UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥാനമാനം തേടിവരുന്ന കച്ചവടക്കാരെ ചലച്ചിത്ര സംഘടനകളുടെ ഭാരവാഹികളാക്കരുത്; പ്രകാശ് ബാരെ

Avatar

പ്രകാശ് ബാരെ/ ഷഫീദ്

മലയാള സിനിമയുടെ സമാന്തര ഗതിവഴക്കത്തിനു നിര്‍മ്മാതാവായും അഭിനേതാവായും മുന്നില്‍ നിന്നു നയിച്ച ആളാണ് പ്രകാശ് ബാരെ. ‘സൂഫി പറഞ്ഞ കഥ’യില്‍ തുടങ്ങി ‘വലിയ ചിറകുള്ള പക്ഷികളില്‍’ എത്തി നില്‍കുന്ന അഭിനയ സാമര്‍ത്ഥ്യം. അധികമാരും പണം മുടക്കാന്‍ ധൈര്യം കാട്ടാത്ത വ്യത്യസ്ത സിനിമകള്‍ക്ക് നിര്‍മാതാവായി നിന്നു വഴി കാട്ടുമ്പോള്‍ നല്ല സിനിമ പ്രേക്ഷകനു സമ്മാനിക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു പ്രകാശ് ബാരെയ്ക്കുള്ളത്. അഭിനയം കൊണ്ടു അമ്പരപ്പിക്കുകയും സിനിമാ ബോധം കൊണ്ടു വിസ്മയിപ്പിക്കുകയും ചെയ്യുന്ന പ്രകാശ് ബാരെ സംസാരിക്കുന്നു ….

20താമതു ചലച്ചിത്രോത്സവം 
ഇത്തവണത്തെ ചലച്ചിത്രോത്സവം പരാതികള്‍ ഏറെയില്ലാതെ ഗംഭീരമായി പോകുന്നുണ്ട്. പ്രത്യേകിച്ച് റിസര്‍വേഷന്‍ സംവിധാനങ്ങളൊക്കെ. ഉദ്ഘാടന ചടങ്ങില്‍ എല്ലാ ഡെലിഗേറ്റുകള്‍ക്കും പ്രവേശനം ലഭിക്കാഞ്ഞത് നാട്ടില്‍ പൊതുവേ കണ്ടു വരുന്ന ഫാസിസ്റ്റ് നിലപാടിന്റെ തുടര്‍ച്ച തന്നെയാണ്. ഇത്തവണ ഞാന്‍ അതിഥിയാണ്. അടുത്ത വര്‍ഷം ഡെലിഗേറ്റായിട്ടായിരിക്കും എത്തുക. ഡെലിഗേറ്റുകളെ വേര്‍തിരിക്കുന്ന ഈ രീതി മറ്റൊരു ചലച്ചിത്ര മേളയിലും ഞാന്‍ കണ്ടിട്ടില്ല. അതു നടക്കുമെന്ന് തോന്നുന്നുമില്ല. തീര്‍ച്ചയായിട്ടും അതൊരു മോശം കാര്യം തന്നെയാണ്. പിന്നെ ചലച്ചിത്ര പ്രദര്‍ശനം നടക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍, അത് ആസ്വാദനത്തിന്റെ രസം കെടുത്തും. സിനിമകളുടെ കാര്യത്തില്‍ ഒരുപാട് നല്ല സിനിമകള്‍ ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍ എത്തിയിട്ടുണ്ട്. പ്രത്യേകിച്ചു മലയാളത്തില്‍ നിന്നും വലിയ ചിറകുള്ള പക്ഷികളും, ഒഴിവു ദിവസത്തെ കളിയും, ഒറ്റാലും അങ്ങനെ മികച്ച ചിത്രങ്ങള്‍ നിറഞ്ഞ മേളയാണ് ഇക്കുറി.

വലിയ ചിറകുള്ള പക്ഷികള്‍ 
സിനിമയെന്നതിലുപരി ഒരു സമരത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ‘വലിയ ചിറകുള്ള പക്ഷികള്‍’ സിനിമയെ കാണുന്നത്. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ വ്യാപ്തി ജനങ്ങളിലേക്കു എത്തിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ ലക്ഷ്യം. അതു വിജയിച്ചുവെന്നതിന്റെ തെളിവാണ് പ്രേക്ഷകരില്‍ നിന്നു ലഭിച്ച പ്രതികരണങ്ങള്‍. സിനിമ കണ്ടവരൊക്കെ ഈ ചലച്ചിത്രം തങ്ങളെ വല്ലാതെ വേട്ടയാടുന്നുവെന്ന അഭിപ്രായമാണ് പറഞ്ഞത്. സമകാലിക പ്രസക്തിയാണ് എല്ലാത്തിലുമുപരി ഈ സിനിമയുടെ വിജയം. ഡോ. മോഹന്‍ കുമാര്‍ എന്ന യഥാര്‍ത്ഥ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. സിനിമ തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു.

സുവര്‍ണചകോരം മലയാള സിനിമയ്ക്ക് അപ്രാപ്യമാകുമ്പോള്‍
ഒരു ചലച്ചിത്രോത്സവത്തിന് ചെയ്യാന്‍ പറ്റുന്ന കുറേ കാര്യങ്ങളുണ്ട്. നമ്മുടെ ചലച്ചിത്രോത്സവം അതിന്റെ പരിധിയില്‍ നിന്നുകൊണ്ടു കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നതു വാസ്തവമാണ്. നല്ല സിനിമ എന്താണെന്നു പ്രേക്ഷകനു കാണിച്ചു കൊടുക്കുക, അതു നടക്കുന്നുണ്ട്. അതിന്റെ ഫലമായിട്ടാണ് സജിന്‍ ബാബുവും, സനല്‍ കുമാര്‍ ശശിധരനും, സുദേവനുമൊക്കെ ചെയ്ത സിനിമകള്‍ പ്രേക്ഷകര്‍ കണ്ടത്. ഇതു കൊണ്ടു മാത്രം അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ നമുക്കു നിര്‍മ്മിക്കാനാവില്ല. നല്ലൊരു ചിത്രമെടുക്കാനും അതു ജനങ്ങളിലേക്കെത്തിക്കാനും വലിയ തടസ്സങ്ങളാണ് ഇന്‍ഡസ്ട്രിയില്‍ നേരിടേണ്ടി വരുന്നത്. ഫെസ്റ്റിവലുകള്‍ നല്ല സിനിമയെ സഹായിക്കുമ്പോള്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെവച്ചു നോക്കുമ്പോള്‍ യാതൊരുവിധ പിന്തുണയും നമ്മുടെ സര്‍ക്കാര്‍ നല്‍കുന്നില്ല. ഏതു തരം സിനിമകളാണ് ഉണ്ടാകേണ്ടത്, കാണേണ്ടത്, ഇഷ്ടപ്പെടേണ്ടതെന്ന് ഇവിടുത്തെ താരങ്ങളും, അസോസിയേഷനുകളും, ചാനലുകളുമാണ് തീരുമാനിക്കുന്നത്. മറാത്തിയില്‍ 40 ലക്ഷം രൂപയോളം അവിടുത്തെ സര്‍ക്കാര്‍ സിനിമയ്ക്ക് സബ്‌സിഡി കൊടുക്കുന്നുണ്ട്. ഈ 40 ലക്ഷത്തിലും കുറഞ്ഞ മുതല്‍മുടക്കില്‍ സിനമയെടുക്കാമെന്നു കഴിഞ്ഞ മൂന്നു വര്‍ഷമായി മലയാളത്തിലെ പുതിയ ഒരു കൂട്ടം സംവിധായകര്‍ തെളിയിച്ചതാണ്. മറ്റു സംസ്ഥാനങ്ങളില്‍ 30 ശതമാനം സമയം അതതു ഭാഷാചിത്രങ്ങള്‍ തീയെറ്ററില്‍ കളിക്കണമെന്നു കര്‍ശന നിയമമുള്ളപ്പോള്‍, നമ്മുടെ സര്‍ക്കാര്‍ തീയെറ്ററുകളില്‍ തെലുങ്കും, തമിഴും മൊഴിമാറ്റ ചിത്രങ്ങള്‍ ഓടുന്നു. ഫെസ്റ്റിവലുകള്‍ നന്നായിട്ടു നടത്തുക മാത്രമല്ല അതിനു തുടര്‍ച്ചയായി നല്ല സിനിമകള്‍ ഉണ്ടാക്കാനും നല്ല സംവിധായകരെ ഉയര്‍ത്തിക്കൊണ്ടുവരാനും, സിനിമകള്‍ ജനങ്ങളിലെക്കെത്തിക്കാനുമുള്ള ബാധ്യത നമ്മുടെ സര്‍ക്കാര്‍ ചെയ്യണം. ഇതൊന്നുമില്ലാതെ എങ്ങനെ മികച്ച സിനിമകള്‍ ഉണ്ടാകും? എങ്ങനെ സുവര്‍ണചകോരം കിട്ടും…?

കാണികളും സംഘാടകരും സിനിമാ ബോധവും 
ജനങ്ങളുടെ, പ്രേക്ഷകന്റെ ഭാഗത്തു നിന്നും പങ്കാളിത്തവും, അഭിനന്ദനവും വന്നു കഴിഞ്ഞാല്‍ സംവിധായകനു മികച്ച സിനിമകള്‍ ഉണ്ടാക്കാന്‍ ഊര്‍ജം ലഭിക്കുന്നു. ആവേശം പകരുന്ന അന്തരീക്ഷം ഇവിടെയുണ്ടാകുന്നുണ്ട്. സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ ജനങ്ങളാണ് ആ പ്രക്രിയയില്‍ പങ്കെടുക്കുന്നത്. മറ്റു ചലച്ചിത്ര മേളകളെ അപേക്ഷിച്ചു കുഴപ്പമില്ലാത്ത സംഘാടനവും ഇടപെടലും എല്ലാഭാഗത്തു നിന്നും ഇത്തവണ ഉണ്ടാകുന്നുണ്ട്. പക്ഷെ അതു മാത്രം പോരാ എന്നാണെന്റെ അഭിപ്രായം. സ്ഥിരമായ ചലച്ചിത്ര ദര്‍ശനമാണ് വേണ്ടത്. കാരണം ഒരു സമയത്തു കച്ചവട സിനിമയ്ക്ക് വേണ്ടിയും, മറു വശത്തു നല്ല സിനിമയ്ക്കും വേണ്ടി മാറി മാറി കളിച്ചിട്ടു കാര്യമില്ല. കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി ഭാരവാഹികളായിട്ടു വരുന്നവര്‍ കച്ചവട സിനിമയുണ്ടാക്കി കാശു വാരിയിട്ട് അവര്‍ക്കു വേണ്ട സ്ഥാനങ്ങള്‍ നേടിയെടുക്കാനുള്ള സ്ഥലമായിട്ടാണ് ചലച്ചിത്ര അക്കാദമിയെയും, കെ.എസ്.എഫ്.ഡി സിയെയും കാണുന്നത്. അതു മാറണ്ട സമയം അതിക്രമിച്ചു. അതു മാറിയാല്‍ മാത്രമേ സര്‍ക്കാരിനു സിനിമയോടുള്ള ആത്മാര്‍ഥത ബോധ്യപ്പെടുകയുള്ളൂ…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍