UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെ ഡി യുവിന്‍റെ സ്വത്വ പ്രതിസന്ധി അഥവാ രാഗ വൈരാഗ്യങ്ങളുടെ തുടര്‍ക്കഥ

Avatar

കെ എ ആന്റണി

എം പി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് എവിടെ നില്‍ക്കുമെന്ന കാര്യത്തില്‍ ഇനിയും തീര്‍പ്പായിട്ടില്ലെങ്കിലും ജെഡിയു പ്രതിനിധിയായ യുഡിഎഫ് സര്‍ക്കാരില്‍ കൃഷി മന്ത്രി സ്ഥാനം കൈയാളുന്ന കെപി മോഹനന് ഒട്ടൊരു ആശങ്കയുണ്ട്. ഈ ആശങ്ക അസ്ഥാനത്തല്ലതാനും. കാരണം മോഹനന്റെ പിതാവ് പി ആര്‍ കുറുപ്പും എം പി വീരേന്ദ്രകുമാറും തമ്മിലുള്ള ബദ്ധവൈരത്തിന്റെയും സൗഹൃദത്തിന്റേയും ഒരു പഴംങ്കഥയാണത്. അതിലേക്ക് വരും മുമ്പ് നമുക്ക് പുതുകാല രാഷ്ട്രീയത്തിലേക്ക് ഒന്നോടാം.

വീരേന്ദ്രകുമാര്‍ നയിക്കുന്ന ജെഡിയു ഏറെക്കാലം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. പിന്നീട് പിണറായിയോട് തര്‍ക്കിച്ചും കലഹിച്ചും യുഡിഎഫില്‍ അഭയം തേടിയ ജെഡിയു ഇപ്പോള്‍ ഒരു തിരിച്ചു പോക്കിനെ കുറിച്ചുള്ള ഗാഢ ചിന്തയിലാണ്. കോടിയേരിയും ഉമ്മന്‍ചാണ്ടിയും ഒക്കെ വന്നു കണ്ടു പോയി. കീഴടങ്ങിയോ എന്നേ അറിയേണ്ടതുള്ളൂ. ഇതിന് ഇടയില്‍ പിണറായി വിജയന്‍ അദ്ദേഹം എഴുതിയ ഒരു പുസ്തകവും പ്രകാശനം ചെയ്തു. പോരേ പൂരം. ജെഡിയു സിപിഐഎം നയിക്കുന്ന എല്‍ഡിഎഫിലേക്കെന്ന് മൊത്തധാരണ. ആകെക്കൂടെ ഒരു അങ്കലാപ്പ്. ഇതിനിടയിലാണ് കൃഷി മന്ത്രി കെപി മോഹനന്‍ പിണറായി തട്ടിപ്പനാണെന്നും വഞ്ചകനാണെന്നും അത് തിരിച്ചറിയേണ്ട ബാധ്യത വീരേന്ദ്രകുമാറിന് ഉണ്ടെന്നും അഥവാ അദ്ദേഹത്തിന് ഉണ്ടെന്നും അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞത്.

മാറുന്ന കാലത്തെ പുതിയ രാഷ്ട്രീയ സംവിധാനങ്ങളുടെ സൂചകമായി വേണം ഇത്തരം നീക്കുപോക്കുകളേയും പ്രസ്താവനകളേയും കാണാന്‍. ഇവയെ ഒന്നൊന്നായി എടുത്ത് വിശകലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടുന്നത് ചിലരുടെ ആശങ്കകളും ആശകളുമാണ്. കെപി മോഹനന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്നു വേണം കരുതാന്‍. അതിലേക്കു വരും മുമ്പ് വീണ്ടും ഈ ഭയാശങ്കകള്‍ക്ക് ഹേതുവായ പുസ്തക പ്രകാശനത്തിലേക്ക് മടങ്ങാം. വീരേന്ദ്ര കുമാറിന്റെ ഇരുള്‍ പരത്തുന്ന കാലം എന്ന പുസ്തകം പ്രകാശനം ചെയ്തത് പിണറായി വിജയന്‍ ആയിരുന്നു. ഏറെക്കാലമായി ശത്രുക്കള്‍ തന്നെ. പുസ്തകം പ്രകാശിപ്പിക്കുക മാത്രമല്ല, സോഷ്യലിസ്റ്റുകളുടെ സ്ഥാനം എന്നും ഇടതുപക്ഷത്തിനൊപ്പമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു, പിണറായി.

ഇവിടെ തുടങ്ങുന്നു പുതിയ രാഷ്ട്രീയ സംജ്ഞകളും. പരസ്പരം ജയില്‍ വാസ സൗഹൃദം പങ്കുവച്ച് പിരിഞ്ഞ ആ ചടങ്ങിന് പ്രത്യേകിച്ച് രാഷ്ട്രീയ മാനങ്ങള്‍ ഒന്നുമില്ലെന്ന് വീരേന്ദ്രകുമാര്‍ പലയാവര്‍ത്തി പറഞ്ഞു കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട്ടെ വീരന്റെ വീട്ടില്‍ വച്ച് കണ്ടതിനുശേഷവും പറഞ്ഞതു ഇതുതന്നെയായിരുന്നു. പക്ഷേ, എന്തോ കെപി മോഹനന് ചെറിയ ഭയാശങ്ക. അല്ലെങ്കില്‍ തന്നെ അയാളും ജനതാദളും തമ്മിലുള്ള ബന്ധം അച്ഛന്‍ പിആര്‍ കുറുപ്പും വീരേന്ദ്രകുമാറുമായുള്ള സൗഹൃദ-വൈരാഗ്യങ്ങളുടേത് കൂടിയാണ്.


കേരളത്തിലെ സകല സോഷ്യലിസ്റ്റുകളേയും കമ്മ്യൂണിസ്റ്റുകളേയും പോലെ തന്നെ പിആര്‍ കുറുപ്പ് എന്ന പുത്തന്‍പുരയില്‍ രാമുണ്ണി കുറുപ്പിന്റേയും രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിലൂടെയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകള്‍ ആയപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കാതെ സോഷ്യലിസ്റ്റ് ചേരികള്‍ തേടി പോയ ഒരാള്‍. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയായും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയായും പിആര്‍ പാനൂര്‍ അടക്കിവാണ ഒരു കാലമുണ്ടായിരുന്നു. പി ആറിന്റെ സോഷ്യലിസ്റ്റ് നാട്ടില്‍ ഒരു കൊടി കുത്താന്‍ പോലും അന്ന് കമ്മ്യൂണിസ്റ്റുകള്‍ക്കോ ആര്‍എസ്എസുകാര്‍ക്കോ കഴിയുമായിരുന്നില്ല. എങ്കിലും ഇടക്കാലത്ത് കോണ്‍ഗ്രസിലേക്ക് തിരിച്ചു കയറിയപ്പോള്‍ ആര്‍എസ്എസുകാര്‍ പാനൂരില്‍ കൊടിനാട്ടി.

പിആറിന്റെ കോണ്‍ഗ്രസ് ബാന്ധവത്തിന് അധികം ആയുസ്സുണ്ടായില്ല. മടക്കം ജനതാപാര്‍ട്ടിയിലേക്കും പിന്നീട് ജനതാദളിലേക്കും. അവിടെ തുടങ്ങിയ സൗഹൃദ, വൈരാഗ്യങ്ങള്‍ പിആറും വീരനും ഏറെ പങ്കുവച്ചു. 1987-ല്‍ വനം മന്ത്രിയായ വീരന് ഒരു ഒറ്റദിവസം കൊണ്ട് രാജിവയ്‌ക്കേണ്ടി വന്നു. അതിന് ചരട് വലിച്ചത് പിആര്‍. വീരന്‍ മാറി എന്‍എം ജോസഫ് മന്ത്രിയായി. വീണ്ടും മുഖാമുഖം വന്നതും നേരിട്ട് കണ്ടതും വീരന്‍ കേന്ദ്രമന്ത്രിയായപ്പോഴാണ്. പിആറിന്റെ സ്വന്തം നാടായ പാനൂരില്‍ ഒരുക്കിയ ഒരു സ്വീകരണം. സ്‌നേഹലേപനങ്ങള്‍ ചൊരിഞ്ഞ് ഇരുവരും പിരിഞ്ഞെങ്കിലും ശത്രുത പിആറിന്റെ മനസ്സില്‍ തിളച്ചു മറിയുകയായിരുന്നു. കേരളത്തില്‍ ഒരിക്കല്‍ കൂടി മന്ത്രിയാകുകയും ഒടുവില്‍ അല്ലാതാകുകയും ചെയ്ത് വീണ്ടും ഒരു അനുഭവ എഴുതിയിരുന്ന കാലത്താണ് വീട്ടില്‍ ചെന്ന് കണ്ടത്. സ്‌നേഹം നിറഞ്ഞ ചിരിയും ചായയും ബിസ്‌ക്കറ്റും മാത്രം. കൂട്ടത്തില്‍ ഇത്രകൂടി പറഞ്ഞു. ‘ദേഷ്യം ഉണ്ട്. ഒരുപാടുണ്ട്. ഒരുപാടൊന്നും ഇപ്പോള്‍ പറയുന്നില്ല. എഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ അറിയിക്കാം’, ആ അഭിമുഖം അവിടെ മുറിഞ്ഞു. പുസ്തകം പൂര്‍ത്തിയായില്ല.

എന്തൊക്കെയായിരുന്നിരിക്കണം പിആര്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്നത്. ഒരു പക്ഷേ കെപി മോഹനന് അറിയാമായിരുന്നിരിക്കും. അറിയണം എന്നുമില്ല. അച്ഛനെ പേടിയുമായി നടന്നിരുന്ന ഒരാള്‍ ആ നിഴല്‍വെട്ടത്തുപോലും ഉണ്ടായിരുന്നില്ല അന്നൊന്നും. എങ്കിലും പിആറിന്റെ മരണശേഷം മോഹനനെ വീരന്‍ കൂടെ നിര്‍ത്തി. രണ്ട് തവണ സീറ്റ് നല്‍കി. ഒടുവില്‍ യുഡിഎഫ് വച്ചു നീട്ടിയ ഏക മന്ത്രി പദവും ശത്രുവും ബന്ധുവും ആയ പി ആറിന്റെ മകന് തന്നെ നല്‍കി.

എങ്കിലും ഒരുപക്ഷേ എംടി വാസുദേവന്‍ നായരുടെ നാലുകെട്ട് നോവലിലെ അപ്പുണ്ണിയുടെ അവസ്ഥയില്‍ അല്ലേ നമ്മുടെ കെപി മോഹനന്‍ എന്ന് ചുരുങ്ങിയ പക്ഷം ഞാനെങ്കിലും സംശയിക്കാറുണ്ട്. അച്ഛന്‍ കോന്തുണ്ണി നായരെ ചതിയില്‍പ്പെടുത്തി കൊല്ലിച്ച പകയുമായി നടക്കുന്ന അച്ഛനെ കൊന്ന സെയ്താലിയുടെ നെഞ്ചില്‍ ഒരു കുത്ത് എന്നൊക്കെ ഏറെക്കാലം മനസ് ഉരുക്കി ധ്യാനിച്ചിരുന്ന അപ്പുണ്ണി ആകാന്‍ ഇടയില്ല മോഹനന്‍. അപ്പുണ്ണി പോലും സെയ്താലിയല്ല അച്ഛന്റെ ചതിയനെന്ന് തിരിച്ചറിഞ്ഞ് അയാളുടെ മകളെ വിവാഹം ചെയ്ത് ഇരുണ്ടു പോയ നാലുകെട്ടിലേക്ക് പ്രകാശം പരത്താന്‍ എത്തുകയാണ് ഉണ്ടായത്.

ചതിയുടേയും ചതി പ്രയോഗങ്ങളുടെയും പരമ്പരകള്‍ നീളുമ്പോഴും മോഹനന്റെ സങ്കടം ഇനിയിപ്പോള്‍ തന്റെ ഭാവിയെന്താകും എന്നതാകാം. അത് തികച്ചും ശരിയാണുതാനും. ഒരിക്കല്‍ കമ്മ്യൂണിസ്റ്റുകള്‍ മാത്രം വാണിരുന്ന കൂത്തുപറമ്പിലെ എംഎല്‍എയാണ് മോഹനന്‍. വീണ്ടും ഒരു എല്‍ഡിഎഫ് ബാന്ധവം തന്റെ സീറ്റിന്റെ സ്ഥിതി എന്താക്കും എന്നത് തന്നെയാണ് മോഹനന്റെ പ്രധാന ഉല്‍കണ്ഠ. ഉല്‍കണ്ഠകളുടെ കാലത്ത് ജീവിക്കണമെങ്കില്‍ അഭയം യുഡിഎഫോ എല്‍ഡിഎഫോ എന്ന് അവരവര്‍ തന്നെ തീരുമാനിക്കണം എന്നാണ് ജെഡിയു നല്‍കുന്ന സൂചന. ഇനിയിപ്പോള്‍ എല്ലാം വരുംപോലെ കാണാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍