UPDATES

പ്രഗ്യ സിംഗ്: വിദ്യാര്‍ത്ഥി നേതാവില്‍ നിന്നും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയിലേക്ക് എത്തിയ വഴികള്‍

90കളിലെ സാധ്വി ഋതംബരയുടെയും ഉമ ഭാരതിയുടെയും പുതിയ രൂപമായാണ് അവര്‍ വിലയിരുത്തപ്പെട്ടിരുന്നത്

2008 ഒക്ടോബര്‍ പത്തിന് ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ പുന കമ്പാരിയ ഗ്രാമത്തില്‍ ഭീകരവിരുദ്ധ സേന ഒരു റെയ്ഡ് നടത്തി. വളര്‍ന്നു വരുന്ന ഹിന്ദുത്വ നേതാവ് പ്രഗ്യ സിംഗ് താക്കൂറിനെ അറസ്റ്റ് ചെയ്യാനായിരുന്നു ആ റെയ്ഡ്. 90കളിലെ സാധ്വി ഋതംബരയുടെയും ഉമ ഭാരതിയുടെയും പുതിയ രൂപമായാണ് അവര്‍ വിലയിരുത്തപ്പെട്ടിരുന്നത്.

മറ്റ് സന്യാസിനിമാര്‍ തങ്ങളുടെ മതവിദ്വേഷ പ്രസംഗങ്ങളിലൂടെ ആരോപണ വിധേയരായപ്പോള്‍ പ്രഗ്യ ഒരു കൊടുംകുറ്റകൃത്യത്തിനാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008 സെപ്തംബര്‍ 29ന് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസായിരുന്നു അത്. സ്‌ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിനാലാണ് ഇവര്‍ അറസ്റ്റിലായത്. ഇന്നലെ ബോംബെ ഹൈക്കോടതി 36-കാരിയായ പ്രഗ്യയ്ക്ക് ഈ കേസില്‍ ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യ ഇവര്‍ക്കെതിരെ തെളിവില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിധി.

പ്രഗ്യയ്ക്ക് സ്‌ഫോടനത്തില്‍ യാതൊരു പങ്കുമില്ലെന്നും ഈ വാഹനം 2004ല്‍ അവര്‍ മഹേഷ് എന്നയാള്‍ക്ക് വിറ്റതാണെന്നും അവരുടെ പിതാവും ആയുര്‍വേദ ഡോക്ടറുമായ ചന്ദ്രപാല്‍ സിംഗ് താക്കൂര്‍ പറയുന്നു. ഏതായാലും സ്‌ഫോടനം നടക്കുമ്പോള്‍ സൂറത്തിലെ പ്രാദേശിക ട്രാന്‍പോര്‍ട്ട് ഓഫീസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത് പ്രഗ്യയുടെ പേരിലാണ്.

പ്രഗ്യയുടെ അറസ്റ്റ് മധ്യപ്രദേശില്‍ അവര്‍ പഠിച്ച കോളേജിലെ സുഹൃത്തുക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കുടുംബത്തിലെ അഞ്ച് കുട്ടികളില്‍ മൂന്നാമത്തവളാണ് പ്രഗ്യ. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുള്ള അവര്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ ആര്‍എസ്എസിലും അതുവഴി എബിവിപിയിലും ആകൃഷ്ടയായി പ്രവര്‍ത്തനം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ജലൗനില്‍ നിന്നും ചന്ദ്രപാല്‍ സിംഗിന് മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ലഹാറിലേക്ക് സ്ഥലം മാറ്റമായതോടെ പ്രഗ്യ ഇവിടെയെത്തി.

രണ്ടായിരത്തോടെ അദ്ദേഹത്തിന് വീണ്ടും സൂറത്തിലേക്ക് സ്ഥലം മാറ്റമായപ്പോള്‍ പ്രഗ്യ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ആയിരുന്നു. അതിനാല്‍ അവര്‍ മധ്യപ്രദേശില്‍ തന്നെ തുടരുകയും ചെയ്തു. ആ സമയത്താണ് കുടുംബാംഗങ്ങള്‍ പ്രഗ്യയ്ക്ക് വിവാഹ ആലോചനകള്‍ ആരംഭിച്ചത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രഗ്യയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ചന്ദ്രപാല്‍ സിംഗിനെ സമീപിച്ചെങ്കിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തന്റെ ഭാവി തിരിച്ചറിഞ്ഞ പ്രഗ്യ അതിന് വിസമ്മതിക്കുകയായിരുന്നു.

1996ല്‍ തന്നെ എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായ അവര്‍ തൊട്ടടുത്ത വര്‍ഷം സംഘടനയില്‍ നിന്നും പുറത്തു വന്നു. ഇക്കാലഘട്ടത്തില്‍ ഉജ്ജയിനിയിലായിരുന്നു ഇവര്‍ മുഖ്യമായും പ്രവര്‍ത്തിച്ചിരുന്നത്. 98ല്‍ ഭിന്ദ് കേന്ദ്രീകരിച്ച് ഒരു എന്‍ജിഒ ആരംഭിച്ചെങ്കിലും അത് വിജയിപ്പിക്കാന്‍ സാധിക്കാതെ വന്നു. അക്കാലഘട്ടത്തില്‍ വന്ദേമാതരം ജന്‍ കല്യാണ്‍ സമിതി, രാഷ്ട്രവാദി സേന തുടങ്ങിയ നിഗൂഢമായ പല സംഘടനകളുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു.

2005ല്‍ ഇവര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചുനരി യാത്ര എന്ന മതറാലി നയിക്കുകയും ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു. കുറച്ചുകാലം ജബല്‍പൂരില്‍ താമസിച്ച ഇവര്‍ പിന്നീട് ഗൊരഖ്പുര്‍ മേഖലയില്‍ സ്വന്തം വീട് വാങ്ങി താമസം ആരംഭിച്ചു. ജബല്‍പൂരില്‍ ഇവര്‍ ധാരാളം ഭൂമിയും വാങ്ങിക്കൂട്ടിയിരുന്നു. ഇവിടം കേന്ദ്രീകരിച്ച് ഒരു ആശ്രമം തുടങ്ങാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വിവരം.

2007ലെ അലഹബാദ് കുംഭമേളയില്‍ വച്ച് അവരെ സന്യാസിനിയായി പ്രഖ്യാപിച്ചു. അതിശക്തമായ ഹിന്ദു സന്യാസ വിഭാഗങ്ങളില്‍ ഒന്നിന്റെ തലവനായ സ്വാമി അവധേഷാനന്ദ് ഗിരി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അത്. അതോടെ പ്രഗ്യ സിംഗ് സാധ്വി പൂര്‍ണചേതാനന്ദ് ഗിരി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍