷിക്കും. സര്‍വ്വതന്ത്ര സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നതു പ്രയോഗത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ആളുകള്‍ ആലോചിക്കില്ല.

ആധുനിക സാഹിത്യം എന്നു നമ്മള്‍ പറയുന്ന അസ്തിത്വവാദ സാഹിത്യത്തിന്റെ ഇത്തരമൊരു ആശയ ലോകവും ദര്‍ശനവും ഒക്കെയാണ് മലയാളത്തില്‍ കുറച്ചുനാള്‍ ഉണ്ടായിരുന്നത്. വളരെ ആഴത്തില്‍ പഠിച്ചിട്ട് അസ്തിത്വവാദം ഉള്‍ക്കൊണ്ടതാണെന്ന് എനിക്കു തോന്നുന്നില്ല. വേറൊരു തരത്തില്‍ നോക്കിക്കഴിഞ്ഞാല്‍ അസ്തിത്വവാദത്തിന് ഒരു പോസിറ്റീവ് വശം കൂടിയുണ്ട്. അസ്തിത്വവാദ ദര്‍ശനത്തില്‍ പറയുന്ന അടിസ്ഥാന കാര്യം എന്നു പറയുന്നത് ജീവിതത്തിനു പൂര്‍വ്വ നിശ്ചിതമായ, ദൈവം നിശ്ചയിച്ചതോ അല്ലെങ്കില്‍ വേറെ ആരെങ്കിലും നിശ്ചയിച്ചതോ ആയ അര്‍ത്ഥം ഇല്ല. ഒരാള്‍ അയാളുടെ ജീവിതത്തില്‍ എന്തായി തീരുന്നോ അത് തന്നെയാണ് അയാളുടെ ജീവിതത്തിന്റെ സത്ത എന്നു പറയുന്നത്. അസ്തിത്വം സത്തക്ക് മുമ്പേ വരുന്നു. അതാണല്ലോ അസ്തിത്വവാദത്തിന്റെ പ്രമാണം എന്നു പറയുന്നത്. നിങ്ങളുടെ ജീവിതത്തിന് എന്തര്‍ത്ഥം ഉണ്ടായാലും എന്തര്‍ത്ഥം ഇല്ലായ്ക ഉണ്ടായാലും അതിന് പൂര്‍ണ്ണമായും നിങ്ങള്‍ തന്നെയാണ് ഉത്തരവാദി. നിങ്ങളെ ഒരുപാട് ഉത്തരവാദിത്വ ബോധം ഉള്ളവനാക്കുന്ന, നിങ്ങളെ കര്‍മ്മനിരതനാക്കുന്ന ഒരു വശം ഈ അസ്തിത്വവാദത്തിനുണ്ട്. ഒരുപാട് രാഷ്ട്രീയമായിട്ടും മറ്റ് തരത്തിലും ഒക്കെ പ്രേരിപ്പിക്കുന്ന ഒരു വശം ഉണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ അസ്തിത്വവാദത്തിന് അതുണ്ടായിരുന്നില്ല. ഇവിടത്തെ അസ്തിത്വവാദം അതിനെ വെറും നിഷേധമായിട്ടാണ് എടുത്തത്. ഒരുതരത്തില്‍ പൈങ്കിളിവത്ക്കരിച്ചിട്ടാണ് ഇവിടെ അവതരിപ്പിച്ചത് എന്നു പറയാം. അതുകൊണ്ട് ജീവിതം എന്താണെന്നറിയാത്ത ഉപരിപ്ലവമായിട്ടുള്ള കുറെ നിഷേധികളായിട്ടുള്ള ആള്‍ക്കാര്‍ ഉണ്ടായി.

ആധുനികത എന്നുപറയുന്നത് ശരിക്കും ഒരു ഗ്യാപ്പാണ്. എങ്ങനെ സംഭവിച്ചു എന്നു നമുക്ക് പറയാന്‍ പറ്റില്ല. എങ്കിലും അതൊരു വ്യതിയാനം തന്നെയാണ്. എങ്ങോട്ടോ ഒന്ന് വഴിതിരിഞ്ഞു പോയതാണത്. പല കാരണങ്ങള്‍ കൊണ്ട് ഉണ്ടായതായിരിക്കുമത്. എങ്ങനെയാണ് ഈ ഒരു അസ്തിത്വവാദ ദര്‍ശനമൊക്കെ ഒരു മലവെള്ളപ്പാച്ചില്‍ പോലെ വന്നത് എന്ന കാര്യത്തില്‍ ഒരു പിടികിട്ടായ്കയുണ്ട്. എങ്ങിനെയാണ് നമ്മുടെ വായനാലോകം മുഴുവന്‍ അതില്‍ കുടുങ്ങിപ്പോയത് എന്ന കാര്യത്തില്‍ നമുക്ക് ഒരു നൂറ് ശതമാനം കൃത്യമായ ഉത്തരം ഇല്ല. അതിനോടു പൊരുത്തപ്പെട്ട് പോകുന്ന ഭൌതിക സാഹചര്യം വേണ്ടുവോളം ഉണ്ടായിരുന്നു ഇവിടെ.

അതിന്‍റെ ഇടയിലും നല്ല സര്‍ഗ്ഗോര്‍ജ്ജം ഉപയോഗിച്ച് എഴുതിയ കുറച്ചു കഥകളുണ്ട് മുകുന്ദന്‍റേതായിട്ട്. പിന്നെ ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം.  ദര്‍ശന തലത്തില്‍ അതിനോടു വിയോജിച്ചാലും വലിയ സര്‍ഗ്ഗോര്‍ജ്ജം ഉപയോഗിച്ചിട്ടുള്ള ഒരു കൃതിയാണത്. മലയാളത്തിലെ ഏറ്റവും നന്നായി സര്‍ഗ്ഗോര്‍ജ്ജം ഉപയോഗിച്ചിട്ടുള്ള ഒരു നോവലാണ് അത്. അതുകൊണ്ട് അതിന് ഇപ്പോഴും കാലപ്പഴക്കം ഉണ്ടാകുന്നില്ല. ഇവര്‍ പ്രചരിപ്പിച്ച അസ്തിത്വവാദ ദര്‍ശനത്തിന് വിരുദ്ധമായിട്ടുള്ള ക്രിയേറ്റീവിറ്റിയുടെ ഉപയോഗം അതിനകത്തുണ്ട്. അതുകൊണ്ട് ദര്‍ശനം എന്തായാലും അതിന്റെതായ പോസിറ്റീവ് വശം ആ നോവലിനുണ്ട്. പിന്നെ മലയാള ഭാഷയെ ആ നോവല്‍ നവീകരിച്ചു. ഗദ്യത്തിന്‍റെ ഉയര്‍ന്ന സാധ്യതകളെ ബോധ്യപ്പെടുത്തി. അങ്ങനെയൊക്കെയുള്ള ഒരുപാട് പോസിറ്റീവ് വശം ഉള്ള നോവലാണത്. പിന്നെ മാധവിക്കുട്ടിയുടെ കഥകള്‍, മാധവിക്കുട്ടി ഇംഗ്ലീഷില്‍ എഴുതിയ കവിതകള്‍ എല്ലാം ഈ ആധുനികതയുടെകാലത്ത് വന്നതാണ്.

സഫിയ: അതിനിടയിലും നമ്മുടേതായ സാഹിത്യം കണ്ടെത്താനും ആവിഷ്ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

എന്‍ പ്രഭാകരന്‍: കാവാലത്തിന്റെ തനതു നാടകം എന്നൊക്കെ പറയുന്ന സംഗതി ആ സമയത്താണ് തുടങ്ങുന്നത്. അതിന് മുന്‍പ് സിഎന്‍ ശ്രീകണ്ഠന്‍ നായര്‍ ‘കലി’ എന്നൊരു നാടകം അവതരിപ്പിച്ചിരുന്നു. തനതു നാടകം എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് വന്നതാണ് അത്. അതൊന്നും വേണ്ടത്ര വിജയിച്ചില്ല. തനത് എന്നു പറഞ്ഞാല്‍ രംഗാവതാരണത്തിലും രംഗം തയ്യാറാക്കുന്നതിലും നടീനടന്മാരുടെ ചലനത്തിലും അഭിനയത്തിലും ഒക്കെ ഒരു ശൈലീകരണം നടത്തിയിട്ട് തനതുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രത്യേക തരത്തില്‍ ചുവടുവെച്ചിട്ടും താളാത്മകമായി സംഭാഷണം നടത്തിയിട്ടും പ്രത്യേക തരത്തിലുള്ള സംഗീതം ഉപയോഗിച്ചിട്ടും ഒക്കെ. കേരളീയ ജീവിതത്തിന്റെ തനത് എന്നു പറയുന്നത് യഥാര്‍ഥത്തില്‍ അതില്‍ വന്നില്ല. എന്തോ തരത്തില്‍ ആ തനതിനെ കുറിച്ചുള്ള ഒരു പ്രത്യേക തരം സങ്കല്‍പ്പം, ഒരു തരത്തില്‍ കൃത്രിമം എന്നുപറയാം, ഉപയോഗിക്കുകയാണ് ചെയ്തത്.

വടക്കന്‍ കേരളത്തിലെ തെയ്യം അന്വേഷിച്ചിട്ട് കാവാലവും ആള്‍ക്കാരും ഒക്കെ വന്നിട്ടുണ്ടായിരുന്നു. പക്ഷേ തെയ്യത്തിന്‍റെ യഥാര്‍ത്ഥ സ്പിരിറ്റ് എന്താണെന്ന് അവര്‍ക്ക് മനസ്സിലായില്ല. ഉദാഹരണം പറഞ്ഞാല്‍ തെയ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം നര്‍മ്മം ആണെന്ന് അവര്‍ പറയുന്നുണ്ട്. തെയ്യത്തില്‍ നര്‍മ്മം വളരെ ചെറിയ അളവിലേയുള്ളൂ.  ഇവിടത്തെ ഏറ്റവും രൂക്ഷമായിട്ടുള്ള ജീവിത സാഹചര്യങ്ങളോട് പൊരുതി മരിച്ചവരും അനീതികളോട് ഏറ്റുമുട്ടിയവരും ഒക്കെയായിട്ടുള്ള മനുഷ്യരാണ് തെയ്യങ്ങളായി മാറിയത്. അതില്‍ വീരം, രൌദ്രം, കരുണം അങ്ങനെയൊക്കെയുള്ള സംഗതികളാണ് ഏറ്റവുമധികം ഉള്ളത്. അത് കഴിഞ്ഞിട്ടേയുള്ളൂ നര്‍മ്മം. പൊട്ടന്‍ തെയ്യം തമാശയൊക്കെ പറയുമെങ്കിലും അത് നര്‍മ്മം ആണെന്ന് പറയാന്‍ പറ്റില്ല. വാസ്തവത്തില്‍ അത് ചില സാമൂഹ്യ അനീതികളെ, സാമൂഹ്യ ബോധ്യങ്ങളെ ചോദ്യം ചെയ്യുന്നതാണ്.

ചിമ്മാനക്കളിയിലൊക്കെ ചെറിയ അളവില്‍ ഹാസ്യം ഉണ്ടെങ്കിലും അതൊരു പ്രത്യേക ജീവിതാവസ്ഥയുടെ, പ്രത്യേക കാലഘട്ടത്തില്‍ മനുഷ്യര്‍ നേരിട്ട പ്രശ്നങ്ങളുടെ ഒക്കെ ആവിഷ്ക്കാരം തന്നെയാണത്. ഭയാനകമായിട്ടുള്ള, വളരെയധികം നമ്മളെ മാനസികമായി സ്പര്‍ശിക്കുന്ന ദുരന്ത കഥകളാണ് തെയ്യം കഥകള്‍. അതൊന്നും അവര്‍ക്ക് മനസ്സിലായിട്ടില്ല. തനതു നാടകക്കാര്‍ ഈ കുരുത്തോലകൊണ്ട് കുറച്ചു രംഗവേദി അലങ്കരിക്കുക, നടീനടന്മാരുടെ വേഷത്തില്‍ കുരുത്തോല ഉപയോഗിക്കുക, പിന്നെ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുക, നാട്യ ധര്‍മ്മിയായിട്ടുള്ള ശൈലിയില്‍ അഭിനയിക്കുക, വായ്ത്താരിയായിട്ട് പാട്ട് ഉപയോഗിക്കുക ഇത്രയൊക്കെയാണ് ഇവര്‍ ചെയ്തത്. ഇതൊന്നുമല്ല യഥാര്‍ഥത്തില്‍ തനത്. കേരളത്തിലെ തനത് കണ്ടെത്താനുള്ള ഒരു ചെറിയ ശ്രമം അവര്‍ നടത്തി എന്നേയുള്ളൂ. അത്രത്തോളം പോസിറ്റീവാണത്. അതിനപ്പുറത്ത് ഞാന്‍ അതിന് വല്യ പ്രാധാന്യം കാണുന്നില്ല.

സഫിയ: ആധുനികതയുടെ കാലത്തും എം ടി തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നല്ലോ?

എന്‍ പ്രഭാകരന്‍: പാതിരാവും പകല്‍ വെളിച്ചവും ആണ് എം ടിയുടെ ആദ്യത്തെ നോവല്‍. പിന്നെ രക്തം പുരണ്ട മണല്‍ത്തരികള്‍ എന്ന സമാഹാരം വന്നു. അതൊക്കെ എം ടി ചെറുപ്പക്കാരനായിട്ട് ഇരിക്കുന്ന സമയത്ത് വന്നതാണ്. പിന്നെ 1954-ല്‍ നാലുകെട്ട് എന്ന നോവല്‍ വന്നു. അറുപതുകളുടെ ആദ്യ പകുതിയില്‍ അസുരവിത്ത് എന്ന നോവല്‍ വന്നു. ആധുനികതയുടെ കാലത്ത് എം ടി എഴുതിയത് കാലം എന്ന നോവലാണ്. കാലത്തില്‍ ആധുനികതയുടെതായ ചെറിയ സ്വാധീനങ്ങള്‍ ഉണ്ട്. സേതുവില്‍ ഒരുതരം ആത്മനിഷേധവും ഒളിച്ചോട്ടവും ഒക്കെയുണ്ട്. അപ്പുണ്ണിയെപ്പോലെ അല്ലെങ്കില്‍ അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയെപ്പോലെയുള്ള ഒരു കഥാപാത്രം അല്ല സേതു. ആധുനികതയുടെ സ്വാധീനം അതിനകത്തുണ്ട്. എം ടിയുടെ നോവലുകള്‍ ധാരാളം വായിക്കപ്പെട്ടു. നാലുകെട്ടും അസുരവിത്തുമൊക്കെ നന്നായിട്ടു വായിക്കപ്പെട്ടിരുന്നു. ഒരു കാലം വരെ ചെറുകഥകളും നന്നായിട്ട് വായിക്കപ്പെട്ടിരുന്നു.

പക്ഷേ അദ്ദേഹത്തിന്റെ ജനപ്രിയതയുടെ അടിസ്ഥാനം സിനിമയാണെന്നാണ് എനിക്കു തോന്നുന്നത്. കുറെ സിനിമകള്‍ക്ക് തിരക്കഥ എഴുതി. പിന്നെ സിനിമകളെല്ലാം കച്ചവടപരമായി വിജയമാണ്. എം ടിക്കുള്ള ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ ആധുനികതയുടെ കാലത്തെല്ലാം എം ടി തകര്‍ച്ചയില്ലാതെ പിടിച്ചു നിന്നു എന്നതാണ്. കോമാളിത്തരങ്ങളില്‍ ഒന്നും വീണില്ല. ആധുനിക കാലത്തെ അസ്തിത്വ ദര്‍ശനത്തെ ആഘോഷിച്ചില്ല. പൊതുവെ മലയാള വായനക്കാര്‍ക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസ്യത സൂക്ഷിക്കാന്‍ എംടി ക്കു പറ്റിയിട്ടുണ്ട്. എല്ലാ കാലത്തും. ആ വിശ്വാസ്യത സൂക്ഷിക്കുന്നത് വല്യ രാഷ്ട്രീയ പ്രബുദ്ധത കൊണ്ടൊന്നുമല്ല. എഴുത്തില്‍ സൂക്ഷിക്കുന്ന ഒരു മാന്യത, ഒരു മിതത്വം അതൊക്കെ കൊണ്ടാണ്.

പിന്നെ അതിനെക്കാള്‍ ഉപരിയായിട്ടുള്ള പ്രധാനപ്പെട്ട കാര്യം എംടി എല്ലാ കാലത്തും ആവിഷ്ക്കരിച്ചു കൊണ്ടിരുന്ന ഗൃഹാതുരത കൊണ്ടാണ്. ഗൃഹാതുരത തന്നെയാണ് എംടിയുടെ ലോകം എന്നു പറയുന്നതു തന്നെ. ഏറെക്കുറെ വള്ളുവനാട്ടിലെ താഴ്ന്ന മധ്യ വര്‍ഗ്ഗത്തിനകത്തുള്ള ഒരു സവര്‍ണ്ണ വിഭാഗത്തിന്റെ ലോകമാണ് എംടി പ്രധാനമായിട്ട് ആവിഷ്ക്കരിച്ചത്. അത് സത്യസന്ധമായി ആവിഷ്ക്കരിച്ചു എന്നുള്ളതാണ്.

പിന്നെ എംടിക്കുള്ള ഒരു പരിമിതി എന്നു പറയുന്നത് ഏതെങ്കിലും ഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പ്രബുദ്ധതയുടെ, ഇടതുപക്ഷ രാഷ്ട്രീയ പ്രബുദ്ധതയുടെ ആളായിട്ട് എംടി ഒരിക്കലും മാറിയിട്ടില്ല. കവിതയില്‍ സച്ചിദാനന്ദനും കടമ്മനിട്ടയുമൊക്കെ കൊണ്ടുവന്ന ഒരു ഇടതുപക്ഷ ഭാവുകത്വ രൂപീകരണം നടക്കുന്ന സമയത്തൊന്നും എംടി അതിന്റെ കൂടെയില്ല. കഥയില്‍ എം സുകുമാരനും ജയരാജനും ഒക്കെ അത് കൊണ്ടുവന്നപ്പോള്‍ അതിന്റെയും കൂടെ എംടി ഇല്ല. എംടി എപ്പോഴും അവനവന്റെ ചെറിയ ലോകത്ത് ഈ പറഞ്ഞപോലെ ഈ ഗൃഹാതുരതയുടെ ലോകത്ത്, അങ്ങനെയുള്ള മനുഷ്യ ബന്ധങ്ങളുടെ ലോകത്ത് തന്നെയാണ് ഉണ്ടായിരുന്നത്. ദര്‍ശന തലത്തില്‍ ആ ഒരു പരിമിതി എംടിക്കുണ്ട്. ആ ഗൃഹാതുരതയും കുടുംബ ബന്ധങ്ങളും ഒക്കെ സത്യസന്ധമായതുകൊണ്ട്, അതിനൊരു ആധികാരികതയുള്ളതുകൊണ്ട് വായനക്കാര്‍ എപ്പോഴും എംടിയുടെ കൂടെ ഇങ്ങനെ നിന്നു. വായനക്കാര്‍ എപ്പോഴും വിശ്വാസം അര്‍പ്പിച്ച ഒരു എഴുത്തുകാരനാണ് എംടി.

എനിക്കു തോന്നുന്നു മലയാളത്തില്‍ വ്യക്തിതലത്തില്‍ തന്നെ വായനക്കാര്‍ സ്നേഹിച്ച എഴുത്തുകാരില്‍ പ്രധാനി എംടി വാസുദേവന്‍ നായരാണ്. വേറൊരു തരത്തില്‍ വൈക്കം മുഹമ്മദ് ബഷീറിനത് കിട്ടിയിട്ടുണ്ട്. അങ്ങനെ അപൂര്‍വ്വം ചിലര്‍ക്കേ വ്യക്തി എന്ന നിലയില്‍ വായനക്കാര്‍ക്ക് വൈകാരികമായ അടുപ്പം കിട്ടിയിട്ടുള്ളൂ. ഒരുകാലത്ത് ചങ്ങമ്പുഴയോട് ഉണ്ടായിരുന്നു. ഒരു ചെറിയ കാലത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും യുവലോകം കൊണ്ടുനടന്നിട്ടുണ്ട്. എംടിക്ക് അത് ദീര്‍ഘ കാലത്തേക്ക് കിട്ടി. 1950 മുതല്‍ ഏതാണ്ട് ഇപ്പോഴും അത് തുടരുന്നുണ്ട്. പഴയ അളവില്‍ ഇല്ലെങ്കിലും. ഇപ്പോഴും ഏതെങ്കിലും ഒരു ബുക്സ്റ്റാളില്‍ ചെന്നാല്‍ ലൈബ്രറിക്കാരൊക്കെ വിശ്വാസത്തോടെ ആദ്യം എടുക്കുന്ന പുസ്തകം എംടിയുടെതായിരിക്കും.

ചില കൃതികള്‍ ദര്‍ശന തലത്തില്‍ ഒരുപാട് പരിമിതികള്‍ ഉള്ളതാണെന്ന് ചൂണ്ടിക്കാണിക്കാന്‍ പറ്റും.  മഞ്ഞ് എന്ന നോവലിലെ വിമല എന്ന കഥാപാത്രത്തിന് ഒരുപാട് പരിമിതികളും പ്രശ്നങ്ങളും ഉണ്ട്. യഥാസ്ഥിതികമായ ഒരു സ്ത്രീ സങ്കല്‍പ്പത്തിന്റെ ഇട്ടാവട്ടത്തിലാണ് വിമല എന്ന കഥാപാത്രം നില്‍ക്കുന്നത് എന്നുചൂണ്ടിക്കാണിക്കാന്‍ പറ്റും. പക്ഷേ പരിമിതികള്‍ ഉണ്ടെങ്കിലും എംടി ഒരിക്കലും ഏതെങ്കിലും ഒന്നിനെ ബോധപൂര്‍വ്വം പൈങ്കിളിവത്ക്കരിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു ദര്‍ശനത്തിന് കീഴടങ്ങുകയോ ഒന്നും ചെയ്തിട്ടില്ല.

സഫിയ: മാഷുടെ എഴുത്തിലേക്ക് തിരിച്ചുവരാം. വലിയൊരു ഗ്യാപ്പിന് ശേഷം സജീവമായി എഴുത്തിലേക്ക് തിരിച്ചു വരുന്നത് എപ്പോഴാണ്?

എന്‍ പ്രഭാകരന്‍:  എന്‍റെ ആദ്യത്തെ കഥാസമാഹാരമായ ‘ഒറ്റയാന്‍റെ പാപ്പാന്‍’ പ്രസിദ്ധീകരിക്കുന്നത് 1986-ലാണെന്ന് പറഞ്ഞല്ലോ. അതിനു മുന്‍പ് തന്നെ എന്‍റെ തലമുറയില്‍ പെട്ടവര്‍ പലരും പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഞാന്‍ കുറച്ചു വൈകിയാണ് പ്രസിദ്ധീകരിച്ചത്. ആ പുസ്തകം വന്നതോടുകൂടി എനിക്കു തുടര്‍ച്ചയായി എഴുതാനുള്ള ഒരാവേശം ഏറെക്കുറെ കൈവന്നു. ഏത് വഴിയിലാണ് ചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെ പറ്റി എനിക്കൊരു ബോധ്യം ഉണ്ടായി. നമുക്ക് നമ്മളെ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ നമുക്ക് തന്നെ ഒരു ഉത്സാഹം ഉണ്ടാകും. പ്രധാനമായിട്ടും അതിനൊരു പൊതു അന്തരീക്ഷം രൂപപ്പെട്ടു. ആധുനികത തകര്‍ന്നു. വേറൊരു തരത്തിലുള്ള ഒരു അന്തരീക്ഷം ഉണ്ടായി. ആധുനികോത്തരം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥ.

നമ്മള്‍ ആധുനികോത്തരം എന്നു പറയുമ്പോള്‍ യൂറോപ്പിലും അമേരിക്കയിലും എല്ലാം അതിന്‍റെ ഫിലോസഫി എന്നു പറഞ്ഞാല്‍ വേറെയാണ്.  ചരിത്രം എന്നു പറയുന്നതില്ല. ചരിത്ര വസ്തുതകളില്ല. വ്യാഖ്യാനങ്ങളേയുള്ളൂ. പിന്നെ രാഷ്ട്രീയം മരിച്ചു. ദര്‍ശനം മരിച്ചു. ഗ്രന്ഥകാരന്‍ മരിച്ചു എന്നിങ്ങനെയായിരുന്നു അത്. പക്ഷേ നമ്മുടെ നാട്ടിലെ ആധുനികോത്തരം അതല്ല. നമ്മുടെ ആധുനികോത്തരതയും അവരുടെ ആധുനികോത്തരതയും തമ്മില്‍ നല്ല വ്യത്യാസം ഉണ്ട്. നമ്മുടെ ആധുനികോത്തരത സാഹിത്യത്തിന്‍റെ കാര്യത്തില്‍ വളരെ പോസിറ്റീവ് ആയിരുന്നു. അവിടത്തെ ആധുനികോത്തരയും നമ്മുടെ ആധുനികോത്തരതയും തമ്മില്‍ താരതമ്യം ചെയ്തു ഇത് ആധുനികോത്തരതയല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. വി സി ശ്രീജന്‍റെ ‘ആധുനികോത്തരത വിശകലനവും വിമര്‍ശനവും’ എന്ന പുസ്തകം തന്നെ അതിനു വേണ്ടിയുള്ളതായിരുന്നു.  അവിടത്തെ ആധുനികോത്തരതയ്ക്ക് ഇന്നയിന്ന ലക്ഷണങ്ങള്‍ എല്ലാം ഉണ്ട്, ഇവിടെ അതില്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയുള്ള ശ്രമം. അതൊരു അര്‍ഥശൂന്യമായ ശ്രമമാണ്.

നമ്മുടെ ആധുനികോത്തരത വേറെയാണ്. നമ്മുടെ ആധുനികോത്തരതയെ നമ്മള്‍ നമ്മുടേതായ രീതിയില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ സ്വതന്ത്രവും മൌലികവുമാണത്. ആധുനികതപോലെയല്ല. ആധുനികതയില്‍ അനുകരണത്തിന്റെ ഒരുപാട് അംശം ഉണ്ട്. ആധുനികോത്തരതയില്‍ അതില്ല. ആധുനികതയുടെ കാലത്ത് നമ്മള്‍ കാമുവിനെയും കാഫ്കയെയും അനുകരിച്ചു. പൂര്‍ണ്ണമായും ശരിയായിരിക്കില്ല എങ്കിലും ആല്‍ബര്‍ട് കാമുവിന്റെ ‘പ്ലേഗി’നെ അനുകരിച്ച് എഴുതിയതാണ് ‘വസൂരി’ എന്നു പറയും. അതുപോലെ ‘സാക്ഷി’ എന്ന നോവല്‍ കാമുവിന്‍റെ തന്നെ ‘ഔട്ട്സൈഡര്‍’ എന്ന നോവല്‍ അനുകരിച്ച് എഴുതിയതാണെന്ന് പറയും. എന്നാല്‍ ആധുനികോത്തരതയുടെ കാലത്തെ ഏതെങ്കിലും ഒരു കഥയോ നോവലോ യൂറോപ്പിലെ ഇന്നയിന്ന കൃതിയെ അനുകരിച്ച് എഴുതിയതാണെന്ന് പറയാന്‍ പറ്റില്ല. അതിവിടെ മൌലികമായിട്ടു ഉണ്ടായതാണ്. പിന്നെ യൂറോപ്യന്‍ ആധുനികോത്തരതയുടെ രാഷ്ട്രീയം നമ്മളുടെ സാഹിത്യത്തിലെ ആധുനികോത്തരതക്കില്ല. ആധുനികോത്തരത നമ്മുടെ സാഹിത്യത്തെ കുറെക്കൂടി സ്വതന്ത്രമാക്കി അതിന് കുറെക്കൂടി ജീവിത ബന്ധം ഉണ്ടാക്കി.  കേരളീയ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് സാഹിത്യത്തെ തിരിച്ചു കൊണ്ടുവന്നു. പക്ഷേ അത് പഴയ റിയലിസ്റ്റിക്ക് രീതിയില്‍ അല്ല. കാലം മാറി, അനുഭവങ്ങളുടെ ഘടനയില്‍ മാറ്റം വന്നു. അതിനെ പുതിയ രീതിയില്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട് പുതിയ രീതിയില്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നൊരു തോന്നലുണ്ടായി. അതിനുള്ള സ്വാതന്ത്ര്യവും കൊടുത്തു.

ആധുനികോത്തരത വലിയൊരു സ്വാതന്ത്ര്യം ഉണ്ടാക്കിയിട്ടുണ്ട്. ആ സ്വാതന്ത്ര്യം ഞാനും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷേ അങ്ങനെയൊരു സ്വാതന്ത്ര്യം ഉണ്ടായത് കൊണ്ടായിരിക്കും എനിക്ക് പിന്നീടിങ്ങോട്ട് കുറെക്കൂടി തുടര്‍ച്ചയായി എഴുതാന്‍ പറ്റിയത്. 86 മുതല്‍ അതുണ്ട്. എല്ലായ്പ്പോഴും തുടര്‍ച്ചയായി എഴുതാന്‍ പറ്റിയില്ലെങ്കിലും ആ ഒരു അന്തരീക്ഷത്തില്‍ ഞാനുണ്ട്. കുറെ പുതിയ എഴുത്തുകാരെ അതുണ്ടാക്കിയിട്ടുണ്ട്. ആ പുതിയ എഴുത്തുകാരെല്ലാം വളരെ സ്വതന്ത്രമായിട്ട് എഴുതുന്നവരാണ്. അവരില്‍ പലരും ഇപ്പോഴും എഴുതുന്നുണ്ട്. ആധുനികതയുടെ കാലത്തുണ്ടായിരുന്ന എഴുത്തുകാര്‍ അനുകര്‍ത്താക്കളും എഴുത്തില്‍ കൃത്രിമത്വം കൊണ്ടുവന്നവരുമാണ്. ആധുനികോത്തരത മലയാളത്തെ സംബന്ധിച്ചിടത്തോളം പോസിറ്റീവാണ്. രാഷ്ട്രീയമായി ആളുകള്‍ ചിലപ്പോള്‍ എതിര്‍ക്കും. പോസ്റ്റ് മോഡേണ്‍ എന്നു പറയുമ്പോള്‍ മൊത്തം അങ്ങനെയാണല്ലോ. പക്ഷേ സാഹിത്യത്തില്‍ അങ്ങനെയല്ല. നമ്മള്‍ അതിനെ വേറെ രീതിയില്‍ നിര്‍വ്വചിച്ചു നമ്മുടെ രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അത് വളരെ പോസിറ്റീവാണ്.

സഫിയ: നിങ്ങളെപ്പോലുള്ള എഴുത്തുകാര്‍ ഉത്തരാധുനികതയെ ഇറക്കുമതി ചെയ്യുകയായിരുന്നു എന്ന ഒരു വിമര്‍ശനം ഉണ്ടായിരുന്നല്ലോ..?

എന്‍ പ്രഭാകരന്‍: രണ്ടു തരത്തിലാണ് അത് വന്നത്. ഒന്ന് വി സി ശ്രീജനെപ്പോലുള്ള ഒരാള് ഉത്തരാധുനികതയുടെ ലക്ഷണങ്ങളെല്ലാം ചൂണ്ടിക്കാണിച്ചിട്ട് അതിവിടെ ഇല്ല, ഇവിടത്തേത് ഉത്തരാധുനികതയല്ല എന്നു പറഞ്ഞു. നമ്മുടെ സമൂഹം പ്രീ മോഡേണ്‍ പോലും അല്ല എന്നു പറഞ്ഞ ആള്‍ക്കാരുണ്ട്. ചിലപ്പോള്‍ സമൂഹത്തില്‍ പ്രീ മോഡേണ്‍ അവസ്ഥയിലുള്ള പല ജനവിഭാഗങ്ങളും ഉണ്ടാകും. ആധുനികതയുടെ സൌകര്യങ്ങളിലേക്ക് പ്രവേശിക്കാത്ത ധാരാളം ജനവിഭാഗങ്ങള്‍ കേരളത്തില്‍ ഉണ്ടാകും. അത് ശരിയാണ്. പക്ഷേ വേറൊരു തരത്തില്‍ എഴുത്തിന്‍റെ കാര്യത്തിലൊക്കെ ആധുനികോത്തരതയുടെ ഒരു അന്തരീക്ഷം രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ആ ലോകം മലയാളത്തില്‍ എഴുത്തിനെ സ്വതന്ത്രമാക്കിയിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം. അത് അനുകരണമല്ല. അങ്ങനെ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല. വളരെ സ്ഥൂലമായിട്ടിങ്ങനെ അനുകരണമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ലല്ലോ. എസ് ജോസഫിനെ പോലുള്ള ഒരു കവിയെ നോക്കിയാല്‍ തികച്ചും കേരളീയനാണ്, തികച്ചും പുതുതാണ്. നമ്മുടെ കവിതയിലേക്ക് ഇതേവരെ കടന്നുവരാത്ത ദളിത് അനുഭങ്ങളെ ഏറ്റവും സര്‍ഗ്ഗാത്മകമായിട്ട് കൊണ്ടുവന്നയാളാണ്. ക്രിയേറ്റീവിറ്റിയുടെ തലത്തില്‍ മലയാളത്തിലെ ഏത് കവിതയോടും താരതമ്യപ്പെടുത്താവുന്ന കവിതയാണ്. യഥാര്‍ത്ഥ തനതാണത്.

സഫിയ: പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു?

എന്‍ പ്രഭാകരന്‍: പുരോഗമന സാഹിത്യ പ്രസ്ഥാനമാണ് വാസ്തവത്തില്‍ ഈ മലയാള സാഹിത്യത്തെ ഒരു ഘട്ടത്തില്‍ നവീകരിച്ചെടുത്തത്. പാട്ടബാക്കി എന്ന നാടകം, തകഴിയുടെ നോവലുകള്‍, ബഷീറിന്‍റെ നോവലുകള്‍… ബഷീറിന്‍റെ അനുരാഗത്തിന്റെ ദിനങ്ങളിലെ കഥാനായകന്‍ രണ്ടുമൂന്ന് സ്ഥലത്തു ഞാന്‍ പുരോഗമന സാഹിത്യകാരനാണ്, പുരോഗമന സാഹിത്യകാരനാണ് എന്നു പറയുന്നുണ്ട്. തകഴി, ബഷീര്‍, കേശവദേവ് അവരാരും തന്നെ പുരോഗമന സാഹിത്യത്തില്‍ നിന്നു അകന്നു നിന്നവരല്ല. അവരിലൂടെയൊക്കെയാണ് പുരോഗമന സാഹിത്യം കൂടുതല്‍ നിര്‍വ്വചിക്കപ്പെട്ടത്. പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചത്. പക്ഷേ അതിനൊരു ക്രമാനുഗതമായ വളര്‍ച്ചയുണ്ടായില്ല. കാരണം നമ്മുടെ സാഹിത്യ ബോധവും രാഷ്ട്രീയ ബോധവും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സ്റ്റാറ്റിക് ആയിപ്പോയി. മാര്‍ക്സിസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സാഹചര്യങ്ങളില്‍ വിവിധ രൂപത്തില്‍ പ്രയോഗിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ആ ദര്‍ശനത്തിന് മുന്നോട്ട് പോകാന്‍ പറ്റുകയുള്ളൂ. നമ്മളിവിടെ എങ്ങനെ പ്രയോഗിക്കണം, മൌലികമായിട്ടുള്ള ഒരു പ്രയോഗ രൂപം എന്താണ് എന്നുള്ളതിനെപ്പറ്റിയുള്ള ഫലപ്രദമായിട്ടുള്ള അന്വേഷണങ്ങള്‍ ഉണ്ടായിട്ടില്ല, അതുകൊണ്ട് പുരോഗമന സാഹിത്യവും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിശ്ചലമായിപ്പോയി. അതിനിടയിലൊക്കെയാണ് ഈ ആധുനികത കേറിവരുന്നത്.

സഫിയ: പാര്‍ട്ടിക്ക് വേണ്ടി സാഹിത്യം എഴുതണം അല്ലെങ്കില്‍ സാഹിത്യത്തെ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരണം എന്ന ചിന്താഗതിയല്ലേ പുരോഗമന സാഹിത്യത്തെ തകര്‍ത്തത്?

എന്‍ പ്രഭാകരന്‍: സ്റ്റാലിന്‍ കാലഘട്ടത്തില്‍ റഷ്യയില്‍ ഒക്കെ ഉണ്ടായിരുന്നപോലെ പാര്‍ട്ടിക്ക് വേണ്ടി സാഹിത്യം എഴുതുന്നു എന്നൊരു ധാരണ ഒരു കാലം വരെ ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ പക്ഷേ പോസിറ്റീവ് ആയിട്ടാണ് അത് പ്രവര്‍ത്തിച്ചത്. കെ ദാമോദരന്‍ പാര്‍ട്ടിക്ക് വേണ്ടി തന്നെയാണ് ‘പാട്ടബാക്കി’ എഴുതുന്നത്. ആ പാട്ടബാക്കിയാണ് മലയാള നാടകത്തെ ഒരു പുതിയ രൂപമാക്കി മാറ്റിയെടുത്തത്. പിന്നെ അങ്ങോട്ട് അതിന്‍റെ ചുവടു പിടിച്ചിട്ടാണ് കുറെ നാടകങ്ങള്‍ ഉണ്ടാകുന്നത്.  സാമൂഹ്യ ബോധവും രാഷ്ട്രീയ ബോധവും കാലത്തിനനുസരിച്ച് വളരാത്തതിന്‍റെ പ്രശ്നമുണ്ട്. അങ്ങനെ വളരാത്തതുകൊണ്ടാണ് പുരോഗമന സാഹിത്യം ഒരു ഘട്ടത്തില്‍ നിശ്ചലമായിപ്പോയത്. ആ സ്പേസിലേക്ക് ആധുനികത കേറിവന്നു. പിന്നെ ഇടക്കാലത്ത് ഒരു മറുകണ്ടം ചാടല്‍ ഉണ്ടായി.

ഇഎംഎസ് നമ്പൂതിരിപ്പാട് 1991-ല്‍ ഭാഷാപോഷിണിയുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ സാഹിത്യകാരന് കക്ഷി രാഷ്ട്രീയം ആവശ്യമില്ല എന്നു പറയുകയുണ്ടായി. ഞങ്ങള്‍ ഇതിനെ കുറിച്ചു നേരത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കിയിരുന്നില്ല. കല സ്വതന്ത്രമാണ്. സാഹിത്യം സ്വതന്ത്രമാണ് എന്നൊക്കെ അദ്ദേഹം പറഞ്ഞു. ശരിക്ക് പറഞ്ഞാല്‍ മലയാളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം ഉണ്ടാക്കിയെടുത്ത ആശയ ലോകത്തിന്‍റെ സമ്പൂര്‍ണ്ണ നിരാകരണമാണത്. അങ്ങനെ ഒരു മറുകണ്ടം ചാടല്‍ ആവശ്യമില്ലായിരുന്നു. വേണ്ടിയിരുന്നത് ക്രമമായിട്ടുള്ള ഒരു വളര്‍ച്ചയായിരുന്നു. അങ്ങനെ ഒരു വളര്‍ച്ച ഇവിടെ ഉണ്ടായിട്ടില്ല. നേരെ മറിച്ച് യൂറോപ്യന്‍ മാക്സിയന്‍ എസ്തറ്റിക്സില്‍ ഒരു ഘട്ടത്തില്‍ ഈ ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ ചിന്തകന്‍മാര്‍ മാക്സിയന്‍ സൌന്ദര്യ ശാസ്ത്രത്തെ നവീകരിക്കുന്നുണ്ട്. അതായത് അടിത്തട്ടിന്‍റെ നേര്‍ പ്രതിഫലനമല്ല ഉപരിഘടന. ഉപരിഘടനക്ക് തിരിച്ച് അടിത്തട്ടിനെ സ്വാധീനിക്കാന്‍ പറ്റും. ഉപരിഘടന ആപേക്ഷികമായി സ്വച്ഛന്ദമാണ് എന്നൊക്കെയുള്ള ആശയങ്ങളെല്ലാം ഈ ഫ്രാങ്ക്ഫെര്‍ട് സ്കൂള്‍ ചിന്തകന്‍മാര്‍ കൊണ്ടുവരുന്നുണ്ട്. പക്ഷേ നമ്മുടെ നാട്ടില്‍ അതൊന്നും വന്നിട്ടില്ല. ഏറെക്കുറെ ഒരേ അച്ചില്‍ വാര്‍ക്കുന്ന സാധനമാണ് സാഹിത്യം, അതാണ് പുരോഗമനം എന്നാണ് വിചാരിച്ചിരുന്നത്. അങ്ങനെ വന്നുകഴിഞ്ഞാല്‍ പിന്നെ അത് മുന്നോട്ട് പോകില്ലല്ലോ. അത് മുന്നോട്ട് പോകാതെ ഉണ്ടായ ഒരു ശൂന്യത കൂടി ആധുനികതയുടെ ഈ സ്വീകാര്യതയ്ക്ക് പിന്നില്‍ ഉണ്ട്.

ആളുകള്‍ക്ക് പുതുതായിട്ട് എന്തെങ്കിലും വേണമല്ലോ. ഈ നിയമാവലിക്ക് അനുസരിച്ച് എഴുതുന്ന സാഹിത്യം ആളുകള്‍ക്ക് വായിക്കാന്‍ പറ്റില്ല. സാഹിത്യത്തിന് എപ്പോഴും അതിന്‍റെ ഒരു ജൈവോര്‍ജ്ജം നിലനിര്‍ത്താന്‍ പറ്റണം. അത് പറ്റുന്നില്ലെങ്കില്‍ പിന്നെ സാഹിത്യത്തിന് നിലനില്‍ക്കാന്‍ പറ്റില്ല. പുരോഗമന സാഹിത്യത്തിന് അത് സാധിച്ചില്ല. അതിന്‍റെ ഒരു പ്രശ്നം ഉണ്ട്. അതിനെ മറികടക്കാന്‍ വേണ്ടിയിട്ടാണ് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കല കലയ്ക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞിട്ടു നേരെ ഒരു മറുകണ്ടം ചാടല്‍ നടത്തിയത്. വാസ്തവത്തില്‍ കല കലയ്ക്ക് വേണ്ടിയല്ല. കലയുടെ മാത്രം നിയമങ്ങള്‍ അനുസരിച്ചു കല ഉണ്ടാകുമ്പോഴും കല ആത്യന്തികമായി ജീവിതത്തിനും മനുഷ്യനും വേണ്ടി തന്നെയാണ്.

കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം ശുദ്ധ ശൂന്യതയില്‍ അകപ്പെട്ടുപോകാന്‍ കാരണം ഈ നിലപാട് മാറ്റമാണ്.  ഇപ്പോ അങ്ങനെ കാര്യമായിട്ടൊന്നും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ല. അതുകൊണ്ട് എന്താണ് ചെയ്യുന്നത് എന്നുവെച്ചാല്‍ ഇവര് പൊതുവേ ചിഹ്ന മൂല്യം ഉള്ള സാഹിത്യകാരന്മാരെ അങ്ങോട്ട് പോയി കണ്ടിട്ട് നിങ്ങള്‍ നമ്മുടേതാണ് എന്നു പറയുകയാണ് ചെയ്യുന്നത്. അത് പിന്നെ കൂടുതല്‍ അപകടകരമാവും എന്നല്ലാതെ അതുകൊണ്ട് വേറെ കാര്യമൊന്നുമില്ല. മറ്റ് തരത്തില്‍ ചിഹ്ന മൂല്യമുള്ള സാഹിത്യകാരന്‍മാരുണ്ട്.  ബൂര്‍ഷ്വാ മാധ്യമങ്ങളുടെ പിന്തുണയോട് കൂടി അല്ലെങ്കില്‍ മറ്റ് തരത്തില്‍ ഒക്കെ വലിയ അംഗീകാരം നേടിയ സാഹിത്യകാരന്‍മാരുണ്ട്. ആ എഴുത്തുകാര്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് വല്യ ആഭിമുഖ്യം പുലര്‍ത്തിയവരല്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവരെ അങ്ങോട്ട് പോയിക്കണ്ട് വണങ്ങിയിട്ട് നമ്മുടെതാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. അതല്ല വേണ്ടത്. ഇതിനെ വളരെ സ്വതന്ത്രമായി ഒരു ഉത്തരവാദിത്വ ബോധത്തോട് കൂടി സമീപിക്കുകയാണ് വേണ്ടത്. അതിതുവരെ ഉണ്ടായിട്ടില്ല. അതുണ്ടെങ്കില്‍ മാത്രമേ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു മുന്നോട്ട് പോകാന്‍ പറ്റുകയുള്ളൂ. അതിങ്ങനെ ഏറെക്കുറെ ഒരു നിശ്ചലമായി അവിടെ കിടക്കും. കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ല.

സഫിയ: പുരോഗമന സാഹിത്യം ജീര്‍ണിക്കുകയും ആധുനികത അസ്തമിക്കുകയും ചെയ്തു. ഈ കാലയളവില്‍ ആര്‍ജ്ജവമുള്ള സാഹിത്യം മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ?

എന്‍ പ്രഭാകരന്‍: ഈ ഒരു പ്രത്യേക അവസ്ഥയില്‍ ഈ പറയുന്ന വെല്ലുവിളികളെ നേരിട്ടുകൊണ്ടുള്ള ഉയര്‍ന്ന നിലവാരത്തില്‍ വളരെ ആര്‍ജ്ജവമുള്ള സാഹിത്യം മലയാളത്തില്‍ വളരെ കുറഞ്ഞ അളവിലേ ഉണ്ടായിട്ടുള്ളൂ. അതൊരു വസ്തുതയാണ്. അതെന്തുകൊണ്ടാണെന്ന് എനിക്ക് പറയാന്‍ പറ്റില്ല. ഒരു പരപ്പിലേക്കും വൈവിധ്യത്തിലേക്കും നമ്മള്‍ അങ്ങനെ എത്തുന്നത് കാണുന്നില്ല.

സഫിയ: മാഷിന്റെ ‘തീയൂര്‍ രേഖകള്‍ ‘വളരെ അത്ഭുതത്തോടെ വായിച്ച ഒരു നോവലാണ്. അതിനു വായനാ സമൂഹത്തിന്‍റെ താങ്ങും ശ്രദ്ധയും വേണ്ടത്ര കിട്ടിയിട്ടുണ്ടോ?

എന്‍ പ്രഭാകരന്‍: അക്കാലത്ത് വായനാ ലോകത്തിനും പലതരത്തില്‍ ഉള്ള കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഒന്ന് ഇടതുപക്ഷ വായനക്കാരാണ് കേരളത്തില്‍ കൂടുതല്‍ ഉള്ളത്. ആ ഇടതുപക്ഷ വായനക്കാര്‍ കൂടുതല്‍ പേരും യാന്ത്രികമായിട്ടു ട്രെയിന്‍ ചെയ്യപ്പെട്ടവരാണ്. പാര്‍ട്ടിയെ ഒരു തരത്തിലും വിമര്‍ശിക്കരുത് എന്നു വിചാരിക്കുന്നവരാണ്. പിന്നെ കുറെ ആള്‍ക്കാര്‍ ഈ ആധുനികതയുടെ ഹാംഗ് ഓവറില്‍ നില്‍ക്കുന്ന വായനക്കാരാണ്. അവരെ നല്ല വായനക്കാര്‍ എന്നു പറയാന്‍ പറ്റില്ല. അവര്‍ക്കും പുരോഗമന വായനക്കാര്‍ക്കുള്ള ചില ശാഠ്യങ്ങള്‍ ഉണ്ട്. കമ്യൂണിസ്റ്റ് കാര്‍ക്കുള്ള പ്രശ്നങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്കും ഉണ്ടല്ലോ.

കമ്മ്യൂണിസം ലോകത്തിന്‍റെ പലഭാഗങ്ങളിലും പ്രയോഗത്തില്‍ പരാജയപ്പെടുകയും അതിനു ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാവുകയും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് തന്നെ ആ പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റു വിരോധം എന്നു പറയുന്നത് പഴയപോലെ തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അതും മാറണമല്ലോ. കമ്മ്യൂണിസത്തെ എതിര്‍ക്കാം, പക്ഷേ അതിനു അതിന്റേതായിട്ടുള്ള പുതിയ ടൂള്‍സ് അവര് കണ്ടത്തേണ്ടേ. അത് കണ്ടെത്തുന്നില്ല. പുരോഗമന പ്രസ്ഥാനക്കാര്‍ക്കുള്ള അതേ പ്രശ്നങ്ങള് ആധുനികതയുടെ വക്താക്കളായിട്ടുള്ള ആളുകള്‍ക്കും ഉണ്ട്. അതുകൊണ്ടു തന്നെ മലയാളത്തില്‍ സ്വാതന്ത്ര്യ ബോധമുള്ള, ആര്‍ജ്ജവമുള്ള വായനക്കാരുടെ എണ്ണം കുറവാണ് എന്നു പറയേണ്ടിവരും. അത് നമ്മുടെ സാഹിത്യത്തെ ശരിക്കും ദുര്‍ബ്ബലമാക്കുന്നുണ്ട് എന്നാണ് എന്‍റെ തോന്നല്‍. മലയാള സാഹിത്യത്തിന്‍റെ ചരിത്രത്തിലൂടെ കടന്നുപോയി ഓരോ കാലത്തും പിന്നിട്ട ഓരോരോ സംഭവങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു വളര്‍ച്ച ഉണ്ടാകുന്നില്ല എന്നു കാണാം. അതിന്‍റെ ചില പ്രശ്നങ്ങളുണ്ടതിന്. എന്നാല്‍ ഒരു പരിധി വരെ അതിനെ മറികടക്കുന്നുമുണ്ട് എന്നാണ് എന്‍റെ തോന്നല്‍.

വിനോയ് തോമസ്, എസ് ജോസഫ്

സഫിയ: പൊതുവെ വടക്കോട്ടുള്ള എഴുത്തുകാര്‍ക്ക് മലയാള സാഹിത്യത്തില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാത്ത ഒരു പ്രശ്നം ഉണ്ടോ?

എന്‍ പ്രഭാകരന്‍: അങ്ങ നെ ഒരു പ്രശ്നവും കൂടിയുണ്ട്. കുറെ കൊല്ലം മുന്‍പ് സാഹിത്യ വാരഫലത്തില്‍ എം കൃഷ്ണന്‍ നായര്‍ ഒരു തവണ എഴുതിയിരുന്നു. സിവി ബാലകൃഷ്ണന്‍, എന്‍ പ്രഭാകരന്‍ തുടങ്ങിയവരൊക്കെ വലിയ എഴുത്തുകാരാണെന്ന് ആളുകള്‍ പറയുന്നുണ്ട്. എന്തായാലും ഇവിടെയുള്ള ആള്‍ക്കാര്‍ക്കൊന്നും അവരെ അറിയില്ല. തെക്കുള്ളവര്‍ അത് അംഗീകരിക്കുന്നില്ല എന്നുള്ളതാണ്. അതിപ്പോഴും ഉണ്ട്. ഞാന്‍ എംഎന്‍ വിജയന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍ ഇറക്കുന്ന സമയത്ത് അതിന്‍റെ പ്രീ പബ്ലിക്കേഷന്‍ ഉദ്ഘാടനം തിരുവനന്തപുരത്തു വെച്ചായിരുന്നു. ആ പരിപാടിക്ക് വേണ്ടി ഞാന്‍ തിരുവനന്തപുരത്തു പോയ സമയത്ത് ഞാനും കറന്‍റ് ബുക്സിലെ ജോണിയും കൂടി ഒരു ബുക്സ്റ്റാളില്‍ പോയി. അപ്പോ അവിടത്തെ ആള് പറഞ്ഞു. ‘ഈ എംഎന്‍ വിജയനൊക്കെ വടക്കുള്ളവര്‍ക്ക് വല്യ ആളായിരിക്കും. തിരുവനന്തപുരത്തുകാര്‍ക്ക് അയാളൊന്നും വലിയ ആളേയല്ല.’ അവന് വിവരം ഇല്ല എന്നേ അതിനര്‍ത്ഥമുള്ളൂ.

എംഎന്‍ വിജയനോട് നിങ്ങള്‍ക്ക് വിയോജിക്കാം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ഉണ്ടാവാം. എന്നാലും എം എന്‍ വിജയന്‍ കേരളത്തിലെ ഒരു മൌലിക ചിന്തകനാണല്ലോ. അയാളെ നിങ്ങള്‍ക്കറിയില്ല എന്നാണെങ്കില്‍ അത് നിങ്ങളുടെ പരിമിതി എന്നേയുള്ളൂ. വടക്കുള്ളവര്‍ക്ക് വേണ്ടത്ര അംഗീകാരം കിട്ടാത്ത പ്രശ്നം ഉണ്ട്. അത് ഇപ്പോഴും ഉണ്ട്. പഴയ അളവില്‍ ഇല്ല. എന്നാലും ഒരു പരിധിവരെ ഉണ്ട്. അതിലും പ്രധാന കാരണം എനിക്കു തോന്നുന്നത് സവര്‍ണ്ണ ഭാവുകത്വം തന്നെയാണ്. സാഹിത്യത്തിന്‍റെ സൌന്ദര്യത്തെ കുറിച്ച്, അത് കൈകാര്യം ചെയ്യേണ്ട വിഷയത്തെ കുറിച്ച് ബലിഷ്ടമായ ചില മുന്‍ധാരണകള്‍ ഉണ്ട്. പല എഴുത്തുകാരും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തത് അതുകൊണ്ടാണ്.

ഈ പുരോഗമനക്കാര്‍ക്കുള്ളതുപോലെ തന്നെ ചില ശാഠ്യങ്ങള്‍ ഈ ശുദ്ധ സാഹിത്യകാരന്‍മാര്‍ക്കും ഉണ്ട്. കവിത ധ്വനിപ്രധാനമായിരിക്കണം, നോവല്‍ എന്നുപറഞ്ഞാല്‍ ഇങ്ങനെയായിരിക്കണം അതിനു പ്രത്യക്ഷ ജീവിത ബന്ധം പാടില്ല. റിയലിസ്റ്റിക് ആകാന്‍ പാടില്ല. എന്നൊക്കെയുള്ള ശുദ്ധ സാഹിത്യകാരന്‍മാര്‍ക്കുള്ള ചില ശാഠ്യങ്ങള്‍ ഉണ്ട്. അത് ഏറെക്കുറെ സവര്‍ണ്ണ ഭാവുകത്വത്തിന്‍റെ ശാഠ്യങ്ങളാണ്. അത് മലയാള സാഹിത്യത്തിലും ഉണ്ട്. അത് ഇല്ലെന്നു പറയാന്‍ പറ്റില്ല. മലയാളത്തിലെ വായനാലോകത്തിനും അതുണ്ട്. അല്ലെങ്കില്‍ എസ് ജോസഫ്, കെ ആര്‍ ടോണി തുടങ്ങിയ കവികള്‍ക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ശ്രദ്ധ കിട്ടേണ്ടതാണ്. അവര്‍ക്ക് അംഗീകാരം ഇല്ലെന്നല്ല. വേണ്ടത്ര രീതിയില്‍ വായനാ സമൂഹം അവരെ അംഗീകരിക്കുന്നില്ല. ഞാന്‍ പല ഘട്ടങ്ങളിലായി എസ് ജോസഫിന്റെ കവിതകളെ കുറിച്ച് എഴുതിയിട്ടുണ്ട്. അപ്പോ ആള്‍ക്കാര്‍ ഇങ്ങനെ ചോദിക്കും അത്രക്കെല്ലാം ഉണ്ടോ. അത്ര വല്യ ആളാണോ എന്നൊക്കെ. ആ ചോദ്യം വരുന്നത് തന്നെ ഈ സവര്‍ണ്ണ ഭാവുകത്വത്തിന്‍റെ ആധിപത്യം കൊണ്ടുതന്നെയാണ്. വിനോയ് തോമസിനെ പോലുള്ള കഥാകൃത്തിന് അംഗീകാരം ഉണ്ടെങ്കിലും വാസ്തവത്തില്‍ അതിനെക്കാള്‍ ഉയര്‍ന്ന അളവിലുള്ള അംഗീകാരം പെട്ടെന്നുതന്നെ കിട്ടേണ്ടതാണ്. അങ്ങനെ കിട്ടുന്നില്ല. വിനോയ് തോമസിന്‍റെ ‘കരിക്കോട്ടക്കരി’ അത്ഭുതകരമായ ഒരു നോവലാണ്. ഭയങ്കര സര്‍ഗ്ഗോര്‍ജ്ജമുള്ള നോവലാണത്. അതിനു ശേഷം മാതൃഭൂമിയില്‍ വന്ന ‘മൂര്‍ക്കന്‍ പറമ്പ്’, മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ വന്ന ‘മഗ്ദലന മറിയത്തിന്‍റെ പള്ളി’ എന്ന കഥ, മാതൃഭൂമിയില്‍ വന്ന ‘ഉടമസ്ഥന്‍’ എന്ന കഥയുമൊക്കെ വായനാ സമൂഹത്തിന്റെ നല്ല അംഗീകാരം കിട്ടേണ്ട എഴുത്തുകാരനാണ് വിനോയ് എന്നു തെളിയിക്കുന്നതാണ്.

(തുടരും)

തീയൂര്‍ രേഖകളും മറ്റ് കഥകളും; എഴുത്തിന്റെ വഴികള്‍, പ്രതിരോധത്തിന്റെയും: എന്‍ പ്രഭാകരന്‍/അഭിമുഖം-ഭാഗം 3

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍