UPDATES

റോഡിലെ കുഴിക്കെതിരെ പെണ്ണുങ്ങളുടെ കുളി; പോട്ട്‌ഹോള്‍ പ്രതിഷേധത്തിന്റെ ആഗോള മാതൃകകള്‍

അഴിമുഖം പ്രതിനിധി

റോഡുകളിലെ കുഴികള്‍ ഉണ്ടാക്കുന്ന ദുരിതം എത്രയാണെന്ന് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളോട് ആരും വിശദീകരിച്ചുകൊടുക്കേണ്ട ആവശ്യമില്ല. എത്രയോ ജീവനുകളാണ് റോഡുകളിലെ കുണ്ടും കുഴിയും കാരണം ഈ രാജ്യത്ത് പൊലിയുന്നത്. ഇതിനെതിരെ എത്രമാത്രം പ്രതിഷേധങ്ങള്‍ നടന്നു, നടക്കുന്നു. വാഴ നടല്‍ മുതല്‍ വള്ളം കളി വരെ നടത്തിയിട്ടുണ്ട്. എന്നിട്ടും തീരാത്തൊരു പ്രഹേളികയായി കുഴികള്‍ ഈ രാജ്യത്തെ റോഡുകളില്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

എന്നാല്‍ ഈ ദുരിതം ഇന്ത്യയിലെ മാത്രം അവസ്ഥയാണോ? റോഡിലെ കുഴികള്‍ ഒരു ആഗോളപ്രതിഭാസം ആണെന്നാണു പൊതുവില്‍ മനസിലാകുന്നത്. ജനങ്ങളും അധികാരികളും രണ്ടു ധ്രുവങ്ങളിലായി ജീവിക്കുന്ന എല്ലായിടത്തും ഇതേ അവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടത്രേ!

ഈ പറയുന്നതും റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ചു തന്നെയാണ്. കേരളത്തിലെയോ ഇന്ത്യയിലെയോ കാര്യമല്ലെന്നു മാത്രം. ഈ കഥ നടക്കുന്നത് അങ്ങ് തായ്‌ലന്‍ഡിലാണ്. കാര്യം തായ്‌ലന്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെയുള്ളില്‍ ഒരുവിനോദ സഞ്ചാരസ്വപ്നങ്ങളൊക്കെയാണ് ഉണ്ടാകുന്നതെങ്കിലും ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്ന കേരളത്തിലെ ഗതികേടുകള്‍ തായ്‌ലന്‍ഡുകാരും അനുഭവിക്കുന്നുണ്ട്. റോഡിലെ കുഴികള്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഞങ്ങളെന്തു ചെയ്യാനാണെന്ന മട്ടില്‍ തലകുനിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ ആ നാട്ടിലും ഉണ്ടെന്നര്‍ത്ഥം.

ഇനിയാണ് ഈ പറയുന്നതിലെ ട്വിസ്റ്റ് ആരംഭിക്കുന്നത്.

പാം എന്നൊരു മോഡല്‍. പുള്ളിക്കാരി ബാങ്കോക്കിലാണ് താമസവും ജോലിയുമൊക്കെയായി കഴിയുന്നതെങ്കിലും ഒരു ദിവസം തായ്‌ലന്‍ഡിലെ താക് പ്രവിശ്യയിലുള്ള മായി റാമട്ടിലുള്ള തന്റെ ബന്ധുക്കളെ കാണാന്‍ പോകുന്നു. ആ പോക്ക് പാമിനെ ആകെ തകിടം മറിച്ചു. ബന്ധുക്കളുടെ വീട്ടിലേക്കെത്താനുള്ള റോഡ് യാത്രയെക്കുറിച്ചാണ് പറഞ്ഞത്. ആകെ കുണ്ടും കുഴിയും. റോഡാണോ തോടാണോ എന്നുപോലും പറയാന്‍ കഴിയില്ല.

ഇതൊക്കെ കണ്ട് വെറുതെ ഇരിക്കാന്‍ പാമിനു കഴിഞ്ഞില്ല. ഈ അവസ്ഥയ്ക്കു മാറ്റം ഉണ്ടായേ പറ്റൂവെന്നു പാം ചിന്തിച്ചു. പരാതി പറയാം, പക്ഷേ പരിഹാരം എന്നുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല (നമ്മുടെ അതേ അവസ്ഥ). അതുകൊണ്ട് മറ്റൊരു മാര്‍ഗം നോക്കണം. എല്ലാവരും കാണട്ടേ ഈ ദുരിതം. അങ്ങനെയാണു പാം എന്ന സൂപ്പര്‍ മോഡല്‍ നേരിട്ടൊരു പ്രതിഷേധത്തിനിറങ്ങിയത്.

പാമിന്റെ പ്രതിഷേധരീതി തകര്‍പ്പനായിരുന്നു. നേരേ റോഡിലെ കുഴികളില്‍ ഇറങ്ങിയിരുന്നു കുളിച്ചു. ഒരു മോഡല്‍ റോഡിലെ കുഴികളില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്ന ഫോട്ടോ കൈയില്‍ കിട്ടിയതോടെ സോഷ്യല്‍ മീഡിയ അതങ്ങു ഗംഭീരമായി ആഘോഷിച്ചു. അധികം സമയമൊന്നും വേണ്ടി വന്നില്ല പാമിന്റെ കുളി തായ്‌ലന്‍ഡിലും ചൈനയിലുമൊക്കെ വൈറലായി മാറാന്‍.

പാമിന്റെ പ്രതിഷേധം മറ്റു ചിലരെക്കൂടി റോഡുകളിലെ പോട്‌ഹോള്‍ ടബ്ബുകളിലിറക്കി. കിഴക്കന്‍ തായ്‌ലന്‍ഡിലെ ചയ്യഫം പ്രവിശ്യയിലെ തോടായി മാറിയൊരു റോഡില്‍ വിശാലമായി തന്നെ കുളിക്കുന്നൊരു മഞ്ഞയുടുപ്പുകാരിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വന്നു.

കൊച്ചു പെണ്‍പിള്ളേര്‍ കാണിക്കുന്നതു കണ്ടപ്പോള്‍ എന്നാല്‍ തങ്ങളായി മാറിനില്‍ക്കുന്നതെന്തിനാണന്നു ചോദിച്ച് ഒരു സംഘം മുത്തശ്ശിമാരും പാത്രവുമെടുത്ത് കുളിക്കാന്‍ റോഡിലിറങ്ങി. വടക്കു കിഴക്കന്‍ തായ്‌ലന്‍ഡിലെ ഖോന്‍ കെയിന്‍ പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നു ഈ പ്രതിഷേധക്കാര്‍.

മുപ്പതു വര്‍ഷമായത്രേ ഇവിടെയുള്ള റോഡുകള്‍ നന്നാക്കിയിട്ട്! ഇനിയും കൂടുതല്‍ പേര്‍ കുളിക്കാന്‍ ഇറങ്ങിയാല്‍ വിറയ്ക്കാന്‍ പോകുന്നത് തങ്ങളായിരിക്കുമെന്നു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ മഴ സീസണ്‍ കഴിഞ്ഞാലുടന്‍ റോഡ് നന്നാക്കിക്കോളാമെന്നു പറഞ്ഞു രംഗത്തു വന്നു.

എന്നാല്‍ പാമിന്റെ പോട്ട്‌ഹോള്‍ പ്രതിഷേധത്തിന്റെ ചിത്രം കാണാനിടയായ താക് പ്രവിശ്യ ഗവര്‍ണര്‍ മഴ കഴിയാനൊന്നും കാത്തുനില്‍ക്കണ്ട, ഉടനടി റോഡുകള്‍ നന്നാക്കാന്‍ ഉത്തരവിടുകയാണുണ്ടായത്.

പറഞ്ഞതുപോലെ ചെയ്‌തെന്നു വ്യക്തമാക്കാന്‍ റോഡുകള്‍ നന്നാക്കുന്ന ചിത്രങ്ങള്‍ അവര്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലൂടെ സോഷ്യല്‍ മീഡിയയുടെ മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു.

പാമിനു മാത്രമല്ല, മറ്റു പ്രതിഷേധക്കാര്‍ക്കും ഇത്തരത്തില്‍ അധികാരികളുടെ പക്കല്‍ നിന്നും ഉറപ്പുകള്‍ കിട്ടിക്കഴിഞ്ഞതായാണു വിവരം.പെണ്ണ് തുനിഞ്ഞിറങ്ങിയാലും ലോകം മാറുമെന്ന് മനസിലായില്ലേ എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.

ഈ ചോദ്യം രസിക്കാത്തതുകൊണ്ടാണെന്നു പറയുന്നില്ല, പക്ഷെ മാറാത്ത ലോകത്തെ സ്വയം മാറ്റാന്‍ ആണിനു കഴിയുമെന്നു വെളിപ്പെടുത്തുന്നൊരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നിലെ സന്ദര്‍ഭവും സാഹചര്യവും മുന്‍പത്തേതു തന്നെ; റോഡിലെ കുഴികള്‍.

ഇവിടെ നായകന്‍ ഒരു ജര്‍മന്‍കാരനാണ്. റിട്ടയേര്‍ഡ് എഞ്ചിനീയറായ പീറ്റര്‍ ഗോമാന്‍. പീറ്റര്‍ വിവാഹം കഴിച്ചിരിക്കുന്നത് തായ് പൗരയായ കുസുമ നാംവോണിനെ. ഇരുവരും താമസിക്കുന്നത് തായ്‌ലന്‍ഡിലെ ബുറിറാം പ്രവിശ്യയില്‍. ഇവിടുത്തെ റോഡുകളുടെ അവസ്ഥയും മറിച്ചല്ല. റോഡിലെ കുഴികളില്‍പ്പെട്ട ഉണ്ടാകുന്ന ബൈക്ക് അപകടങ്ങളൊക്കെ നിത്യക്കാഴ്ചയായി. ആരോടും പറഞ്ഞിട്ടും ഫലമില്ലെന്നു കണ്ടതോടെ 76 കാരനായ പീറ്റര്‍ സ്വയം ഒരു വഴി കണ്ടെത്തി. കൂട്ടിനു ഭാര്യയേയും വിളിച്ചു സ്വന്തം ചെലവില്‍റോഡിലെ കുഴികള്‍ അടയ്ക്കാന്‍ തുടങ്ങി. ഒപ്പം കുറച്ചു സന്നദ്ധപ്രവര്‍ത്തകരും കൂടി. ചെലവെല്ലാം പീറ്റര്‍ തന്നെ വഹിച്ചു.

ഭര്‍ത്താവിന്റെ പ്രവര്‍ത്തികളുടെ ചിത്രം കുസുമ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഇട്ടത്. നല്ലതു കണ്ടാല്‍ അതിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതാണല്ലോ സോഷ്യല്‍ മീഡിയയുടെ സ്വഭാവം. കിട്ടി പീറ്ററിനും നിറഞ്ഞ കൈയടി. പീറ്റര്‍ റോഡിലെ കുഴികളടയ്ക്കുന്ന വീഡിയോ ഇതുവരെ കണ്ടവര്‍ അറുപതിനായിരത്തിലധികം. നാപ്പതിനായിരം പേര്‍ ആ വീഡിയോ ഷെയര്‍ ചെയ്തു.

തായ്‌ലന്‍ഡിലെ പോട്‌ഹോള്‍ വിപ്ലവം ചൈനയിലും പടര്‍ന്നെന്നാണ് വിവരം.

ഇതെല്ലാം കേട്ട ഇന്ത്യക്കാരുടെ മുഖത്ത് ഒരു ചിരിയാണ്. പോട്‌ഹോളുകള്‍ക്കെതിരെയുള്ള പ്രതിഷേധം പലരീതിയില്‍ തങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്.

റോഡിലെ കുളത്തില്‍ മുതലയെ ഇറക്കിയും വാഴ നട്ടും വള്ളം കളിനടത്തിയും നീന്തല്‍ മത്സരം സംഘടിപ്പിച്ചതുമൊക്കെ ആരും അറിഞ്ഞില്ലേയെന്നാണു ചോദ്യം.

റോഡുകളിലെ കുഴി ഒരാഗോളം പ്രശ്‌നം തന്നെയാമെന്നു വ്യക്തമാക്കുന്ന മറ്റു ചില പ്രതിഷേധങ്ങള്‍ കൂടി അറിയാം.

ഇതങ്ങ് ഇംഗ്ലണ്ടിലെ കാര്യമാണ്. ഞെട്ടണ്ട, ഇംഗ്ലണ്ടിലും തകര്‍ന്ന റോഡുകള്‍ ഉണ്ട്. ഈ വര്‍ഷം ആദ്യമാണ്. സംഭവം നടക്കുന്നത് വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍, കഥാനായകന്‍ ഒരു ചിത്രകാരനാണ്. അധികാരികള്‍ കാണാതെ കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ കണ്ടപ്പോള്‍ ചിത്രകാരനിലെ പ്രതിഷേധക്കാരന്‍ ഉണര്‍ന്നു. മുദ്രാവാക്യം വിളിക്കാനും പരാതി കൊടുക്കാനൊന്നും പോയില്ല. ഓരോ കുഴിയും തന്റെതായൊരു രീതിയില്‍ ചിത്രങ്ങളാക്കി വരച്ചു. വരച്ചിരിക്കുന്നതു എന്താണെന്നു നോക്കിയപ്പോള്‍, അതാ ഓരോ കുഴിയും ഒരോ പുരുഷ ലിംഗങ്ങള്‍!

എന്നാല്‍ സ്റ്റീവന്‍ വീന്‍ എന്ന ഇംഗ്ലീഷുകാരന്റെ പ്രതിഷേധം സ്റ്റാന്‍ഡേര്‍ഡാണ്. പുള്ളി എന്തു ചെയ്‌തെന്നോ, റോഡിലൊരു പൂന്തോട്ടമുണ്ടാക്കി. എന്നിട്ട് അതിനൊരു പേരുമിട്ടു: ഗറില്ല ഗാര്‍ഡന്‍. കഴിഞ്ഞ ആറുവര്‍ഷമായി സ്റ്റീവന്‍ പോട്ട് ഹോളുകളില്‍ ഗാര്‍ഡന്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. ദി പോട്ട്‌ഹോള്‍ ഗാര്‍ഡനര്‍ എന്നൊരു പേജും ഉണ്ടാക്കി, തന്റെ പ്രവര്‍ത്തികളുടെ ചിത്രങ്ങളും അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഒരു കുറി കക്ഷി വിംബിള്‍ഡന്‍ ടെന്നീസ് കോര്‍ട്ട് തന്നെ ഉണ്ടാക്കി കളഞ്ഞു! അതും വിംബിള്‍ഡന്‍ ടെന്നിസ് ഫൈനല്‍ നടക്കുന്ന അതേ ദിവസം…

ഈ പ്രതിഷേധക്കാരുടെ ഓരോ കാര്യങ്ങളെ…

എന്‍.ബി: ആഗോളതലത്തിലെ പ്രതിഷേധങ്ങളില്‍ നിന്നും കേരളത്തിലെ പ്രതിഷേധക്കാര്‍ ഏതൊക്കെ ശൈലികള്‍ അനുകരിക്കുമെന്നാണ് അറിയേണ്ടത്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍