UPDATES

സഫിയ ഫാത്തിമ

കാഴ്ചപ്പാട്

സഫിയ ഫാത്തിമ

വായന/സംസ്കാരം

പ്രണയത്തെ ആത്മാവിന്റെ ഭക്ഷണമായി കണ്ട കമല

പ്രണയത്തിന്റെ രാജകുമാരി
മെറിലി വെയ്സ് ബോര്‍ഡ്
ഗ്രീന്‍ ബുക്ക്സ്
വില: 315 രൂപ

രണ്ട് എഴുത്തുകാരികള്‍ തമ്മിലുള്ള സൌഹൃദത്തില്‍ നിന്നുണ്ടായ ഒരപൂര്‍വ്വ ആഖ്യാനമാണ് കനേഡിയന്‍ എഴുത്തുകാരിയും ഡോക്യുമെന്‍ററി – സിനിമ നിര്‍മ്മാതാവുമായ  മെറിലി വെയ്സ് ബോര്‍ഡിന്‍റെ ‘The Love Queen of Malabar’. ഈ പുസ്തകത്തിന്‍റെ മലയാള വിവര്‍ത്തനമാണ് എം ജി സുരേഷിന്‍റെ ‘പ്രണയത്തിന്റെ രാജകുമാരി’.

പത്തുവര്‍ഷത്തോളം നീണ്ടുനിന്ന കമലയുടെയും മെറിലിയുടെയും ഊഷ്മളമായ സൌഹൃദം, കാനഡയില്‍ നിന്നും കൊച്ചിയിലേക്കുള്ള മെറിലിയുടെ യാത്രകള്‍, മതം മാറ്റത്തിന് മുമ്പും ശേഷവുമുള്ള കമലയുടെ കാനഡ യാത്രകള്‍, കമലയും മെറിലിയും തമ്മിലുള്ള ഫോണ്‍ വിളികള്‍, അവരുടെ കത്തുകള്‍ കമലയുടെ കവിതകള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകത്തിന്‍റെ ആഖ്യാനം ഒരു ഡയറി എഴുത്തുപോലെയും യാത്രാവിവരണം പോലെയും ചിലപ്പോള്‍  രണ്ടുപേര്‍ തമ്മിലുള്ള സ്വാഭാവിക സംഭാഷണമായും കമലയുമായുള്ള മെറിലിയുടെ അഭിമുഖമായും മുന്നോട്ടുപോകുന്നു.

കുടുംബത്തെ വിഷമിപ്പിക്കാതിരിക്കാന്‍ എഴുത്തുകാരികള്‍ എത്രത്തോളം സ്വയം സെന്‍സര്‍ ചെയ്യേണ്ടിവരും എന്നുള്ള സംഭാഷണത്തിനിടയില്‍ കമലാദാസ് മെറിലിയോട് പറയുന്നു പൂര്‍ണ്ണമായും എഴുത്തില്‍  സ്വയം സമര്‍പ്പണം നടത്തണമെങ്കില്‍ സ്ത്രീകള്‍ എല്ലാ ബന്ധങ്ങളില്‍ നിന്നും പുറത്ത് കടക്കേണ്ടിവരും. അല്ലാത്ത പക്ഷം സ്വയം സെന്‍സര്‍ ചെയ്ത് എഴുതേണ്ടിവരും. പലപ്പോഴും കുടുംബത്തെ വേദനിപ്പിക്കാതിരിക്കാനും  സമൂഹത്തെ ഭയന്നും സ്വയം സെന്‍സര്‍ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുമ്പോഴും കുടുംബത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ ഒരു പരിധിവരെ തുറന്നെഴുതാന്‍  ധൈര്യം കാണിച്ചിട്ടുണ്ട് മാധവിക്കുട്ടി. ദാമ്പത്യത്തെക്കുറിച്ചും പ്രണയങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും  മതം മാറ്റത്തെ കുറിച്ചും മതം മാറ്റത്തിന് ശേഷം അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ചുമൊക്കെ  സുഹൃത്തും  എഴുത്തുകാരിയുമായ മെറിലിയോടുള്ള  കമലാദാസിന്റെ  തുറന്നു പറച്ചിലും അടുത്തുനിന്ന് കണ്ടറിഞ്ഞതുമായ യാഥാര്‍ത്ഥ്യങ്ങളുമാണ്  ‘The Love Queen of Malabar’.

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതി അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരേ ഒരു ഇന്ത്യന്‍ എഴുത്തുകാരിയെയുള്ളൂ അതാണ്  മാധവിക്കുട്ടി/കമലാദാസ്/കമല സുരയ്യ. പ്രണയം,  വിരഹം, രതി,  സ്നേഹം, സഹതാപം, സന്തോഷം, സാന്ത്വനം, ചതി എന്നിങ്ങനെ ജീവിതത്തിലെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ചിരുന്നു മാധവിക്കുട്ടിയുടെ എഴുത്ത്. തിരസ്ക്കരിക്കപ്പെട്ടതോ തിരിച്ചറിയപ്പെടാത്തതോ ആയ സ്നേഹം അവര്‍ കഥകളായും കവിതകളായും കോറിയിട്ടു. സ്ത്രീയുടെ  ജീവിതവും മനസ്സും ഉള്‍ക്കൊള്ളുന്ന അഗാധവും സൂക്ഷ്മവുമായ രചനകളായിരുന്നു അത്. ലൈംഗികതയും പ്രണയവും പൊതിഞ്ഞു സൂക്ഷിക്കാതെ സ്ത്രീയുടെ ആന്തരികവും വൈകാരികവുമായ യഥാര്‍ത്ഥ ലോകം തുറന്നു കാട്ടാന്‍ ധൈര്യം കാണിച്ച മാധവിക്കുട്ടിയുടെ ‘എന്‍റെ കഥ’  മലയാളിയുടെ സദാചാരബോധത്തെ വെല്ലുവിളിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ പുരുഷാധിപത്യ/യാഥാസ്ഥിക സമൂഹത്തില്‍ നിന്നു ഒരു പക്ഷേ മറ്റൊരു എഴുത്തുകാരിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അപവാദങ്ങളും ഭര്‍ത്സനങ്ങളും അവര്‍ക്ക് നേരിടേണ്ടിവന്നു. അഗാധമായ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എഴുതിക്കൊണ്ട് തന്നെ അവര്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അധമ്യമായ ദാഹം അവര്‍ ഭാവനയിലൂടെ, എഴുത്തിലൂടെ പരിഹരിക്കുകയായിരുന്നു.

ഔദ്യോഗിക രേഖകള്‍ പ്രകാരം പതിനഞ്ചാം വയസ്സിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ തന്‍റെ വിവാഹം നടന്നത് പതിമൂന്നാം വയസ്സിലാണെന്ന് കമല മെറിലിയുടെ അച്ഛനോട് പറയുന്നു. പ്രഗത്ഭനും പ്രശസ്തനും വിദ്യാസമ്പന്നനുമായ അച്ഛന്റെയും പ്രശസ്ത കവയത്രി ബാലാമണി അമ്മയുടെയും മകളായിട്ടുപോലും കണക്കില്‍ തോറ്റുപോയതിന് തന്നെക്കാള്‍ ഇരട്ടിയിലധികം പ്രായമുള്ള ഒരാളുമായി കമലയുടെ വിവാഹം നടക്കുന്നു. കുട്ടിയായ കമലയ്ക്ക് സ്ത്രീപുരുഷ ബന്ധങ്ങളെ കുറിച്ച് തന്‍റെ വീട്ടിലെ പ്രാര്‍ത്ഥനാപുസ്തകത്തില്‍ വായിച്ച അറിവ് മാത്രമേ  ഉണ്ടായിരുന്നുള്ളൂ.  തന്‍റെ ഭര്‍ത്താവ് തന്നെ കൈകളില്‍ കൊരിയെടുക്കുമെന്നും, മുഖത്തും തലമുടിയിലും തടവി ആനന്ദിപ്പിക്കുമെന്ന്, തന്‍റെ ചെവിയില്‍ നാണം വരുത്തുന്ന വാക്കുകള്‍ മന്ത്രിക്കുമെന്നുമൊക്കെ അവര്‍ വിചാരിച്ചിരുന്നു.  എന്നാല്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരവും ദാരുണവുമായ ലൈംഗികാനുഭവങ്ങളായിരുന്നു.

“അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് എന്നിലേക്ക് പ്രവേശിക്കുവാനായി എനിക്കവിടെ ഒരു ദ്വാരമില്ല” കമല വീട്ടിലെ വേലക്കാരിയോട് പറഞ്ഞു. ആര്‍ത്തവത്തിന്‍റെ അഞ്ചാം ദിവസം ലിംഗയോനി ബന്ധത്തിന് ശ്രമിക്കുവാന്‍ ആ വേലക്കാരി ഉപദേശിച്ചു. അന്ന് ഒരു കാട്ടുപോത്തിനെ പോലെ അയാള്‍ കമലയിലേക്ക്  പ്രവേശിച്ചു. “ അത് ഭയങ്കരമായിരുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും ഭീകരമായ ശിക്ഷ. അയാളുടെ ലിംഗം എന്‍റെ അടിവയര്‍ തുളച്ച് കയറി. എന്നില്‍ നിന്നു രക്തം ഒഴുകുവാന്‍ തുടങ്ങി”. തന്‍റെ ഭര്‍ത്താവില്‍ നിന്നുണ്ടായ അനുഭവം കമല ഇങ്ങനെയാണ് വ്യക്തമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ അതൊരു ക്രൂരമായ ബാലാത്സംഗം തന്നെയായിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ ലൈംഗികാസക്തിയെകുറിച്ചും സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും കമല തുറന്നുപറയുന്നുണ്ട്. “അപമാനിതയായ ഒരു സ്ത്രീത്വത്തിന്റെ അവസ്ഥയാണ് ഏറെക്കാലമായി ഞാന്‍ അനുഭവിച്ചത്.” എന്നാണ് കമല  അക്കാലത്തെ തന്‍റെ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. പത്തൊന്‍പത് വയസ്സായപ്പോഴേക്കും രണ്ടു കുട്ടികളുടെ അമ്മയായ കമലയുടെ ഗര്‍ഭപാത്രവും യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം തകര്‍ന്നുപോയിരുന്നു. അമിതമായ രക്തവാര്‍ച്ച കാരണം അത് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. ഒന്നുരണ്ട് തവണ കമല ഭര്‍ത്താവില്‍ നിന്നു രക്ഷപ്പെടാന്‍ നാലപ്പാട് മുത്തശ്ശിയുടെ അടുത്തു പോയി നില്‍ക്കുന്നുണ്ട്. എന്നാല്‍ “തിരിച്ചുപോയി ദാസ് പറഞ്ഞത് അനുസരിക്ക്. നാലപ്പാട്ടെ പെണ്ണുങ്ങള്‍ നല്ല ഭാര്യമാരായി ജീവിച്ചവരാണ്.” എന്നു പറഞ്ഞു കമലയെ ദാസിന്‍റെ അടുത്തേക്ക് തന്നെ പറഞ്ഞുവിടുകയായിരുന്നു മുത്തശ്ശി ചെയ്തത്. തന്‍റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കമല ഇങ്ങനെ എഴുതി.

സാരിയണിയൂ
ഒരു പെണ്ണാകൂ
ഒരു ഭാര്യയാകൂ
അവരെന്നോട് പറഞ്ഞു.
തുന്നല്‍പ്പണിചെയ്തും
വേലക്കാരികളോട്
കൊമ്പുകോര്‍ത്തും
നീ പാകപ്പെടൂ.
മതിലുകളുടെ മേല്‍
ഇനി നീ ഇരിക്കരുത്
കൊലുസിട്ട ജനലിലൂടെ
എത്തിനോക്കരുത്
വിധേയയാകൂ
എന്നവര്‍ ആക്രോശിച്ചു.

കമലയ്ക്ക് എഴുത്ത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. തടഞ്ഞു നിര്‍ത്തപ്പെട്ട വികാരങ്ങളുടെയും തീവ്രമായ പ്രണയത്തിന്‍റെയും ഒരൊഴുക്കായിരുന്നു അവരുടെ കഥകളിലും കവിതകളിലും ഓര്‍മ്മക്കുറിപ്പുകളിലും ഓരോ വായനക്കാരും അനുഭവിച്ചറിഞ്ഞത്. സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരുന്നില്ല അത്. മറിച്ച് സ്ത്രീയുടെ ആന്തരികവും വൈകാരികവുമായ  അനുഭവലോകമാണ്  അത് നമുക്ക് കാണിച്ചു തന്നത്.

പത്താം വയസ്സില്‍ തന്നെ എഴുതിതുടങ്ങിയ കമലയുടെ എഴുത്ത് കരുത്തുറ്റതാക്കാന്‍ ദാമ്പത്യ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങള്‍ സഹായിക്കുന്നുണ്ട്. കമല ‘എന്‍റെ കഥ’ പ്രസിദ്ധീകരിക്കുന്നത് മുപ്പത്തിയേഴാം വയസ്സിലാണ്. പ്രണയത്തിനു വേണ്ടിയുള്ള ഒരു സ്ത്രീയുടെ ഭാവനാത്മകമായ സാഹസിക യാത്രകളുടെ  പ്രതിഫലനമായിരുന്നു അത്. ‘എന്‍റെ കഥ’ പുറത്തുവന്നപ്പോള്‍ കമലയ്ക്ക് പേരും പ്രശസ്തിയും ഉണ്ടായി. ഒരുപാട് വിമര്‍ശനങ്ങളെയും നേരിടേണ്ടിവന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് പ്രേമലേഖനങ്ങളയച്ചു, പുരുഷന്മാര്‍ അവരെ വിളിക്കുവാന്‍ തുടങ്ങി, സെക്സ് എന്ന വിഷയത്തെക്കുറിച്ച് എഴുതുവാന്‍ മാത്രമായി പത്രാധിപര്‍ അവരെ സമീപിച്ചു തുടങ്ങി. ‘The old playhouse and other poems’ എന്ന കവിതാസമാഹാരം പുറത്തുവരുമ്പോള്‍ കമലയ്ക്ക് നാല്പതു വയസ്സ് തികഞ്ഞിരുന്നില്ല. വിവാഹ ജീവിതത്തിലെ യാഥാസ്ഥിതിക ചട്ടക്കൂടുകളെ ചോദ്യം ചെയ്യുന്നതോടൊപ്പം അമിത ലൈംഗികത, ഏകാന്തത, കാത്തിരിപ്പ് തുടങ്ങിയ വിഷയങ്ങള്‍ കവിതകള്‍ക്ക് വിഷയമായിരുന്നു.

എഴുത്തുകാരി എന്നനിലയില്‍ കമല പ്രശസ്തയായപ്പോള്‍ ഭര്‍ത്താവിന് അവരോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടാകുന്നു. ഭര്‍ത്താവ് കമലയുടെ പുസ്തകങ്ങളും പ്രസാധന കാര്യങ്ങള്‍  നോക്കി നടത്തുകയും കരാറുകള്‍ കൈകാര്യം ചെയ്യുകയും അവര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ക്ക് പിന്തുണ നല്കുകയും ചെയ്യുന്നു. കമല ഒരു പുതിയ കാര്‍ ഭര്‍ത്താവിന് ജന്മദിന സമ്മാനമായി വാങ്ങിക്കൊടുത്തു. തന്‍റെ സമ്പാദ്യം മുഴുവന്‍ ഭര്‍ത്താവിന് നല്കി. തന്‍റെ സ്രീത്വത്തെ/വ്യക്തിത്വത്തെ അങ്ങേയറ്റം ഹനിക്കുന്ന പ്രവര്‍ത്തികള്‍ ഭര്‍ത്താവില്‍ നിന്നുണ്ടായിട്ടും കമല അദ്ദേഹത്തെ വെറുക്കുന്നില്ല. തന്‍റെ കുട്ടികള്‍ക്ക് തന്നോടുണ്ടായേക്കാവുന്ന ബഹുമാനം ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് മാത്രമാണ് സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിക്കാതിരുന്നതെന്ന് കമല പറയുന്നുണ്ട്.

കമല പറയുന്നു. “അദ്ദേഹത്തിനാവശ്യം വലിയ ജനസമ്മിതിയുള്ള ഒരു ഭാര്യയെയായിരുന്നു. ഞാന്‍ പ്രശസ്തയായപ്പോള്‍ അദ്ദേഹം എന്നെ ബഹുമാനിക്കുവാന്‍ തുടങ്ങി. എന്നെ ആലിംഗനം ചെയ്യുവാനും എന്‍റെ കാലുകള്‍ തടവിത്തരാനും തുടങ്ങി. അതിനുശേഷം തന്‍റെ ജീവിതം എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞതായി.” രോഗബാധിതനായ ഭര്‍ത്താവിനെ ശുശ്രൂഷിച്ചും നിരന്തരം എഴുതിയും കഠിനാധ്വാനം ചെയ്യുന്ന കമലയോട് മരണം അടുത്തെത്തിയെന്ന ബോധ്യം വന്ന സമയത്ത് ഭര്‍ത്താവ് “നീ എനിക്കൊരു ജീവിതം തന്നു നന്ദി” എന്ന്‍ പറയുന്നു. നന്ദിയോ അതെന്തിന് എന്ന ചോദ്യത്തിന് എനിക്കുതന്ന സ്നേഹത്തിനും എന്നെ ശുശ്രൂഷിച്ചതിനും എന്നാണ് ഉത്തരം കിട്ടുന്നത്. ഭര്‍ത്താവില്‍ നിന്നു കമല അനുഭവിച്ച അവഗണയും സ്നേഹ ശൂന്യതയും എകാന്തതയും തിരസ്ക്കരണങ്ങളും കഠിനമായിരുന്നു എന്നിട്ടും കമല ഭര്‍ത്താവിനെ തളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. മാത്രവുമല്ല തനിക്കാവുന്ന രീതിയില്‍ ഭര്‍ത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുമുണ്ട്. അതുകൊണ്ടുള്ള കുറ്റബോധത്തില്‍നിന്നായിരിക്കാം ഈ നന്ദി പറച്ചില്‍ ഉണ്ടാവുന്നത്.

കമലാദാസ് എന്നപേരിലും മാധവിക്കുട്ടി എന്നപേരിലും എഴുതിയിരുന്ന മാധവിക്കുട്ടി കമല സുരയ്യ എന്നപേരില്‍ ഇസ്ലാം മതത്തിലേക്ക് ചേക്കേറിയപ്പോള്‍ മത തീവ്രവാദികള്‍ അവര്‍ക്കെതിരെ വാളോങ്ങി. അവരുടെ തലയ്ക്ക് ലക്ഷങ്ങള്‍ ഇനാം പ്രഖ്യാപിച്ചു. എന്നാല്‍ ഒരുവിഭാഗം അവരുടെ മതം മാറ്റത്തെ മുതലെടുക്കാനും ശ്രമിച്ചു. അവരാഗ്രഹിച്ചതൊന്നും അവര്‍ക്ക് നേടാന്‍ കഴിഞ്ഞുമില്ല. മാധവിക്കുട്ടിയുടെ ‘എന്‍റെ കഥ’ സദാചാര/യാഥാസ്ഥിതിക സമൂഹത്തെയാണ് പിടിച്ച് കുലുക്കിയതെങ്കില്‍ അറുപത്തിയഞ്ചാമത്തെ വയസ്സില്‍ അവരുടെ പെട്ടെന്നുള്ള മതം മാറ്റം മത തീവ്രവാദികളെയാണ് പ്രകോപിച്ചത്.

കമല മതം മാറിയെന്ന വാര്‍ത്തകേട്ടപ്പോള്‍ മെറിലിക്ക് ഒന്നും മനസ്സിലായില്ല. അതിനെകുറിച്ച് മെറിലി എഴുതുന്നു. “ഇതെപ്പോള്‍ സംഭവിച്ചു എന്നെനിക്കറിയില്ല. എന്തുകൊണ്ടെന്ന് ഊഹിക്കാനുമാകുന്നില്ല. യാഥാസ്ഥിതികയായ, ഹിന്ദു മതത്തിലെ ഉന്നത ജാതിയില്‍ പിറന്ന, കൃഷ്ണനെ സ്നേഹിക്കുന്ന, രാജകുടുംബ പാരമ്പര്യമുള്ള, കമലാദാസ് പെട്ടെന്നു ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചു. എന്നോടു അതിന് മുമ്പ് ഒരു സൂചനപോലും നല്‍കിയിരുന്നില്ല. അപകീര്‍ത്തിമാത്രം കേട്ടിട്ടുള്ള തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അപകീര്‍ത്തിയുമായി സി എന്‍ എന്നിലും  ഏഷ്യാനെറ്റിലും ഏഷ്യയിലെമ്പാടുമുള്ള മാധ്യമങ്ങളിലും കമലദാസ് പ്രത്യക്ഷപ്പെടുന്നു. 1999 ഡിസംബര്‍ പതിനാറാം തിയ്യതി, വിവാദങ്ങളുടെ നടുക്കടലില്‍, വീട്ടില്‍ വെച്ച് നടന്ന ഒരു മിനിറ്റ് നീണ്ടുനിന്ന ചടങ്ങില്‍ അവര്‍ മതം മാറി.” തന്‍റെ മതം മാറ്റത്തിന് ശേഷം ഒരു മാസം കഴിഞ്ഞു കമല മെറിലിക്ക് വിശദമായി ഒരു കത്തെഴുതുന്നു. അതില്‍ മുപ്പത്തിയെട്ടുകാരനായ ചെറുപ്പക്കാരനോട് ഉണ്ടായ പ്രണയത്തെക്കുറിച്ചും  അയാളുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മതം മാറിയതെന്നും തുറന്നെഴുതിയിട്ടുണ്ട്. അവരുടെ മതം മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കുമുള്ള മറുപടി കമല മെറിലിക്കയച്ച ആ എഴുത്തിലുണ്ട്.

മതം മാറ്റത്തിന് ശേഷം മെറിലി വീണ്ടും കമലയെ കാണാനെത്തുന്നുണ്ട്. അപ്പോഴേക്കും പ്രണയത്തില്‍ നിന്നും വിവാഹ വാഗ്ദാനങ്ങളില്‍നിന്നും അയാള്‍ പിന്‍വാങ്ങുകയും കമല പുതിയ മതത്തിന്‍റെ ചട്ടക്കൂടില്‍ പുറത്തുകടക്കാനാവാത്ത വിധം നിസ്സഹായയായി കുരുങ്ങിപ്പോകുന്നുമുണ്ട്. പ്രശസ്തയായ ഒരാള്‍ തങ്ങളുടെ മതത്തിലേക്ക് കടന്നുവന്നപ്പോള്‍ ഒരു വിഭാഗം അതൊരു ആഘോഷമാക്കി. കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്ത് പുതിയ മതത്തെകുറിച്ച് സംസാരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതയായി. ജനിച്ചുവളര്‍ന്ന മതത്തില്‍ നിന്നു അവര്‍ക്ക് കടുത്ത ഭീഷണികള്‍ നേരിടേണ്ടിവന്നു. അക്കാലത്ത് അവരനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ മെറിലി തൊട്ടടുത്തുനിന്നു അനുഭവിച്ചറിയുന്നുണ്ട്. രോഗിയും അവശയുമായ അവരെ ആള്‍ക്കൂട്ടത്തില്‍ നിന്നു രക്ഷിക്കാന്‍ മെറിലിക്കും ഇടപെടേണ്ടിവരുന്നുണ്ട് പലപ്പോഴും. കമലയുടെ മതം മാറ്റത്തിന് കാരണക്കാരനായ പുരുഷന്‍ സമൂഹത്തില്‍ മാന്യനായി ജീവിക്കുമ്പോള്‍ കമല സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കല്ലെറിയപ്പെടുകയായിരുന്നു.

മെറിലി കമലയെ കാണാന്‍ വരുമ്പോഴൊക്കെ കമലയ്ക്ക് ചുറ്റും ആരാധകരുടെയും അവരെ കാണാനെത്തുന്ന പത്രക്കാരുടെയും പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ വരുന്നവരുടെയും ഒരു നീണ്ട നിര തന്നെയുണ്ടാകുമായിരുന്നു. എത്രതന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവര്‍ കമലയെ വെറുതെവിട്ടിരുന്നില്ല. സ്നേഹമായിരുന്നു കമലയുടെ മതം. തന്നെ കാണാന്‍ വരുന്നവരെയും തന്‍റെ ആരാധകരെയും അവര്‍ സ്നേഹത്തോടെ മാത്രം സ്വീകരിച്ചു. അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. പ്രകടിപ്പിക്കുന്ന സ്നേഹത്തിലാണ് അവര്‍ വിശ്വസിച്ചിരുന്നത്. അണിഞ്ഞൊരുങ്ങാനും സുന്ദരിയായി നടക്കാനും അവര്‍ എപ്പോഴും ആഗ്രഹിച്ചു. തരിശായിപ്പോയ തന്‍റെ ജീവിതത്തില്‍ പ്രണയം പുതിയ വെളിച്ചം നിറയ്ക്കുമെന്ന് അവര്‍ കരുതി. സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും ആഘോഷമായി കരുതിയ അവര്‍ക്ക് അവസാന നാളുകളില്‍ ഒരുപാട്  അന്തസംഘര്‍ഷം അനുഭവിക്കേണ്ടി വന്നു. പ്രണയത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപായിരുന്നു കമല. പ്രണയത്തെ ആത്മാവിന്‍റെ ഭക്ഷണമായി അവര്‍ കണ്ടു. എന്നാല്‍  വളര്‍ന്ന് വന്ന സദാചാര ബോധത്തെ മുറിച്ച് കടക്കാന്‍ അവര്‍ക്കായില്ല. പ്രണയം വിവാഹത്തിലെത്തണമെന്ന് അവരാഗ്രഹിച്ചതും ഒരു മതം മാറ്റത്തിന്  തയ്യാറായതും മെറിലിയോട് ആര്‍ണിയെ വിവാഹം കഴിക്കാന്‍ കമല നിര്‍ബ്ബന്ധിക്കുന്നതും അതുകൊണ്ടു തന്നെയാവാം.

“ഫലഭൂയിഷ്ടമായ സൌഹൃദങ്ങളും അനുഭവവും ജ്ഞാനവുമുള്ള, തമാശകള്‍ പറയുന്ന, സാമാന്യം തുറന്ന പ്രകൃതമുള്ള എന്നാല്‍ പെട്ടെന്നു വായിച്ചെടുക്കാന്‍ പറ്റാത്ത വ്യക്തിയാണ് കമല”എന്നാണ് കമലയെകുറിച്ച് മെറിലിയുടെ അഭിപ്രായം. കമലാദാസിന്റെ ജീവിതത്തെ വളരെ അടുത്തു നിന്ന് നോക്കിക്കാണുകയും നിറംപിടിപ്പിക്കാതെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് മെറിലി. ആത്മകഥകളും ജീവചരിത്രങ്ങളും മലയാളത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ആത്മകഥയുടെയും ജീവചരിത്രത്തിന്‍റെയും സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഈ പുസ്തകം ആത്മകഥയോ ജീവചരിത്രമോ അല്ല മറിച്ച് കമലയുടെയും മെറിലിയുടെയും ആത്മഭാഷണവും ഓര്‍മ്മകളും അനുഭവങ്ങളുമാണ്. ഒരെഴുത്തുകാരി മറ്റൊരെഴുത്തുകാരിയെ സൌഹൃദം കൊണ്ടും സ്നേഹം കൊണ്ടും തൊട്ടറിയുന്നത് വായനക്കാര്‍ക്കും അനുഭവിക്കാനാകുമെന്നത് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പുസ്തകം ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍