UPDATES

വായന/സംസ്കാരം

ഇരുട്ട്; ഒരുതരം പകലാണ്: പ്രഭാതത്തിന്റെ മണം- ഒരു ആസ്വാദനം

Avatar

ഋതിക മണിശങ്കര്‍

മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച  വിവേക് ചന്ദ്രന്‍റെ ‘പ്രഭാതത്തിന്റെ മണം’ എന്ന കഥയുടെ ആസ്വാദനം

‘Are you watching closely?’ എന്ന് വായനക്കാരനില്‍ തനിക്കുണ്ടാക്കാന്‍ കഴിയുന്ന ശ്രദ്ധയുടെ പിഴവുകളെ ചൂണ്ടി അഹങ്കാരത്തോടെ ചോദിച്ചുകൊണ്ടാണ് ‘പ്രഭാതതത്തിന്റെ മണം’ തുടങ്ങുന്നത്. കാഴ്ചകളിലെ ജൈവദ്യുതി മനസ്സിന്റെതാണ്. ചഞ്ചലമായ മിഴികള്‍ക്ക് മുന്നില്‍ മനസ്സിനോടൊപ്പം കാഴ്ച്ചയും നിയന്ത്രിക്കുമ്പോഴാണ് മാന്ത്രികന്റെ വ്യക്തിത്വം തെളിയുന്നത്. ‘ഇന്നത്തെ പ്രഭാതത്തിന്റെ മണം അടിച്ചുതുടങ്ങുമ്പോള്‍ മുതല്‍ നിന്റെ് ചിന്തകള്‍ എന്റെ നിയന്ത്രണത്തില്‍ ആണ്’. എന്ന് അവസാനിപ്പിക്കും മുമ്പ്, കഥ നിങ്ങളെ അനുഭവിപ്പിക്കുന്നുണ്ടെങ്കില്‍ അറിഞ്ഞോളൂ, കഥയിലെ മാന്ത്രികനെപ്പോലെ എഴുത്തുകാരനിലെ മാന്ത്രികനും വായനയിലൂടെ അത്തരമൊരു സ്വാധീനം ചെലുത്താന്‍ തികച്ചും പ്രാപ്തനാണ്.

പലതരം മാനസികാവസ്ഥകള്‍, ചുറ്റുപാടുകള്‍, അനുഭവങ്ങള്‍, ഇതെല്ലാം വിവിധ വീക്ഷണകോണുകളില്‍ പരീക്ഷിച്ചു കാണുന്ന മലയാള ചെറുകഥാ സാഹിത്യത്തില്‍, ‘പ്രഭാതത്തിന്റെ് മണം’ ഒരു വേറിട്ട അനുഭവമാണ്. പാത്രസൃഷ്ടിയിലും, കഥാപരിസരത്തെ വികസിപ്പിച്ചതിലും, ഒഴുക്കുള്ള കഥാവിന്യാസത്തിലും സൂക്ഷ്മമായ ഇടപെടലുകള്‍. വളരെ സാധാരണമായ ശൈലി, അവതരണം. എങ്കിലും, ഓരോ വായനയിലും വായനക്കാരന് സഞ്ചരിക്കാന്‍ ഭൂപടത്തില്‍ പുതിയ പുതിയ നനുത്ത വഴികള്‍… ഇതുമൊരു മായാജാലമാവാം.

എന്‍റെ ‘പ്രഭാതത്തിന്റെ മണ’ത്തിലൂടെയുള്ള സഞ്ചാരത്തെ, കഥാഗതിക്കനുസരിച്ച് 3 ഭാഗങ്ങളിലായി പറയട്ടെ.

1.മാന്ത്രികന്റെതല്ലാത്ത നഗരം / വാക്കുകള്‍ കൊണ്ട് കൂട്ടിയോജിപ്പിക്കപ്പെടാത്ത ഒരുപറ്റം നാവുകള്‍
‘ആ നഗരം മാന്ത്രികന്റെതായിരുന്നില്ല’, എന്ന വാചകത്തോടെയാണ് കഥ തുടങ്ങുന്നത്. തുടര്‍ന്ന് കഥയില്‍ നഗരത്തെ മാന്ത്രികന്‍ തന്റെതാക്കുന്നത് കാണാം. അഥവാ, തന്റെതാക്കുവാന്‍ നഗരത്തില്‍ മാന്ത്രികന്‍ ചെയ്യുന്ന ഇടപെടലുകളാകുന്നു മായാജാലം. നഗരം വാക്കുകള്‍ കൊണ്ട് കൂട്ടിയോജിപ്പിക്കപ്പെടാത്ത ഒരുപറ്റം നാവുകളായതും കൂടിയാണ്, തന്റെതാക്കി മാറ്റാന്‍ മാന്ത്രികന്‍ നഗരത്തെ തിരഞ്ഞെടുക്കുനതിന് ഒരു കാരണം! കഥാപരിസരത്തെ, താന്‍ സ്വാധീനിക്കേണ്ടുന്ന കാഴ്ചകളെ, സൂക്ഷ്മമായി വിന്യസിക്കുന്നതിലെ എഴുത്തുകാരന്റെ വിജയം അതിന്റെ ചുവടുപിടിച്ചാണ്.

കാഴ്ചയില്‍ വിക്രിയകള്‍ വരുത്താന്‍ സഹായിക്കുന്നതെന്തും കൂട്ടുപിടിക്കുന്ന മാന്ത്രികന്‍ പുകമഞ്ഞുള്ള പ്രഭാതങ്ങളെ തിരഞ്ഞ് നഗരത്തിലെത്തുന്നത്, അസ്വാഭാവികതയാവുന്നില്ല. എങ്കിലും, തന്റെ കാഴ്ചകള്‍ക്കെല്ലാം ചതുരവടിവുള്ള അതിരുകള്‍ വേണമെന്ന് ആശിക്കുന്ന മാന്ത്രികനോടൊപ്പം, ഓരോരുത്തരുടെയും കാഴ്ച്ചയുടെ അതിരുകള്‍ വ്യത്യസ്തമാണെന്ന് മനസ്സിലാക്കി വര്‍ത്തിക്കുന്ന മാന്ത്രികനെക്കൂടി കാണുമ്പോഴേ ദൃശ്യം പൂര്‍ണതയിലെത്തുന്നുള്ളൂ.

‘ദൃശ്യം’ സിനിമയുടെ അസ്വാദനക്കുറിപ്പില്‍ വിവേക് എഴുതിയത് ഓര്‍ക്കുന്നു, ‘ചലച്ചിത്രം എന്നുള്ളത് ലോപിച്ച് ‘ചിത്രം’ എന്നാവുകയും, ചിത്രം എന്ന നിശ്ചലത ഒരാളുടെ കണ്ണുകളുടെ ഇടപെടലോടുകൂടി ‘ദൃശ്യം’ ആവുകയും ചെയ്യുന്നു.’

ഒരു തരത്തില്‍ മാന്ത്രികന്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് ചലച്ചിത്രമാണ്. അത് ഓരോ നിമിഷവും ദ്രുതതരവും, ഓരോ കാഴ്ചകാര്‍ക്കും വ്യത്യസ്തവുമാണ്. ചിത്രത്തെ ദൃശ്യമാക്കുന്നിടമാണ് മാന്ത്രികന്റെ കളരി.

തുടക്കത്തില്‍ തന്നെ മാന്ത്രികവേലയെന്താണ് എന്ന് സങ്കീര്‍ണ്ണ തകളൊന്നുമില്ലാതെ തന്നെ വിവേക് പറയുന്നു. പുകമഞ്ഞുള്ള പ്രഭാതങ്ങള്‍ തേടി വന്ന മധ്യവയസ്‌കന്‍ മാന്ത്രികന്‍, നഗരത്തിലെ ഏറ്റവും വലിയ കവലയിലേയ്ക്ക് തുറക്കുന്ന ജാലകമുള്ള ലോഡ്ജുമുറിയില്‍ താമസം മാറ്റുന്നതോടെയാണ്, കാഴ്ചകളിലേക്കുള്ള അയാളുടെ ഫോക്കസിംഗ് തുടങ്ങുന്നത്. മറ്റു ചിത്രങ്ങളെല്ലാം മങ്ങി, കണ്ണിനു മുന്നില്‍ മനസ്സ് ആവശ്യപ്പെടുന്ന ചിത്രം മാത്രം തെളിഞ്ഞുവരും പോലൊരു വിസ്മയം അയാളുടെ കാഴ്ചയിലും ഉണ്ടായതോടെയാണ് വേലയ്ക്കുള്ള ആശയം ഉരുത്തിരിയുന്നത്. ആ കാഴ്ച, പുകമഞ്ഞു പാറി മുകളിലേക്ക് ഒഴുകുന്ന പശ്ചാത്തലത്തില്‍ കാണുന്ന നിരത്തു വക്കിലെ കറങ്ങുന്ന യന്ത്ര ഊഞ്ഞാല്‍ ആയിരുന്നു എന്ന് തുറന്നു പറയുന്നതോടെ ‘പ്രഭാതത്തിന്റെ മണം’ എന്ന പേരില്‍ തുടങ്ങി മധ്യവയസ്‌കന്‍ മാന്ത്രികനെ കേന്ദ്രകഥാപാത്രമായി കാണിക്കുകയും, കഥയുടെ വഴി വ്യക്തമാക്കുകയും ചെയ്ത് സാദ ദുരൂഹതകളെ ഒഴിവാക്കി എന്ന് തോന്നിപ്പിക്കുന്നു. അതാണ് അസാധാരണമായി തോന്നിയ ഈ കഥയുടെ പ്രവര്‍ത്തനരീതിയും. അങ്ങനെ വായിക്കുമ്പോഴറിയുന്നു വിവേക് എന്ന എഴുത്തുകാരനുള്ളിലെ മാന്ത്രികന്റെ വിജയത്തെ. 

വേദിയെ എന്നപോലെ, ഇവിടെ മാന്ത്രികന്‍ കാഴ്ചക്കാരെയും സജ്ജമാക്കുന്നത് നമുക്ക് കാണാം. കാഴ്ചകളിലെ മായം കലര്‍ത്തല്‍ ഫലിക്കുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ മാന്ത്രികന്‍ ചെയ്തുവന്ന പൊടിക്കൈകളും ശ്രദ്ധേയമാണ്.

 

ജാനകി, ഇരുനിറത്തില്‍ ഒട്ടും പ്രത്യേകതകള്‍ ഇല്ലാത്ത ആ സാധാരണക്കാരിയെ തനിക്ക് മാത്രമായി കാണാവുന്ന രൂപമായി മാന്ത്രികന്‍ ധരിക്കുന്നു.  അത് ജാനകിയെക്കുറിച്ചുള്ള അയാളുടെ ധാരണയല്ല, മറിച്ച് അവളെ അത്തരത്തില്‍ അയാള്‍ മാറ്റിയെടുക്കുകയാണ്.

കഥാകാരന്‍ വരികളില്‍ ചെയ്ത ചില കണ്‍കെട്ടുകളിലൂടെ ആദ്യവായന നീളുമ്പോള്‍, രണ്ടാം വായനയുടെ ഇടങ്ങളില്‍ ചിലപ്പോള്‍ ഇത്തരം പൊടിക്കൈകള്‍ ശ്രദ്ധയില്‍ പെടും. വനവാസകാലത്ത് രാമന്‍ നിര്‍മ്മിച്ച ‘മായാസീത’യെപ്പോലെ ജാനകിയെ മുഴുവന്‍ വായനയ്ക്ക് ശേഷം കാണുമ്പോള്‍ ‘ജാനകി’ എന്നത് ഒരു വെറുംപേരല്ല.

ജാനകിയെ പരിശീലിപ്പിക്കുമ്പോഴും, മായാജാലം അവളില്‍ നിറയ്ക്കുന്ന ദൃശ്യങ്ങളില്‍ മാന്ത്രികന്‍ പലതവണ മായം കലര്‍ത്തി നോക്കുന്നു. അവളുടെ ദൃശ്യങ്ങള്‍ താന്‍ കരുതിവെക്കുന്ന കാഴ്ചകള്‍ മാത്രമാവുമെന്ന് അയാള്‍ വിശ്വസിക്കുന്നു. എങ്കിലും, ഓരോ തവണയും നിരീക്ഷണപാടവം കൊണ്ട് ജാനകി അമ്പരപ്പിക്കുന്നു. അങ്ങനെ, കാഴ്ചകളുടെ അതിര്‍ത്തികള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്ന് അയാളറിയുന്നു.

ഓരോ തവണയും, താന്‍ ചേര്‍ത്ത മായം വിദഗ്ധമായി ജാനകിയുടെ കണ്ണുകള്‍ തിരിച്ചറിയുന്നു എന്നറിയുന്ന കാലത്താണ്, ‘ജീവിതം കടം ചോദിക്കുന്ന ഭ്രാന്തന്‍’ നഗരത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നഗരമാലിന്യം നിക്ഷേപിക്കുന്ന ചതുപ്പിലേയ്ക്ക് മൂക്ക് പൊത്തുകപോലും ചെയ്യാതെ നടന്നിറങ്ങി അതില്‍ അലിഞ്ഞുപോയത് തന്റെ ആത്മവിശ്വാസം വളര്‍ത്താന്‍ മാന്ത്രികന്‍ ചെയ്‌തൊരു വേലയായിരുന്നു എന്ന് തുറന്നുപറയുന്നതാണ് അടുത്തൊരു കണ്‍കെട്ട്. ജാനകിയുടെ കാഴ്ചകളില്‍ ഇടപെടാന്‍, താനാഗ്രഹിക്കുന്ന കാഴ്ചകളുടെ മാത്രം റിസീവര്‍ ആയി അവളെ വളര്‍ത്താന്‍ മാന്ത്രികന് അന്ന് മറ്റൊരു ജീവിതം വേണമെന്ന ബോധ്യം വന്നിരുന്നു എന്ന് അനുമാനിക്കാം.

തന്റെ മായാജാലം തോല്‍ക്കുന്നേടത്ത്, ഇല്ലാതാവുന്നത് താനാണെന്നു നല്ല ബോധ്യമുണ്ടായിരുന്നത് കൊണ്ടാവണം അയാള്‍ക്ക് തിരുത്താനായി ജാനകി അറിയിക്കുന്ന നിരീക്ഷണങ്ങള്‍ പോലും അസഹനീയമാവുന്നത്. അയാള്‍ ജാനകിയെ നോവിക്കാന്‍ പ്രേരിതനാവുന്നതും അങ്ങനെയാണ്. കത്തുന്നൊരു തിരിപോലെ തന്റെ പൊള്ളലുകള്‍ അയാള്‍ ജാനകിയിലേയ്ക്കും പടര്‍ത്തുന്നു.

നല്ലൊരു ദൃശ്യാനുഭവം തന്നുകൊണ്ടുതന്നെ മായാജാലം തീരുമ്പോള്‍, പരാജിതനായ മാന്ത്രികനെ അസാധാരണമായി വായനക്കാരന്‍ നോക്കുന്നു. ജാനകിയാല്‍ അയാള്‍ കബളിക്കപ്പെടുന്നത് രസത്തോടെ ആഘോഷിക്കുന്നു. എന്നാല്‍ കഥ മറ്റൊന്നാകുന്നു.

2. ജയില്‍: നാവുകളാല്‍ നിരന്തരം യോജിപ്പിക്കപ്പെട്ട ഒരുപറ്റം നിശ്ചലമായ തലച്ചോറുകള്‍
ഇവിടെവെച്ചാണ് കഥ കലാപകാലത്തെ നേരിടുന്നത്. ജാനകിയിലേക്കുള്ള തിരിച്ചുവരവ്, അഥവാ താന്‍ സൂക്ഷിച്ച മാന്ത്രികരഹസ്യത്തിലേക്കുള്ള തിരിച്ചുപോക്കിന് മാന്ത്രികന്‍ വഴിവെട്ടുന്നത് ഇവിടെ, ജയില്‍മുറിയിലെ ഇരുളിലൂടെയാണ്.

കരിക്കട്ടകൊണ്ട് ഭിത്തിയില്‍ പോറി, ദൂരെയൊരു നഗരത്തില്‍ സാദത്തിനോടോത്ത് കിടക്കുന്ന ജാനകിയെ മുട്ടിവിളിക്കുന്നതും അനുഭൂതികളില്‍ വിസ്മയമാവുമ്പോള്‍, തുടര്‍ന്ന് ബാഹിസിനെ സ്വാധീനിക്കുന്നതും, ഒടുവില്‍ ദുരൂഹമായി മരണപ്പെടുകയും ചെയ്യുന്ന മാന്ത്രികന്‍ ബാഹിസില്‍ ഉണര്‍ന്നു കണ്ടുതുടങ്ങുന്നതോടെ, അത്രയും നേരം കാഴ്ചകളെ ചോദ്യം ചെയ്ത വായനക്കാരന്‍ യാഥാര്‍ത്ഥ്യത്തെ ചോദ്യം ചെയ്തു തുടങ്ങുന്നു.

ബാഹിസിന്‍റെ കാഴ്ചകളില്‍, നീക്കങ്ങളില്‍, ചിന്തകളില്‍ എന്നീ ക്രമത്തില്‍ മാന്ത്രികന്‍ ഇടപെടുന്നു. അങ്ങനെ, ബാഹിസ് മാന്ത്രികന്‍റെ കരുവാകുന്നു. ജാനകിയെപ്പോലെ.

ജാനകിയില്‍ അയാഥാര്‍ത്ഥ്യത്തിലേയ്ക്ക് ചൂണ്ടുന്ന കൃത്രിമത്വം നിറയ്ക്കുമ്പോള്‍, യാഥാര്‍ത്ഥ്യം കൊണ്ട് മൂടിയ കാഴ്ചകളാണ് ബാഹിസില്‍ മുഴുവന്‍ മാന്ത്രികന്‍ നിറയ്ക്കുന്നത്!

3. കാലഭൈരവകീര്‍ത്തനങ്ങള്‍ മുഴങ്ങുന്ന തെരുവ് 
ഈ തെരുവില്‍ വെച്ചാണ് കഥയുടെ അന്ത്യം. മാന്ത്രിക രഹസ്യങ്ങളെ ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുന്ന വേദിയാണിത്. എങ്കിലും, അപ്പോഴും മായാജാലം ജീവിക്കുന്നു.

മാന്ത്രികനാല്‍ നിയോഗിക്കപ്പെട്ട ബാഹിസ്, മറ്റൊരാളാല്‍ നിയന്ത്രിക്കപ്പെടുന്ന, കബളിപ്പിക്കുന്ന കാഴ്ചകളാണ് തന്‍റേതെന്ന് ഉള്‍ക്കൊള്ളാനാവാത്ത, ജാനകിയുടെ മരണത്തെ തൊട്ടറിയുന്നത് ട്രപ്പീസ് ചില്ലയ്ക്ക് ചുവട്ടിലാണ്. ഒരു മായാവേല തീരുന്നിടം. 

കൃത്രിമത്വം ഇല്ലാതാക്കുമ്പോഴാണ് ബോധമനസ്സിലെ കാഴ്ചകളില്‍ സ്വാഭാവികതയുടെ തുടിപ്പ് തോന്നുന്നത്. എന്നാല്‍, ഉപബോധമനസ്സ് അത്തരം കൃത്രിമത്വങ്ങളില്‍ മാത്രം ഉന്മാദിയാകുന്നു.

ജാനകിയെ പരീക്ഷിക്കാന്‍ മാന്ത്രികന്‍ അവളുടെ ജാലകക്കാഴ്ചകളില്‍ ചേര്‍ത്തിരുന്ന കൃത്രിമത്വമാണ് സ്വപ്നലോകത്ത് നിന്നും, യഥാര്‍ത്ഥ ലോകത്തെ തിരിച്ചറിയാനുള്ള താക്കോല്‍ എന്ന് ബാഹിസിലെ മാന്ത്രികന്‍ ഏറ്റുപറയുന്നുണ്ട്. നിഴലുകള്‍ ചേര്‍ക്കുവാന്‍ മാന്ത്രികന്‍ വിട്ടുപോയതല്ല എന്ന് അവിടെവെച്ചാണ് നാമറിയുന്നത്.

ഈ കഥയെക്കുറിച്ച് എഴുതിയപ്പോള്‍, അബിന്‍ തോമസിന്റെ കണ്ടെത്തലിനെ ഞാനിവിടെ ചേര്‍ക്കട്ടെ. ‘വെളിച്ചമാണ് നിഴലിനെ സൃഷ്ടിക്കുന്നതെങ്കില്‍ വെളിച്ചം യാഥാര്‍ത്ഥ്യവും, നിഴല്‍ യാഥാര്‍ത്ഥ്യത്തിന്റെ യാഥാര്‍ത്ഥ്യവുമാകുന്നു.’ ഈ കൂട്ടിവായനകൂടി വേണം വെളിച്ചം നിര്‍മ്മിക്കുന്ന നിഴല്‍, യഥാര്‍ത്ഥ ലോകത്തില്‍ അരങ്ങേറുന്ന മായാജാലത്തിനുള്ളിലെ മായ എന്നിവയെ കണ്ടെടുക്കാന്‍.

ചുരുക്കിപ്പറഞ്ഞാല്‍, വെളുപ്പിലെ കറുപ്പിനെയും, കറുപ്പിലെ വെളുപ്പിനെയും കാണാതെ പോകുന്നതാണ് കാഴ്ചക്കാരുടെ പരാജയത്തിന്റെയും ഒപ്പം മാന്ത്രികന്റെ വിജയത്തെയും നിശ്ചയിക്കുന്നത്. ഓര്‍മ്മകളെ സൂക്ഷിക്കുന്നത് കറുപ്പിലും വെളുപ്പിലുമാണ്. ഓര്‍മ്മകളുടെയും, സ്വപ്നങ്ങളുടെയും കണികകള്‍ ദൃശ്യത്തെ രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. ഇങ്ങനെ ദൃശ്യങ്ങളുടെയും, ഓര്‍മ്മകളുടെയും, അവയില്‍ നിന്ന് സ്വപ്നങ്ങളുടെയും നൂലിഴകളെ മെരുക്കി നിയന്ത്രിച്ചാണ് യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളിലെ അയാഥാര്‍ത്ഥ്യങ്ങളെയും, അയാഥാര്‍ത്ഥ്യങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെയും വെച്ച് മാന്ത്രികന്‍ പന്താടുന്നത്. വായനയ്‌ക്കൊടുവില്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള താക്കോല്‍ പിടിച്ചെടുത്ത ആദ്യനിമിഷത്തിലും, ‘പ്രഭാതത്തിന്റെ മണം’ ആസ്വദിച്ചപ്പോള്‍ ഞാനറിഞ്ഞു. ‘ഇരുട്ട്, ഒരുതരം പകലാണ്.’

 

(അവസാന വര്‍ഷ BAMS വിദ്യാര്‍ഥിനി, ഡി.സി.ബുക്സ് കുഞ്ഞുണ്ണിമാസ്റ്റര്‍ സ്മാരക വായനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍