UPDATES

നല്ല സിനിമകള്‍ പ്രദര്‍ശിപ്പിച്ചാലല്ലേ സുവര്‍ണ ചകോരം പ്രതീക്ഷിക്കേണ്ടതുള്ളൂ; ഛായാഗ്രാഹകന്‍ പ്രതാപ് നായര്‍

Avatar

പ്രതാപ്  പി  നായര്‍ / വിഷ്ണു

ചലച്ചിത്രോത്സവം ഇരുപതു വര്‍ഷം പൂര്‍ത്തിയായിട്ടും എന്തുകൊണ്ടാണ് ഒരു മലയാള സിനിമയ്ക്ക് മേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ സുവര്‍ണ്ണ ചകോരം നേടാന്‍ സാധിക്കാത്തത്? ലോകസിനിമയിലേക്ക് ഇത്രയേറെ തുറന്നു വച്ച ഒരു സമൂഹം വേറെ ഉണ്ടാകില്ല. എന്നിട്ടും അത് നമ്മുടെ സംവിധായകരെ പ്രചോദിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും പരാജയപ്പെടുകയാണോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ? അഴിമുഖം ചര്‍ച്ചയില്‍ പ്രമുഖ മലയാളം/ മറാത്തി ഛായാഗ്രാഹകനായ പ്രതാപ്  പി  നായര്‍ സംസാരിക്കുന്നു. ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ച മണ്‍റോതുരുത്ത് എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് പ്രതാപ് ആണ്.(ചര്‍ച്ചയിലെ  മുന്‍ പ്രതികരണങ്ങള്‍- കമല്‍ , സുദേവന്‍ഡോ. ബിജു )


മലയാള സിനിമക്ക് എന്തകൊണ്ടു സുവര്‍ണ ചകോരം കിട്ടുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. ഇതൊരു തുറന്ന ചര്‍ച്ചയാക്കി മാറ്റേണ്ടതുണ്ട്. വാസ്തവത്തില്‍ മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ കൂടിയാണു ഫിലിം ഫെസ്റ്റിവല്‍. എന്നാല്‍ നടക്കുന്നതൊക്കെ നേരെ മറിച്ചും. എല്ലാ ഫെസ്റ്റിവലുകളിലും മലയാള സിനിമയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവാദം ഉണ്ടാകുന്നു. ആരെങ്കിലും എവിടെ നിന്നെങ്കിലും മുഖ്യധാര സിനിമകള്‍ എന്ന് വിളിക്കപ്പെടുന്ന കച്ചവട സിനിമകള്‍ ഫെസ്റ്റിവലില്‍ തള്ളിക്കയറ്റും. അവിടെ തഴയപ്പെടുന്നത് കലാമൂല്യമുള്ള ചിത്രങ്ങളായിരിക്കും. പിന്നെ എങ്ങനെയാണ് നമ്മുടെ നല്ല സിനിമകള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കുക? എല്ലാ തവണയും നടക്കുന്നത് ഇതു തന്നെയാണ്. 

മുഖ്യധാര സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല്‍ കലാമൂല്യമുള്ള സിനിമകളെ ഒഴിവാക്കിക്കൊണ്ട് വാണിജ്യതാത്പര്യത്തില്‍ എടുത്ത സിനിമകളെ തിരുകി കയറ്റുന്നത് സംവിധായകരോടും മികച്ച സിനിമകള്‍ കാണാന്‍ എത്തുന്ന പ്രേക്ഷകരോടും കാണിക്കുന്ന നീതികേടാണ്. മലയാളികള്‍ മാത്രമല്ല ചലച്ചിത്രോത്സവത്തിന് എത്തുന്നത്. നമ്മുടെ മേളയുടെ പെരുമയില്‍ പല ഭാഷക്കാരായ പ്രേക്ഷകരും സംവിധായകരുമൊക്കെ വരുന്നുണ്ട്. അത്തരമൊരു വേദിയില്‍ മലയാള സിനിമ എന്ന പേരില്‍ ഈ വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിച്ചാല്‍ ശരിയാകുമോ? കച്ചവട സിനിമകള്‍ പ്രദര്‍ശിപ്പിച്ചേ മതിയാകൂ എന്നാണു നിര്‍ബന്ധമെങ്കില്‍ അവയ്ക്ക് വേണ്ടി മേളയില്‍ ഒരു വിഭാഗം ഉണ്ടാക്കണം.

 സാഹചര്യങ്ങളൊക്കെ ചര്‍ച്ചയില്‍ വരുമ്പോഴാണ് എന്തിനു വേണ്ടിയാണ് നമ്മുടെ ചലച്ചിത്ര അക്കാദമി എന്ന ചോദ്യം ഉയരുന്നത്. ഫെസ്റ്റിവല്‍ കാലത്ത് ഉണരുകയും മറ്റു സമയത്ത് സുഖ നിദ്രയിലുമാണ് നമ്മുടെ അക്കാദമി. ഈ നിര്‍ഗുണാവസ്ഥ മാറേണ്ടതുണ്ട്. ഇവിടെ നല്ലൊരു ലൈബ്രറി സംവിധാനം ഇല്ല. ചലച്ചിത്ര പഠനത്തിനുതകുന്ന എന്തു സൗകര്യങ്ങളാണ് അക്കാദമിയില്‍ ഉള്ളത്. രാഷ്ട്രീയത്തിനതിതമായി കലാകാരന്മാരുടെ കൈകളില്‍ ചലച്ചിത്ര അക്കാദമി എന്ന് എത്തുന്നുവോ അന്ന് മാത്രമേ അതിനു നല്ലൊരു ഭാവി ഉണ്ടാകുകയുള്ളൂ.

സത്യത്തില്‍ നമ്മുടെ സര്‍ക്കാര്‍ മലയാള സിനിമയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ സബ്‌സിഡി അര്‍ഹതപ്പെട്ട സിനിമകള്‍ക്കാണോ ലഭിക്കുന്നത്?

മറ്റു സംസ്ഥാനങ്ങള്‍ അവരുടെ സിനിമയെ വേണ്ട വിധം പ്രെമോട്ട് ചെയ്യുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ സിനിമയെ ഇല്ലാതാക്കുകയാണ്. ബോളീവുഡ് സിനിമയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോയ മറാത്തി സിനിമ ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചു വരുന്നത്. മറാത്തി സിനിമാവ്യവസായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ 40 ലക്ഷം രൂപയാണ് സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. മാത്രമല്ല മറാത്തി സിനിമകള്‍ കര്‍ശനമായും പ്രദര്‍ശിപ്പിക്കണം എന്ന് തിയേറ്റര്‍ ഉടമകളോട് ചട്ടം കെട്ടിയിരിക്കുന്നു. എന്നാല്‍ ഇവിടെയോ! ഒരു തമിഴ് സിനിമയോ ഹിന്ദി സിനിമയോ വന്നാല്‍ മലയാള സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയോ പ്രദര്‍ശനം അവസാനിപ്പിക്കുകയോ ആണുപതിവ്. ഇവിടുത്തെ മുഖ്യധാര സിനിമ തന്നെ നേരിടുന്ന വെല്ലുവിളിയാണിത്. അപ്പോള്‍ ആര്‍ട്ട് സിനിമകളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ! കേരളത്തിലെ തീയെറ്റര്‍ ഉടമകള്‍ സിനിമയെ പ്രോത്സാഹിപ്പിക്കുന്നില്ല. അവര്‍ക്കിത് കേവലം ബിസിനസ് മാത്രാണ്. സര്‍ക്കാര്‍ തീയെറ്ററുകളുടെ സ്ഥിതിയും വ്യതസ്തമല്ല. ഒരുപക്ഷെ മറ്റു ഭാഷകള്‍ക്ക് മുന്നേ സിനിമ സാക്ഷരത നേടിയ കേരളത്തില്‍ തന്നെയാണ് സിനിമയെ കൊല്ലുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍