UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോബര്‍ട്ട് വാദ്രയെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വാഗതം ചെയ്ത് യുപിയില്‍ പോസ്റ്ററുകള്‍

“റോബര്‍ട്ട് വാദ്രാജി, മൊറാദാബാദ് ലോക്‌സഭ സീറ്റില്‍ മത്സിക്കാന്‍ താങ്കള്‍ക്ക് സ്വാഗതം” എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

രാഷ്ട്രീയ പ്രവേശനത്തിനുള്ള താല്‍പര്യം വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പോസ്റ്ററുകള്‍. റോബര്‍ട്ട് വാദ്രയുടെ കുടുംബ വീട് മൊറാദാബാദിലാണുള്ളത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടേയും ചെറിയ ചിത്രങ്ങളും വാദ്രയുടെ പോസ്റ്ററുകളിലുണ്ട്. മൊറാദാബാദ് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. “റോബര്‍ട്ട് വാദ്രാജി, മൊറാദാബാദ് ലോക്‌സഭ സീറ്റില്‍ മത്സിക്കാന്‍ താങ്കള്‍ക്ക് സ്വാഗതം” (“റോബര്‍ട്ട് വാദ്രാജീ, മുറാദാബാദ് ലോക്‌സഭ സേ ചുനാവ് ലഡ്‌നേ കി ലിയേ ആപ്കാ സ്വാഗത് ഹേ”) എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

തനിക്ക് വര്‍ഷങ്ങളായി ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്തിനും ബഹുമാനത്തിനും കാര്യമായി എന്തെങ്കിലും ചെയ്യാന്‍ താല്‍പര്യപ്പെടുന്നതായും കൂടുതല്‍ വലിയ സേവനങ്ങളിലേയ്ക്ക് പോകാന്‍ താല്‍പര്യമുണ്ടെന്നും റോബര്‍ട്ട് വാദ്ര ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി പ്രവര്‍ത്തനം തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോളാണ് പണ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന വാദ്ര രാഷ്ട്രീയ പ്രവേശന താല്‍പര്യം പ്രകടിപ്പിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളും കേസും രാഷ്ട്രീയപ്രേരിതമാണ് എന്നും കേസ് നടപടികള്‍ അവസാനിച്ചാല്‍ സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങാന്‍ താല്‍പര്യമുണ്ട് എന്നുമാണ് റോബര്‍ട്ട് വാദ്ര വ്യക്തമാക്കിയത്.

2009ല്‍ മൊറാദാബാദില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ജയിച്ചത്. 2014ല്‍ സീറ്റ് ബിജെപി പിടിച്ചെടുത്തിരുന്നു. അസ്ഹറുദ്ദീന്‍ ഇത്തവണയും മൊറാദാബാദില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ബിജെപിയിലെ കുന്‍വര്‍ സര്‍വേഷ് കുമാര്‍ സിംഗ് ആണ് നിലവിലെ എംപി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍