UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രഫുല്‍, പാതിവഴിയില്‍ ഇറങ്ങിപ്പോകാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത്

Avatar

ആരതി പി.എം

പ്രഫുല്‍ എന്റെ അടുത്ത കൂട്ടുകാരന്‍ അല്ല; കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഒരേ ഓഫീസില്‍ അടുത്തടുത്ത മുറികളിലായി ഇരുന്നു പണിയെടുത്തവവരായിരുന്നു ഞങ്ങള്‍. ഒരു ചുമരിനപ്പുറത്തു കേട്ടിരുന്ന ഒരു പൊട്ടിച്ചിരിയോ ‘ഹായ് ആരതിയോ’ മാത്രം ആയിരുന്നില്ല പ്രഫുല്‍ എന്ന് ഇന്ന് ഈ വൈകുന്നേരം ഇവിടെ തനിച്ചാകുമ്പോള്‍ തോന്നുന്നു… എന്റെ അടുത്തുള്ള നഗരത്തില്‍ പ്രഫുല്‍ തിരിച്ചുള്ള യാത്ര കാത്തു കിടപ്പുണ്ട് എന്നോര്‍ക്കുമ്പോള്‍ വിരലുകളിലേക്കു ഒരു മരവിപ്പ് പടരുന്നു…

കേരളത്തിലെ ശരാശരി വായനക്കാര്‍ക്ക് പരിചിതനായിരുന്നുവാരികകളിലെ കോളങ്ങളിലൂടെയും മറ്റും പ്രഫുല്‍. തൊണ്ണൂറുകളുടെ ആദ്യം വായനയെ ഗൌരവമായി കണ്ടിരുന്ന ഒരു സ്‌കൂള്‍ കുട്ടിയുടെ മനസിലേക്ക് കടന്നുവന്ന ബൈലൈന്‍ ആണ് പ്രഫുല്‍ ബിദ്വായ്. കണ്ണൂരിലെ ആണവനിലയവുമായി ബന്ധപെട്ട വായനകളില്‍ ആണ് അദ്ദേഹം ഒഴിവക്കപെടാനാവാത്ത ഒരു പേരായി എന്റെ ലോകത്തേക്ക് ആദ്യം എത്തുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിച്ച് ഒരേ ഓഫീസില്‍ പണിയെടുത്തു തുടങ്ങുമ്പോള്‍ അതെ മനുഷ്യന്‍ ആണോ ഇത് എന്നോര്‍ത്ത്, ജീവിതം കൊണ്ടുപോകുന്ന വഴികളെക്കുറിച്ച് ഓര്‍ത്തു ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്.

കേരളത്തിലെ ഇടതുപക്ഷത്തെ കുറിച്ച് പ്രഫുല്‍ നടത്തിയ വിവാദമായ പ്രസ്താവനയ്ക്ക് ശേഷം അധികം വൈകാതെയാണ് ഞങ്ങള്‍ സഹപ്രവര്‍ത്തകരായി മാറുന്നത്. പുതിയ ഓഫീസും ആളുകളെയും പരിചയപ്പെടുത്തുമ്പോള്‍ പരിചിതമായ പേര് പ്രഫുലിന്റെത് ആയതിനാല്‍, എന്റെ പല സഖാക്കളുടെയും നെറ്റി ചുളിയുന്നു എന്ന് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ച പ്രഫുല്‍, പിന്നീട് എന്റെ മുറിയില്‍ വന്ന്‍ എനിക്കതു വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം എന്ന് പറഞ്ഞു. ഇന്ത്യയിലെ പാര്‍ലമെന്ററി മുഖ്യധാരാ ഇടതുപക്ഷത്തെ കുറിച്ചുള്ള പുസ്തകരചനയുടെ അവസാന ഘട്ടത്തില്‍ ആയിരുന്നു അദ്ദേഹം. വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ് ചര്‍ച്ചകളില്‍ ഒക്കെ അദ്ദേഹത്തിന്റെ ആര്‍ഗ്യുമെന്റുകള്‍, methodology എല്ലാം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന എന്നോട് അദ്ദേഹം കാണിച്ചിരുന്ന സഹിഷ്ണുത എന്റെ തൊഴിലിടത്തെ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കാനും മനോഹരമാക്കാനും സഹായിച്ചിട്ടുണ്ട്. ഫാഷിസം ശക്തിപ്പെടുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷത്തോട് കലഹിക്കുന്ന ഒരു പുസ്തകം കൌണ്ടര്‍ പ്രൊഡക്ടീവ് ആകില്ലേ എന്ന എന്റെ ചോദ്യത്തെ എന്റെ അതേ ആകുലതയോട് കൂടിത്തന്നെയാണ് പ്രഫുല്‍ സ്വീകരിച്ചിരുന്നത്.

 

ഓഫീസിലെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കിടയില്‍ നേരം തികഞ്ഞില്ലെങ്കില്‍ എനിക്ക് അടി കൂടാനുണ്ട് എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കാബിനിലേക്ക് കയറി ചെല്ലുമ്പോള്‍ നിറഞ്ഞ ചിരിയോടെ പ്രഫുല്‍ തന്റെ നോട്ട് ബുക്ക് തുറക്കും, ഞാന്‍ പറയുന്ന കാര്യങ്ങള്‍ കുറിക്കാനായി. CSD (Council for Social Development) യിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഞാന്‍. പക്ഷെ പ്രഫുല്‍ ശ്രദ്ധിച്ചിരുന്നത് ഞാനെന്താണ് പറയുന്നത് എന്നു മാത്രമാണ്. കേരളത്തിലെ ഇടതുപക്ഷ ജീവിതം തന്ന അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ഉത്തരവാദിത്തം ഉണ്ട് എന്ന് അദ്ദേഹം കരുതിയിരുന്നു. അറിയില്ല, ആ പുസ്തകത്തിന് ഇനി എന്ത് സംഭവിക്കും എന്ന്… പക്ഷെ റോമില ഥാപ്പര്‍ മുതല്‍ ഒരു വലിയ സംഘം ആളുകള്‍ അതിന്റെ പല ഘട്ടങ്ങളിലെ ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു. കേരളത്തിലെ സ്ഥലനാമങ്ങള്‍ ഉച്ചാരണശുദ്ധിയോടെ പറയുന്ന മറ്റൊരു നോണ്‍ മലയാളി ചങ്ങാതി എനിക്ക് വേറെ ഇല്ല. രണ്ടു വര്‍ഷം മുന്‍പ് മെയ് ദിനത്തിലെ വൈകുന്നേരം പ്രഫുലിന്റെ വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടുമ്പോള്‍ എന്നെ നിര്‍ബന്ധിച്ച് തിരിനെല്ലുര്‍ കരുണാകരന്റെ മെയ് ദിനമേ എന്ന കവിത പറയിപ്പിച്ചത്… കേരളത്തിന്റെ സ്പന്ദനങ്ങള്‍ക്കായി ഡല്‍ഹിയില്‍ ഇരുന്നു കാതോര്‍ത്തിരുന്ന ഒരാള്‍ ആണ് പ്രഫുല്‍. ഇന്ത്യന്‍ പൊളിറ്റിക്കല്‍ പബ്ലിക് സ്പിയറില്‍ കുറെ അധികം ചോദ്യങ്ങള്‍ പ്രഫുല്‍ തുറന്നുവച്ച പോലെ തന്നെ. 

 

 

പല അഭിപ്രായ വ്യത്യാസങ്ങളും തുറന്നു പറയാന്‍, എന്നോട് പെരുമാറുന്ന രീതി എനിക്കിഷ്ടമല്ല എന്ന് തുറന്നു പറയാന്‍ കഴിയുന്ന അധികം മനുഷ്യര്‍ എനിക്ക് ചുറ്റിലും ഇല്ല എന്ന് ഇപ്പോള്‍ തോന്നുന്നു. കാണുമ്പോള്‍ കവിളില്‍ പതിയെ തല്ലിയിരുന്ന പ്രഫുലിനോട് പരുഷമായ ഭാഷയില്‍ തിരിച്ചു നിങ്ങളെ ഇങ്ങനെ എനിക്ക് തല്ലാന്‍ സ്‌പേസ് ഉണ്ടോ എന്ന ചോദ്യത്തിന് എന്റെ കൈ പിടിച്ചു സ്വയം കവിളില്‍ തല്ലിയിരുന്നു ഒരിക്കല്‍ പ്രഫുല്‍… പല കൂട്ടുകാര്‍ക്കും പ്രഫുലിന്റെ പെരുമാറ്റം ഇഷ്ടമല്ലാതാകുമ്പോള്‍ എനിക്കത് പ്രഫുലിനോട് തുറന്നുപറയാന്‍ പറ്റിയിരുന്നു. വിമര്‍ശനങ്ങളോട്, അത് ആശയപരമായാലും വ്യക്തിപരമായാലും ഇത്രയേറെ തുറസ്സു കാണിച്ചിരുന്ന മറ്റൊരാളും എന്റെ ജീവിതപരിസരത്തില്ല. എല്ലാ അഭിപ്രായവ്യത്യാസങ്ങളോടു കൂടിയും ഒന്നിച്ചിരിക്കാന്‍ പറ്റുന്ന അപൂര്‍വം മനുഷ്യരില്‍ ഒരാളാണ് പ്രഫുല്‍. 

 

ഏറ്റവും ഒടുവില്‍ എന്റെ ഫെല്ലോഷിപ്പ് വിവരം മറ്റു കൂട്ടുകാര്‍ ആരോ പറഞ്ഞറിഞ്ഞു പ്രഫുല്‍ എന്നെ വിളിക്കുമ്പോള്‍ ആ ശബ്ദത്തില്‍ പരിഭവത്തിന്റെ ഒരു തരി പോലുമില്ല; മറിച്ച് ആവേശം ആയിരുന്നു… ‘വിസ്സാന്‍ഷാഫ്റ്റ്‌സെന്‍ട്രോം’, പ്രഫുല്‍ പറഞ്ഞാണ് നാവിനു വഴങ്ങാത്ത ആ പേര് ഞാന്‍ ആദ്യം കേള്‍ക്കുന്നത്; ഞാന്‍ ഇപ്പോഴുള്ള, യൂറോപ്പിലെ ഏറ്റവും വലിയ നോണ്‍ യൂണിവേഴ്സിറ്റി അകാദമിക് സ്‌പേസിനെ കുറിച്ചറിയുന്നത്… യുറോപ്യന്‍ യുണിയനില്‍ ഇടപെടുന്ന പോളിസി സ്ഥാപനത്തെ കുറിച്ച്, ലോകത്തിനു കീഴിലെ എല്ലാം ഒരു ജേര്‍ണലിസ്റ്റ് അറിഞ്ഞിരിക്കണം എന്ന്‍ പഴയകാല പത്രപ്രവര്‍ത്തക ദുശാഠ്യം എനിക്ക് പറഞ്ഞു തന്നു. ആംസ്റ്റര്‍ഡാമില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരും എന്ന ഉറപ്പിന്മേലാണ് ആ സംസാരം അവസാനിക്കുന്നത്. ഓരോ ആഴ്ചയിലും അടുത്ത കൂട്ടുകാര്‍ക്കായി അദ്ദേഹം അയച്ചിരുന്ന സിന്‍ഡിക്കേറ്റഡ് കൊളത്തിന്റെ മെയില്‍ കോപ്പി മുടങ്ങാതെ എന്നെ തേടി എത്തിയിരുന്നു. പലതും ഇവിടുത്തെ പറിച്ചുനടലിന്റെ തിരക്കില്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞയാഴ്ച പ്രഫുലിന്റെ പേഴ്സണല്‍ മെയില്‍ എത്തി, എന്തേ, കോളം വായിക്കുന്നില്ലേ, ഒന്നും പറയുന്നില്ലല്ലോ, ആംസ്റ്റര്‍ഡാം യാത്ര, ബെര്‍ലിനിലെ കാലാവസ്ഥ ഒക്കെ ചോദിച്ചു കൊണ്ട്… അതിനുള്ള മറുപടി ഞാന്‍ എഴുതിയിരുന്നില്ല… പ്രഫുല്‍… I owe you a reply…  

ഇപ്പോള്‍ ഈ വാര്‍ത്ത എന്നെ തേടിയെത്തുമ്പോള്‍, നോ നോ നോ എന്ന് അറിയാതെ ഞാന്‍ ഉറക്കെ പറയുമ്പോള്‍ ഓഫീസില്‍ എന്നോടൊപ്പം മുറി പങ്കിടുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള, ക്ലൈമറ്റ് ചേഞ്ചില്‍ ഗവേഷണം നടത്തുന്ന ഹെര്‍ബെര്‍ട്ട് ഡോസേന എന്റെ അടുത്തുവന്നു… വാര്‍ത്ത ഉറപ്പിക്കാന്‍ ഗൂഗിള്‍ ചെയ്യാന്‍ നോക്കുന്ന എന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി പ്രഫുല്‍ ബിദ്വായ് ആണോ എന്ന് അവനും ഞെട്ടി. അവനാണ് ട്രാന്‍സ്നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിളിച്ചു ഫോണ്‍ തരുന്നത്. അവിടെ സംസാരിച്ച സുസാന്‍ മെദെരിയൊസ് ഇന്നലെ പ്രഫുലിന്റെ കൂടെ അത്താഴത്തിന് ഉണ്ടായിരുന്നു. ക്ഷമാണത്തോടെ, അവര്‍ വിശദീകരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു… എന്റെ ലഞ്ച് ബോക്‌സ് തുറക്കുമ്പോള്‍ മണം കേട്ട് എന്റെ മുറിയില്‍ വന്നു പാത്രത്തില്‍ നിന്നും കയ്യിട്ടുവരിയിരുന്ന പ്രഫുല്‍. ഒരിക്കല്‍ മീന്‍കറി കൂട്ടിയിട്ട് ഒതെന്റിക് സൌത്ത് കനേറിയന്‍ എന്ന് എനിക്ക് കിട്ടിയ കോപ്ലിമെന്റ്‌റ്… ബോംബയ്ക്ക് കീഴെ എന്തും സൌത്ത് ആകുന്ന ഡല്‍ഹിയില്‍ കേരത്തിലെ ട്രാവന്‍കൂറിനും കൊച്ചിക്കും മലബാറിനും അപ്പുറമുള്ള രുചിക്കൂട്ടുകളെ കുറിച്ച് വരെ അദ്ദേഹത്തിന് അറിയുമായിരുന്നു. ഒരൂണ് തനിക്കു വേണ്ടി ഒരുക്കിത്തരണം എന്ന് പലവട്ടം പ്രഫുല്‍ പറഞ്ഞെങ്കിലും ഡല്‍ഹിയിലെ ദൈനംദിന ജീവിതത്തിരക്കില്‍ മാറ്റി വച്ച ഒന്നായിരുന്നു അത്… പൂര്‍ണിമ, പ്രശാന്ത്, അനാമിക ഇവരോടൊപ്പം പ്രഫുല്‍ വാങ്ങിത്തന്ന ഒരുപാട് ഉച്ചയൂണുകള്‍, പ്രസ് ക്ലബിലെയും ഐ ഐ സിയിലെയും തീന്‍മേശയിലെ ഞങ്ങളുടെ വാഗ്വാദങ്ങള്‍… ലോകം ഇടതുപക്ഷത്തേക്ക് നീങ്ങുന്നു എന്നാണ് ഒടുക്കം ഞങ്ങളുടെയെല്ലാം രാഷ്ട്രീയ ആശങ്കകളെയും ചെറുപുഞ്ചിരിയോടെ നേരിട്ട് പ്രഫുല്‍ ഭക്ഷണ മേശയില്‍ പറഞ്ഞു നിര്‍ത്തിയിരുന്നത്… അങ്ങനെ പാതിവഴിയില്‍ ഇറങ്ങിപ്പോകാന്‍ നിങ്ങള്‍ക്കാരും അധികാരം തന്നിട്ടില്ല എന്ന് എനിക്ക് പ്രഫുലിനോട് അടികൂടാനാണ് തോന്നുന്നത്… ഞാന്‍ ഉണ്ടാക്കാനിരുന്ന ഊണ് കഴിക്കാതെ, പാതിയില്‍ ബാക്കി നിര്‍ത്തിയ ഒരുപാട് വഴക്കുകള്‍ തീര്‍ക്കാതെ….

 

എഴുതുക, അതും വ്യക്തിപരമായ എഴുത്ത് എനിക്ക് പറഞ്ഞതല്ല… ഞാന്‍ ഇന്നേവരെ ഒന്നും അങ്ങനെ എഴുതിയിട്ടില്ല… അകലങ്ങളില്‍ തനിച്ചാവാതിരിക്കാന്‍ മറ്റൊരു വഴിയും എനിക്കില്ല…

 

(ബെര്‍ലിന്‍ സോഷ്യല്‍ സയന്‍സ് സെന്ററില്‍ പോസ്റ്റ്‌ ഡോക്ടറല്‍ ഫെല്ലോ ആണ് ആരതി പി.എം) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍