UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതാപ് ഭാനു മേത്തയുടെ രാജി: സംഘിവത്ക്കരണത്തിന്റെ മറ്റൊരു അധ്യായം

Avatar

അഴിമുഖം പ്രതിനിധി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ അക്കാദമിക്, സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് സംഘപരിവാര്‍ ബന്ധമുള്ളവരെ നിയമിക്കുന്ന പദ്ധതിയുടെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രററി (NMML)യില്‍ നടക്കുന്നത്. ആര്‍.എസ്.എസ് സഹയാത്രികനും അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് പി.എം.ഓയില്‍ ജോലി ചെയ്തിരുന്നയാളുമായ ശക്തി സിന്‍ഹയെ NMMLന്റ്റെ ഡയറക്ടറായി നിയമിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ അക്കാദമീഷ്യനും പൊളിറ്റിക്കല്‍ സയന്റിസ്റ്റുമായ പ്രതാപ് ഭാനു മേത്ത കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. (രാജിക്കത്തിന്റെ പൂര്‍ണരൂപം താഴെ)

 

ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യാ ഫൗണ്ടേഷന്‍ ഡയറക്ടറായിരുന്ന സിന്‍ഹ ഏതാനും ദിവസം മുമ്പാണ് ഈ സ്ഥാനമൊഴിഞ്ഞത്. ഇന്ത്യാ ഫൗണ്ടേഷന്‍ ബോര്‍ഡ് ഡയറക്ടറായ ആര്‍.എസ്.എസ് നേതാവ് റാം മാധവാണ് സിന്‍ഹയുടെ നിയമനത്തിന് ചുക്കാന്‍ പിടിച്ചത് എന്നാണ് വാര്‍ത്തകള്‍. NMML ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിയോഗിച്ച സെലക്ഷന്‍ കമ്മിറ്റിയുടെ തലവന്‍ NMML വൈസ് ചെയര്‍പേഴ്‌സണായ ബി.ജെ.പി എം.പി എം.ജെ അക്ബറാണ്. അക്ബറിനു പുറമെ പ്രസാര്‍ ഭാരതി സി.ഇ.ഒ എ. സൂര്യ പ്രകാശ്,  കുമാര്‍ സഞ്ജയ് കൃഷ്ണ, മഖന്‍ ലാല്‍, മേത്ത എന്നിവരായിരുന്നു അംഗങ്ങള്‍. ഇതില്‍ സിന്‍ഹയ്‌ക്കൊപ്പം ബോര്‍ഡില്‍ ഇരുന്നവരാണ് അക്ബറും സൂര്യപ്രകാശും. സിന്‍ഹയുടെ നിയമനത്തോട് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ലോകേഷ് ചന്ദ്രയും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷയില്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അനുമതിയില്ലാതെ യോഗ്യതാ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയെന്നാണ് മേത്ത തന്റെ രാജിക്കത്തില്‍ ആരോപിച്ചിരിക്കുന്നത്. ‘സ്‌കോളര്‍ അല്ലെങ്കില്‍ റൈറ്റര്‍’ എന്നായിരുന്നു ഈ പദവിയിലേക്ക് വേണ്ട യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മറ്റംഗങ്ങളോട് ആലോചിക്കാതെ ഇത് ‘സ്‌കോളര്‍ അല്ലെങ്കില്‍ റൈറ്റര്‍ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍’ എന്നാക്കുകയായിരുന്നു. ഇതില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പട്ടികയില്‍ മാത്രമാണ് സിന്‍ഹയെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുക. അതോടൊപ്പം, അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം 22-ന് നല്‍കുകയും ആ മാസം ഒടുവില്‍ വരെ മാത്രം അവസാന തീയതിയായി നല്‍കുകയും ചെയ്തതു വഴി തിടുക്കപ്പെട്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മേത്ത രാജിക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങള്‍ കൈയ്യടക്കുന്നതിന്റെ ഭാഗമായുള്ള അവസാനത്തെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മേത്ത രാജിവയ്ക്കുന്നതിനു മുമ്പ് തന്നെ സിന്‍ഹയെ ഇവിടെ നിയമിക്കാനുള്ള നീക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസോ സാംസ്‌കാരിക വകുപ്പോ നിയമനത്തിന് അന്തിമ അനുമതി നല്‍കിയിട്ടില്ല.

 

 

പ്രതാപ് ഭാനു മേത്തയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം.

 

പ്രിയപ്പെട്ട പ്രൊഫസര്‍ ചന്ദ്ര,

നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (NMML) എക്സിക്യൂട്ടീവ് സമിതിയില്‍ നിന്നും രാജി സമര്‍പ്പിക്കുന്നതിനാണ് ഞാനിതെഴുന്നത്. ഈ സര്‍ക്കാരാണ് എന്നെ ഈ സമിതിയില്‍ നിയമിച്ചത്. പക്ഷേ,കഴിഞ്ഞ കുറച്ചാഴ്ച്ചകളായുള്ള സംഭവവികാസങ്ങള്‍, എനിക്കു പൊരുത്തപ്പെടാനാവാത്ത ഒരു ദിശയിലേക്കാണ് NMML പോകുന്നതെന്ന് ഉറപ്പാക്കുന്ന തരത്തിലാണ്.

 

ഈ സാഹചര്യങ്ങളില്‍ സ്ഥാപനത്തിന് എന്തെങ്കിലും അര്‍ത്ഥപൂര്‍ണമായ സംഭാവനകള്‍ നല്കാന്‍ എനിക്കാവുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ഞാന്‍ സ്ഥാനമൊഴിയുകയാണ്.

 

താങ്കള്‍ക്കറിയാവുന്നതുപോലെ തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാര്‍ശകളില്‍ എനിക്കു അസംതൃപ്തിയുണ്ട്.

 

NAML പോലുള്ള ഒരു സ്ഥാപനത്തിന്റെ ഖ്യാതിയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ വലിയ തിടുക്കത്തിലാണ് സമിതി അതിന്റെ ശുപാര്‍ശകള്‍ നല്‍കിയതെന്ന് ഞാന്‍ കരുതുന്നു. ഒരു സ്മാരകസ്ഥാപനവും വായനശാലയും എന്നതിനേക്കാള്‍ വ്യാപകമായ ഉത്തരവാദിത്തം NMML-നുണ്ട്. ചരിത്ര ഗവേഷണത്തിന്റെ കേന്ദ്രമാണത്. പൊതുവില്‍ ആശയങ്ങളുടെ ലോകത്ത് വലിയ സംഭാവനകള്‍ നല്കാനും അതിനു ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ഈ സ്ഥാപനറ്റിന്റെ മേധാവി ബൌദ്ധികമായ ആദരവ് പിടിച്ചുപറ്റാന്‍ ശേഷിയുള്ള ഒരാളാകേണ്ടത് വളരെ പ്രധാനമാണ്.

 

സമിതി അതിന്റെ പ്രധാന ശുപാര്‍ശയായി മുന്നോട്ടുവെച്ച ഒന്നാം നമ്പറുകാരന്‍ ഇത്തരത്തില്‍ എന്തെങ്കിലും ആദരവ് പഠന, ഗവേഷണസമൂഹത്തില്‍ ഉള്ളയാളായി ഞാന്‍ കരുതുന്നില്ല. ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ അയാളുടെ ശേഷികളെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഞാനാളല്ല. പക്ഷേ NMML-ന്റെ ചരിത്രത്തില്‍ ഇപ്പോള്‍ അതിനാവശ്യമുള്ള മികച്ച ബൌദ്ധിക നേതൃത്വം നല്കാന്‍ കഴിവുള്ള ഒരാളാണെന്ന് അദ്ദേഹത്തിന്റെ മുന്‍കാലം സാക്ഷ്യപ്പെടുത്തുന്നില്ല.

 

പഠന, ഗവേഷണ രംഗത്തോ, അക്ഷരങ്ങളുടെ ലോകത്ത് പൊതുവിലും പ്രത്യേകിച്ചൊരു സവിശേഷതയുമില്ലാത്ത ഒരാളെ തലവനായി നിയമിക്കുന്നത് NMML എന്ന സ്ഥാപനത്തെക്കുറിച്ച് തീര്‍ത്തൂം മോശമായ സൂചനകളാണ് നല്കുക. ഡയറക്ടരുടെ പദവിക്കുവേണ്ട യോഗ്യതകള്‍, എക്സിക്യൂട്ടീവ് സമിതി പുതുക്കിയത്തിന്റെ പിന്നിലുള്ള ഉദ്ദേശത്തെയും ഇത്തരമൊരാളുടെ നിയമനത്തിലൂടെ ലംഘിക്കുന്നു.

 

ഞാന്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ നമ്മള്‍ നല്കിയ പരസ്യം തന്നെ എക്സിക്യൂട്ടീവ് സമിതിയുടെ മാര്‍ഗരേഖയുമായി ഒത്തുപോകാത്തതായിരുന്നു. ഇതാണ് നമ്മള്‍ ഉദ്ദേശിക്കാത്തതു പോലെ വെറും ഭരണകര്‍ത്താവായ ഒരാളെ ആ സ്ഥാനത്തേക്ക് വെക്കാന്‍ വഴിയൊരുക്കിയത്. ഈ പരസ്യം എക്സിക്യൂട്ടീവ് സമിതിയുടെ അംഗീകാരം കിട്ടിയ ഒന്നായിരുന്നില്ല.

 

പാണ്ഡിത്യമികവിനെ കണക്കിലെടുക്കേണ്ട എന്നു തീരുമാനിക്കുന്നത് അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ സമിതിയുടെ (സര്‍ക്കാരിന്റെ) അവകാശമാണ്. എന്നാല്‍ ഈ തള്ളിപ്പറയിലിന് എനിക്കു കൂട്ടുനില്‍ക്കാന്‍ കഴിയില്ല എന്നു നിങ്ങള്‍ മനസിലാക്കുമല്ലോ.

 

ഞാന്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ ചൂണ്ടിക്കാണിച്ചപോലെ മൊത്തം അപേക്ഷകളും ഇത്തരമൊരു സുപ്രധാന സ്ഥാപനത്തിലേക്ക് യോഗ്യമായവയല്ല. അതിനൊരു കാരണം ഈ പ്രക്രിയ കൂടിയായിരിക്കും; പരസ്യം നല്‍കിയതിനുശേഷം സാധ്യതയുള്ളവരെ കണ്ടെത്താന്‍ സമിതി ഒട്ടും സമയം എടുത്തിരുന്നില്ല. പക്ഷേ ഈ മോശം അപേക്ഷകളുടെ കാരണം മറ്റൊന്നുകൂടിയായിരിക്കും എന്നെനിക്ക് തോന്നുന്നു. ബഹുതല രാഷ്ട്രീയ, ഭരണ സമ്മര്‍ദങ്ങളുള്ള തരത്തില്‍ നാം സൃഷ്ടിച്ച ഈ സ്ഥാപന സംവിധാനത്തില്‍ മികച്ച പഠന, ഗവേഷണ മികവുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ് എന്നൊരു തോന്നല്‍ കൂടിയുണ്ട്. ഈ തോന്നല്‍ എങ്ങനെയുണ്ടായി എന്നു നാം ചര്‍ച്ച ചെയ്യേണ്ടതാണ്. പക്ഷേ മികച്ച പാണ്ഡിത്യ മികവുള്ളവരോട് ഇത്തരം മുന്‍നിര സ്ഥാപനങ്ങള്‍ ശത്രുതാപരമായാണ് നിലകൊള്ളുന്നതെന്ന തോന്നലിനെ കൂടുതല്‍ മോശമാക്കാന്‍ നമ്മളാവുന്നതെല്ലാം നാം ചെയ്യുന്നു എന്ന വാസ്തവം നാം മനസിലാക്കിയെ മതിയാകൂ. ഈ നിയമനവും ആ തോന്നലിനെ കൂടുതല്‍ തീവ്രമാക്കും.

 

ഞാനെന്റെ വിയോജിപ്പ് പ്രകടിപ്പിച്ചതിനാല്‍, എന്റെ സഹപ്രവര്‍ത്തകരെയോ നിര്‍ദ്ദിഷ്ട ഡയറകടറെയോ സമിതിയിലെ എന്റെ സാന്നിധ്യം കൊണ്ട് അലോസരപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സ്ഥാപനത്തെ ഏത് വഴിക്കും കൊണ്ടുപോകാനുള്ള സമിതിയുടെ അവകാശത്തെ ഞാന്‍ മാനിക്കുന്നു. പക്ഷേ അതേപോലെ എന്റെ രാജിയുടെ കാരണനങ്ങളും സമിതി മനസിലാക്കുമെന്ന് ഞാന്‍ കരുതുന്നു.

 

എന്റെ സഹപ്രവര്‍ത്തകര്‍ എനിക്കേറെ നല്ല അനുഭവങ്ങള്‍ നല്കി. പക്ഷേ NMML ഡയറക്ടര്‍ നിയമനം പോലുള്ള കാര്യങ്ങളില്‍ ഞങ്ങളുടെ  കാഴ്ച്ചപ്പാടുകള്‍ ഏറെ ഭിന്നമാണെന്ന് വ്യക്തമായതിനാല്‍  പിരിയുന്നതാണ് നല്ലത്. ഞാനെന്റെ രാജി സമര്‍പ്പിക്കുന്നു. എക്കാലത്തും ഈ സ്ഥാപനത്തിന്റെയും അതിന്റെ ഉന്നതമായ മൂല്യങ്ങളുടെയും സുഹൃത്തായിരിക്കും ഞാനെന്നും ഉറപ്പുനല്‍കുന്നു.

ഊഷ്മളമായ ആശംസകളോടെ,

പ്രതാപ് ഭാനു മേത്ത

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍