UPDATES

സിനിമ

പികെ കാലത്തെ പ്രഭുവിന്റെ മക്കള്‍- സംവിധായകന്‍ സജീവന്‍ അന്തിക്കാട് സംസാരിക്കുന്നു

Avatar

അസഹിഷ്ണുതയുടെ അധികാരരാഷ്ട്രീയം സമൂഹത്തില്‍ ആപല്‍ക്കരമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കലാസൃഷ്ടികളോടുപോലും ആക്രോശങ്ങള്‍കൊണ്ടും അക്രമങ്ങള്‍കൊണ്ടുമുള്ള സംവാദത്തിനാണ്  മൗലികസംഘടനകള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദ്ദാഹരണമായിരുന്നു പി കെ എന്ന ബോളിവുഡ് ചിത്രത്തിനെതിരെ നടന്നത്. ദൈവങ്ങളെക്കാള്‍ മനുഷ്യനുമേലുള്ള നിയന്ത്രണം ആള്‍ദൈവങ്ങള്‍ കൈക്കലാക്കിയിരിക്കുന്ന ദുഃരവസ്ഥയെ തുറന്നുകാട്ടിയെന്നതായിരുന്നു ആ സിനിമ ചെയ്ത ‘തെറ്റ്’. എന്നാല്‍ ഭൂരിപക്ഷ പൊതുസമൂഹം (ഭൂരിപക്ഷ മതസമൂഹമല്ല) ഈ മതാന്ധതയെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുവരികയായിരുന്നു. പികെ എന്ന ചിത്രം ഉയര്‍ത്തിയ ചോദ്യങ്ങള്‍, അതേ ശക്തിയില്‍ തന്നെ മൂന്നുവര്‍ഷം മുമ്പ് മലയാളത്തില്‍ ഇറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രവും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അന്ന് ആ ചിത്രത്തിന്റെ പ്രധാന്യവും അതിന്റെ കാലിക പ്രസക്തിയും കാര്യമായി മനസ്സിലാക്കാന്‍ പ്രേക്ഷകര്‍ക്ക് (സമൂഹത്തിന്) കഴിയാതെ പോയി. അതേസമയം രാജ്യം മതാധിപത്യം സൃഷ്ടിക്കുന്ന സംഘര്‍ഷാവസ്ഥകളെ അതിജീവിക്കാന്‍ പരിശ്രമിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തെയും പ്രേക്ഷകര്‍ തേടിയിറങ്ങുകയാണ്. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമ യൂട്യൂബില്‍ സൗജന്യമായി കാണാനുള്ള സൗകര്യമൊരുക്കുക വഴി കച്ചവടമല്ല, പൊതു സംവാദം തന്നെയാണ് ലക്ഷ്യമിടുന്നത്. ഒരുപക്ഷേ നമ്മള്‍ പികെ യെക്കാള്‍ മുന്നേ കാണേണ്ടിയിരുന്നതും വിജയിപ്പിക്കേണ്ടിയിരുന്നതും ആ ചിത്രത്തെയായിരുന്നു. പക്ഷെ, എന്തുകൊണ്ട് അന്നത് സംഭവിച്ചില്ല. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയാണ് പ്രഭുവിന്റെ മക്കള്‍ സംവിധാനം ചെയ്ത സജീവന്‍ അന്തിക്കാട്. ( തയ്യാറാക്കിയത് ഷെറിന്‍ തോമസ്)

 

2012 ലാണ് താങ്കള്‍ സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്തത്. ഇന്ന് ഈ സിനിമ കാണണം എന്ന് പറയുന്നവര്‍ അന്നതിനോട് കാര്യമായി പ്രതികരിച്ചില്ല? ഒരു പികെ ഇറങ്ങേണ്ടി വന്നോ ഒരു വീണ്ടുവിചാരത്തിന്?
പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ പുറത്തിറക്കിയ സമയത്ത് എനിക്ക് സിനിമയുടെ ചില മേഖലകളെക്കുറിച്ച്, പ്രത്യേകിച്ച് സിനിമ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ വ്യക്തമായ ധാരണകള്‍ ഇല്ലായിരുന്നു. സിനിമയ്ക്ക് പറ്റിയ നല്ല പ്രമേയവും പ്രതിഭയുള്ള അഭിനേതാക്കളും ഉണ്ടെങ്കില്‍ ആളുകള്‍ automatically അത് കണ്ടോളും എന്ന കാഴ്ച്ചപ്പാടായിരുന്നു. പക്ഷേ ഒരു സിനിമ നമ്മള്‍ പുറത്ത് ഇറക്കുമ്പോള്‍ ആരാണ് സംവിധാനം ചെയ്തത്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നതൊക്കെ  പ്രധാന ഘടകങ്ങളാണ്. പ്രേക്ഷകനെ തിയേറ്ററില്‍ വന്ന് സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങളാണ്. ഇതൊക്കെ ഞാന്‍ മനസ്സിലാക്കിയത് സിനിമ ഇറങ്ങിയ ശേഷമാണ്. എന്റെ സിനിമയില്‍ താരതമ്യേന പുതിയ ആളുകളും പിന്നെ പഴയ തലമുറയുടെ ആളുകള്‍ എന്ന് ചെറുപ്പക്കാര്‍ കരുതുന്ന മധുവിനെ പോലുള്ളവരുമായിരുന്നു ഉണ്ടായിരുന്നത്. ചെറുപ്പക്കാര്‍ ആണല്ലോ ആദ്യ ദിവസം പടം കാണാന്‍ വരുന്നത്. അവരെ സംബന്ധിച്ചെടുത്തോളം ഇതൊരു പഴഞ്ചന്‍ സിനിമ എന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു അധികമാരും ആ ഭാഗത്തേക്ക്  വന്നില്ല. തൃശ്ശൂരും എറണാകുളവും ഒഴികെ മറ്റുള്ള സ്ഥലങ്ങളില്‍ ഇരുപതില്‍ താഴെ ആളുകള്‍ ആണ് തുടക്കത്തില്‍ സിനിമ കാണാന്‍ വന്നത്. സിനിമയ്ക്ക് അഭിപ്രായം ഉണ്ടാകാന്‍ ആളുകയറണം. Mouth ഇല്ലാതെ mouth opinion ഉണ്ടാകിലല്ലോ. അങ്ങനെ ഒരു opinion ഉണ്ടായില്ല; പടം തിയേറ്ററില്‍ നിന്നും out ആകുകയും ചെയ്തു.

ഇപ്പോള്‍ എന്താണ് സംഭവിച്ചത് എന്നുവെച്ചാല്‍ ഞാന്‍ പറയാന്‍ ശ്രമിച്ച ആ പ്രമേയം- അന്ധവിശ്വാസം, ആള്‍ ദൈവങ്ങളോടുള്ള ആരാധന, ഭക്തിയുടെ പേരില്‍ ചെയുന്ന വിഢിത്തങ്ങള്‍ ; പറയേണ്ടവരെ കൊണ്ട് പറയിച്ചപ്പോള്‍ അത് ശ്രദ്ധിക്കാന്‍ ആളുകള്‍ ഉണ്ടായി. വലിയ ബാനറില്‍ ആമിര്‍ ഖാന്‍ വന്ന് പറഞ്ഞപ്പോള്‍ ആ പടം മാത്രമല്ല  എന്റെ പടം പോലും ശ്രദ്ധിക്കാന്‍ ആളുകള്‍ ഉണ്ടായി. പടം കാണണം എന്ന് നിരവധി പ്രേക്ഷകര്‍ ആവശ്യപ്പെടുകയായിരുന്നു. ജനുവരി എട്ടിന് യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തതു. ഏകദേശം മൂവായിരം പേര്‍ ഇതിനകം സിനിമ കണ്ടു കഴിഞ്ഞു. ഈ മൂവായിരം പേര്‍ എന്റെ സിനിമ തിയേറ്ററില്‍ ഇറക്കിയപ്പോള്‍ കാണാന്‍ ഇല്ലായിരുന്നു.

ആള്‍ദൈവം എന്നത് ഒരു cotnroversial തീം ആണ്. ഈ കാലഘട്ടത്തില്‍ ദൈവത്തെക്കാളും സ്വാധീനം ആള്‍ദൈവങ്ങള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞാല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും?
ദൈവത്തെ പറ്റി പണ്ടുതൊട്ടേ നമുക്ക് എന്തും പറയാമായിരുന്നു. സിനിമയിലൂടെ ദൈവം എന്ന സങ്കല്‍പ്പത്തെ, അയാള്‍ ഒരു കള്ളന്‍ ആണെന്നും, ചതിയന്‍ ആണെന്നുമൊക്കെ പറയാമായിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്മാരെ നമുക്ക് ഒരു കാലത്തും തൊടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അല്ലാഹുവിനെ പറ്റി നമുക്ക് പറയാം. പക്ഷേ അല്ലാഹുവിന്റെ പ്രതിപുരുഷനായ മുഹ.മ്മദ് നബിയെപ്പറ്റി കാര്‍ട്ടൂണ്‍ വരച്ചാല്‍ പോലും ആളുകളെ കൊന്നുകളയും. ദൈവത്തെ പറയുമ്പോള്‍ അല്ല ദൈവത്തിന്റെ പ്രതിപുരുഷന്മാരെ ചോദ്യം ചെയ്യുമ്പോഴാണ് പ്രശ്നം. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ചമയുകയാണ് ഇന്നത്തെ ആള്‍ ദൈവങ്ങള്‍. ആള്‍ദൈവങ്ങള്‍ക്കൂ നമ്മള്‍ വിചാരിക്കുന്നതിലും കൂടുതല്‍ power ഉണ്ട് . രാഷ്ട്രീയമായും സാമ്പത്തികമായുമാണ് അവര്‍ ഈ power ഉണ്ടാക്കിയിരിക്കുന്നത്.  ഇന്നത്തെ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ട് ശ്രീ ശ്രീ രവിശങ്കറിനെപ്പോലുള്ളവര്‍ സായി ബാബാ 30 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ പണം പത്ത് വര്‍ഷം കൊണ്ട് സമ്പാദിച്ചു. ഗെയ്ല്‍ ട്രെയ്‌ഡ്വെല്ലിന്റെ ‘ഹോളി ഹെല്‍’ എന്ന പുസ്തകം വായിച്ചവര്‍ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ച് മനസ്സിലാകും. ഭക്ഷണം കഴിക്കാന്‍ പോലും ഇല്ലാതിരുന്ന ഒരു കാലത്തു നിന്ന് അവര്‍ വളര്‍ന്ന് എവിടെ എത്തി! അവരൊക്കെ തന്ത്രപരമായി കാര്യങ്ങള്‍ നടത്തുന്നവരാണ്. പത്രങ്ങളില്‍ അല്ലെങ്കില്‍ ടെലിവിഷനില്‍ അവരുടെ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ള പരസ്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്ക് എതിരെയുള്ള ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറല്ല. ഗെയ്‌ലുമായുള്ള അഭിമുഖം നടത്തിയതിന്റെ പേരില്‍ കൈരളി ചാനലിനു   ഒരു വാല്യു ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും പക്ഷേ അതിലേറെ നഷ്ടങ്ങള്‍ ഉണ്ടായി. ആളുകള്‍ കൈ അടിച്ചു, പക്ഷേ ചാനലിന് നഷ്ടപ്പെട്ടത് അമൃതാനന്ദമയിയുമായി ബന്ധപ്പെട്ടു നിന്നവരുടെ പരസ്യമാണ്. ഇനി ഞങ്ങള്‍ അങ്ങനെ ഒരു പരിപാടി ചെയ്യില്ല എന്നാണ് അവരുടെ നിലപാടെന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്.

പൊളിറ്റിക്കല്‍ power നെ പറ്റി പറഞ്ഞാല്‍, പല രാഷ്ട്രീയ നേതാക്കളും അന്ധവിശ്വാസങ്ങളുടെ പിടിയില്‍ ഉള്ളവരായതുകൊണ്ട് അവര്‍ക്ക് മന:സമാധാനം കിട്ടാന്‍ വേണ്ടി ഇതേ പോലുള്ളവരുടെ അടുത്തേക്ക് പോകും. അപ്പോള്‍ രാഷ്ട്രീയത്തിലും ഈ ആള്‍ദൈവങ്ങള്‍ക്ക് വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും. അതു പണം കൊടുത്തിട്ട് ആകണമെന്നില്ല, നമ്മുടെ രാഷ്ട്രീയക്കാരുടെ അന്ധവിശ്വാസങ്ങള്‍ മുതലെടുത്താല്‍ മതി. അതോടെ എത്രവലിയ നേതാവും ഇവര്‍ക്ക് അടിമപ്പണി ചെയ്യും. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ വന്നു കാലുതൊട്ട് വണങ്ങുന്നത് കണ്ടിട്ടില്ലേ!

 

നമ്മുടെ സമൂഹത്തില്‍ അസഹിഷ്ണുത വളരുകയാണ്. കലാസൃഷ്ടികളെപ്പോലും അംഗീകരിക്കാന്‍ കഴിയാതെ വരികയാണ്. പാരീസിലെ ആക്രമണത്തെ അപലപിക്കുമ്പോഴും ഇവിടെ നടക്കുന്നതിനെ കണ്ടില്ലെന്നു നടിക്കുന്നു
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തിനു ശേഷം ആ രാജ്യത്തു നടന്നത് അക്രമികളുടെ മതം നോക്കി അവിടെയുള്ള മുസ്ലീമുകളെ തപ്പിപ്പിടിച്ചു കൊല്ലുകയായിരുന്നില്ല. മറിച്ച് ഈ വിഷയം ഉണ്ടാക്കിയത് മതം ആണെന്നും മതമാണ് തീവ്രവാദത്തിന്റെ മാതാവ് എന്നും അവര്‍ മനസിലാക്കി മതേതരമായ ഒരു ചിന്താഗതി വളര്‍ത്തിയെടുക്കുകയായിരുന്നു. മതം ആണ് പ്രശ്‌നം. യൂറോപ്പിലേക്ക് വന്ന് കഴിഞ്ഞാല്‍ ഈ ആക്രമണം ഏറ്റവും കൂടുതല്‍ impact ഉണ്ടാക്കിയത് മതനിഷേധത്തിനാണ്. എല്ലാ തീവ്രവാദത്തിന്റെയും പെറ്റമ്മയും പോറ്റമ്മയും മതമാണ് എന്ന ഒരു കാഴ്ച്ചപ്പാടിലാണ് അവിടുത്തെ കാര്യങ്ങള്‍.

ഇവിടെ ഇന്ദിര ഗാന്ധിയുടെ കൊല ഒരു പൊളിറ്റിക്കല്‍ ക്രൈം  ആയിട്ട് പോലും സിഖുകാര്‍ ആണെന്ന് പറഞ്ഞു ഒരു സമുദായത്തെ മുഴുവന്‍ കൂട്ടകൊല ചെയ്യാനാണ് ശ്രമിച്ചത്. നമ്മള്‍ ഒരു ഗോത്ര രീതിയിലുള്ള ജീവിതം ആണ് ഇപ്പോഴും നയിക്കുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഈ രീതിയില്‍ പ്രതികരിക്കുന്നത്. നമ്മുടെ കൂടെ ഉള്ളവര്‍, അവരുടെ കൂടെ ഉള്ളവര്‍ എന്ന്‍ വേര്‍തിരിക്കപ്പെട്ടിരിക്കുകയാണ്. ഒരാള്‍ കൊല്ലപ്പെട്ടാല്‍ അയാളുടെ ജാതി നോക്കും, കൊന്നവന്റെ ജാതി നോക്കും. ആളുകളെ തിരഞ്ഞു പിടിച്ചു കൊല്ലുകയാണിവിടെ. ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമാണല്ലോ സബര്‍മതി തീവണ്ടിയുടെ ബോഗി കത്തിച്ച സംഭവം. ആ ദുരന്തം മറ്റൊരു കൂട്ടര്‍ തങ്ങളുടെ ശത്രുക്കളെ വംശഹത്യ ചെയ്യാനാണ് ഉപയോഗിച്ചത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഒരു സര്‍ക്കാര്‍ പോലും ഇന്‍ഡ്യയില്‍ ഉണ്ടാകുന്നത്. പൊളിറ്റിക്കല്‍ ആയിട്ടും സോഷ്യലായിട്ടും  ഈ പറഞ്ഞ അസഹിഷ്ണുതയുടെ രാഷ്ട്രീയം പുറത്ത് വരുകയാണ്. നമുക്ക് അനുകൂലമായി പറയാത്തവന്‍ നമ്മുടെ ശത്രുവും അവനെ അവസാനിപ്പിക്കണ്ടതുമാണ് എന്ന് തീരുമാനിക്കുകയാണ്. ഇത്തരം അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രങ്ങള്‍ പ്രതിനിധാനം ചെയുന്ന സര്‍ക്കാരിനെ അവര്‍ അധികാരത്തില്‍ കൊണ്ടുവരികയാണ്. ഈ സാഹചര്യത്തില്‍ തന്നെയാണ് ഭൂരിപക്ഷ വാദികള്‍ക്ക് എതിരെ പരാമര്‍ശം വരുന്ന സിനിമകള്‍ ഉണ്ടാകുന്നത്. സ്വഭാവികമായും അവര്‍ക്ക് അത് ഇഷ്ടപ്പെടില്ല. കാരണം അവര്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു. അവര്‍ക്ക് അധികാരമുണ്ട്, കൂടെ സര്‍ക്കാര്‍ ഉണ്ട്, അവര്‍ക്ക് പ്രധാനമന്ത്രി ഉണ്ട്, പോലീസ് ഉണ്ട്, പട്ടാളം ഉണ്ട്. അവര്‍ക്ക് അവരുടെ നയങ്ങള്‍ നടപ്പാക്കാം. അപ്പോള്‍ നമുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കാറ്റില്‍ പറത്തും. പബ്ലിക്കാണെങ്കില്‍ കുറച്ചൊക്കെ അതിന് അനുകൂലമാണ്.

പ്രഭുവിന്റെ മക്കള്‍  ഇന്നത്തെ രാഷ്ട്രീയ സഹചര്യത്തില്‍ ആണ് ഇറക്കിയിരുന്നതെങ്കിലോ?
ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ ഇവിടുത്തെ ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രതിനിധികള്‍ കേരളത്തില്‍ കുറച്ച് അടങ്ങി ഒതുങ്ങി ജീവിക്കുക ആയിരുന്നു. മതേതരത്വ ബോധവും ജനാധിപത്യ മൂല്യവും ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഈ സിനിമ ഇറങ്ങിയപ്പോള്‍ കണ്ട ആളുകളില്‍ നിന്നു രൂക്ഷമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. സിനിമ പോസ്റ്ററില്‍ കുറച്ച് ടാര്‍ ഒഴിക്കുക മാത്രമാണ് ആകെ ചെയ്തത്. പക്ഷേ നമ്മള്‍ പിന്നീട് കാണുന്നത് ഇന്ത്യ ഒട്ടാകെ ഭൂരിപക്ഷ വര്‍ഗീയതയിലേക്ക് മാറുന്നതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവരുടെ പ്രസ്ഥാനത്തിന്നു വലിയ പിന്തുണ കിട്ടി. അതോടെ ഇവിടുത്തെ ആളുകള്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുകയാണ് ഉണ്ടായത്.

ജനാധിപത്യ രീതിയില്‍ അടങ്ങിയിരിക്കുന്നവരെന്ന് നമ്മള്‍ കരുതിയവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞത് ഗെയ്‌ലിന്റെ പുസ്തകം പുറത്ത് വന്നപ്പോഴാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തില്‍ ആക്രമണം നടത്തി. ഈ പുസ്തകത്തെ അനുകൂലിച്ച സന്ദീപാനന്ദ ഗിരിയെ അദ്ദേഹം പ്രസംഗം നടത്തുന്നതിനിടയില്‍  വേദിയില്‍ കേറി മര്‍ദ്ദിക്കുക ഉണ്ടായി. പിന്നെ നമ്മള്‍ കാണുന്നത് സാദാചാര പൊലീസിന്റെ കളികള്‍ ആണ്. ഒരു ഹോട്ടലില്‍ പരസ്പരം സ്‌നേഹം കൈമാറുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് , അതിനു സൗകര്യം ഉണ്ടാക്കി കൊടുത്തു എന്ന് പറഞ്ഞ് ഹോട്ടല്‍ തല്ലി പൊളിക്കുകയും ചെയുന്നു. അതിന് എതിരെ കിസ്സ് ഓഫ് ലവ് കാമ്പയിന്‍ നടത്തിയപ്പോള്‍ ഈ അസഹിഷ്ണുതയുടെ പ്രസ്ഥാനങ്ങള്‍ ജാതി, മതം നോക്കാതെ അവരെ തെരുവില്‍വെച്ച് കൈകാര്യം ചെയുകയാണ് ഉണ്ടായത്. ഈ ഒരു സാഹചര്യത്തിലാണ് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ ഇറങ്ങുകയായിരുന്നെങ്കില്‍ പ്രതിഷേധിക്കാന്‍ കഴിയാത്ത തരത്തില്‍ അല്ലെങ്കില്‍ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാത്ത തരത്തില്‍ ഉള്ള ഭീഷണി നേരിടേണ്ടി വരുമായിരുന്നു.

പികെ യും പ്രഭുവിന്റെ മക്കളും തമ്മില്‍ താങ്കള്‍ക്ക് തോന്നിയ സാമ്യം?
പി കെ യില്‍ ചെയ്യുന്നത് ഒരു അന്യഗ്രഹ ജീവി ഇന്‍ഡ്യയില്‍ വരുന്നതും അയാളിലൂടെ സമകാലീന സാഹചര്യം നോക്കി കാണുകയും ചെയ്യുന്നതാണ്. എന്റെ സിനിമയില്‍ കേരളത്തില്‍ നിന്നും ഉള്ള ഒരു ചെറുപ്പക്കാരന്‍ നാടുവിട്ട് ഹിമാലയത്തില്‍ പോയി സന്യാസി ആയി 14 വര്‍ഷത്തിന് ശേഷം തിരിച്ചു എത്തുമ്പോള്‍ സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ആണ്. ഇതാണ് ക്രാഫ്റ്റ് എന്ന രീതിയില്‍ ഉള്ള സാമ്യം. ഇതില്‍ രണ്ടിലും പരാമര്‍ശിക്കപ്പെടുന്നത് ആള്‍ദൈവ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ആളുകള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളുമാണ്. രണ്ടു സിനിമയും കണ്ടവര്‍ക്കാണ് ഈ സാമ്യങ്ങള്‍ തോന്നുന്നത്. അവരാണ് ഇത് ചര്‍ച്ച ചെയ്ത് ഈ സിനിമയെ മുന്നോട്ട് കൊണ്ടുവരുന്നതും.

 

പികെ ഒരു ബോളിവുഡ് മസാല flick ആണ്. പ്രഭുവിന്റെ മക്കളിലൂടെ താങ്കള്‍ ഒരു realtiy അതുപോലെ തന്നെ അവതരിപ്പിക്കാന്‍  ശ്രമിച്ചു. അത് കൊണ്ടാണോ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയത്?
എന്റെ സിനിമ വലിയ ബാനറില്‍ അല്ലായിരുന്നു, താരങ്ങള്‍ ഇല്ല. എന്റെ സിനിമയുടെ ആകെ ചിലവ് ഒരു കോടി രൂപയായിരുന്നു. പികെയുടെ ഒരു ഷോട്ട് എടുക്കാന്‍ അത്രയും മുടക്കിയിട്ടുണ്ടാകും. പിന്നെ എന്റെ സിനിമ ഒരു പഴയ താളബോധത്തില്‍ ആണ് പോയിരിക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ പരസ്യങ്ങളിലെ പോലെ രണ്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫ്രെയിം ആണ് പോകുന്നത്. അപ്പോഴുള്ള  ഒരു സ്പീഡ് ഉണ്ടല്ലോ, അതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ആസ്വാദന ബോധം. അങ്ങനെ നോക്കിയാല്‍ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫ്രെയിമുകള്‍ ഉപയോഗിച്ച എന്റെ സിനിമ പഴയ തലമുറയില്‍ പെട്ട ഒരു സിനിമ എന്ന് വേണം പറയാന്‍. അപ്പോള്‍ അതു ജനപ്രിയതയെ ബാധിക്കും. തുറന്നു പറയുകയാണെങ്കില്‍ ഇപ്പോഴത്തെ പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഞാന്‍ കരുതിയതിനേക്കാളും ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഞാന്‍ updated അല്ല എന്നര്‍ത്ഥം.

ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ വിശകലനം നടത്തിയാല്‍, പികെയോ പ്രഭുവിന്റെ മക്കളോ കൂടുതല്‍ ഗൗരവത്തോടെ സംസാരിക്കുന്നത്?
ഒരു എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയില്‍ പി കെ തന്നെയാണ് നല്ലത്. പക്ഷേ സിനിമ എന്നത് ഒരു ആശയം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു മാധ്യമം എന്ന നിലയില്‍ നോക്കി കാണുകയാണെങ്കില്‍ പികെ യ്ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്. ഈ സിനിമ കാണുന്ന പ്രേക്ഷകര്‍ അതിലെ ഭക്തരുടെ കോപ്രായങ്ങള്‍ കണ്ടിട്ടു ചിരിക്കുകയാണ്. അതൊക്കെ ചെയ്യുന്നവര്‍ തന്നെയാണ് ഈ ചിരിക്കുന്നത്. അതു ചിരിച്ചു കളയുക എന്നല്ലാതെ അതിനെ പറ്റി ചിന്തിക്കാന്‍ പോകുന്നില്ല. അതിനെ സീരിയസായി ആളുകള്‍ സമീപിക്കില്ല. ഒരു ഉദാഹരണം പറഞ്ഞാല്‍ ആളുകള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങള്‍ ആണ് ‘അങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി’ എന്ന്.  പള്ളിയിലും അമ്പലത്തിലും പോകുന്നവര്‍ തന്നെയാണ് ഇത് പറയുന്നത്. പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്നു വെച്ചാല്‍ പള്ളിയില്‍ പോയി പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നര്‍ത്ഥം. പക്ഷേ ഇതുപറയുന്നവര്‍  പള്ളിയില്‍ പോയിക്കൊണ്ടേയിരിക്കും. വേറെ ഒരു പ്രയോഗമാണ്- ‘അത് വെറുതെ ഒരു വഴിപാടാണ്’ എന്നത്. ദിവസവും വഴിപാടു നടത്തുന്ന ആളുകള്‍ തന്നെയാണ് ഈ ‘വഴിപാടിനെ’ പറ്റി പറയുന്നത്. ഒരു കാര്യവും ഇല്ല എന്നാണ് അര്‍ത്ഥമാകുന്നത്.  അങ്ങനെയുള്ള ചോദ്യങ്ങള്‍ ഈ സിനിമയില്‍ വന്നിട്ടില്ല. ഈ സിനിമയെ ആളുകള്‍ ഗൗരവമായി എടുക്കില്ല. പ്രേക്ഷകര്‍ ഇത് കണ്ടിട്ടു അതേപോലെ തള്ളും.

എന്റര്‍ടെയ്ന്‍മെന്റ് എന്ന രീതിയില്‍ സിനിമയെ കാണുന്നവര്‍ക്കു പികെ ആണ് ഇഷ്ടപ്പെടുക. എന്റെ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയില്‍ എനിക്ക് ഇഷ്ടപ്പെട്ടത് പികെ തന്നെയാണ്. പക്ഷേ ഒരു ആശയം കൈമാറുന്ന മാധ്യമം എന്ന നിലയില്‍ എനിക്ക് എന്റെ സിനിമ തന്നെയാണ് ഇഷ്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍