UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: നാരായണ മൂര്‍ത്തിയും പ്രാഗ് വസന്തവും

Avatar

1946 ആഗസ്ത് 20
എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ ജന്മദിനം

ഇന്‍ഫോസിസ് സ്ഥാപകനായ നാഗവാര രാമറാവു നാരായണ മൂര്‍ത്തി എന്ന എന്‍ ആര്‍ നാരായണ മൂര്‍ത്തി 1946 ആഗസ്ത് 20ന് കര്‍ണ്ണാടകയിലെ സിദ്‌ലാഘട്ടയില്‍ ജനിച്ചു. കാണ്‍പൂര്‍ ഐ ഐ ടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും മാസ്റ്റര്‍ ബിരുദവും നേടിയ അദ്ദേഹം അഹമ്മദാബാദ് ഐ ഐ എമ്മിലും പിന്നീട് പാറ്റ്‌നി കംപ്യൂട്ടര്‍ സിസ്റ്റംസിലും ജോലിനോക്കി.

ഇന്ത്യന്‍ സംരംഭക ചരിത്രത്തിലെയും സേവന മേഖലയിലേയും നാഴികക്കല്ലായി മാറിയ ഇന്‍ഫോസിസ് 1981ല്‍ നാരായണ മൂര്‍ത്തിയും നന്ദന്‍ നിലേഖാനിയും എന്‍ എസ് രാഘവനും എസ് ഗോപാലകൃഷ്ണനും എസ് ഡി ഷിബുലാലും കെ ദിനേഷും അശോക് അറോറയും ചേര്‍ന്നാണ് സ്ഥാപിക്കുന്നത്. ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ച മൂര്‍ത്തി 2013 ജൂണ്‍ 1ന് വിണ്ടും ഇന്‍ഫോസിസിന്റെ സി ഇ ഒ ആയി തിരിച്ചെത്തി. പിന്നിട് ഈ സ്ഥാനം അദ്ദേഹം ഡോ.വിശാല്‍ സിക്കയ്ക്ക് കൈമാറി. സിക്കയാണ് നിലവില്‍ ഇന്‍ഫോസിസിന്റെ സി ഇ ഒയും എംഡിയും. ഇന്‍ഫോസിസ് നിലവില്‍ അതിന്റെ ആദ്യകാല പ്രതാപത്തില്‍ നിന്ന് അകന്നിരിക്കുകയാണ്.

ഈ നൂറ്റാണ്ടിലെ പ്രഗത്ഭനായ സംരഭകനായ മൂര്‍ത്തി ഇന്ത്യന്‍ ഐടി മേഖലയുടെ പിതാവ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ എന്‍ ആര്‍ നാരായണമൂര്‍ത്തി യുവജനതയുടെ വലിയൊരു പ്രചോദനമാണ്.

1968 ആഗസ്ത് 20
പ്രാഗ് വസന്തം അടിച്ചമര്‍ത്തുന്നു

ആഗസ്ത് 20 രാത്രി സോവിയറ്റ് യൂണിയനും സഖ്യകക്ഷികളായ കിഴക്കന്‍ ജര്‍മ്മനി (ജി ഡി ആര്‍), ബള്‍ഗേറിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളും സൈന്യങ്ങള്‍ ചെക്കോസ്ലോവാക്യയിലേക്ക് എത്തുന്നു. ചെക്കോസ്ലോവാക്യയിലെ പുതിയ രാഷട്രീയ സാഹചര്യമായ പ്രാഗ് വസന്തത്തെ അടിച്ചമര്‍ത്തുകയെന്നതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. പിറ്റേദിവസത്തെ സോവിയറ്റ് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ സൈനിക നീക്കം ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു എന്നാണ്. എന്നാല്‍ പിന്നീട് ചരിത്രം രേഖപ്പെടുത്തിയത് ഇത്തരം യാതൊരു അഭ്യര്‍ത്ഥനയും സേനാനീക്കത്തിന് പിന്നില്‍ ഉണ്ടായിരുന്നില്ല എന്നാണ്.

രണ്ട് ലക്ഷത്തോളം സൈനികരും രണ്ടായിരം യുദ്ധ ടാങ്കുകളും പ്രാഗ് വസന്തത്തെ അടിച്ചമര്‍ത്താനായി ചെക്കോസ്ലോവാക്യയില്‍ എത്തിയിരുന്നു. നവീകരണവാദിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി അലക്‌സാണ്ടര്‍ ഡ്യൂബെക്കിന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ ഉദാരവത്ക്കരണമാണ് പ്രാഗ് വസന്തം. ജനുവരി 5, വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ രാജ്യത്ത് പല ജനാധിപത്യ സ്വാതന്ത്ര്യങ്ങളും അനുവദിക്കാന്‍ ഡ്യൂബക് ആരംഭിച്ചു. ജനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങളും ജനാധിപത്യവത്കരണത്തിനും സാമ്പത്തിക വികേന്ദ്രീകരണത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും അനുകൂലമായ നടപടികള്‍ സ്വീകരിച്ചു. ചെക്ലോസോവാക്യയെ വിഭജിച്ച് ചെക്ക്, സ്ലോവാക് എന്നീ രാജ്യങ്ങളുണ്ടാക്കുന്നതിനുള്ള ഹിതപരിശോധനയ്ക്കും ജനങ്ങള്‍ക്ക് അവകാശം കിട്ടി.

രാജ്യത്തെ വിമാനത്താവളമായ റുസൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സഖ്യസൈന്യം വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും കൂടുതലല്‍ സൈന്യത്തെ ഇങ്ങോട്ടേക്ക് എത്തിക്കാന്‍ വിമാനത്താവളം ഉപയോഗപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പ്രത്യാക്രമണം പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ചെക്ക് സൈന്യത്തെ ബാരക്കില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല.  ആഗസ്ത് 21 ന് പ്രഭാതത്തില്‍ സോവിയറ്റ് കാലഘട്ടത്തിന്‍റെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തുകടക്കുക എന്ന ലക്ഷ്യത്തോടെ പിറന്നു വീണ പ്രാഗ് വസന്തം അവസാനിച്ചു.  കമ്യൂണിസ്റ്റ് ആധിപത്യത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട സ്വാതന്ത്ര്യം, വിമോചനം എന്നിവയെക്കുറിച്ചും  മാനുഷിക മൂല്യങ്ങളെക്കുറിച്ചും ലോകമാകെയുള്ള ജനങ്ങളെ പ്രചോദിപ്പിച്ച  ശീതയുദ്ധ കാലത്തെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു പ്രാഗ് വസന്തം.

പ്രാഗ് വസന്തം പിന്നീട് സംഗീതലോകത്തും സാഹിത്യലോകത്തും പ്രചോദനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. വാക്ലോ ഹാവലിന്‍റെ രചനകള്‍ മിലന്‍ കുന്ദേരയുടെ പ്രശ്‌സത നോവലായ ‘ദി അണ്‍ബിയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിംഗ്’ എന്നിവ ഈ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതികളാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍