UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനത്തെ കൊള്ളയടിക്കാനുള്ള ലൈസന്‍സോ പി പി പി?

Avatar

പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ നടത്തുന്ന പകല്‍ക്കൊള്ളയെക്കുറിച്ച് സി പി ഐ എം എം പി കെ എന്‍ ബാലഗോപാല്‍ രാജ്യ സഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം.

വളരെ ഗൌരവതരമായ ഒരു വിഷയമാണിത്. പ്രത്യേകിച്ചും പൊതു-സ്വകാര്യ-പങ്കാളിത്ത സംരംഭങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളും ഇടപെടലുകളും ഗവണ്‍മെന്റിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട സാഹചര്യം വന്നു ചേര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍. ലൈസന്‍സിംഗ് നടപടി ക്രമങ്ങള്‍, ബിസിനസ് നടത്തുന്ന രീതി, ഫീസ് ചുമത്തുന്ന രീതി എന്നിവ സംബന്ധിച്ച് നിരവധി പരാതികള്‍ക്കാണ് നിലവിലെ പിപിപി സംവിധാനം വഴിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുപ്രധാനമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ഒന്നാമതായി സ്വാകാര്യ സംരംഭകര്‍ക്ക് ലഭിക്കുന്ന പരമാധികാരത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.  സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്വതന്ത്രാധികാരം അതാത് മേഖലയില്‍ അവര്‍ക്ക് തങ്ങളുടെ കുത്തകാവകാശം സൃഷ്ടിച്ചെടുക്കുന്നതിനാണ് ഉപകരിക്കുന്നത്. അതിന് ഉദാഹരണമാണ് ഡല്‍ഹിയിലെ വൈദ്യുതി മേഖലയും കുടിവെള്ള വിതരണവും. സ്വകാര്യ സംരഭകര്‍ അവര്‍ക്ക് ഇഷ്ടമുള്ള തുകയാണ് ചാര്‍ജ്ജായി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇവിടെയാണ് ഗവണ്‍മെന്റ് നിയന്ത്രണം വേണ്ടത്. വൈദ്യുത ചാര്‍ജ്ജ് ഇപ്പോള്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.  ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നമാണ് അവരുടെ പ്രചാരണ വിഷയമാക്കിയത്. അമിതമായ വൈദ്യുതി ചാര്‍ജ്ജിന്റെ ഭാരം സഹിക്കുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസംവിധാനത്തോടുണ്ടായിരുന്ന വെറുപ്പാണ് ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ അധികാരം നേടിക്കൊടുത്തതും. സ്വകാര്യ മേഖലയ്ക്ക്  സമ്പൂര്‍ണ്ണാധിപത്യം നല്കിയാല്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ക്ക് ഇത് ഒരു ഉദാഹരണം മാത്രമാണ്.

രണ്ടാമതായി, പ്രകൃതിവിഭവങ്ങളുടെ കാര്യമെടുക്കുക. സ്വകാര്യ പങ്കാളിത്തം ആ മേഖലയിലും അനുവദനീയമാക്കിയിട്ടുണ്ട്.  2 ജി സ്‌പെക്ട്രം, കല്‍ക്കരി, പ്രകൃതിവാതകത്തിന്റെയും പെട്രോളിയം ഉത്പ്പന്നങ്ങളുടെയും വില നിലവാരം; ഏതു മേഖലയിലാണെങ്കിലും അവിടെയെല്ലാം ഗവണ്‍മെന്റ് ഇടപെടല്‍ നിര്‍ബന്ധമാക്കണം. പിപിപി(പബ്ലിക് പ്രൈവറ്റ് പ്രൊജക്ട്‌സ്) തിരഞ്ഞെടുക്കുന്നതില്‍ ജാഗ്രത കാണിക്കണം. ഓരോ കോണ്‍ട്രാക്ടും സുതാര്യമായിരിക്കണം. ഈ  മേഖലയില്‍ ഗവണ്‍മെന്റിന്റെതായ ഒരു റെഗുലേറ്ററി സംവിധാനം പ്രവര്‍ത്തിക്കണം.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിപിപിയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഭരണത്തിലുള്ള പാര്‍ട്ടിയുടെ അംഗങ്ങള്‍ തന്നെ അമിതമായ ടോള്‍ പിരിവിനെതിരെ നിരാഹാര സത്യാഗ്രഹം ഇരിക്കുന്ന കാഴ്ച്ച കാണാനാകുന്നു. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് ലോക്‌സഭാംഗം അമിതമായ ടോള്‍പിരിവിനെതിരെ അനിശ്ചിതകാല സത്യാഗ്രഹമിരുന്നത് ഒരു ഉദ്ദാഹരണമാണ്. ടോള്‍ ചാര്‍ജ്ജും യൂസേഴ്‌സ് ഫീസുമൊക്കെ നിശ്ചയിക്കാനുള്ള അധികാരം ഗവണ്‍മെന്റ് ഏറ്റെടുക്കുകയും അതിനായി ഒരു റെഗുലേറ്ററി സംവിധാനം ഉണ്ടാക്കുകയും വേണം. പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് പാര്‍ലമെന്റിന്റെ മേല്‍നോട്ടത്തിന് കീഴിലാക്കണം.

പണക്കൊയ്ത്ത് നടക്കുന്നൊരു വന്‍വ്യവസായമാണ് ഇന്ന് പബ്ലിക് പ്രൈവറ്റ് പ്രൊജക്ടുകളെന്ന് എല്ലാവര്‍ക്കും തന്നെ അറിവുള്ളതാണ്. സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്ന എയ്ഡഡ് സ്‌കൂള്‍ പോലെ ഏതൊരു ചെറിയ പ്രസ്ഥാനമാണെങ്കിലും ലോക്പാലിന്റെ അധികാര പരിധിയ്ക്ക് കീഴിലാണ് അവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് കോടികളുടെ കണക്ക് പറയുന്ന സ്വകാര്യ സംരംഭങ്ങള്‍ ലോക്പാലിന് കീഴില്‍ വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതിനാല്‍ ഈ സംരംഭങ്ങളേയും ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരേണ്ടതാണ്. ഇത് എന്റെമാത്രം അഭിപ്രായമല്ല. ഈ കഴിഞ്ഞ ബഡ്ജറ്റ് അവതരണത്തില്‍ പിപിപിയെ സംബന്ധിച്ച് വ്യക്തമായ പരാമര്‍ശം ഉണ്ടായിരുന്നു. തന്റെ ബഡ്ജറ്റ് പ്രസംഗത്തില്‍ (പേജ്-20, അധ്യായം-5, പാരഗ്രാഫ്-110) ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞത് ഇപ്രകാരമായിരുന്നു- “നമ്മുടെ രാജ്യം ഇന്ന് വലിയൊരു പിപിപി മാര്‍ക്കറ്റ് ആയി ലോകത്തിന് മുന്നില്‍ മാറിയിരിക്കുകയാണ്. ഏതാണ്ട്900 പദ്ധതികളാണ് വിവിധ മേഖലകളിലായി രാജ്യത്തിന്റെ വികസനോന്മുഖത ലക്ഷ്യമിട്ട് പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ദേശീയപാതകള്‍ പോലെ സുപ്രധാനമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ രാജ്യത്തിനായി ഒരുക്കി നല്‍കാന്‍ സ്വാകര്യമേഖലകള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ പിപിപി സംവിധാനത്തെ സംബന്ധിച്ച് നിലവില്‍ അതിന്റെ കരാര്‍ രൂപീകരണത്തിലുള്ള സങ്കീര്‍ണ്ണതകള്‍ അടക്കമുള്ള പല ദൌര്‍ബല്യങ്ങളും നിലനില്‍ക്കുന്നുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട മാതൃകകള്‍ നടപ്പിലാക്കുകയും വേഗത്തില്‍ പ്രശ്ന പരിഹാരം ഉണ്ടാക്കുന്ന സംവിധാനം കൊണ്ടുവരികയും വേണം. പിപിപി പ്രൊജക്ടുകള്‍ക്കായി 3P  ഇന്‍ഡ്യഎന്ന പേരില്‍ 500 കോടി രൂപ ചെലവഴിച്ച് ഒരു സംവിധാനം രൂപീകരിക്കും.”

പിപിപിയുടെ അത്യാവശ്യത്തെപ്പറ്റിയാണ് ധനമന്ത്രി അദ്ദേഹത്തിന്റെ ബഡ്ജറ്റ് പ്രസംഗത്തില്‍ വാചാലനായത്. പിപിപിയെ അവഗണിക്കാന്‍ നമുക്ക് കഴിയില്ലെന്ന് തന്നെയാണ് എന്‍റെയും അഭിപ്രായം. എന്നാല്‍ അതിന് കൃത്യമായ സംവിധാനം കൂടിയേ പറ്റൂ. ധനമന്ത്രി പറഞ്ഞത് പിപിപി പദ്ധതികളെ നിയന്ത്രിക്കാനായി 3P എന്ന പേരില്‍ ഒരു സ്ഥാപനംആരംഭിക്കാന്‍ പോകുന്നുവെന്നാണ്. എന്നാല്‍ ഇത് രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുമോ എന്നതാണ് സംശയം. ഇന്ത്യ പിപിപി പദ്ധതികളുടെ വലിയൊരു മാര്‍ക്കറ്റ് ആയി മാറിയിരിക്കുകയാണെന്നാണ് ധനമന്ത്രി പറയുന്നത്. അതില്‍ സംശയമില്ല. കാരണം 900ഓളം പിപിപി പദ്ധതികളാണ് നിലവില്‍ രാജ്യത്തുള്ളത്. എന്നാല്‍ ചില വസ്തുതകള്‍ നോക്കൂ. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ (പബ്ലിക് പ്രൈവറ്റ് പ്രൊജക്ട്‌സ്) എപ്പോഴും മുഴച്ചു നില്‍ക്കുന്നത് സ്വകാര്യ മേഖലയാണ്. പബ്ലിക് തീരെ ചെറുതാകുന്നു. പങ്കാളിത്തം എന്ന പദത്തിനും വലിയ പ്രസക്തിയില്ലാതാകുന്നു. സ്വകാര്യവത്കരണത്തിനാണ് മേല്‍ക്കൈ.

‘ദി ഹിന്ദു’ ദിനപത്രം ഇതേ വിഷയത്തില്‍ എഡിറ്റോറിയല്‍ എഴുതിയിരുന്നു. പിപിപി സംവിധാനത്തെ പിന്തുണക്കുന്നത് തന്നെയാണ് അവരുടെയും സമീപനം. എന്നാല്‍ ആ എഡിറ്റോറിയലിന്റെ അവസാന ഭാഗം നോക്കൂ; “ഗവണ്‍മെന്‍റും അതിന്‍റെ ഏജന്‍സികളുംനിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തില്‍ പിപിപി സംവിധാനത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതിനൊപ്പം ആ രീതിയിലുള്ള ഓരോ സംരംഭങ്ങളും അതിന്റെ ഉപയോക്തളായവര്‍ക്ക് താങ്ങാവുന്ന തരത്തിലുമായിരിക്കണം.” നിലവിലെ പിപിപി സംവിധാനം ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്നാണ് നമ്മുടെ മാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകളും എഡിറ്റോറിയലുകളും പറയുന്നത്.

ഈ സഭയില്‍ ഞാന്‍ പ്രസംഗിക്കുന്ന ഇതേ ദിവസം തന്നെ നമ്മുടെ മുന്നില്‍ വന്നൊരു കണക്കുണ്ട്. മുംബൈ എയര്‍പോര്‍ട്ടിനെ സംബന്ധിച്ചുള്ള സി എ ജി റിപ്പോര്‍ട്ടാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട രണ്ടു എയര്‍പോര്‍ട്ടുകളാണ് മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകള്‍. ഇതും രണ്ടും പൊതു-സ്വകാര്യ-പങ്കാളിത്തത്തോടെ നിര്‍മ്മിച്ചവയാണ്. സി എ ജി റിപ്പോര്‍ട്ടിന്‍റെ പേജ് 7ല്‍ ‘ഗ്യാപ്പ് ഇന്‍ ഫണ്ടിംഗ് ആന്‍ഡ് ഡെവലപ്മെന്‍റ് ഫീ’ എന്ന ഭാഗത്ത് പറയുന്നത് ഇതാണ്.5,826 കോടി രൂപയായിരുന്നു മുംബൈ അന്താരാഷ്ട്ര വിമാനത്താവള പ്രൊജക്ടിന്റെ നിര്‍മ്മാണത്തുകയായി അന്ന് കണക്കായിരുന്നത്. എന്നാല്‍ ഘട്ടംഘട്ടമായി നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിച്ച്  തുക 5,826 കോടിയില്‍ നിന്ന് 12,000 കോടി രൂപയായി. വിശദ വിവരങ്ങളെല്ലാം സി എ ജി റിപ്പോര്‍ട്ടിലുണ്ട്. 

യാത്രക്കാരില്‍ നിന്ന് ഡെവലപ്മെന്‍റ് ഫീ ഈടാക്കാനുള്ള വ്യവസ്ഥ നേരത്തെ ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെ 2012 മുതല്‍ മുംബൈ വിമാനത്തവാളത്തില്‍ വികസന ഫണ്ട് എന്ന പേരില്‍ പിരിവ് തുടങ്ങിയിരിക്കുന്നു. ഈയിനത്തില്‍ കരാറുകാര്‍ ഇതുവരെ നേടിയത് 3,400 കോടി രൂപയോളമാണ്. മുംബൈ വിമാനത്താവള പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം 888 കോടി രൂപ മാത്രമായിരുന്നു. ആ തുകയില്‍ നിന്ന് ഒരു വര്‍ദ്ധനവും വരുത്താനും അവര്‍ തയ്യാറില്ലായിരുന്നു. എന്നാല്‍ വികസന ഫണ്ട് ഇനത്തില്‍ ഗവണ്‍മെന്‍റ് വര്‍ദ്ധനവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതാണ് നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 190 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തോടനുബന്ധിച്ചുള്ള വാണിജ്യ കേന്ദ്രങ്ങള്‍ക്കായി സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ അവര്‍ മുടക്കിയിരിക്കുന്നത് 880കോടി രൂപമാത്രമാണ്. ഇതില്‍ നിന്ന് ഒരു പെനി പോലും കൂടുതല്‍ ചെലവഴിക്കാന്‍ അവര്‍ തയ്യാറാകുന്നുമില്ല. അവര്‍ പറയുന്നത് 12,000 കോടി രൂപ അവര്‍ക്ക് ചെലവായെന്നാണ്. പക്ഷെ, അവര്‍ കൈവശം വച്ച് ഉപയോഗിക്കുന്നതാകട്ടെ 190 എക്കറും. 3400 കോടി രൂപയാണ് യാത്രക്കാരില്‍ നിന്ന് അവര്‍ പിരിച്ചെടുക്കുന്നത്. സെന്റിന് 2 ലക്ഷം വച്ച്(മുംബൈയില്‍ അത് വലിയൊരു തുകയൊന്നുമല്ല) കൂട്ടിയാല്‍ 35,000 കോടിയുടെ സ്വത്താണ് അവര്‍ ഉപയോഗിക്കുന്നത്. പൊതു-സ്വകാര്യ-പങ്കാളിത്തത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്നത് എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. ഇതുപോലെ തന്നെ ജൂലായ് പതിനഞ്ചിലെ ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡില്‍ ജിഎംആര്‍ എയര്‍പോര്‍ട്ടിനു വേണ്ടി ഡല്‍ഹിയിലെ ഭൂമി ഇടപാടിനെക്കുറിച്ച് വാര്‍ത്ത വന്നിട്ടുണ്ട്.

ഞാന്‍ ഇവിടെ സംസാരിക്കുന്നത് മുംബൈ അന്താരാഷ്ട്രം വിമാനത്താവളത്തിലെ സ്ഥിതിയെക്കുറിച്ചാണ്. മുംബൈ വിമാനത്താവളത്തില്‍ നടക്കുന്ന അനധികൃത ഫീസ് വാങ്ങലിനെതിരെ ഗവണ്‍മെന്റ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കേണ്ടതാണ്. യാതൊരുവിധ കരാറും നിലവില്‍ ഇല്ലാതെതന്നെ വികസനഫണ്ടിന്റെ പേരില്‍ സ്വകാര്യ കമ്പനി യാത്രക്കാരില്‍ നിന്ന് പണം പിരിക്കുന്നത് നിയമ വിരുദ്ധമാണ്. എത്ര തുക ഇങ്ങിനെ വിമാനത്താവളങ്ങളില്‍ പിരിച്ചെടുക്കുന്നുണ്ടെന്നാണ് എനിക്ക് ഈ സഭയോട് ചോദിക്കാനുള്ളത്. ഡല്‍ഹിയില്‍ ഇത്തരത്തില്‍ യാത്രക്കാരെ പിഴിഞ്ഞെടുത്തത് 1481 കോടിയോളം രൂപയാണ്. ഇത് അനുവദിക്കരുത്. ഈ കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഞാന്‍ കത്തെഴുതിയിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വ്യോമയാന മന്ത്രി ഈ സഭയിലുണ്ട്. അവര്‍ക്കും ഞാന്‍ ഇതേ ആവശ്യമുന്നയിച്ച് കത്തെഴുതിയിരുന്നു. എന്നിട് എന്ത് നടപടി അവര്‍ സ്വീകരിച്ചു? ഗവണ്‍മെന്റ് ഉടനടി തന്നെ ഒരു നിയമം കൊണ്ടുവന്ന് നിയമാനുസൃതമല്ലാത്ത രീതിയില്‍ നടക്കുന്ന പിരിവ് നിര്‍ത്തലാക്കണമെന്നാണ് ഈ സഭയോട് ഞാന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ 1481 കോടി രൂപ പിരിച്ചു കഴിഞ്ഞു. അടുത്ത മൂന്ന് വര്‍ഷം കഴിയുമ്പോള്‍ 5,000 കോടിയോളം സ്വകാര്യ പോക്കറ്റുകളിലേക്ക് പോയിരിക്കും.

ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ കാര്യമെടുക്കാം. 8,000 കോടി രൂപയാണ് എസ്റ്റിമേറ്റ് തുകയായി വകയിരുത്തിയത്. എന്നാല്‍ പദ്ധതി നിര്‍മാണത്തില്‍ കാലതാമസം വരികയും അതിനെത്തുടര്‍ന്ന് നിശ്ചയിച്ച തുകയായ 8,000 കോടിയില്‍ ‌നിന്ന് ചെലവ് 12,000 കോടിയിലേക്ക്ഉയരുകയും ചെയ്തു. 4,000 കോടിയുടെ അധിക ചെലവ് വികസന ഫണ്ട് എന്ന പേരില്‍ കണ്ടെത്താനായിരുന്നു കമ്പനി തീരുമാനിച്ചത്. ഈ തുക അവര്‍ ഇതിനകം തന്നെ നേടിയെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ കാര്യത്തില്‍ എന്താണ് ഇപ്പോള്‍ വാര്‍ത്തയെന്നല്ലേ? എയര്‍പോര്‍ട്ടിന്റെ ഭൂമിയായ 200 ഏക്കര്‍ ഇപ്പോള്‍ അവരുടേതാണെന്നാണ് ജിഎംആര്‍ കമ്പനി അവകാശപ്പെടുന്നത്! ഇതില്‍ 45 ഏക്കര്‍ അവര്‍ ഇതിനകം വിറ്റു കഴിഞ്ഞിരിക്കുന്നു. നാല്‍പ്പത്തിയഞ്ചോളം ഹോട്ടലുകളാണ് ആ സ്ഥലത്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ നാല്‍പ്പത്തിയഞ്ച് ഏക്കര്‍ സ്ഥലം വിറ്റത് ഏകദേശം 2,000 കോടി രൂപയ്ക്കായിരുന്നു. ഈ 200 ഏക്കര്‍ അവര്‍ക്ക് ലഭിച്ചത് എക്കറിന് 100 കോടിവച്ചാണെന്നാണ് ജിഎംആര്‍ പറയുന്നത്. ആ കണക്ക് വച്ച് നോക്കിയാല്‍ തന്നെ 20,000 കോടിയുടെ ആസ്തിയാണ് വിമാനത്താവളത്തിന്റെ പേരില്‍ കമ്പനി കൈയാളുന്നത്. ആയിരം കോടിയാണ് കമ്പനി വിമാനത്താവള പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. 8,000 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ച് വിമാനത്താവളം പൂര്‍ത്തിയാക്കിയത് 12,000 കോടിക്ക്. യാതൊരുവിധ പഠനമോ വ്ശകലനങ്ങളോ കൂടാതെയുള്ളൊരു നിര്‍മ്മാണമായിരുന്നു അത്. അധികം വന്ന 4000 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ അവര്‍ക്ക് ഡവലപ്‌മെന്റ് ഫീ എന്ന പേരില്‍ കൊള്ള നടത്താന്‍ അനുമതിയും കിട്ടി. ഒരു  ഇന്റര്‍ നാഷണല്‍ പാസഞ്ചറില്‍ നിന്ന് 1,500 രൂപയാണ് ഈ പേരില്‍ പിരിച്ചെടുക്കുന്നത്.40,400 കോടി രൂപ കമ്പോള വിലയുള്ള ഭൂമിയാണ് അവര്‍ക്ക് സ്വന്തമായി ലഭിച്ചിരിക്കുന്നത്.

ഒരു പ്രത്യേക കാര്യത്തിലേക്കും സഭയുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗള്‍ഫിലേക്ക് ജോലിക്കായി പോകുന്ന നിരവധി പാവപ്പെട്ട ജനങ്ങളുള്ള നാടാണ് നമ്മുടേത്. പതിനായിരത്തിനും എണ്ണായിരത്തിനുമൊക്കെയയാണ് ഈ പാവങ്ങള്‍ അന്യനാട്ടിലേക്ക് പോകുന്നത്. പലപ്പോഴും ഒരു ഗ്രൂപ്പായിട്ടായിരിക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഈ തൊഴിലാളികള്‍ യാത്രയയക്കാന്‍ എത്തുന്നത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് ഒരു ചായ കുടിക്കണമെന്ന് തോന്നിയാല്‍, ഒരു ചായയ്ക്ക്  150 മുതല്‍ 200 രൂപവരെ നല്‍കണം. ആ വില ഈടാക്കുന്ന കച്ചവടക്കാര്‍ മാത്രമേ എയര്‍പോര്‍ട്ടിലുള്ളൂ. നേരത്തെ പത്തു രൂപയ്ക്കും കൂടി വന്നാല്‍ മുപ്പത് രൂപയ്ക്കും കിട്ടിയിരുന്ന ചായയ്ക്കാണ് നൂറിനുമേല്‍ കൊടുക്കേണ്ടി വരുന്നത്. ഈ കൊള്ളയും പിപിപിയുടെ പേരിലാണെന്നോര്‍ക്കണം. ഇത് ഇനിയും നമുക്ക് അനുവദിക്കാനാവില്ല. ഈ സ്വകാര്യപങ്കാളികളുടെ ഇത്തരം പിടിച്ചുപറികളെ ലാഭവിഹിതം എന്നു പറയാന്‍ കഴിയുമോ? ആയിരവും പതിനായിരവും മടങ്ങ് നേടിയെടുക്കുന്നതിനെ എങ്ങിനെയാണ് ലാഭം എന്നു പറയുക? അത് കൊള്ളയാണ്. ഈ കൊള്ള ലാഭത്തിലൂടെ അവര്‍ രാജ്യത്തിന്റെ ഖജനാവായി മാറുകയാണ്. ഗവണ്‍മെന്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മേല്‍ 579 മില്യണ്‍ ഡോളരിന്റെ പിഴ ചുമത്തിയെന്നൊരു വാര്‍ത്ത കൂടി ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡില്‍ കാണാം. വിശദമാക്കാനൊന്നുമില്ല. പ്രകൃതിവാതകത്തിന്റെ പേരില്‍ തന്നെയാണ് ഈ പിഴ ചുമത്തല്‍. 3,500 കോടിയുടെ സി എ ജി റിപ്പോര്‍ട്ടും ഇതേ ഗ്രൂപ്പിനെതിരായ  നിലനില്‍ക്കുകയാണ്.

കേരളത്തില്‍ പിപിപി മാതൃകയില്‍ അധികം പ്രൊജക്ടുകള്‍ നിലവില്ല. ഉള്ളവയില്‍ തന്നെ സ്വകാര്യ നിക്ഷേകര്‍ കൈക്കലാക്കുന്നത് നൂറും ഇരുന്നൂറും മടങ്ങ് ലാഭമാണ്. നമ്മുടെ നാട്ടിലെ ദേശീയപാതകള്‍ തന്നെയാണ് ഇതിന് ഉദാഹരണം. റോഡ് നിര്‍മാണത്തില്‍ ചെലവഴിക്കുന്ന തുകയുടെ 300 മടങ്ങോളം ലാഭമാണ് സ്വകാര്യ നിക്ഷേപകര്‍ നേടിയെടുക്കുന്നത്. ഇത്തരത്തില്‍ നിരവധി ഉദ്ദാഹരണങ്ങള്‍ പിപിപിയുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കാവുന്നതാണ്.

അവസാനമായി  വൈദ്യുതി ചാര്‍ജ്ജ് വിഷയത്തിലേക്ക് ഒരിക്കല്‍ കൂടി വരാം. സ്വകാര്യ മേഖലയ്ക്ക് വൈദ്യുത വിതരണ സംവിധാനം കൈമാറാനുള്ള  കരാറില്‍ യൂണിറ്റിന് ഒരു രൂപ മുതല്‍ ഒന്നര രൂപവരെയാണ് യുഎംപിപി വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതെന്താണ്? വൈദ്യുത ചാര്‍ജ്ജ് കമ്പനികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് വര്‍ദ്ധിപ്പിക്കുന്നു. പത്രങ്ങളുടെ മിക്കദിവസത്തെയും പ്രധാനവാര്‍ത്ത ഡല്‍ഹിയിലെ വൈദ്യുത ചാര്‍ജജ് വര്‍ദ്ധനവിനെപ്പറ്റിയാണ്.

ഈ കമ്പനികളില്‍ സിഎജി ഓഡിറ്റ് നടത്തുമെന്ന് പറഞ്ഞപ്പോള്‍ സാധ്യമല്ലെന്നായിരുന്നു അവരുടെ നിലപാട്. ഒടുവില്‍ സുപ്രിം കോടതിക്ക് ഇടപേടേണ്ടി വന്നു. സര്‍ക്കാര്‍ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്നിടത്ത് സര്‍ക്കാര്‍ സംവിധാനമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഥോറിറ്റിക്ക് ഇടപെടാനുള്ള അവകാശമുണ്ട്. ഇതേ രീതിയില്‍ തന്നെ എയര്‍പോര്‍ട്ടുകളുടേയും ദേശീയപാതകളുടേയും കാര്യത്തിലും സിഎജി അന്വേഷണം നടപ്പിലാക്കിയേ മതിയാകൂ.

ഈ  സര്‍ക്കാര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. നിരവധി പിപിപി പദ്ധതികള്‍ കൊണ്ടുവന്നു നടപ്പാക്കാന്‍ പരിശ്രമിച്ചവരായിരുന്നു യുപിഎ. എന്നാല്‍ അവര്‍ക്ക് എന്തു സംഭവിച്ചു? ജനങ്ങള്‍ നടത്തിയ പരീക്ഷയില്‍ അവര്‍ തോറ്റുപോയി. ഈ തിരിച്ചറിവ് നിലവിലെ സര്‍ക്കാരിനും ഉണ്ടാകണം. കഴിഞ്ഞ സര്‍ക്കാരിന്റെ അതേ പാത തന്നെ പിന്തുടരാന്‍ ഈ സര്‍ക്കാരും ശ്രമിക്കരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍