UPDATES

വായന/സംസ്കാരം

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ തിണ ഭേദിച്ച് പുറത്തുചാടിയ പ്രണയകഥ

Avatar

പി. എന്‍. ഗോപീകൃഷ്ണന്‍

പ്രണയത്തെക്കുറിച്ചുളള ഒരു നോവലാണ് എന്റെ മുന്നിലുളളത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ആണ്‍ പെണ്‍ ബന്ധങ്ങളെപറ്റിയുളള ആഖ്യാനം. ഈ കൃതിയുടെ പേര് -പ്രണയം: 1024 കുറുക്കുവഴികള്‍-മറ്റൊരു നോവലിനെ ഓര്‍മ്മിപ്പിക്കുന്നു. മഹാശ്വേതാദേവിയുടെ ‘1024ന്റെ അമ്മ’. ആ കഥയില്‍ 1024 എന്ന അക്കം ഒരു ജയില്‍പ്പുളളിക്ക് പതിച്ച് കിട്ടിയ സംഖ്യയാണ്. അമ്മ-മകന്‍ എന്ന ദ്വന്ദത്തില്‍ നിന്ന് മകന്‍ അടര്‍ന്നുപോയപ്പോള്‍ അവശേഷിച്ചത് അമ്മ മാത്രമല്ല; ഏകാന്തത കൂടിയായിരുന്നു. അധികാരം ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന ശൂന്യതയെക്കുറിച്ചുളള തീക്ഷ്ണമായ വിവരണമാണ്, മഹാശ്വേതാദേവിയുടേത്. ഒരു സമ്മേളനത്തില്‍ നിന്ന് ഏകാന്തതയിലേക്കുളള വീഴ്ചയുടെ, പതനത്തിന്റെ ആഖ്യാനം. കയ്യിലുളള രചനയാവട്ടെ നേര്‍വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഒന്നാണ്. ഏകാന്തതയില്‍ നിന്നും സമ്മേളനത്തിലേക്കുളള വരവ്. ഏകാന്തതയെക്കുറിച്ചും സമ്മേളനത്തെക്കുറിച്ചും – മനുഷ്യരാശിയുടെ രണ്ട് അപ്രിയതകളെക്കുറിച്ച് – ഒക്‌ടോവിയോ പാസ് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ‘ലാബറിന്ത് ഓഫ് സോളിറ്റിയൂഡ്’ എന്ന പേരില്‍.

എം.നന്ദകുമാറും ജി എസ് ശുഭയും ചേര്‍ന്നെഴുതിയ ഈ പുസ്തകത്തിന് നിയതമായ ആദ്യന്തങ്ങളില്ല. പ്രണയത്തെ പിടിച്ചെടുക്കാനുളള ശ്രമം എന്നേ, ഈ കൃതിയെ, ഒറ്റവാചകത്തില്‍ നിര്‍വചിക്കാനാകൂ.

പ്രണയം പ്രകൃതിഭാവങ്ങളില്‍ ഏറ്റവും തീക്ഷ്ണമായ ഒന്നാണ്. അതേ സമയം സംസ്‌കൃതിയില്‍ തുടര്‍ച്ചയുടെ പരികല്പനയും ആണത്. ആധുനികകാലത്തേയും സംഘകാലത്തേയും കൂട്ടിക്കുഴച്ചാണ് പ്രണയത്തിന്റെ മനുഷ്യക്കൂട്ട് ഈ നോവലില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രണയം എന്നത് വ്യക്തിയുടെ ഏകാന്തതയുടെ പരിഹാരമാണ്. എന്നാല്‍, അത് പുതിയ ഏകാന്തതയെ സൃഷ്ടിക്കുകയും ചെയ്യുന്നു. മൊഴികളായി, മൊഴിത്തിരകളായി ഒഴുക്കിക്കൊണ്ടാണ് പ്രണയബന്ധത്തിനുളളിലെ ഏകാന്തത അതിന് പരിഹാരമന്വേഷിക്കുന്നത്. ഏത് ആഖ്യാനവും പ്രണയത്തിന്റെ ആഖ്യാനമാണ്. അതേസമയം, ഏത് ആഖ്യാനവും പ്രണയ പ്രതിബന്ധത്തിന്റെയും ആഖ്യാനമാണ്. പ്രണയം തന്നെ പ്രതിബന്ധം; പ്രതിബന്ധം തന്നെ പ്രണയം. അതിനാല്‍ പ്രേമത്തിനെക്കുറിച്ചുളള ആഖ്യായിക എവിടെനിന്നും വായിച്ച് തുടങ്ങാം. എവിടെ വേണമെങ്കിലും അവസാനിപ്പിക്കാം. അതുകൊണ്ട് ഈ പുസ്തകത്തില്‍ മുമ്പും പിമ്പും സങ്കല്‍പിക്കാവുന്നതാണ്. വലിയൊരു മഹാകാവ്യത്തിന്റെ ഇടയില്‍ നിന്നെടുത്ത ഏതാനും ഭാഷാഖണ്ഡങ്ങളാണ് ഈ പുസ്തകത്തില്‍ എന്നു പറയാം. അല്ലെങ്കില്‍, രണ്ടുതരം ഭാഷാഖണ്ഡങ്ങള്‍. ഒരു ഭാഷാഖണ്ഡത്തില്‍ പുതിയ ജീവിതസ്ഥലങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട പുതിയൊരു തിണ സങ്കല്പമാണുളളത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ തിണ. ആ തിണയെ ഭേദിച്ച് പുറത്തുചാടിയ പ്രണയകഥയാണിത്. മറ്റൊരു ഭാഷാഖണ്ഡത്തില്‍, പ്രാചീനമായ തിണസങ്കല്പങ്ങളിലൂടെ നീങ്ങുന്ന പ്രണയം തിങ്ങി നിറഞ്ഞാടുന്നു.

ആണും പെണ്ണും. ഈ ഒരു ജോഡിയുടെ പരിഹാരമാര്‍ഗ്ഗമന്വേഷിച്ചാണ് ഒരു പക്ഷെ, സാഹിത്യത്തിന്റെ അന്വേഷണം ആരംഭിച്ചതും തുടരുന്നതും. ഈ പ്രശ്‌നത്തിന്റെ പരീക്ഷക്ക് ഉത്തരമെഴുതാന്‍ വേണ്ടിയാണ് ലോകസാഹിത്യത്തിന്റെ പുറങ്ങള്‍ പലതും നീക്കി വെച്ചത്. റസ്‌ക്കാള്‍ നിക്കഫ് ജയിലില്‍ പോയതും സോര്‍ബ നൃത്തം ചവിട്ടി മരണത്തിലേക്ക് പോയതും സ്‌നേഹാന്വേഷണങ്ങള്‍ക്ക് പുറകെയാണ്. ഒഫീലിയ തടാകത്തിന്റെ ചില്ലുപാളികളെ വകഞ്ഞതും പരീക്കുട്ടി – കറുത്തമാര്‍ കടലിനാല്‍ തിരസ്‌ക്കരിക്കപ്പെട്ടതും ഇതിനു വേണ്ടിത്തന്നെ. ഈ വഴിക്കണക്കിനെ ഏറ്റവും ആധുനികമായ നിമിഷത്തിലേക്ക് കയറ്റിവെക്കുമ്പോള്‍ ഭാഷയെ, അതിന്റെ ചതുപ്പുകളില്‍ നിന്ന് വിമോചിതമാക്കേണ്ടതുണ്ട്. അതിനാല്‍, അക്ഷരമാലകളുടെ യാന്ത്രികത കൊണ്ട് മാത്രം ഇതെഴുതാന്‍ വയ്യ. ചിത്രഭാഷയും ഫോട്ടോഗ്രഫിക്ക് ഭാഷയും അങ്ങിനെയാണ് ഇതില്‍ കടന്ന് വരുന്നത്. അരുണും, ഫേവര്‍ ഫ്രാന്‍സിസും സുനില്‍ നമ്പുവും ഫോട്ടോഗ്രഫുകളായും ചിത്രങ്ങളായും നന്ദന്റെയും ശുഭയുടെയും ഭാഷയെ പൂരിപ്പിക്കുന്നു. അനായാസകരമായ ഒരു പ്രവര്‍ത്തിയല്ല അത്. വാക്കിനോട് ചിത്രങ്ങളും ചിത്രങ്ങളോട് ഫോട്ടോഗ്രഫുകളും മല്ലടിക്കുന്നു. പദങ്ങള്‍ പദങ്ങളോട് മല്ലടിക്കുന്നു. ഫ്രെയിം ഫ്രെയിമിനോട് മല്ലടിക്കുന്നു. എന്നാല്‍ ഇതൊന്നും ഹിംസയല്ല. ലീലയാണ്.

‘ലീല’ എന്ന് കുമാരനാശാന്‍ തന്റെ കൃതിക്ക് പേരിട്ടപ്പോള്‍, അതൊരു നടപ്പുപേരായി അലസ വായനക്കാര്‍ വിചാരിച്ചുകാണും. എന്നാല്‍ കുമാരനാശാന്‍ വാക്കുകളെ തൊഴുത്തില്‍ നിന്ന് അഴിച്ചുവിടുന്ന പണിയാണ് ആ കൃതിയില്‍ ചെയ്തത്. അവിടെ പ്രണയം ചങ്ങമ്പുഴയിലെന്ന പോലെ, ഒരു പുല്‍മേടിലെ അലച്ചിലുകളായിരുന്നില്ല. വന്‍കാടുകളിലെ ഭയാനക സ്വാതന്ത്ര്യമായിരുന്നു. ‘ലീല’ എന്ന സ്വാതന്ത്ര്യപ്രഖ്യാപനത്തിന് നൂറുവര്‍ഷം കഴിയുമ്പോഴാണ് നന്ദനും ശുഭയും ആ അഴിച്ചുവിടലിനെ ആഘോഷിക്കുന്നതെന്ന് സ്മരണീയമാണ്. ഇവിടെ പുല്‍മേടുകളില്ല. പകരം കാടോരങ്ങളും റെയിലോരങ്ങളും ഉണ്ട്. ആ ഭൂമി കുഴിച്ചാല്‍ കിട്ടുന്ന ഇരുണ്ട കാലങ്ങളുണ്ട്. ആ കാലത്തും പ്രണയവും സ്വാതന്ത്ര്യവും ജ്വലിക്കുന്നു എന്ന ഭാഷാ ഉത്‌സവങ്ങളാണ് ഈ നോവലിന്റെ ഘടനാവിശേഷം.

പ്രണയത്തിന്റെ ഒരു കുഴപ്പം, അത് ഇന്നിനെ മാത്രം ആഘോഷിക്കുന്നു എന്നതായിരിക്കാം. എന്നാല്‍ പ്രണയത്തിന്റെ ഇന്നലേകളിലേക്കും നാളെയിലേക്കും ഈ പുസ്തകം നിവര്‍ത്തിയിരിക്കുന്നു. പ്രണയത്തിന്റെ മാനങ്ങളെക്കുറിച്ചുളള സ്വപ്‌നപഠനമായി. ഈ പുസ്തകം വായിച്ചാല്‍ പ്രണയപദാര്‍ത്ഥത്തിന് എത്ര വശങ്ങളുണ്ട്, അതിന്റെ വിസ്തീര്‍ണ്ണമെന്ത്, വ്യാപ്തമെന്ത് എന്നൊക്കെ പിടികിട്ടും. ഒപ്പം തന്നെ, അതിന്റെ സങ്കീര്‍ണ്ണമായ ജൈവഘടനയും.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച പി എന്‍ ഗോപീകൃഷ്ണന്റെ ലേഖനം

ഗലിയാനോ: എന്നന്നേക്കുമായി നഷ്ടപ്പെട്ടൊരു പുസ്തകം

(കവിയും എഴുത്തുകാരനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍