UPDATES

മനുഷ്യരെ പോലെ പെരുമാറൂ; കാവേരി കലാപകാരികളോട് നടന്‍ പ്രകാശ് രാജിന്റെ വീഡിയോ അഭ്യര്‍ത്ഥന

കാവേരി ജലതര്‍ക്കം കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും കത്തിപ്പടരുമ്പോള്‍ അക്രമം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് പ്രശസ്ത തമിഴ് നടന്‍ പ്രകാശ് രാജിന്റെ സെല്‍ഫി വീഡിയോ. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പരസ്പരം നടത്തുന്ന മനുഷ്യത്വഹീനമായ അക്രമങ്ങളെ അപലപിക്കുന്ന വീഡിയോ തന്റെ ട്വിറ്റര്‍ പേജിലാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

‘നമുക്ക് നീതി തേടാം. പക്ഷേ അത് ആക്രമത്തിലൂടെ ആയിരിക്കരുത്. നമ്മുടെ കുട്ടികളെ ഭയചകിതരാക്കുന്നത് ദുഃഖകരമാണ്. ദയവു ചെയ്തു സമാധാനം പാലിക്കൂ…’ എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. 

അതേ സമയം നടന്റെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ബംഗളൂരുവില്‍ ജനിച്ച പ്രകാശ് രാജിനോട് ഇത് കന്നഡയില്‍ പറയൂ എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മാത്രമേ ബുദ്ധിശൂന്യരായ ഗൂണ്ടകള്‍ക്ക് കാര്യം മനസിലാവുകയുള്ളൂ എന്നും അവര്‍ പറയുന്നു. ആക്രമണങ്ങള്‍ കൂടുതല്‍ നടന്നത് കര്‍ണ്ണാടകത്തില്‍ ആയതുകൊണ്ട് ഇത് കന്നഡിഗരോടുള്ള അഭ്യര്‍ഥനയായാണ് തമിഴ് ആരാധകര്‍ പ്രചരിപ്പിക്കുന്നത്. എന്തായാലും നാട്ടുകാരനായ പ്രകാശ് രാജിനെതിരെ എന്തുതരം പ്രതിഷേധമാണ് കര്‍ണ്ണാടകയില്‍ ഉണ്ടാകാന്‍ പോകുക എന്നത് കാത്തിരുന്നു കാണാം. 

കന്നഡ ടെലിവിഷനിലും സിനിമയിലും കുറച്ചുകാലം പ്രവര്‍ത്തിച്ച പ്രകാശ് രാജ് തമിഴ് സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മണിരത്നത്തിന്റെ ഇരുവരിലെ അഭിനയത്തിനു മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രകാശ് രാജ് ദക്ഷിണേന്ത്യന്‍ സിനിമയിലെ തിരക്കേറിയ നടനാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍