UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ എബിവിപി നേതാവിന്‍റെ ഈ കത്തിന് മോദി മറുപടി പറയുമോ?

ജെഎന്‍യുവിലെ എബിവിപി യൂണിറ്റ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നും സംഘടനയില്‍ നിന്നും രാജിവെച്ച വിദ്യാര്‍ത്ഥി നേതാവ് പ്രദീപ് നല്‍വാല്‍ പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്ത്

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

ഞാന്‍ പ്രദീപ് നര്‍വാള്‍, ജെഎന്‍യു വിദ്യാര്‍ത്ഥി. നമ്മുടെ രാജ്യത്തിന്റെ പുരോഗനമപരവും ജനാധിപത്യപരവും ഭരണഘടനാപരവമായ സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന പ്രശ്‌നങ്ങള്‍ താങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചാണ് ഇതെഴുതുന്നത്. സര്‍, ഞാന്‍ ഹരിയാനക്കാരനാണ്. എബിവിപിയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെ ഈയിടെ സംഘടനയില്‍ നിന്നും വിട്ടു. രോഹിത് വെമുലയുടെ മരണത്തിലേക്കു നയിച്ച അവഗണനയും ഉദാസീനതയും പിന്നെ ജെഎന്‍യുവിനെ ദേശ വിരുദ്ധ സ്ഥാപനമായി ചിത്രീകരിച്ചതുമാണ് എന്നെ ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

സര്‍, രോഹിത് വെമുലയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി കാര്യങ്ങളില്‍ കേന്ദ്ര സഹമന്ത്രി നടത്തിയ ഇടപെടലുകളില്‍ എനിക്ക് ശക്തമായ എതിര്‍പ്പുണ്ട്. യൂണിവേഴ്‌സിറ്റി ഒരു സ്വതന്ത്ര ഇടമാണെന്നും രാഷ്ട്രീയ വ്യക്തികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങളില്‍ ഇടമില്ലെന്നുമാണ് എന്റെ വ്യക്തിപരമായ നിലപാട്.

സര്‍, നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ മറ്റു ചില നടപടികള്‍ക്ക് പിന്തുണ നല്‍കി ഈ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ടിരിക്കുകയാണെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. രോഹിത് വെമുലയുടെ കാര്യത്തില്‍ ഒരു കേന്ദ്ര സഹമന്ത്രി എബിവിപിയെ പിന്തുണച്ചതു പോലെ.

സര്‍, ഞാനൊരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്നയാളാണ്. ഞാന്‍ ജെഎന്‍യുവില്‍ ചേര്‍ന്നപ്പോള്‍ ഈ യൂണിവേഴ്‌സിറ്റിയെ കുറിച്ചുള്ള എന്റെ അമ്മയുടെ ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തകള്‍ കണ്ട അമ്മ എന്നോട് ചോദിക്കുന്നത് ‘ഇതെ ജെഎന്‍യുവിനെ കുറിച്ചാണോ മുമ്പ് നീ പറഞ്ഞിരുന്നത്?’ എന്നാണ്.

എനിക്കുത്തരമില്ല. സര്‍, ഇന്ന് ദേശീയതയുടെ പേരില്‍ ചിലര്‍ കൈകളില്‍ പതാകകളുമേന്തി ഒരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലവിളി നടത്തുകയാണ്.

സ്വന്തം വിദ്യാര്‍ത്ഥികളെ തന്നെ കൊല്ലുമെന്നാണ് അവരുടെ ഭീഷണി. സര്‍, ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ നമ്മുടെ കോടതികളുടെ പരിസരങ്ങളിലിട്ട് തല്ലിച്ചതക്കപ്പെടുമ്പോള്‍ ഈ സാഹചര്യം നാണംകെട്ടതും ദൗര്‍ഭാഗ്യകരവുമായി മാറുന്നു. രാഷ്ട്രത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് പ്രതിരോധമൊരുക്കേണ്ട അഭിഭാഷകര്‍ കോടതിക്ക് മുന്നിലിട്ട് പൊതുജനത്തെ കൈകാര്യം ചെയ്യുന്നു.

സര്‍, ഈ മൊത്തം സംഭവങ്ങളില്‍ ഏറെ നിരാശാജനകമായിട്ടുള്ളത് ഇതില്‍ പൊലീസ് വഹിച്ച പങ്കാണ്. കോടതിയില്‍ വിചാരണ നേരിടുന്ന കനയ്യ കുമാര്‍ പൊലീസ് സാന്നിധ്യത്തിലാണ് ആക്രമിക്കപ്പെട്ടത്.

സര്‍, എനിക്ക് പല ചോദ്യങ്ങളുമുണ്ട്,

പൊലീസിന്റെ കടമ എന്താണ്?

ഈ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയോ അതോ ഒരു പ്രത്യയശാസ്ത്രത്തെ മാത്രം പ്രതിരോധിക്കുകയോ?

അവര്‍ രാജ്യത്തെ ജനങ്ങളേയാണോ സംരക്ഷിക്കുന്നത് അതോ ഒരു പ്രത്യേക രാഷ്ട്രീയ താല്‍പര്യത്തെയോ?

സര്‍, ഈ പ്രശ്‌നത്തില്‍ താങ്കള്‍ ഇടപെടണമെന്നും മുന്‍വിധികളില്ലാതെ പൊലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നുമാണ് എന്റെ അപേക്ഷ.

സര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവില്ല, എല്ലാ ജെഎന്‍യു വിദ്യാര്‍ത്ഥികളേയും മാനിക്കുക, എല്ലാ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷ ഒരുക്കുക എന്നീ കാര്യങ്ങള്‍ താങ്കള്‍ ഉറപ്പുവരുത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

ജയ് ഹിന്ദ്,
പ്രദീപ് നല്‍വാള്‍,
എം എ ഹിസ്റ്ററി,
ജെ എന്‍ യു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍