UPDATES

വായിച്ചോ‌

മോദിക്കെതിരെ വേണ്ടത് ഇടത് ജനകീയ ബദല്‍- പ്രകാശ് കാരാട്ട്

നോട്ട് നിരോധന വിഷയത്തില്‍ എസ് പിയും ബി എസ് പിയും പ്രസ്താവനകളിറക്കുകയും പാര്‍ലമെന്റില്‍ ബഹളം വയ്ക്കുകയും മാത്രമാണ് ചെയ്തത്

ഉത്തര്‍ പ്രദേശ്‌ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയതിനെ വിശകലനം ചെയ്തുകൊണ്ട് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരട്ട് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. യുപിയ്‌ക്കൊപ്പം മറ്റ് നാല് സംസ്ഥാന നിയമസഭകളിലേയ്ക്ക് കൂടി തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചിയെന്ന നിലയില്‍ ഏറെ പ്രസക്തിയുള്ളത് യുപി തിരഞ്ഞെടുപ്പിനാണ്. ബിജെപിയുടെ ഈ വന്‍ വിജയം വ്യക്തമാക്കുന്നത് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങിയ വലതുപക്ഷ ആക്രമണം തുടരുന്നുവെന്നാണ്. ബിജെപിയുടെ ഈ വിജയം അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍ ഇത്ര വലിയൊരു വിജയം അവര്‍ക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42.3 ശതമാനം വോട്ടും ആകെയുള്ള 80ല്‍ 71 സീറ്റുമാണ് യുപിയില്‍ ബിജെപി നേടിയത്. ആ ട്രെന്‍ഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും വന്‍ വിജയം വ്യക്തമാക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം ബിജെപി ഉറപ്പിച്ചിരിക്കുന്നു എന്നതാണ്. കോണ്‍ഗ്രസിന് ആ സ്ഥാനം നഷ്ടമായിരിക്കുന്നു. അതേസമയം 1970കള്‍ വരെ കോണ്‍ഗ്രസിനുണ്ടായിരുന്ന ഒറ്റ പാര്‍ട്ടി ആധിപത്യമെന്ന അവസ്ഥയിലേയ്ക്ക് ബിജെപി എത്തിയിട്ടുമില്ല. ബിജെപിയുടെ ഈ വിജയം രാജ്യത്തെ ജനാധിപത്യ – മതനിരപേക്ഷ ശക്തികള്‍ക്ക് വളരെയധികം നിരാശയുണ്ടാക്കുന്നതാണ്.

അതേസമയം യുപിയില്‍ ബിജെപി തോല്‍ക്കും എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ക്കും പ്രതീക്ഷകള്‍ക്കും കാരണമായി മുന്നോട്ട് വയ്ക്കപ്പെട്ടിരുന്ന അനുമാനങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ബിഹാര്‍ മാതൃകയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുപിയിലും മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ മതിയാകും എന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യം യുപിയില്‍ ദയനീയമായി പരാജയപ്പെട്ടു. എസ്പിയും ബിഎസ്പിയും തമ്മിലൊരു സഖ്യം പ്രതീക്ഷിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പൊതുവായ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള സഖ്യങ്ങളാണ് ഇല്ലാതിരുന്നത്.

യുപിയിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നരേന്ദ്ര മോദി അവതരിപ്പിച്ച കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാത്തതിലെ പ്രശ്‌നങ്ങള്‍ വ്യക്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി വര്‍ഗീയത ഉപയോഗിച്ചു. ഖബറിടങ്ങളേയും ഹിന്ദു ശ്മശാനങ്ങളേയും താരതമ്യം ചെയ്തുകൊണ്ട് ഉള്‍പ്പടെയുള്ള നിരവധി വര്‍ഗീയ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി ഉന്നയിച്ചിരുന്നു. യുപി സര്‍ക്കാര്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണ് എന്നാണ് മോദിയും അമിത് ഷായും പ്രസംഗിച്ച് നടന്നത്. ദേശീയതയില്‍ പൊതിഞ്ഞാണ് ഈ വര്‍ഗീയത അവതരിപ്പിക്കപ്പെട്ടത്. ഇത് വലിയൊരു വിഭാഗം വോട്ടര്‍മാരെ ആകര്‍ഷിച്ചിട്ടുണ്ട്. ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഹിന്ദുത്വദേശീയ യുപിയിലെ ജാതി സമവാക്യങ്ങള്‍ക്കിടയില്‍ ഇതുവരെ ഏശിയിരുന്നില്ല. എന്നാല്‍ ദേശീയതയുടെ ലേബലിലുള്ള ബിജെപിയുടെ ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞതുമില്ല.

ബിജെപിയുടെ വര്‍ഗീയ ദേശീയതയേയും മോദിയുടെ സാമ്പത്തിക നയങ്ങളേയും എതിര്‍ക്കുന്ന ഒരു ബദല്‍ശക്തി യുപിയിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നോട്ട് നിരോധനം ഉദാഹരണമായെടുക്കാം. തിരഞ്ഞെടുപ്പിന് മുമ്പുള്ള നാല് മാസക്കാലം ജനജീവിതത്തെ നേരിട്ട് ബാധിച്ച ഒന്നായിരുന്നു അത്. സാധാരണക്കാരന്റെ ജോലി, ദൈനംദിന വരുമാനം തുടങ്ങിയവയെ എല്ലാം അത് സാരമായി ബാധിച്ചു. സംഘടിതരും അസംഘടിതരുമായ തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെയെല്ലാം ജീവിതം അത് ദു:സഹമാക്കി. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ നടപടിയെ കള്ളപ്പണത്തിനെതിരായ യുദ്ധമായി ചിത്രീകരിച്ച് അതിന് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടിയെടുക്കുന്നതില്‍ മോദി വിജയിച്ചു. ഇതിനെതിരെ ജനങ്ങളിലേയ്‌ക്കെത്തുന്ന ശക്തമായ പ്രചാരണമോ കൂട്ടായ പ്രതിഷേധ പരിപാടികളോ ഉണ്ടായില്ല. യുപിയിലും അത് തന്നെയാണ് സംഭവിച്ചത്. പ്രധാന പാര്‍ട്ടികളായ എസ്പിയും ബി എസ് പിയും പ്രസ്താവനകളിറക്കുകയും പാര്‍ലമെന്റില്‍ മാത്രം ബഹളം വയ്ക്കുകയും ചെയ്തു. ജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രതിഷേധ പരിപാടികള്‍ക്ക് ഇരു പാര്‍ട്ടികളും ശ്രമിച്ചില്ല. അതേസമയം ഇടതുപക്ഷ പാര്‍ട്ടികള്‍ കേരളത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രതിഷേധങ്ങള്‍ രൂപപ്പെടുത്തിയിരുന്നു.

ബിജെപിയുടേയും ആര്‍എസ്എസിന്റേയും പ്രത്യയശാസ്ത്രങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള ശക്തമായ ബദല്‍ പ്ലാറ്റ്‌ഫോമുകളാണ് ആവശ്യം. ഹിന്ദുത്വ വര്‍ഗീയതയേയും നിയോ ലിബറല്‍ സാമ്പത്തികനയങ്ങളേയും ഒരു പോലെ ചെറുക്കേണ്ടതുണ്ട്. ഹിംസാത്മകമായ ഹിന്ദുത്വ ദേശീയതയെ ശക്തമായ മതനിരപേക്ഷ, സാമ്രാജ്യത്വ വിരുദ്ധ ദേശീയത കൊണ്ടാണ് നേരിടേണ്ടത്.

അതേസമയം ഉത്തര്‍പ്രദേശിലെ വിജയം ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് അവരുടെ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. നിയോലിബറല്‍ സാമ്പത്തിക നയങ്ങളും ഹിന്ദുത്വ വര്‍ഗീയതയും തമ്മിലുള്ള ബന്ധം കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ ദൃഢപ്പെടുത്തും. മതനിരപേക്ഷ മൂല്യങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം, ജനാധിപത്യ അവകാശങ്ങള്‍ ഇവയ്‌ക്കെല്ലാം എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചേക്കാം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്കിലുള്ള സ്വേച്ഛാധികാര പ്രവര്‍ത്തനങ്ങളെ യോജിച്ചുള്ള പോരാട്ടങ്ങളിലൂടെ പരാജയപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനമായി ഇടതുപക്ഷ ജനാധിപത്യ കാഴ്ചപ്പാടിലുള്ള ഒരു ബദല്‍ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ പരിപാടി ആവശ്യമാണ്. ഇതായിരിക്കും ജനകീയ മുന്നേറ്റത്തിന്റെ അടിസ്ഥാനം. ഇതിലൂടെ മാത്രമേ മോദിക്കും ബിജെപിക്കും എതിരായി ജനകീയ ബദല്‍ രൂപപ്പെടുത്താന്‍ കഴിയൂ.

വായനയ്ക്ക്:
https://goo.gl/D09lK4

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍