UPDATES

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായി അന്തരിച്ചു

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അറിയപ്പെടുന്ന കോളമിസ്റ്റുമായ പ്രഫുല്‍ ബിദ്വായ് ചൊവ്വാഴ്ച വൈകിട്ട് അന്തരിച്ചു. ആംസ്റ്റര്‍ഡാമില്‍ സ്ഥിരതാമസമായിരുന്ന ബിദ്വായ് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞതെന്നു കുടുംബസുഹൃത്തായ പമേല ഫിലിപ്പോസ് അറിയിച്ചു.
നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ ട്രാന്‍സ്‌നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫെലോ ആയിരുന്നു ബിദ്വായ്.

അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനെന്നതിനൊപ്പം മനുഷ്യാവകാശം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, സമാധാനം, ആഗോള നീതി എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായിരുന്നു പ്രഫുല്‍ ബിദ്വായ്. സൗത്ത് ഏഷ്യയിലെ അറിയപ്പെടുന്ന കോളമിസ്റ്റുകളിലൊരാളായ ബിദ്വായിയുടെ ലേഖനങ്ങള്‍ ദി ടൈംസ് ഓഫ് ഇന്ത്യ, ഫ്രണ്ടലൈന്‍ ,റെഡിഫ് ഡോട്ട് കോം, ദി കാശ്മീര്‍ ടൈംസ്, ദി ആസാം ട്രിബ്യുണ്‍ , ദി ന്യൂസ് ഇന്റര്‍നാഷണല്‍ ഇന്‍ പാകിസ്താന്‍, ദി ഡെയ്‌ലി സ്റ്റാര്‍ ഇന്‍ ബംഗ്ലാദേശ് എന്നീ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ദി ഗാര്‍ഡിയന്‍, ലേ മോന്റ് ഡിപ്ലോമാറ്റിക്, സെക്കന്‍ഡ് മാനിഫെസ്‌റ്റോ എന്നീ മാധ്യമങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം എഴുതാറുണ്ടായിരുന്നു.

സെന്റര്‍ ഫോര്‍ കണ്ടമ്പററി സ്റ്റഡീസ് മുന്‍ സീനിയര്‍ ഫെലോ, നെഹ്‌റു മെമ്മോറിയല്‍ മ്യുസിയം ആന്‍ഡ് ലൈബ്രറി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് അംഗം ,കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി അംഗം, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം എന്നിങ്ങനെ രാജ്യത്തും വിദേശത്തും നിരവധി പ്രമുഖസ്ഥാനങ്ങള്‍ വഹിച്ചയാളാണ് ബിദ്വായ്. പരിസ്ഥിതി, ശാസ്ത്രം, സുരക്ഷ, സാങ്കേതിക വിദ്യ, വംശീയത, രാഷ്ട്രീയം, തെക്കുവടക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍, സുസ്ഥിര വികസനം, ആണവ പ്രശ്‌നങ്ങള്‍ എന്നിവ വിഷയങ്ങളായ അനേകം പുസ്തകങ്ങള്‍ക്ക് സഹ രചയിതാവായിട്ടുണ്ട്. 2000ല്‍ രൂപീകൃതമായ ഇന്ത്യന്‍ സമാധാന സംഘങ്ങളുടെ ഏകീകൃത സംഘടനയായ കോലിറ്റേഷന്‍ ഫോര്‍ ന്യുക്ലിയര്‍ ഡിസാംമെന്റ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ സ്ഥാപകാംഗമാണ് ബിദ്വായ്. ലോകത്തെ ഏറ്റവും പഴക്കമുള്ള സമാധാന സംഘടനയായ ഇന്റര്‍നാഷണല്‍ പീസ് ബ്യുറോ, ജെനീവ, ലണ്ടന്‍ നല്‍കുന്ന സമാധാനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരമായ സീന്‍ മക്‌ബ്രൈഡ് പുരസ്‌കാരം 2000ല്‍ ലഭിക്കുകയുണ്ടായി. പിന്നീട് തൊഴിലാളി പ്രസ്ഥാനം, പരിസ്ഥിതിക പ്രശ്‌നങ്ങള്‍, പൊളിറ്റിക്കല്‍ സയന്‍സ്, വികസന പഠനങ്ങള്‍ എന്നിവയില്‍ തുടര്‍പഠനങ്ങള്‍ നടത്തി. ഒട്ടാവയിലെ ഇ.ടി.സി ഗ്രൂപ്പ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓഫ് ഡാഗ് ഹാമര്‍സ്‌കോള്‍ഡ് ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ അംഗവുമാണ് ബിദ്വായ്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ www.tni.org ,www.prafullbidwai.org എന്നീ വെബ് സൈറ്റുകളില്‍ വായിക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍