UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദാരിദ്ര്യം സഹിക്കവയ്യാ; 21 കാരന്‍ സഹോദരങ്ങള്‍ക്ക് വിഷം നല്‍കി, അഞ്ചുപേര്‍ മരിച്ചു

പഞ്ചാബിലെ കപൂര്‍ത്തലയിലാണ് ഈ അത്യാഹിതം നടന്നത്

ദാരിദ്ര്യം മൂലം സഹോദരങ്ങള്‍ക്കു വിഷം കലര്‍ത്തിയ ബര്‍ഗര്‍ നല്‍കി 21 കാരന്‍ ആത്മഹത്യ ചെയ്തു. ഇയാളടക്കം അഞ്ചുപേര്‍ മരിച്ചു. പഞ്ചാബിലെ കപൂര്‍ത്തലയില്‍ നിന്നാണ് നടക്കുന്ന ഈ വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

21 കാരനായ ബാര്‍ബര്‍ തൊഴിലാളിയായ അഭിമന്യുവാണ് തന്റെ സഹോദരങ്ങളായ അനു കുമാരി(17), അന്‍ഷുമാന്‍ കുമാരി(15), അനുരാഗ് കുമാര്‍(10) അര്‍ച്ചന കുമാരി(9), ആരതി(7) പിതൃസഹോദരപുത്രനായ ഹരിനന്ദന്‍ കുമാര്‍(17) എന്നിവര്‍ക്ക് വിഷം പുരട്ടിയ ബര്‍ഗര്‍ നല്‍കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ അപകടന നില തരണം ചെയതു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അസുഖബാധിതയായ ഇവരുടെ മാതാവ് ഗീത ദേവി മറ്റൊരു മുറിയിലായിരുന്നു. പിതാവ് കിഷോര്‍ താക്കൂര്‍ സ്ഥലത്തില്ലായിരുന്നു. ഇദ്ദേഹവും ബാര്‍ബറാണ്. ഇവരുടെ മറ്റൊരു മകന്‍ അവിനാഷും(11) പിതാവിന്റെ കൂടെ പോയിരുന്നു.

അഭിമന്യു എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അച്ഛനെയും അമ്മയേയും ഞാന്‍ ഒരുപാട് സനേഹിക്കുന്നു. ഞങ്ങള്‍ക്കു വേണ്ടി ഒരുപാട് വേദന നിങ്ങള്‍ സഹിക്കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ ഇപ്പോഴും നിങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ നിഷ്‌കളങ്കരായ എന്റെ സഹോദരങ്ങളേയും കൊല്ലുകയാണ്. ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നതില്‍ എന്നോടു ക്ഷമിക്കണം; അഭിമന്യു ഹിന്ദിയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പിലെ വാചകങ്ങള്‍.

അപകടനില തരണം ചെയ്ത ഹരിനന്ദന്‍ പൊലീസിനു നല്‍കിയ മൊഴിയനുസരിച്ച് ബര്‍ഗര്‍ കഴിച്ചയുടനെ എല്ലാവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഞാന്‍ ഉടന്‍ തന്നെ ഗീത അമ്മായിയെ വിളിച്ചു. അമ്മായിയാണ് ആംബുലന്‍സിനു ഫോണ്‍ ചെയ്തത്. അയല്‍ക്കാരുടെ സഹായത്തോടെ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചു.

താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ മൂന്നുപേര്‍ ചൊവ്വാഴ്ച രാത്രി തന്നെ മരിച്ചു. രണ്ടുപേര്‍ ബുധനാഴ്ച രാവിലെ ജലന്ധറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. പൊലീസ് സെക്ഷന്‍ 174 പ്രകാരം ക്രിമിനല്‍ കേസ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബിഹാറില്‍ നിന്നും 20 വര്‍ഷം മുമ്പ് പഞ്ചാബിലേക്ക് കുടിയേറ കുടുംബത്തിലാണ് ഈ അത്യാഹിതം നടന്നത്. ഇവര്‍ വാടക വീട്ടിലാണ് ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ഒമ്പതംഗം കുടുംബമായിരുന്നു ഇതെന്നും ദരിദ്ര്യം തന്നെയാണ് അഭിമന്യുവിനെ കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചതെന്നും പൊലീസ് മാധ്യമങ്ങളോടു പറയുന്നു. മൃതദേഹങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ദഹിപ്പിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍