UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ കയ്യില്‍ രാഖി കെട്ടുമ്പോള്‍ അഥവാ ഭയത്തിന്റെ ഇന്‍ഷ്വറന്‍സ് ഏജന്‍റുമാര്‍

Avatar

സാജു കൊമ്പന്‍

ഹിന്ദു പുരാണങ്ങളില്‍ ദേവാസുര യുദ്ധങ്ങള്‍ക്കിടയിലാണ് രാഖി കെട്ടല്‍ കടന്നുവരുന്നത്. വിഷ്ണു കൊടുത്ത രാഖി ഇന്ദ്രപത്നി കയ്യില്‍ കെട്ടിക്കൊടുത്തതിന് ശേഷമാണ് ദേവരാജാവായ ഇന്ദ്രന് ബാലിയെന്ന അസുര രാജാവിനെ തോല്‍പ്പിച്ച് അമരാവതി തിരിച്ചു പിടിക്കാനായത് എന്നാണ് കഥ. രക്ഷാബന്ധന്‍ ആഘോഷത്തിന് പിന്നിലെ പല മിത്തുകളില്‍ ഒന്നാണ് ഇത്. രജപുത്ര രാജകുടുംബങ്ങളിലെ സ്ത്രീകള്‍ മുഗള്‍ രാജാക്കന്മാരുടെ കൈകളില്‍ രാഖി കെട്ടിക്കൊടുത്തതായും ചരിത്ര കഥകളുണ്ട്. ഉത്തരേന്ത്യന്‍ സവര്‍ണ്ണ ഹൈന്ദവ സമൂഹം ആഘോഷിക്കുന്ന രക്ഷാബന്ധന്‍ പതുക്കെയെങ്കിലും ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചത് സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്. അതിന്റെ ഏറ്റവും മെച്ചപ്പെട്ട ആവിഷ്ക്കാരമാണ് ഇന്നലെ (ആഗസ്ത് 8നു) തിരുവനന്തപുരത്ത് നടന്ന രക്ഷാ ബന്ധന്‍ മഹോത്സവവും വനിതകളെ പ്രധാന്‍മന്ത്രി ഇന്‍ഷ്വറന്‍സില്‍ ചേര്‍ക്കലും. 

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് കേരളത്തിലെ കാര്‍മ്മികയായെത്തിയത്. സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘപരിവാര്‍ ബുദ്ധിജീവികളെയും സാംസ്കാരിക നായകന്‍മാരെയും ഇരുത്തുന്നതില്‍ മാത്രമല്ല യോഗയും സംസ്കൃതവുമൊക്കെ പാഠ്യപ്രവര്‍ത്തനത്തില്‍ പ്രധാന ഏര്‍പ്പാടാക്കി മാറ്റിയതിലും സുപ്രധാന പങ്കാണ് സ്മൃതി ഇറാനി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ സംസ്കാര പ്രതീകങ്ങളെയും ഉത്സവങ്ങളെയും ദേശീയ പ്രതീകമാക്കി മാറ്റുന്നതില്‍ ബി ജെ പി ഗവണ്‍മെന്‍റ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതിന് സമീപകാലത്ത് നിരവധി ഉദാഹരണങ്ങളുണ്ട്. ഗവണ്‍മെന്‍റിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഹൈന്ദവ വിശ്വാസവും ആഘോഷവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്ന രക്ഷാ ബന്ധന്‍ മഹോത്സവം ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് ആളെക്കൂട്ടലും.

ഭയത്തിന്റെ ഉത്പന്നമാണ് ഒരു തരത്തില്‍ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍. നാളെ എന്തു സംഭവിക്കും എന്ന ആധിയുടെ വിപണിയാണ് അതിന്റെ അടിസ്ഥാനം. അത് ഒരു മധ്യവര്‍ഗ്ഗ-പുരുഷാധിപത്യ ചിന്തയുടെ സൃഷ്ടി കൂടിയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ ഭാര്യയും കുഞ്ഞുങ്ങളും ഈ കപട ലോകത്തില്‍ എങ്ങനെ അതിജീവിക്കും എന്ന തോന്നലിനെ ഒരു ഇന്‍ഷ്വറന്‍സ് ഏജന്‍റ് തട്ടി ഉണര്‍ത്തുമ്പോഴാണ് ഒട്ടുമിക്ക പുരുഷകേസരികളും സ്വന്തം മരണത്തെ മുന്നില്‍ കണ്ട് ജീവിതം ഇന്‍ഷ്വര്‍ ചെയ്യുന്നത്. 

ഇന്‍ഷ്വറന്‍സ് ഒരു തട്ടിപ്പാണ് എന്നു സ്ഥാപിക്കാനല്ല ഇവിടത്തെ ശ്രമം. അതിന്റെ പേരില്‍ നാടൊട്ടുക്കും നടക്കുന്ന തട്ടിപ്പുകളോട് എതിര്‍പ്പുണ്ട്. ഇവിടെ വിഷയം അതല്ല. എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി ഭയത്തിന്റെ ഇന്‍ഷ്വറന്‍സ് രാഷ്ട്രീയമായി വില്‍ക്കാന്‍ ശ്രമിക്കുന്നത് എന്നുള്ളതാണ്. 

ഇന്‍ഷ്വറന്‍സ് പോലെ തന്നെയാണ് ഒരു തരത്തില്‍ രക്ഷാബന്ധനും. അതും സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിശ്വാസത്തിലാണ് നിലനില്‍ക്കുന്നത്. ഒരു പുരുഷനെ സഹോദരനായിക്കണ്ട് അവന്റെ രക്ഷയ്ക്കായിട്ടാണ് അവന്റെ കൈത്തണ്ടയില്‍ ഹിന്ദു സ്ത്രീകള്‍ രാഖി കെട്ടുന്നത്. അതില്‍ ഉറപ്പാക്കപ്പെടുന്നത് അവന്റെ സുരക്ഷ മാത്രമല്ല; അവളുടേതും കൂടിയാണ്. ഉത്തരേന്ത്യന്‍ ഉത്സവമായ രക്ഷാബന്ധന്‍ 20-25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയിരുന്ന ഒരു ചെറുകിട കലാപരിപാടി മാത്രമായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംഘപരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ നിക്ഷേപങ്ങളായിരുന്നു രക്ഷാബന്ധന്‍ മഹോത്സവങ്ങള്‍.  
പ്രധാന്‍മന്ത്രി സുരക്ഷാ ഭീമ യോജന, പ്രധാന്‍മന്ത്രി ഭീമന്‍ ജ്യോതി യോജന എന്നീ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കഴിഞ്ഞ മെയ് 9-നാണ് കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ബംഗാള്‍ സഹോദരി മമത ബാനര്‍ജിയുടെ സാമീപ്യത്തിലായിരുന്നു ചടങ്ങ്. ബാങ്ക് അക്കൌണ്ടിനോടൊപ്പം ലഭ്യമാകുന്ന ഈ ഇന്‍ഷ്വറന്‍സ് നരേന്ദ്ര മോദിയുടെ ജനപ്രിയ പദ്ധതികളില്‍ ഒന്നായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടിട്ടിരിക്കുന്നത്.

ഇന്നലെ സ്മൃതി ഇറാനി പങ്കെടുത്ത ബി ജെ പിയുടെ രാഷ്ട്രീയ പരിപാടിയില്‍ കാനറാ ബാങ്ക്, ഇന്ത്യന്‍ ഗ്രാമീണ്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ കൌണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ചേരുന്നതിനായി ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നതിനാണ് ബാങ്കുകളുടെ സ്റ്റാളുകള്‍. എല്ലാ ഇന്ത്യക്കാര്‍ക്കും ബാങ്ക് അക്കൌണ്ട് എന്നതാണ് നരേന്ദ്ര മോദിയുടെ സ്വപ്നം. ഇതിനകം രാജ്യത്തെ 20 കോടിയിലധികം ജനങ്ങള്‍ക്ക് ഇതിലൂടെ പ്രയോജനം കിട്ടിയെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ചടങ്ങില്‍ വെച്ച് സ്മൃതി ഇറാനി ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന് രാഖി കെട്ടി കൊടുത്തുകൊണ്ട് രക്ഷാ ബന്ധന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസ്തുത പരിപാടിയില്‍ അദ്ധ്യക്ഷനായ മുരളീധരന്‍ ഒന്നുകൂടി പറഞ്ഞു വെച്ചു. നരേന്ദ്ര മോദിയുടെ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ മലയാളികള്‍ക്കുള്ള ഓണസമ്മാനമാണെന്ന്. ഈ പദ്ധതികള്‍ കേരളത്തിലെ ഓരോ വീടുകളിലും എത്തിക്കുക എന്നതാണ് ബി ജെ പി യുടെ ഇനിയുള്ള ദൌത്യമെന്നും. 

സുരക്ഷിതത്വത്തെ കുറിച്ചുള്ള മധ്യവര്‍ഗ്ഗത്തിന്റെ ആശങ്കകളെയാണ് യഥാര്‍ഥത്തില്‍ രക്ഷാബന്ധനും മോദിയുടെ ഇന്‍ഷ്വറന്‍സ് പദ്ധതികളും ചൂക്ഷണം ചെയ്യുന്നത്. സംഘപരിവാറിന്‍റെ കൌശലം ഇവിടെ തെളിയുന്നു. സഹോദരന്‍മാരെയല്ല ബി ജെ പിയും സംഘപരിവാരവും അഭിസംബോധന ചെയ്യുന്നത്, പ്രിയപ്പെട്ട സഹോദരിമാരെയാണ്. സഹോദരിമാരെ, നിങ്ങളുടെ ജീവിതം മോദി എന്ന സഹോദരന്റെ കയ്യില്‍ സുരക്ഷിതം എന്ന് പറയാതെ പറയുകയാണ് രക്ഷാബന്ധന്‍ മഹോത്സവവും അതിനെ തുടര്‍ന്ന് നടക്കുന്ന വനിതകളെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ക്കലും.

നാട്ടിലെല്ലാവരെയും ബാങ്ക് അക്കൌണ്ട് എടുപ്പിച്ച പ്രധാനമന്ത്രി ഇനി സകലരെയും കൊണ്ട് ഇന്‍ഷ്വറന്‍സ് എടുപ്പിക്കുമെന്നതും ഏതാണ്ട്  ഉറപ്പായി. അക്ഷയ തൃതീയയും വിനായക ചതുര്‍ത്ഥിയും ശ്രീകൃഷ്ണ ജയന്തിയുമൊക്കെ പുതിയ പുതിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണ ആഘോഷമാക്കി സംഘ പരിവാര്‍ മാറ്റുമെന്നും തീര്‍ച്ചയാണ്.  

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍