UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാട്ട് കലാപം നേരിടുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ഹരിയാനയില്‍ 30 പേരുടെ മരണത്തിന് ഇടയാക്കിയ ജാട്ട് കലാപം നേരിടുന്നതില്‍ പൊലീസിനും ഭരണകൂടത്തിനും വീഴ്ചപറ്റിയതായി അന്വേഷണ കമ്മീഷന്‍. പൊലീസ് സേനയെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ ഡിജിപി പരാജയപ്പെട്ടു. ഫെബ്രുവരിയിലാണ് സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ ജാട്ട് കലാപമുണ്ടായത്. പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് വന്‍തോതില്‍ നാശനഷ്ടമുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ മുന്‍ ഡിജിപിയായ പ്രകാശ് സിംഗാണ് കലാപത്തെ കുറിച്ച് അന്വേഷിച്ചത്. ഭരണപരവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകള്‍ അന്വേഷിക്കുന്നതിന് ഹരിയാന സര്‍ക്കാരാണ് കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചുവെങ്കിലും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ജൂണ്‍ അഞ്ചു മുതല്‍ ജാട്ടുകള്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കാന്‍ ഇരിക്കുകയാണ്. കലാപത്തെ നേരിടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും നിയന്ത്രിക്കുന്നതിലും സര്‍ക്കാരിലെ ഉന്നതര്‍ക്ക് വീഴ്ച വന്നു. 90 ഉദ്യോഗസ്ഥരെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കുറ്റപ്പെടുത്താത്ത റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രിമാരെ കുറ്റപ്പെടുത്തുന്നുണ്ട്. അധികാരം തങ്ങളുടെ ഓഫീസില്‍ കേന്ദ്രീകരിക്കുന്ന പ്രവണത ആരംഭിച്ചതിനാണ് മുന്‍ മുഖ്യമന്ത്രിമാരെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.

മെയ് 13-നാണ് സിംഗ് ഹരിയാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരസ്യമാക്കുമെന്ന് ആര്‍ എസ് എസ് നേതാവ് കൂടിയായ ഖട്ടാര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും പ്രഖ്യാപനത്തില്‍ നിന്ന് പിന്നാക്കം പോയി. റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആദ്യം പഠിക്കട്ടേയെന്നാണ് ഇപ്പോഴത്തെ നിലപാട്. റിപ്പോര്‍ട്ടില്‍ പേര് പറഞ്ഞിട്ടുള്ള ഏതാനും ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നാല് ഐപിഎസ്, മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ നടപടിക്ക് വിധേയരായി.

സര്‍ക്കാരില്‍ നിന്നും പിന്തുണ ലഭിക്കില്ലെന്ന പേടി കൊണ്ടും ജാതി പക്ഷപാതം കാണിച്ചും കൊണ്ടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നതിന് വിമുഖത കാണിച്ചതെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍