UPDATES

ട്രെന്‍ഡിങ്ങ്

യുപിയില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെ മുസ്ലിങ്ങള്‍ ഗ്രാമം വിട്ടുപോകണമെന്ന് പോസ്റ്ററുകള്‍

ഈ വര്‍ഷം അവസാനത്തോടെ ഗ്രാമം വിട്ടുപോയില്ലെങ്കില്‍ കടുത്തനടപടികളെന്ന് മുന്നറിയിപ്പ്‌

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെ ബറെയ്‌ലിയിലെ ജിയനഗ്ല ഗ്രാമത്തില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍. ഇരുപതിലേറെ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഗ്രാമത്തിലെ മുസ്ലിം സമുദായക്കാര്‍ എത്രയും വേഗം ഇവിടം വിട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദിയിലുള്ള പോസ്റ്ററുകളില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഹിന്ദുക്കള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ രാജ്യത്തെ മുസ്ലിങ്ങളെ കൈകാര്യം ചെയ്തതുപോലെ ചെയ്യുമെന്നാണ് പറയുന്നത്. യുപി തെരഞ്ഞെടുപ്പില്‍ ബിജെപി മൃഗീയഭൂരിപക്ഷത്തില്‍ ജയിച്ചതിന്റെ പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ട്രംപ് അമേരിക്കയില്‍ ചെയ്യുന്നതുപോലെ ഈ ഗ്രാമത്തില്‍ ഞങ്ങളും ചെയ്യും കാരണം ബിജെപിയാണ് ഇപ്പോള്‍ ഭരിക്കുന്നത്’- പോസ്റ്ററുകള്‍ പറയുന്നു.

ഗ്രാമത്തിലെ ഹിന്ദുക്കളുടെ പേരില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന പോസ്റ്ററുകളില്‍ ഈ വര്‍ഷം അവസാനം വരെ തങ്ങള്‍ മുസ്ലിംകള്‍ക്ക് സമയം നല്‍കുമെന്നും പറഞ്ഞിരിക്കുന്നു. ഒരു ബിജെപി എംപിയാണ് ഗ്രാമത്തിലെ ഹിന്ദുക്കള്‍ എന്ന സംഘടനയുടെ രക്ഷാധികാരി. പല പോസ്റ്ററുകളും പോലീസും അധികൃതരും ചേര്‍ന്ന് നീക്കം ചെയ്‌തെങ്കിലും ചില പോസ്റ്ററുകള്‍ നിലനില്‍ക്കുന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുടെ സൂചനകള്‍ നല്‍കുകയാണ്. എല്ലാ പോസ്റ്ററുകളുലും ഒരേ സന്ദേശം തന്നെയാണ് ഉള്ളത്. എന്നാല്‍ ഇവ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്നതും ഈ വര്‍ഷത്തോടെ ഗ്രാമം വിട്ടുപോയില്ലെങ്കിലുണ്ടാകുന്ന കടുത്ത നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവയുമാണ്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന്റെ പിറ്റേദിവസമായ ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് പോസ്റ്ററുകള്‍ പതിച്ചത്. തിങ്കളാഴ്ച രാവിലെയോടെ എല്ലായിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം ഞായറാഴ്ച രാത്രി മുഴുവന്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമീണര്‍ മുഴവന്‍ ഉണര്‍ന്നിരുന്നിട്ടും ഈ പോസ്റ്ററുകള്‍ പതിച്ചതെങ്ങനെയെന്ന് അവര്‍ക്കറിയില്ല. ഗ്രാമീണര്‍ തന്നെയാണ് രാവിലെ പോസ്റ്ററുകള്‍ കണ്ട് പോലീസില്‍ വിവരം അറിയിച്ചത്.

കണ്ടാല്‍ അറിയാത്ത നിരവധി പേര്‍ക്കെതിരെ കേസെടുത്ത പോലീസ് അഞ്ച് യുവാക്കളെ സംഭവത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജിയനഗ്ലയിലെ 2500 ഗ്രാമവാസികളില്‍ 200 പേരാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ളത്. ബറെയ്‌ലിയില്‍ നിന്നും 70 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലുണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുണ്ട്. തലമുറകളായി ഇവിടെ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ ഒത്തൊരുമയോടെയാണ് ജീവിക്കുന്നതെന്നും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ സ്ഥാപിത താല്‍പര്യമാണ് ഇതെന്നും മുസ്ലിം സമുദായാംഗമായ റഫിഖ് അറിയിച്ചു.

മുന്‍കാലങ്ങളില്‍ ഇങ്ങനെയൊന്ന് തങ്ങള്‍ കേട്ടിട്ട് പോലുമില്ലെന്ന് ഹിന്ദു സമുദായത്തില്‍ നിന്നുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ അറിയിച്ചു. തങ്ങള്‍ക്ക് അധികൃതര്‍ സുരക്ഷയൊരുക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നുമാണ് പ്രതീക്ഷ. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിന് അസ്വാഭാവികമായ മറ്റൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫോട്ടോസ്റ്റാറ്റ് കടകള്‍ നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തൃപ്തികരമായ ഫലമല്ല ലഭിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍