UPDATES

എഡിറ്റേഴ്സ് പിക്ക്

അംബേദ്കര്‍ മുതല്‍ ഗാന്ധിവരെ; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികള്‍

ജൂണ്‍ 22 ന് നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വ്യക്തമായേക്കും

രാഷ്ട്രപതി സ്ഥാനത്തേക്ക് ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ പ്രഖ്യാപിച്ചതിനു പിന്നാലെ എല്ലാ കണ്ണുകളും പ്രതിപക്ഷത്തിനുമേലാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യാശപോലെ കോവിന്ദിനെ എല്ലാവരും പിന്തുണയ്ക്കുമോ അതോ തങ്ങളുടെതായ സ്ഥാനാര്‍ത്ഥിയെ കോവിന്ദിനെതിരേ പ്രതിപക്ഷം നിര്‍ത്തുമോ? എതാണു സംഭവിക്കുക എന്നാണ് കാത്തിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ സൂചനയും രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കും എന്നാണ്. മമത ബാനര്‍ജിയുടെ തൃണമൂലും മായാവതിയുടെ ബിഎസ്പിയും ചെറിയ ആശയക്കുഴപ്പത്തിലാണെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്.

ജൂണ്‍ 22 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷസഖ്യം നാലുപേരുകളാണ് രാഷ്ട്രപതി സ്ഥാര്‍ത്ഥിത്വത്തിനായി പരിഗണിക്കുന്നതെന്ന് അറിയുന്നു.
മുന്‍ ലോക്‌സഭ സ്പീക്കര്‍ മീര കുമാര്‍, മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബി ആര്‍ അംബേദ്ക്കറുടെ കൊച്ചുമകന്‍ പ്രകാശ് യശ്വന്ത് അംബേദ്കര്‍, മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.

ദളിത് നേതാവായ രാംനാഥ് കോവിന്ദിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിതുകൊണ്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിയും ദളിത് വിഭാഗത്തില്‍ നിന്നു തന്നെ ഉണ്ടാകുന്നതാണ് ഉചിതമെന്നാണ് പ്രതിപക്ഷനിരയില്‍ പൊതുവെ ഉണ്ടായിരിക്കുന്ന വികാരം. മുന്‍ലോക്‌സഭ അംഗവും ഭരിപ ബഹുജന്‍ മഹാസംഘ് നേതാവുമായ പ്രകാശ് അംബേദ്കറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യതയേറുന്നതും അതുകൊണ്ടാണ്. ഡോ. ബി ആര്‍ അംബേദ്കറിന്റെ കൊച്ചുമകന്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നിര്‍ദേശിക്കാവുന്ന ഏറ്റവും അനുയോജ്യനായ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായിരിക്കുമെന്നു കോണ്‍ഗ്രസും ഇടതുപക്ഷവുമെല്ലാം വിചാരിക്കുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം 22 ന് നടക്കുന്ന യോഗത്തിലെ ഉണ്ടാകൂ. പ്രകാശ് അംബേദകര്‍ അല്ലെങ്കില്‍ പകരം ഗോപാല്‍കൃഷ്ണ ഗാന്ധിയോ മീര കുമാറോ ആയിരിക്കും വരിക. ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് തുടക്കം മുതല്‍ പറഞ്ഞുകേട്ടിരുന്നത്.

അതേസമയം അവസാനവട്ട സമവായശ്രമത്തിനാണ് ബിജെപി ശ്രമിക്കുന്നത്. രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷം തയ്യാറാകുമെന്നു തന്നെയാണ് അമിത് ഷാ പ്രതീക്ഷപ്രകടിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ബിജെപിയുടെ അഭ്യര്‍ത്ഥന തള്ളിയതായും അറിയുന്നു. ജൂണ്‍ 22 ന് നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷത്തിന്റെ തീരുമാനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 ന് ചേരുന്ന യോഗത്തില്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുക്കും; കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറയുന്നു.കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നുമാണ് ഇവര്‍ നല്‍കുന്ന സൂചന.

ദളിത് നേതാവാണെങ്കിലും രാം നാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നത് ബിജെപി നേതാവ് എന്ന നിലയ്ക്കാണെന്നാണ് മമത ബാനര്‍ജി ആരോപിക്കുന്നത്. കോവിന്ദയുടെ തെരഞ്ഞെടുപ്പ് ബിജെപിയുടെ ഏകപക്ഷീയമായ തീരുമാനം ആണെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ മറ്റൊരു തീരുമാനം എടുക്കുമെന്നും യെച്ചൂരി പറഞ്ഞു. ഒരിക്കലൊഴികെ മറ്റെല്ലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഭരണപക്ഷവും പ്രതിപക്ഷവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളകാര്യം മനസിലോര്‍ക്കണമെന്നും യെച്ചൂരി ബിജെപിയോട് പറയുന്നു.

അതേസമയം ആന്ധ്രപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടി, തെലുങ്കാലനയിലെ തെലുങ്കാന രാഷ്ട്രസമിതി എന്നിവരുടെ പിന്തുണ തങ്ങള്‍ക്ക് ഉറപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞെന്നാണു വിവരം. എന്നാല്‍ സഖ്യകക്ഷിയായ ശിവസേന ഇപ്പോഴും ബിജെപിയെ കൊളുത്തിവലിക്കുകയാണ്. ദളിത് വോട്ടുകള്‍ ലക്ഷ്യം വച്ചാണ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയതെങ്കില്‍ അതില്‍ സേനയ്ക്ക് താത്പര്യമില്ല. ആരെയെങ്കിലും മുന്‍നിര്‍ത്തി കളിക്കുന്ന രാഷ്ട്രീയത്തെ സേന പ്രോത്സാഹിപ്പിക്കുകയുമില്ല; ശിവ സേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു.

ശിവസേന ആദ്യം ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നു പറഞ്ഞിരുന്നവരാണ്. പിന്നീടവര്‍ എം എസ് സ്വാമിനാഥനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇപ്പോഴത്തെ നിലപാട് എന്താണെന്ന കാര്യത്തില്‍ വ്യക്തതയുമില്ല. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കാമെന്ന സൂചചനകളും കിട്ടുന്നു. എന്നിരുന്നാലും ബിജെപി ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍