ജലന്ധറിലെ പൊടി പിടിച്ച വഴിയില്‍ “യുനീക് ഹോം ഫോര്‍ ഗേള്‍സ്” എന്നൊരു വീടുണ്ട്. അഞ്ചു മുറിയും ചെറിയ മുറ്റവുമുള്ള ഈ വീട്ടിലാണ് ഇപ്പോള്‍ 60 പെണ്‍കുട്ടികളും അവരുടെ അമ്മയായ പ്രകാശ് കൌര്‍ ബിബിയും താമസിക്കുന്നത്.
ഇവിടെ പിച്ച വെച്ച് നടക്കാന്‍ പഠിക്കുന്ന കുരുന്നുകള്‍ക്കും, എണ്ണ വെച്ച മുടി പിന്നിക്കെട്ടിയ സ്കൂള്‍ കുട്ടികള്‍ക്കും, യൗവനത്തിലേക്ക് കടക്കുന്ന കുമാരികള്‍ക്കും “യുനീക് ഹോം ഫോര്‍ ഗേള്‍സ്” ഒരു സാധാരണ വീടല്ല മറിച്ച് ഈ ലോകത്ത് അവരെ വേണ്ട ഏക കുടുംബമാണ്.
“ഇവരെല്ലാവരും എന്‍റെ മക്കളാണ്” ബിബി പറയുന്നു. “ആണ്‍കുട്ടികള്‍ ജനിച്ചാല്‍ ആര്‍പ്പുവിളിക്കുകയും പെണ്‍കുട്ടികളായാല്‍ ദേഷ്യം കാട്ടുകയും ചെയ്യുന്ന ഈ സംസ്ഥാനത്ത് ഈ കുട്ടികള്‍ക്ക് ജീവിക്കാന്‍ അവസരമൊരുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.”
സ്വന്തം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ബിബി വളര്‍ന്നത് മറ്റുള്ളവരുടെ സംരക്ഷണയിലാണ്. തന്‍റെ ജീവിതാനുഭവമാണ് ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒരു വീട് തുടങ്ങാന്‍ ബിബിയെ പ്രേരിപ്പിച്ചത്. 24 വയസ്സുള്ളപ്പോളാണ് “യുനീക് ഹോം ഫോര്‍ ഗേള്‍സ്” ആരംഭിക്കുന്നത്.
ജനനസമയത്തെ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞുങ്ങളെ രക്ഷിച്ച അനവധി കഥകള്‍ ബിബിക്ക് പറയാനുണ്ട്. ആറു വയസ്സുള്ള സൈനബയെ ബിബിക്ക് കിട്ടിയത് തെരുവിലെ ചവുറ്റുകൊട്ടയില്‍ നിന്നാണ്. ഒരു വലിയ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സൈനബ. ജനനതീയതി അറിയാത്ത ഇവരുടെയെല്ലാം പിറന്നാള്‍ ഏപ്രില്‍ 24നാണ് ആഘോഷിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്: http://goo.gl/imTjvI