നൂറു ദിവസം ഭജനമിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് സഹോദരന്റെ ആവശ്യം നിറവേറ്റുന്നതെന്നാണ് ദീന്‍ തങ്ങളെ പഠിപ്പിക്കുന്നതെന്നു പറയുന്ന ചിലരാണ് പോത്തുകല്ലിലെ ഈ പള്ളിയിലുള്ളത്.
‘പോത്തുകല്ല് അങ്ങാടിയില്‍ പണ്ട് ചായക്കട നടത്തിയിരുന്ന ഒരു ശ്രീധരന്‍ നായരുണ്ട്. പള്ളിയിലേക്കുള്ള പിരിവുമായി അന്നൊക്കെ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോള്‍ എപ്പോഴും നായര് അഞ്ചോ പത്തോ പൈസ മുടങ്ങാതെ ഇടും. അന്ന് അഞ്ച് പൈസ എന്നൊക്കെ പറഞ്ഞാല്‍ വലിയ സംഖ്യയാണ്. അവരുടെയൊക്കെ പൈസ കൂടി ചേര്‍ത്താണ് പള്ളി മുന്നോട്ടു പോയത്. അപ്പോ അവര്‍ക്കുകൂടിയുള്ളതായി പള്ളി മാറും. നായരെപ്പോലെ പലപ്പോഴും പല വിധത്തില്‍ സഹായിച്ചിട്ടുള്ളവരാണ് ഇവിടുത്തെ അമുസ്ലീങ്ങള്‍. അതൊക്കെ കണ്ടു വളര്‍ന്ന ഞങ്ങള്‍ക്ക് ഇതൊന്നും പുതുമയല്ല’, നിലമ്പൂര്‍ പോത്തുകല്ല് മസ്ജീദുല്‍ മുജാഹിദീന്‍ പള്ളിയുടെ മുറ്റത്തു നിന്നുകൊണ്ട് വയോധികനായ മുഹമ്മദ് സംസാരിച്ചുതുടങ്ങിയത് ഇങ്ങനെയാണ്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ച മുപ്പതിലേറെപ്പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത് ഈ പള്ളിയില്‍വച്ചാണ്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങള്‍ പഴക്കമുള്ളതിനാല്‍ അധികം യാത്ര ചെയ്ത് നിലമ്പൂരിലോ മഞ്ചേരിയിലോ എത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള സാഹചര്യത്തില്‍, പള്ളി മുഴുവനായി അധകൃതര്‍ക്ക് വിട്ടു കൊടുക്കുകയും വേണ്ട സഹായങ്ങള്‍ ഒരുക്കുകയും ചെയ്ത പള്ളിക്കമ്മറ്റിക്കാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍, പള്ളിക്കമ്മറ്റി ഭാരവാഹികള്‍ക്കോ പോത്തുകല്ലുകാര്‍ക്കോ ഇതൊരു പ്രത്യേകതയുള്ള വിഷയമേയല്ല.
പൊലീസുദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും മറ്റ് അധികൃതരും എല്ലാ മാര്‍ഗ്ഗങ്ങളും ശ്രമിച്ച് മറ്റു വഴികള്‍ കാണാതിരുന്നപ്പോഴാണ് പോത്തുകല്ല് മസ്ജിദുല്‍ മുജാഹിദീന്‍ പള്ളിയുടെ കെട്ടിടം പോസ്റ്റുമോര്‍ട്ടം നടത്താനായി ആവശ്യപ്പെട്ടാലോ എന്ന ചിന്തയിലെത്തുന്നത്. പള്ളിക്കമ്മറ്റിയംഗങ്ങളെ സമീപിച്ച് കാര്യം അവതരിപ്പിച്ചപ്പോഴേക്കും എന്തു സഹായത്തിനും തയ്യാറെന്ന മറുപടിയും ലഭിച്ചു. പള്ളിയില്‍ സ്ത്രീകള്‍ നമസ്‌കാരത്തിനായി അംഗശുദ്ധിവരുത്തുന്ന ഭാഗം മാത്രമേ തങ്ങള്‍ക്കാവശ്യമുള്ളൂ എന്നായിരുന്നു അധികൃതരുടെ ആദ്യത്തെ നിലപാട്. അതനുസരിച്ച് അത്രയും ഭാഗം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട തരത്തില്‍ സജ്ജീകരിച്ചു നല്‍കി. എന്നാല്‍, ആദ്യ ദിവസം ഒരു മൃതദേഹമാണ് എത്തിയതെങ്കില്‍ രണ്ടാം ദിനം അത് നാലും അഞ്ചും ആറുമൊക്കെയായി. ദിവസങ്ങള്‍ പഴക്കമുള്ള, അഴുകിത്തുടങ്ങിയതിനാല്‍ തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടുള്ള മൃതദേഹങ്ങള്‍ ഓരോന്നായി പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിച്ചാലുണ്ടാകുന്ന സമയനഷ്ടവും സൗകര്യക്കുറവും കണക്കിലെടുത്ത്, പള്ളി മുഴുവനായും ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. സൗകര്യങ്ങള്‍ പോരാതെ വന്നപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ മദ്രസയില്‍ കുട്ടികളുപയോഗിക്കുന്ന മേശകളും ബെഞ്ചുകളും എത്തിച്ചു നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്കു പോലും അത്ഭുതമുണ്ടാക്കുന്ന തരത്തിലായിരുന്നു പള്ളിക്കമ്മറ്റിയുടെയും വിശ്വാസികളുടെയും ഇടപെടലും സഹകരണവുമെന്ന് നാട്ടുകാരും പറയുന്നു. ഇതിനോടകം മുപ്പതില്‍പ്പരം അമുസ്ലിങ്ങളുടെ മൃതദേഹങ്ങള്‍ പള്ളിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു കഴിഞ്ഞു.
പ്രഭാകരന്‍ ചേട്ടനെ കൊണ്ടുപോയ മയ്യത്തു കട്ടിലുള്ള പള്ളി
മാധ്യമങ്ങളും ഉദ്യോഗസ്ഥരും അമ്പരപ്പും അഭിനന്ദനവും അറിയിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ ചെയ്തതില്‍ എന്താണിത്ര പുതുമ എന്ന് പള്ളിക്കമ്മറ്റിക്കാര്‍ക്കോ വിശ്വാസികള്‍ക്കോ വ്യക്തമായിട്ടില്ല. ആരും ആവശ്യപ്പെടാതെ തന്നെ വര്‍ഷങ്ങളായി ചെയ്തുപോന്നിരുന്ന പല പ്രവര്‍ത്തികള്‍ക്കും തുടര്‍ച്ചയായി മാത്രമേ ഇക്കാര്യത്തെയും ഇവര്‍ കാണുന്നുള്ളൂ. പള്ളി പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടു നല്‍കാമോ എന്ന് ആരോടും അഭിപ്രായം ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ പോലും വേണ്ടിവന്നിട്ടില്ലെന്ന് കമ്മറ്റിയുടെ സെക്രട്ടറിയായ അബ്ദുല്‍ കരീം കവണഞ്ചേരി പറയുന്നു. ‘ഇക്കാര്യം ആരുമായും ആലോചിക്കേണ്ടിയൊന്നും വന്നില്ല. ഇവിടെയുള്ളവര്‍ എതിര്‍ക്കില്ലെന്ന് നമുക്കറിയാമല്ലോ. പള്ളിയിലേക്ക് ആദ്യമായി ഒരു പുതിയ മയ്യത്തു കട്ടില്‍ കൊണ്ടുവന്നപ്പോള്‍, അത് ആദ്യമായി ഉപയോഗിച്ചതു തന്നെ ഇവിടെ നിന്നും ഒരു അമുസ്ലീമിന്റെ മൃതദേഹം അക്കരയ്ക്ക് കൊണ്ടുപോകാനായിരുന്നു. അങ്ങനെയൊരുപാട് കഥകള്‍ പറയാനുള്ളതുകൊണ്ട് ഇക്കാര്യത്തിലും എല്ലാവര്‍ക്കും പിന്തുണയായിരിക്കുമെന്ന് ഉറപ്പല്ലേ. മാത്രമല്ല, ഞങ്ങളെ ഇസ്ലാം പഠിപ്പിക്കുന്നതും ഇതേ കാര്യങ്ങള്‍ തന്നെയാണല്ലോ. മനുഷ്യര്‍ക്ക് സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാനാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത്.’
മസ്ജിദുല്‍ മുജാഹിദീനെയും അവിടുത്തെ പള്ളിക്കമ്മറ്റിയെയും കുറിച്ച് സംസാരിക്കുന്ന ഓരോരുത്തര്‍ക്കും ഓര്‍ത്തെടുത്തു പറയാനുള്ള കഥയും പനങ്കയം സ്വദേശിയായ പ്രഭാകരനെക്കുറിച്ചാണ്. പോത്തുകല്ലില്‍ താമസിച്ചിരുന്ന പ്രഭാകരന്‍ മരണപ്പെട്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഇടമുറിയാതെ മഴ പെയ്തിരുന്ന ദിവസങ്ങളൊന്നിലായിരുന്നു. കനത്ത മഴയില്‍ ചാലിയാര്‍ അന്നും കരകവിഞ്ഞൊഴുകിയിരുന്നു. ഇപ്പോഴുണ്ടായതു പോലുള്ള അത്യാഹിതങ്ങളൊന്നും ഉണ്ടായില്ലെങ്കിലും, ഗതാഗത സൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. പനങ്കയം പാലം കവിഞ്ഞ് ചാലിയാര്‍ ഒഴുകിയിരുന്നതിനാല്‍ വാഹനങ്ങളോ വഞ്ചിയോ കിട്ടിയുമില്ല. പുഴയ്ക്കക്കരേയ്ക്ക് പ്രഭാകരന്‍ ചേട്ടന്റെ മൃതദേഹം എങ്ങനെയെത്തിക്കും എന്ന ചോദ്യത്തിന് അന്ന് ഉത്തരം നല്‍കിയതും ഇതേ പള്ളി തന്നെയാണ്. ‘എന്റെ വീട്ടിലായിരുന്നു പ്രഭാകരന്‍ ചേട്ടന്‍ അന്ന് വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളില്‍ പലരുടെയും സുഹൃത്തിന്റെ അച്ഛനാണ്. വീടിനോടു ചേര്‍ന്നുള്ള സ്ഥലത്തെവിടെയെങ്കിലും ദഹിപ്പിക്കുകയോ മറവുചെയ്യുകയോ വേണമെങ്കില്‍ ആയിക്കോളൂ എന്നു ഞാന്‍ പറഞ്ഞു. അങ്ങിനെ ചെയ്യാന്‍ സമ്മതിച്ചാല്‍ പിന്നെ വീടും സ്ഥലവും വിറ്റുപോകില്ലെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ അപ്പോഴത് കാര്യമാക്കാന്‍ തോന്നിയില്ല. പക്ഷേ അക്കരേയ്ക്ക് എങ്ങനെയെങ്കിലും എത്തിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. അന്ന് പള്ളിയില്‍ മരത്തിന്റെ മയ്യത്തു കട്ടില്‍ മാറ്റി അലൂമിനിയത്തിന്റേത് കൊണ്ടുവന്ന സമയമാണ്. പുതിയ മയ്യത്തുകട്ടില്‍ ആദ്യമായി പ്രഭാകരന്‍ ചേട്ടനു വേണ്ടി ഉപയോഗിച്ചു. അന്ന് എന്റെ വാപ്പയും പള്ളിക്കമ്മറ്റിയിലുണ്ട്. ഞങ്ങളെല്ലാം ചേര്‍ന്നാണ് മയ്യത്തുകട്ടില്‍ എത്തിച്ച് പ്രഭാകരന്‍ ചേട്ടനെ കൊണ്ടുപോയത്. ഞങ്ങളുടെ പിതാക്കന്മാര്‍ കമ്മറ്റി നോക്കിയിരുന്നപ്പോഴും ഇതു തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്. ആ പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. മുന്‍പേ നടന്നവര്‍ കാണിച്ചു തന്നിട്ടുള്ള വഴിയിതാണ്.’
പരിമിതമായ സൗകര്യങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം; ജുമാ നമസ്‌കാരം ബസ് സ്റ്റാന്റില്‍
പള്ളിയുടെ മുഴുവന്‍ ഭാഗവും അധികൃതര്‍ക്ക് വിട്ടുകൊടുത്തെങ്കിലും, ദിവസേനയുള്ള അഞ്ചു നിസ്‌കാരങ്ങളോ ജുമാ നമസ്‌കാരമോ പെരുന്നാള്‍ നിസ്‌കാരമോ മുടങ്ങിയിട്ടില്ല. ഉള്ള സ്ഥല സൗകര്യങ്ങള്‍ ഉപയോഗിച്ച് പരാതികളില്ലാതെയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ബലിപെരുന്നാള്‍ ദിനത്തില്‍പ്പോലും പരിമിതമായ സൗകര്യങ്ങള്‍ക്കകത്തു നിന്നുകൊണ്ട് വിശ്വാസികള്‍ നിസ്‌കരിച്ചിരുന്നു. പെരുന്നാള്‍ കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ചത്തെ ജുമാ നമസ്‌കാരം സ്ഥലപരിമിതിയും ജനത്തിരക്കും കാരണം പോത്തുകല്ല് ബസ് സ്റ്റാന്റില്‍ വച്ചാണ് നടത്തിയിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ എത്തിക്കാനുമായി പോത്തുകല്ല് പരിസരത്തെത്തുന്നത് നൂറുകണക്കിനു പേരാണ്. ഇവരും ഉദ്യോഗസ്ഥരുമെല്ലാം വെള്ളിയാഴ്ചത്തെ നിസ്‌കാരത്തില്‍ പങ്കുകൊണ്ടിരുന്നു. എത്ര കഷ്ടപ്പെടേണ്ടിവന്നാലും ചെറിയ പരാതികള്‍ പോലുമില്ലാതെയാണ് വിശ്വാസികള്‍ പള്ളിയിലെത്തി നിസ്‌കരിക്കുന്നതെന്ന് ഖത്തീബായ മുഹമ്മദ് ഇഖ്ബാലും പറയുന്നു.
‘വിശ്വാസികള്‍ക്കുള്ള രണ്ട് പെരുന്നാളുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബലിപെരുന്നാള്‍. അന്നത്തെ ദിവസം ദൂരെ പഠിക്കാന്‍ പോയവരും പുറത്തു ജോലി ചെയ്യുന്നവരും അവരുടെ ബന്ധുക്കളുമെല്ലാമായി ധാരാളം പേര്‍ നാട്ടിലുണ്ടാകും. അന്ന് പള്ളി നിറഞ്ഞു കവിയുന്നത് സ്വാഭാവികമാണ്. മഴയില്ലാത്ത സമയമാണെങ്കില്‍ ഗ്രൗണ്ട് പോലുള്ളയിടങ്ങളിലാണ് പെരുന്നാള്‍ നിസ്‌കാരം സാധാരണയായി നടത്താറുള്ളത്. പക്ഷേ പ്രതികൂലമായ കാലാവസ്ഥയായിരുന്നതിനാല്‍ ഇത്തവണ പള്ളിയില്‍ത്തന്നെ നടത്തേണ്ടിവന്നു. ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ എന്ന പേടി സ്വാഭാവികമായും ഉണ്ടായിരുന്നു. പക്ഷേ ചെറിയ അസന്തുഷ്ടിപോലും പ്രകടിപ്പിക്കാതെ ഉള്ള സൗകര്യത്തില്‍ നിസ്‌കരിച്ച്, പ്രഭാഷണവും കഴിഞ്ഞാണ് എല്ലാവരും മടങ്ങിയത്. അഞ്ച് നേരം ഒരു തടസ്സവുമില്ലാതെ കൃത്യമായി നമസ്‌കാരങ്ങള്‍ കഴിയുന്നുണ്ട്. സ്ഥിരം വരുന്നവരെല്ലാം മുടക്കമില്ലാതെ എത്തുന്നുമുണ്ട്. എന്തുണ്ടായാലും പ്രാര്‍ത്ഥനയ്ക്ക് മുടക്കം വരില്ല. പോസ്റ്റുമോര്‍ട്ടത്തിനും തടസ്സം നേരിടില്ല. ഞങ്ങള്‍ക്കാര്‍ക്കും പക്ഷേ ഇതൊരു പുതിയ സംഭവമായി തോന്നുന്നില്ല. ഒരു സംസ്‌കാരത്തിന്റെ ഭാഗമാണിത്. ഞങ്ങള്‍ പഠിക്കുന്ന ചരിത്രത്തിലും മതപാഠങ്ങളിലുമെല്ലാമുള്ളത് ഇതിനു സമാനമായ അനുഭവങ്ങളാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ കിട്ടിയ അവസരം നടപ്പിലാക്കി എന്നേയുള്ളൂ. അതല്ലാതെ ഇതില്‍ കാര്യമായ പുതുമ അവകാശപ്പെടാനൊന്നുമില്ല.’
ഇഖ്ബാലും പള്ളിക്കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാനും സെക്രട്ടറി അബ്ദുല്‍ കരീമും മറ്റെന്ത് ആവശ്യങ്ങള്‍ക്കും സദാ സന്നദ്ധരായി പള്ളിയുടെ പരിസരത്തു തന്നെയുണ്ട്. പള്ളിയില്‍ സ്ഥല സൗകര്യമൊരുക്കിയതുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്തം തീരുന്നില്ലെന്നും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമായി നിരവധി പേര്‍ ഉണ്ടെങ്കിലും തങ്ങളെക്കൊണ്ട് സാധിക്കുന്ന എന്തിനും മുന്നില്‍ത്തന്നെയുണ്ടെന്നുമാണ് ഇവരുടെ പക്ഷം. ആദ്യ ദിനം കവളപ്പാറ കോളനിയില്‍ നിന്നുള്ള പണിയ ഗോത്രവിഭാഗത്തില്‍പ്പെട്ടയാളുടെ മൃതദേഹം പള്ളിയിലെത്തിയത് അബ്ദുല്‍ കരീം ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു. ‘കോളനിയില്‍ നിന്നുള്ള ഒരാളുടെ മൃതദേഹമാണ് ആദ്യം വന്നത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അത്. അന്ന് ഇവിടെയെല്ലാം വെള്ളം കയറിയത് ഇറങ്ങിവരുന്നേയുള്ളൂ. മഴ മാറിയിട്ടുമില്ല. ആളുകള്‍ ഇത്രയേറെ സഹായവുമായി ഇങ്ങോട്ട് എത്തിത്തുടങ്ങിയിട്ടില്ല. സഹായിക്കാനും മൃതദേഹം കുളിപ്പിക്കാനുമെല്ലാം ഞങ്ങളാണ് ഉണ്ടായിരുന്നത്. എന്റെ വീട് പള്ളിയോടു തൊട്ടുചേര്‍ന്നാണുള്ളത്. ഞാനും മകനും ചേര്‍ന്നാണ് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത്. മകനാണ് മൃതദേഹം കുളിപ്പിക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്തത്. പിന്നീടിങ്ങോട്ട് ധാരാളം മൃതദേഹങ്ങള്‍ എത്താന്‍ തുടങ്ങി. അതനുസരിച്ച് സഹായത്തിനായി കൂടുതല്‍ ആളുകളുമെത്തി. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.’
പോത്തുകല്ലില്‍ സര്‍ക്കാരാശുപത്രി കൊണ്ടുവന്നതും മസ്ജിദുല്‍ മുജാഹിദീന്‍
ഇതുകൊണ്ട് തീരുന്നതല്ല ഈ പള്ളിയുടെയും പോത്തുകല്ല് എന്ന ദേശത്തിന്റെയും കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റപ്പെട്ട പ്രദേശമായിരുന്ന, ഒരു തരത്തിലുള്ള വികസനവും എത്തിനോക്കാതിരുന്ന, ചാലിയാറിന്റെ ഇക്കരയിലുള്ള പോത്തുകല്ല് എന്ന ഗ്രാമത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ ആശുപത്രി വരാന്‍ വഴിയൊരുക്കിയതും മസ്ജിദുല്‍ മുജാഹിദീന്‍ തന്നെയാണ്. ചികിത്സാ സൗകര്യങ്ങള്‍ക്കായി കിലോമീ്റ്ററുകള്‍ സഞ്ചരിച്ച് നിലമ്പൂരിലെത്തേണ്ടിയിരുന്ന പോത്തുകല്ലുകാരുടെ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആദ്യം ചിന്തിച്ചതും അതിനായി പ്രവര്‍ത്തിച്ചതും അന്നത്തെ പള്ളിക്കമ്മറ്റി ഭാരവാഹികളായിരുന്നു. ഏറെ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കാനായി സര്‍ക്കാരിന് പള്ളിയുടെ സ്ഥലം വിട്ടു നല്‍കിയത് തന്റെ പിതാവ് പ്രസിഡന്റായിരുന്ന പള്ളിക്കമ്മറ്റിയായിരുന്നുവെന്ന് പ്രദേശവാസിയായ മുഹമ്മദ് റഫീഖ് വിശദീകരിക്കുന്നു.
‘പോത്തുകല്ല് അന്ന് ഒറ്റപ്പെട്ട ഒരു ഗ്രാമമാണ്. ഒട്ടും വികസനം എത്തിയിട്ടില്ല. അന്ന് ഇവിടെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം വരാനായി മുന്‍കൈയെടുത്തതും ഇതേ പള്ളിക്കമ്മറ്റി തന്നെയാണ്. എന്റെ ഉപ്പയായിരുന്നു അന്നത്തെ പള്ളിക്കമ്മറ്റി പ്രസിഡന്റ്. അക്കാര്യത്തിലെല്ലാം ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളയാളാണ്. പള്ളിയുടെ സ്ഥലം അങ്ങനെ കൊടുക്കാന്‍ പാടുണ്ടോ, അങ്ങനെ ചെയ്യാമോ എന്നൊക്കെയാണ് ആളുകള്‍ ചോദിച്ചിരുന്നത്. അതൊന്നും കാര്യമാക്കാതെ വളരെ തുച്ഛമായ വിലയ്ക്കാണ് ഒരേക്കര്‍ സ്ഥലം പള്ളിക്കമ്മറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി സര്‍ക്കാരിന് വിട്ടുകൊടുത്തത്. അങ്ങനെയാണ് പോത്തുകല്ലില്‍ ആദ്യമായി ഒരു സര്‍ക്കാരാശുപത്രി വരുന്നത്. കവളപ്പാറയുടെ കാര്യമെടുത്താല്‍, ഇവിടെ തൊട്ടടുത്തുള്ള പ്രദേശമാണത്. മരിച്ചവരെല്ലാം നമ്മുടെ നാട്ടുകാര്‍ തന്നെയാണ്. പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള പ്രശ്നം വന്നപ്പോള്‍ പൊലീസ് നേരിട്ട് ഒരുപാടു പേരെ ബന്ധപ്പെട്ടിരുന്നു. പക്ഷേ നമ്മളാണ് ഒടുവില്‍ സഹകരിച്ചത്. ഇക്കാര്യത്തില്‍ ഒന്നും ചിന്തിക്കേണ്ടതില്ലെന്നാണ് അന്ന് സെക്രട്ടറി പറഞ്ഞത്. സ്ത്രീകള്‍ വുളു എടുക്കുന്ന സ്ഥലം ആദ്യം വിട്ടുകൊടുത്തു. ആദ്യത്തെ ദിവസം ഒരു മൃതദേഹമേ വന്നിരുന്നുള്ളൂ. പക്ഷേ പിന്നീട് എണ്ണം കൂടിയപ്പോള്‍ പള്ളി മുഴുവനായും വിട്ടുകൊടുക്കുകയാണ് ചെയ്തത്. മഹല്ലില്‍പ്പെട്ടയാളുകളെ മരണശേഷം കുളിപ്പിക്കുന്ന മയ്യത്തു കട്ടിലുണ്ട്. ആ കട്ടില്‍ പോലും ഞങ്ങള്‍ ഈയാവശ്യത്തിനായി അധികൃതര്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഞങ്ങളുടെ നേതാവ് മുഹമ്മദ് നബി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് പരസ്പര സ്നേഹമാണ്. മതഭേദമില്ലാതെ ജനങ്ങളെ സ്നേഹിക്കാനാണ് പറഞ്ഞിരിക്കുന്നത്. അതില്‍ വിശ്വസിച്ചുകൊണ്ടുതന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും. ഞങ്ങള്‍ക്ക് വേറെയൊരു വര്‍ഗ്ഗീയതയോ വിഭാഗീയതയോ ഇക്കാര്യത്തിലില്ല. പെരുന്നാള്‍ ദിവസത്തെ മാംസമായാലും സക്കാത്തിന്റെ അരിയായാലും ജാതിയും മതവും നോക്കാതെയാണ് വിതരണം ചെയ്യുന്നത്. അതുപോലെത്തന്നെയാണ് ഇക്കാര്യത്തിലും തീരുമാനമെടുത്തത്.’
ഈ വിഷയത്തിലെ മാനുഷിക വശവും പ്രായോഗികതയുടെ പ്രശ്നവും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് പള്ളി ഖത്തീബും പറയുന്നുണ്ട്. തങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തത് അധികൃതര്‍ക്കു പോലും വിശ്വസിക്കാന്‍ പാടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ‘ഇങ്ങനെയൊരു ദുരന്തം ഈ പ്രദേശത്ത് ഉണ്ടായപ്പോള്‍, പൊലീസിന്റെയും അധികാരികളുടെയുമെല്ലാം മുമ്പിലുള്ള പ്രധാന വിഷയം മൃതദേഹങ്ങള്‍ നിലമ്പൂരിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി വേണം പോസ്റ്റു മോര്‍ട്ടം ചെയ്യാന്‍ എന്നതായിരുന്നു. കണ്ടുകിട്ടുന്ന മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ പല ക്യാമ്പുകളിലായി ചിതറിക്കിടക്കുകയാണ്. അവരെയെല്ലാം നിലമ്പൂരില്‍ കൊണ്ടുപോയി മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റുമോര്‍ട്ടം ചെയ്യുക എന്നത് വളരെ ദുഷ്‌കരമാണ്. ആ സാഹചര്യത്തിലാണ് പൊലീസും മറ്റ് അധികാരികളുമെല്ലാം ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. പല വിധത്തിലുള്ള ആലോചനകള്‍ക്കൊടുവിലാണ് അവര്‍ പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെടുന്നത്. യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധം സെക്രട്ടറിയും പ്രസിഡന്റും കമ്മറ്റി ഭാരവാഹികളും ഒറ്റ തീരുമാനമെടുത്ത് ആ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. അധികൃതര്‍ക്കുപോലും അക്കാര്യം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. ഇത്ര പോസിറ്റീവായി തീരുമാനമെടുക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് അവരും കരുതിയിരിക്കില്ല. ഇസ്ലാം മുന്നോട്ടു വയ്ക്കുന്ന അന്തസ്സത്തയെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണ് കമ്മറ്റി ഭാരവാഹികള്‍ ഈ നീക്കത്തിന് നേതൃത്വം കൊടുത്തിട്ടുള്ളത്.’
നൂറു ദിവസം ഭജനമിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് സഹോദരന്റെ ആവശ്യം നിറവേറ്റുന്നതെന്നാണ് ദീന്‍ തങ്ങളെ പഠിപ്പിക്കുന്നതെന്നു പറയുന്ന ചിലരാണ് പോത്തുകല്ലിലെ ഈ പള്ളിയിലുള്ളത്. പള്ളിയ്ക്കകത്ത് പോസ്റ്റുമോര്‍ട്ടം നടക്കുന്നുവെന്നത് മറ്റുള്ളവര്‍ക്ക് വാര്‍ത്തയാകുമ്പോഴും ഇവര്‍ക്കാര്‍ക്കും അതില്‍ പ്രത്യേകതകളൊന്നും തോന്നാതിരിക്കുന്നതും അതുകൊണ്ടുതന്നെ. അമുസ്ലീം സുഹൃത്തുക്കളുടേതുകൂടെയാണ് ഈ പള്ളി എന്നു പറയുന്ന ഇവര്‍, ഓരോ മൃതദേഹമെത്തുമ്പോഴും പള്ളിയിലേക്ക് ഓടിയെത്തുന്നു. എന്തു സഹായത്തിനും തങ്ങളുണ്ടെന്ന് അറിയിക്കുന്നു. പോത്തുകല്ലിന്റെ അതിജീവനമാര്‍ഗ്ഗത്തിലെ പ്രധാന കണ്ണിതന്നെയാണ് മസ്ജിദുല്‍ മുജാഹിദീന്‍.