UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഡല്‍ഹിയിലെ 16,500 മരങ്ങള്‍ സംരക്ഷിക്കാന്‍ ‘ചിപ്‌കോ’ പ്രസ്ഥാനം വീണ്ടും

1970-കളില്‍ വനവൃക്ഷങ്ങള്‍ മുറിക്കുന്നതിനെതിരെ ഉത്തര്‍പ്രദേശില്‍ കര്‍ഷകരും ഗ്രാമീണജനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ അക്രമരഹിത സമരമായിരുന്നു’ചിപ്കോ’

Avatar

അഴിമുഖം

ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ സമരപ്രസ്ഥാനങ്ങളില്‍ പ്രശസ്തമായ ഒന്നാണ് ചിപ്കോ പ്രസ്ഥാനം. 1970-കളില്‍ വനവൃക്ഷങ്ങള്‍ മുറിക്കുന്നതിനെതിരെ ഉത്തര്‍പ്രദേശില്‍ കര്‍ഷകരും ഗ്രാമീണജനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ അക്രമരഹിത സമരമായിരുന്നു ഇത്. ‘ചിപ്കോ’ എന്നാല്‍  ‘ഒട്ടിച്ചേര്‍ന്നു നില്ക്കുക’ എന്നാണ് അര്‍ത്ഥം. ഈ ഐതിഹാസിക സമരം നടന്ന് 44 വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു ചിപ്‌കോ സമരത്തിനുകൂടെ രാജ്യം’ സാക്ഷിയാകാന്‍ പോവുകയാണ്. ഡല്‍ഹി നഗരത്തിലുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 16,500 മരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ന് ഒത്തുചേരും.

തെക്കന്‍ ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 3000-ത്തോളം മരങ്ങള്‍ മുറിച്ചു മാറ്റിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നിര്‍മാണക്കമ്പനിയായ എന്‍ബിസിസി കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കായി ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ സരോജിനി നഗര്‍, നൗറോജി നഗര്‍ മേഖലകളില്‍ 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതിരേയുള്ള ബഹുജന പ്രതിഷേധമാണ് ഇന്ന് വൈകുന്നേരം 4.30-ന് ‘ചിപ്‌കോ മൂവ്‌മെന്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ നടക്കാന്‍ പോകുന്നത്. തദ്ദേശവാസികളടക്കമുള്ള പ്രകൃതി സ്‌നേഹികള്‍ ഇതിനായി ‘ചേര്‍ന്നു നില്‍ക്കും’. മരങ്ങളെ കെട്ടിപ്പിടിക്കും.


‘ഡല്‍ഹി ഇതിനകം തന്നെ വളരെ മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. 16,500 മരങ്ങള്‍ മുറിച്ചുമാറ്റി എല്ലാ പച്ചപ്പുകളും നശിപ്പിച്ച് കോളനികള്‍ നിര്‍മിക്കുക എന്നത് ഏറ്റവും അപകടകരമായ തീരുമാനമാണ്. അതുകൊണ്ടാണ് മരങ്ങള്‍ കെട്ടിപ്പിടിച്ച് പ്രതിഷേധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്’, പരിസ്ഥിതി-വിവരാവകാശ പ്രവര്‍ത്തകനായ വിക്രാന്ത് ടോങ്ങാഡ് പറഞ്ഞു.

അതേസമയം, ഡല്‍ഹി വനംവകുപ്പ് ഇതിനകം തന്നെ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാറിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മരം മുറിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയതെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് നടക്കുന്ന പ്രതിഷേധത്തെ ആം ആദ്മി പാര്‍ട്ടി പിന്തുണക്കുകയും ചെയ്തു.

(*Photos- IANS)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

പ്രളയം: മറയ്ക്കുന്നതും മറക്കുന്നതും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍