UPDATES

എഡിറ്റര്‍

ട്രംപും ബ്രെക്സിറ്റും ഓക്സ്ഫോഡിന്‍റെ ‘പോസ്റ്റ്‌ ട്രൂത്തും’

Avatar

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വാക്കായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി തിരഞ്ഞെടുത്തത് ‘പോസ്റ്റ് ട്രൂത്ത്’ ആണ്. വസ്തുതകളേക്കാള്‍ വ്യക്തിപരമായ വിശ്വാസങ്ങളും വികാരങ്ങളും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതും സത്യം അപ്രസക്തമാക്കപ്പെടുകയും ചെയ്യുന്നത് സൂചിപ്പിക്കുന്ന  വിശേഷണമായാണ് പോസ്റ്റ് ട്രൂത്തിനെ ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഈ വാക്കിന് പ്രചാരം കൂടിയിട്ടുണ്ടെന്നാണ് ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറിയുടെ എഡിറ്റര്‍മാര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്ത് പോകാനുള്ള ബ്രിട്ടീഷ് ജനതയുടെ ഹിതപരിശോധന വിധിയുടേയും  (ബ്രെക്‌സിറ്റ്) യുഎസ് പ്രസിഡന്‌റായുള്ള ഡൊണാള്‍ഡ് ട്രംപിന്‌റെ തിരഞ്ഞെടുപ്പിന്‌റെയും പശ്ചാത്തലത്തിലാണ് പോസ്റ്റ് ട്രൂത്തിന് പ്രചാരം വര്‍ദ്ധിച്ചിരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ നോമിനേഷന്‍ നേടി പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിയായ മുതല്‍ പോസ്റ്റ് ട്രൂത്തിന്‌റെ പ്രചാരം വലിയ തോതില്‍ കൂടിയിരുന്നു. നമ്മുടെ കാലത്തെ നിര്‍വചിക്കുന്ന എറ്റവും നല്ല വാക്കുകളില്‍ ഒന്നായി പോസ്റ്റ് ട്രൂത്ത് മാറിയിട്ടുണ്ടെന്ന് ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറീസ് പ്രസിഡന്‌റ് കാസ്പര്‍ ഗ്രാത്ത വോള്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയാണ് പ്രധാനമായും പോസ്റ്റ് ട്രൂത്തിനെ പ്രചരിപ്പിച്ചത്. ആള്‍ട്ടര്‍നേറ്റീവ് റൈറ്റിന്‌റെ ചുരുക്കിയെഴുത്തായ ആള്‍ട്ട് റൈറ്റ് പുതിയ വാക്കായി ഇടം പിടിച്ചിട്ടുണ്ട്. കടുത്ത വലതുപക്ഷ പിന്തിരിപ്പന്‍ ആശയങ്ങളെ സൂചിപ്പിക്കാനാണ് ആള്‍ട്ട് റൈറ്റ് എന്ന വാക്ക് ഉപയോഗിക്കുന്നത്. ബ്രിട്ടന്‌റെ ബ്രെക്‌സിന്റ്റിന്‌റെ പശ്ചാത്തലത്തില്‍ ബ്രെക്‌സിറ്റീര്‍ എന്ന വാക്ക് ഡിക്ഷ്ണറിയിലെത്തി.

1992ല്‍ നാഷന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ സെര്‍ബിയന്‍ – അമേരിക്കന്‍ നാടകകൃത്ത് സ്റ്റീവ് ടെസിക്കാണ് ആദ്യമായി പോസ്റ്റ് ട്രൂത്തെന്ന വാക്ക് ശ്രദ്ധേയമായ രീതിയില്‍ ഉപയോഗിക്കുന്നതെന്ന് ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറീസ് പറയുന്നു. ഇറാന്‍ – കോണ്‍ട്ര അഴിമതിയെക്കുറിച്ചും ഗള്‍ഫ് യുദ്ധത്തെക്കുറിച്ചും ഉള്ളതായിരുന്നു ലേഖനം. സ്വതന്ത്ര മനുഷ്യരെന്ന നിലയ്ക്ക് നമ്മള്‍ പോസ്റ്റ് ട്രൂത്ത് ലോകത്ത് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സ്റ്റീവ് ടെസിക് എഴുതിയത്. അതിന് മുമ്പും ഈ വാക്ക് ഉപയോഗിക്കപ്പെട്ടതിന് തെളിവുണ്ടെന്ന ഓക്‌സ്‌ഫോഡ് പറയുന്നു. എന്നാല്‍ അര്‍ത്ഥ വ്യത്യാസമുണ്ടായിരുന്നു. സത്യം അറിഞ്ഞ് കഴിഞ്ഞതിന് ശേഷം എന്ന നിലയ്ക്കാണ് വാക്ക് ഉപയോഗിക്കപ്പെട്ടിരുന്നത്. ഇന്നത്തേത് പോലെ അപ്രസക്തമായ സത്യം എന്ന നിലയ്ക്കല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍