UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാടകമേ ജീവിതം; സിനിമ വിട്ട് നാടകത്തിലേക്ക് തിരിച്ചു നടന്ന പൌര്‍ണ്ണമി ശങ്കര്‍ ഇവിടെയുണ്ട്

Avatar

കെ പി എസ് കല്ലേരി

നാടകലോകത്ത് നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചേക്കറിയവരുടെ കഥപറയാന്‍ ഒരുപാടുണ്ട് മലയാളത്തിന്.  എന്നാല്‍ മലയാള സിനിമയുടെ തട്ടകം കോടമ്പാക്കമായിരുന്ന കാലത്ത് അവിടെ സിനിമ പഠിക്കാന്‍ പോവുകയും നാടകമാണെന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ് നാടകത്തിന്റെ നാട്ടിടവഴികളിലേക്ക് തിരിച്ച് നടക്കുകയും  ചെയ്തവര്‍ ഏറെയുണ്ടോയെന്ന് ചോദിച്ചാല്‍ വിരലിലെണ്ണാന്‍പോലുമുണ്ടാകില്ല. അത്തരം ചുരുക്കം പേരുകളിലൊരാളാണ് കോഴിക്കോട് വടകര സ്വദേശി പൌര്‍ണമി ശങ്കര്‍.

തിക്കോടിയനും എംടിയും പി എം താജുമടക്കമുള്ളവരുടെ രചനയില്‍ പൗര്‍ണമി ശങ്കര്‍ ഇതിനകം ചെയ്തത് അമ്പതോളം പ്രൊഫഷണല്‍ നാടകങ്ങള്‍. അതില്‍ പലതും കേരളത്തിലങ്ങോളമിങ്ങോളം അഞ്ചുവര്‍ഷം വരെ തുടര്‍ച്ചയായി കളിച്ചവ. പ്രൊഫഷണല്‍ നാടകങ്ങളേക്കാളേറെ അമേച്വര്‍ നാടകങ്ങള്‍. മിക്കതിലും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതും അദ്ദേഹം തന്നെ.  ഓര്‍മയില്‍ സൂക്ഷിക്കാന്‍മാത്രം പ്രിയപ്പെട്ടവയില്ലെങ്കിലും സിനിമയിലും സീരിയലിലുമായി നിരവധി വേഷങ്ങള്‍. എന്നിട്ടും ഒറ്റനാടകവും ഒറ്റ സിനിമയും ചെയ്തവര്‍ നിറഞ്ഞാടുന്ന പുത്തന്‍കലാഭൂമിയില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ടതായിരുന്നിട്ടും  പൗര്‍ണമിശങ്കര്‍ എന്ന പേര് നാടകത്തിനപ്പുറത്ത് പുരസ്‌കാരങ്ങളുടെ ലോകം കേട്ടുവോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയേണ്ടിവരും. ഒരു പക്ഷെ തന്റെ നാടകങ്ങള്‍ അവാര്‍ഡിനയക്കാന്‍ സൃഷ്ടിച്ചതല്ലെന്ന് പറഞ്ഞ് മാറി നിന്നതാണെങ്കിലും അറിഞ്ഞു നല്‍കേണ്ട പുരസ്‌കാരങ്ങള്‍പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. അക്കാര്യത്തില്‍ ആരോടും പരിഭവമോ പരാതിയോ ഇല്ലെന്നതാണ് അവാര്‍ഡ് ചോദിച്ച് നടക്കുന്നവരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. ഇടക്കാലത്ത് രോഗബാധിതനായി നാലുവര്‍ഷത്തോളം അണിയറയില്‍ നിന്നും അരങ്ങത്തുനിന്നും മാറി നിന്ന പൗര്‍ണമി ശങ്കര്‍ ശക്തനായി വീണ്ടും തിരിച്ചുവരവ് ആഘോഷിക്കുകയാണിപ്പോള്‍. അദ്ദേഹത്തോടൊപ്പം കേരളത്തിന്റെ നാടക ഭൂമിയിലേക്ക് വളര്‍ന്നു പന്തലിച്ച വടകര വരദയുടെ പുതിയ നാടകങ്ങളുമായി.

മലയാള നാടകവേദിക്ക് പൗര്‍ണമി ശങ്കര്‍ എന്ന പേര് പരിചയപ്പെടുത്തേണ്ടതില്ല. 1951 ഡിസംബര്‍ 10ന് കുഞ്ഞുണ്ണികുറുപ്പിന്റേയും കണ്ണംകുഴിയില്‍ നാരായണി അമ്മയുടേയും മകനായി വടകര കരിമ്പനപ്പാലത്തിനു സമീപം ജനനം. ബിഇഎം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ചിത്രകലയില്‍ തല്‍പരനായി തലശേരി കേരളാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ രണ്ടു വര്‍ഷത്തെ ചിത്രകലാ പഠനം. ഈ കാലയളവില്‍ നിരവധി പോട്രേറ്റുകളും വാട്ടറിലും ഓയിലിലുമായി ഒട്ടേറെ ലാന്റ് സ്‌കേപ്പുകളും ചെയ്ത് ചിത്രകലയില്‍ ശ്രദ്ധപിടിച്ചുപറ്റി.

തുടര്‍ന്ന് സിനിമ തലയ്ക്ക് പിടിച്ച് മദ്രാസിലേക്ക് വണ്ടികയറ്റം. 22ാം വയസില്‍. മദ്രാസ് സത്യാ സ്റ്റുഡിയോയില്‍ നിന്ന് സിനിമോട്ടാഗ്രഫി പഠിച്ചു. ചില സിനിമകളില്‍ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചെങ്കിലും കുടുംബപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാട്ടിലേക്കുള്ള മടങ്ങിവരവാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അങ്ങനെയാണ് കലയും തൊഴിലും ലക്ഷ്യംവെച്ച് കരിമ്പനപ്പാലത്ത് പൗര്‍ണമി ആര്‍ട്‌സ് തുറക്കുന്നത്. ശങ്കറിന്റെ പൗര്‍ണമി ആര്‍ടിസില്‍ നിന്നും കേരളത്തിലങ്ങോളമുള്ള തീയേറ്ററുകളിലേക്കുള്ള സിനിമാ സ്ലേഡുകള്‍ പിറന്നു. പൗര്‍ണമി ശങ്കറിന്റെ  പരസ്യം ഡിസൈനിംങ് ആരേയും കൊതിപ്പിക്കുന്നതായിരുന്നു. ഒപ്പം ബോര്‍ഡ്, ബാനറുകള്‍, പോട്രേറ്റുകള്‍ തുടങ്ങി വടകരയിലെ ഏറ്റവും തിരക്കുള്ള ചിത്രശാലയായി പൗര്‍ണമി ആര്‍ട്‌സ് മാറി. അവിടുന്നിങ്ങോട്ടാണ് പേരിനൊപ്പം പൗര്‍ണമിയും ചേക്കേറിയത്.

ഇതിനിടെ പി എന്‍ മേനോന്റെ സഹസംവിധായകനായി വീണ്ടും മദ്രാസിലേക്ക് മടക്കം. മുരളി നായകനായ ‘പഠിപ്പുര’യില്‍ സഹസംവിധായകന്റെ ചുമതലയ്‌ക്കൊപ്പം നല്ലൊരു വേഷവും ചെയ്തു. ആ മദ്രാസ് യാത്രയില്‍ കുറച്ച് സിനിമകളും സീരിയലുകളുമെല്ലാം അഭിനയിക്കാന്‍ കിട്ടി. മദ്രാസിന്റെ സിനിമാ ലോകത്ത് കുറച്ചുകാലം പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും കുഞ്ഞു നാളിലേ മനസില്‍ കൊണ്ടുനടന്ന നാടകമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ് നാട്ടിലെ നാടകക്കളരികളിലേക്ക് തിരിച്ചു നടന്നു.

സ്‌കൂള്‍ പഠനകാലത്തുതന്നെ ചില്ലറ സംവിധാനവും അഭിനയവുമായി നാടകം കൂടെയുണ്ടായിരുന്നു. മേയ്ക്കപ്പു ചെയ്തുകൊണ്ടാണ് തുടക്കം. പിന്നീട് മോഹന്‍ കടത്തനാടിന്റെ രചനയില്‍ ‘ചുവന്ന ബംഗ്ലാവ്’ സംവിധാനം ചെയ്തുകൊണ്ട് നാടക സംവിധാനത്തില്‍ ഹരിശ്രീ കുറിച്ചു. സംവിധാനത്തിനുപുറമേ ‘ചുവന്ന ബംഗ്ലാവി’ലെ പ്രധാന വേഷവും ചെയ്തു. 1986ല്‍ വടകരയുടെ നാടക ഭൂമിയില്‍ ആദ്യത്തെ പ്രൗഫഷണല്‍ നാടക സമിതിയായി വരദ രൂപംകൊണ്ടു. ഒഎന്‍വി പേരിട്ടുകൊണ്ട് രക്തനക്ഷത്രമായി വരദ ഉദിച്ചുയര്‍ന്നതോടെയാണ് പൗര്‍ണമി ശങ്കറും വളര്‍ന്നു പന്തലിച്ചത്. തിക്കോടിയന്റെ രചനയില്‍ വരദയുടെ ആദ്യ നാടകം ‘ശാന്തിപര്‍വം’ സംവിധാനം ചെയ്തുകൊണ്ടാണ് പ്രൊഫഷണല്‍ നാടകരംഗത്തേക്കുള്ള കാല്‍വെപ്പ്. നടക്കാതെ പോയ സിനിമാ സംവിധായകന്റെ വേഷവും അതില്‍ പൗര്‍ണമി ചെയ്തു. വരദയ്ക്കും പൗര്‍ണമി ശങ്കറിനും അത് നല്ല തുടക്കമായിരുന്നു.

പിറ്റേ വര്‍ഷം പിഎം താജിന്റെ രചനയില്‍ ‘ഉത്രാടം തിരുനാളിന്റെ കല്‍പനപോലെ’. അതുകഴിഞ്ഞ് ചന്ദ്രശേഖരന്‍ തിക്കോടിയുടെ രചനയില്‍ ‘അമൃതംഗമയ’. വലിയ അംഗീകാരമാണ് അമൃതംഗമയ പൗര്‍ണമിക്ക് ഉണ്ടാക്കിയത്. അമൃതംഗമയ തകര്‍ത്തു മുന്നേറിയപ്പോള്‍ അടുത്ത നാടകം എംടിയുടെ ‘ഇരുട്ടിന്റെ ആത്മാവാ’യിരുന്നു.  എംടിയുടെ വിഖ്യാതമായ നോവല്‍ നാടകമാക്കുകയെന്നത് സങ്കല്‍പിക്കുന്നതിനപ്പുറമായിരുന്നു. റിഹേഴ്‌സല്‍ ക്യാപില്‍ എംടിയുടെ മുഴുനീള സാന്നിദ്ധ്യമുണ്ടായിരുന്നു. അഭിപ്രായങ്ങളൊന്നും പറയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു നോട്ടവും ഒരു മൂളലും ഒരു പാട് ആത്മവിശ്വാസം നല്‍കുന്നതായിരുന്നെന്ന് പൗര്‍ണമി ശങ്കര്‍ ഓര്‍ക്കുന്നു. പുരുഷന്‍ കടലുണ്ടിയായിരുന്നു നാടകാവിഷ്‌കാരമൊരുക്കിയത്. തന്റെ കരിയറയിലെ ഏറ്റവും മികച്ച നാടകം ഏതെന്ന് ചോദിച്ചാല്‍ പൗര്‍ണമി ഇന്നും പറയുന്നത് അത് ‘ഇരുട്ടിന്റെ ആത്മാവെ’ന്നാണ്. നാലു വര്‍ഷമാണ് അത് തുടര്‍ച്ചായായി കേരളത്തിന്റെ വിവിധ നാട്ടരങ്ങുകളില്‍ തകര്‍ത്താടിയത്. പിന്നീട് ചെയ്ത കോമള്‍ സ്വാമിനാഥന്റെ ‘തണ്ണീര്‍ തണ്ണീര്‍’, ജയന്‍ തിരുമനയുടെ രചനയില്‍ ‘മാണിക്യകല്ല്’, ‘തീര്‍ഥാടനം’, തിരുവനന്തപുരം സ്വദേശാഭിമാനിക്കുവേണ്ടി ചെയ്ത ‘അമ്മക്കോലങ്ങള്‍’, ‘മലയാളിക്ക് പറയാനുള്ളത്’, കണ്ണൂര്‍ സംഘചേതനയ്ക്ക് വേണ്ടി ചെയ്ത ‘മറുപുറം’, തൃശ്ശൂര്‍ സനാതനയ്ക്ക് വേണ്ടി ചെയ്ത ‘നാടും നാട്ടരങ്ങും’ തുടങ്ങിയ നാടകങ്ങള്‍ കേരളത്തിന്റെ നാടക വേദിയില്‍ പൗര്‍ണമി ശങ്കറിന്റെ പേര് അരക്കെട്ടുറപ്പിക്കുന്നതായിരുന്നു.

ഇതിനിടയിവല്‍ ഗുരുവായൂരില്‍ ഒരു നാടകത്തിന്റെ സംവിധാന ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ട് നാലുവര്‍ഷത്തോളം കിടപ്പിലായതാണ് പൗര്‍ണമി ശങ്കറിനേയും അതുപോല വരദയേയും കുറച്ചുകാലം മാറ്റി നിര്‍ത്തിയത്. ആ കിടപ്പിലും മനസ്സുനിറയേ നാടകമായിരുന്നു. അസുഖം ഭേദമായ ശേഷം മലബാര്‍ ഗോള്‍ഡിനുവേണ്ടി ശുചിത്വകേരളം എന്ന റോഡ് ഷോയുമായി കേരളത്തിലുടനീളം കറങ്ങി. ഇപ്പോള്‍ പൗര്‍ണിമി ശങ്കറും വരദയും വീണ്ടും ശക്തമായൊരു തിരിച്ചുവരവിലാണ്. സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് ഹേമന്ദ് കുമാറിന്റെ രചനയില്‍ ‘അമ്മയുള്ള കാലം വരെ’യാണ് ശങ്കറും വരദയും തിരിച്ചുവരവില്‍ ഒരുക്കിയ നാടകം. നിലവിലുള്ള സാമൂഹിക സാഹചര്യത്തില്‍ ആനുകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കുടുംബ നാടകമാണ് ‘അമ്മയുള്ള കാലം വരെ’. വലിയ സ്വീകരണമാണ് നാടകത്തിന് എങ്ങും ലഭിക്കുന്നതെന്ന് പൗര്‍ണമി ശങ്കര്‍ പറഞ്ഞു.

വടകര ഇരിങ്ങല്‍ പീടികക്കുനിയില്‍ കമല നിവാസിലാണിപ്പോള്‍ താമസം. ഭാര്യ: കമല. മക്കള്‍:കല, ശില്‍പ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍