UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സാധാരണ പ്രവര്‍ത്തകനായി’ മടങ്ങിയെത്തിയ മുകുന്ദനെ സ്വീകരിക്കാന്‍ നേതാക്കളെത്തിയില്ല

അഴിമുഖം പ്രതിനിധി

‘സാധാരണ പ്രവര്‍ത്തകനായി’ ബിജെപിയില്‍ മടങ്ങിയത്തിയ പി പി മുകുന്ദന്‍ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ എത്തിയെങ്കിലും മുന്‍ നേതാവിനെ സ്വീകരിക്കാന്‍ നിലവിലെ നേതാക്കന്‍മാര്‍ ആരും എത്തിയില്ല. ഒരു മണിക്കൂര്‍ കാത്തിരുന്നശേഷം അണികളോടൊപ്പം സെല്‍ഫിയെടുത്തശേഷം അദ്ദേഹം മടങ്ങി.

പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റുമാരായ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവരും ഒ രാജഗോപാലും തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെങ്കിലും മുകുന്ദനെ സ്വീകരിക്കാന്‍ എത്തിയില്ല.

മുകുന്ദന്റെ തിരിച്ചു വരവിനെ കുറിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. ശനിയാഴ്ച രാത്രിയിലാണ് പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനാകാന്‍ കുമ്മനം ഫോണിലൂടെ മുകുന്ദന് നിര്‍ദ്ദേശം നല്‍കിയത്. ആര്‍ എസ് എസിന്റെ തീരുമാന പ്രകാരമാണ് ബിജെപിയിലേക്ക് മുകുന്ദനെ വീണ്ടും എത്തിക്കുന്നത്. മുകുന്ദന്‍ ‘സാധാരണ പ്രവര്‍ത്തകനായി’ മടങ്ങിയെത്തുമെന്ന് ഇന്നലെ കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ മുകുന്ദന്‍ പ്രധാന്യമുള്ള സ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരുന്നതിനെതിരെ വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പ് കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. 1991 മുതല്‍ 2007 വരെ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മുകുന്ദനാണ് കുപ്രസിദ്ധമായ കേരള രാഷ്ട്രീയത്തിലെ കോലീബി പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. സിപിഐഎമ്മിന് എതിരെ ബിജെപിയും മുസ്ലീംലീഗും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ കാരണം മുകുന്ദന്റെ തന്ത്രഞ്ജതയാണ്.

പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കു പോലും മിസ്ഡ് കോള്‍ അംഗത്വം നല്‍കിയെങ്കിലും മുകുന്ദനെതിരെയാണ് വി മുരളീധരന്‍ പ്രസിഡന്റായിരുന്ന കാലത്തും ഇപ്പോഴും തുടരുന്നത്. മുകുന്ദനും വേണമെങ്കില്‍ മിസ്ഡ് കോള്‍ അംഗത്വമെടുക്കാമെന്ന പ്രസ്താവനയും മുരളീധരന്‍ നടത്തി.

എന്‍ എസ് എസുമായും മുകുന്ദന് നല്ല ബന്ധമാണുള്ളത്.

അവസരവാദ രാഷ്ട്രീയത്തേക്കാളുപരി ആദര്‍ശ രാഷ്ട്രീയത്തിന് പ്രാമുഖ്യം നല്‍കുന്നതു കൊണ്ടാണ് താന്‍ ഇത്രയും കാലം മറ്റു പാര്‍ട്ടികളിലേക്ക് പോകാത്തതെന്ന് മുകുന്ദന്‍ പറഞ്ഞു. വീട്ടിലെത്തുമ്പോള്‍ പ്രത്യേക സ്വീകരണം ആവശ്യമില്ലെന്നും നേതാക്കളെ താന്‍ ഫോണില്‍ വിളിച്ചിരുന്നുവെന്നും അവര്‍ പ്രചാരണ പരിപാടികളിലായതിനാലാണ് എത്താത്തതെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടിയില്‍ ഭാരവാഹിത്വത്തെ കുറിച്ച് ഒരുറപ്പും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പാര്‍ട്ടിയിലെ അസംതൃപ്തി മാറിയതായി പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍