UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതീഷ് എന്ന വിപ്ലവകാരി

Avatar

ടീം അഴിമുഖം

അമേരിക്കന്‍ നരവംശശാസ്ത്രജ്ഞയായ മാര്‍ഗരറ്റ് മീഡ് പറഞ്ഞ പ്രശസ്തമായ ഒരു വാചകമുണ്ട്: “ചിന്താശേഷിയും പ്രതിബദ്ധതയമുള്ള ഒരു ചെറിയ കൂട്ടം മനുഷ്യര്‍ക്ക് ഈ ലോകത്തെ മാറ്റിമറിക്കാനാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല, തീര്‍ച്ചയായും അതുമാത്രമാണ് ഒരു പോംവഴി”.

അല്ലെങ്കില്‍ തന്നെ ഏതു വിപ്ലവത്തിന്റേയും ചരിത്രമെടുത്തു നോക്കൂ. അതൊക്കെ തുടങ്ങിയത് ഏതെങ്കിലും കഫേകളില്‍, ക്ലബുകളില്‍, ലൈബ്രറികളില്‍ ഒക്കെ ഒത്തുകൂടിയിരുന്ന ഒരു ചെറിയ കൂട്ടം മനുഷ്യര്‍ തങ്ങളുടെ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കൂടിയാലോചനകള്‍ നടത്തിയതിന്റെ ഫലമായാണ്. കാലം മാറിയതോടെ സോഷ്യല്‍ മീഡിയ വഴിയും ഇത്തരം വിപ്ലവങ്ങള്‍ സാധ്യമാകുമെന്ന് തെളിഞ്ഞു: അറബ് വസന്തത്തിനായി സോഷ്യല്‍ മീഡിയയില്‍ ഒരുങ്ങിയത് എത്രയെത്ര വെര്‍ച്വല്‍ കോഫീഷോപ്പുകള്‍.

അതൊക്കെ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നടക്കുന്ന കാര്യം. ഇനി ഇതാ ഇവിടേക്ക് നോക്കു: നമ്മുടെ ചുറ്റുപാടും അത്തരത്തില്‍ ചിലത് നടക്കുന്നുണ്ട്. ഈയാഴ്ച ആദ്യമാണ് ഒരു ചെറുപ്പക്കാരന്‍ അത്തരമൊരു വിപ്ലവത്തിന് തുടക്കം കുറിച്ചത്. ആള്‍ മലയാളിയുമാണ് എന്നതില്‍ നാം അഭിമാനപുളകിതരാകേണ്ടതുണ്ട്. ആ കക്ഷിയാണ് അഭിഭാഷകനായ പ്രതീഷ് വിശ്വനാഥ്. അദ്ദേഹം കഴിഞ്ഞ ഒക്‌ടോബര്‍ 26-ന് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റസിട്ടാണ് ആ മഹാവിപ്ലവത്തിന് തുടക്കം കുറിച്ചത്. (https://www.facebook.com/photo.php?fbid=922549907782675&set=a.588110761226593.1073741828.100000830225413&type=3&theater) എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റിനോ മുറി ഇംഗ്ലീഷില്‍ പറഞ്ഞിരിക്കുന്ന “നമുക്ക് കാണാം” എന്ന ആ ദീര്‍ഘവീക്ഷണമുള്ള ആത്മഗതത്തിനോ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല.

പക്ഷേ, ഒരുനാള്‍ നമ്മുടെ ചരിത്രകാരന്മാര്‍ ഇതൊക്കെ തിരിച്ചറിഞ്ഞേക്കാം. രാജ്യത്ത് നിന്ന് ബീഫ് തീറ്റക്കാരെ തുടച്ചുനീക്കിയ ആ വിപ്ലവത്തിന്റെ ദീര്‍ഘദൃഷ്ടിയായ അണിയറക്കാരനെ കുറിച്ച് അവര്‍ കൂലങ്കൂഷമായി ചിന്തിക്കുകയും ആ ചരിത്രപരമായ ഫേസ്ബുക്ക് പോസ്റ്റിലെ മഹത്തായ “Let us see” എന്ന വാക്കിന്റെ അര്‍ഥവ്യാപ്തിയെ ഇഴകീറി പരിശോധിക്കുകയും ചെയ്യുമായിരിക്കും.

മാത്രമല്ല, ആഗോളതലത്തില്‍ തന്നെ കോടിക്കണക്കിന് മനുഷ്യരുടെ ഭക്ഷണശീലത്തെ മാറ്റിമറിച്ച പ്രതീഷിന്റെ ആ ഉഗ്രന്‍ വ്യക്തിത്വത്തെ കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ചുമായിരിക്കും നമ്മുടെ കാലത്തെ ചരിത്രപുസ്തകങ്ങളില്‍ ഇനി നിറയാന്‍ പോവുക. ഗോമാതവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തിമൂലം ബീഫ് തീറ്റ ഉപേക്ഷിച്ച ലക്ഷക്കണക്കിന് പേര്‍ പലവേദികളിലും സാക്ഷ്യം പറയാനെത്തുമെന്നും നമുക്ക് കരുതാം. അതിലുമുപരി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ അടിമുടി മാറ്റിമറിച്ച ചരിത്രപരമായ രാഷ്ട്രീയ സഖ്യത്തിന് രൂപം കൊടുക്കുന്നതില്‍ അദ്ദേഹം വഹിച്ച ആ പങ്കുണ്ടല്ലോ, അതൊക്കെ കാണാനും വേണം ഒരു യോഗം. ആദര്‍ശമല്ല ഈ രാജ്യത്ത് വേണ്ടതെന്നും മറിച്ച് നമ്മളൊക്കെ ഹിന്ദുക്കളല്ലേയെന്ന ആഹ്വാനം മുഴക്കി ബി.ജെ.പി- എസ്.എന്‍.ഡി.പി മഹാസഖ്യത്തിന്റെ കൊടിക്കൂറ പാറിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരിക്കും എന്നു ചുരുക്കം.

അദ്ദേഹത്തിന്റെ ആ ചരിത്രപരമായ ഫേസ്ബുക്ക് പോസ്റ്റ് പിറവികൊണ്ടതിനു തൊട്ടുപിന്നാലെയാണ് വിപ്ലവകാരികളായ ഹിന്ദു സേനയും അതിലേറെ വിപ്ലവം കൊണ്ടുനടക്കുന്ന പോലീസുകാരും കേരള ഹൗസില്‍ ലാന്‍ഡ് ചെയ്തത്. അങ്ങനെ പ്രതീഷ് കൊളുത്തിയ ആ തീ അതാ പടരുകയാണ് സുഹൃത്തുക്കളേ… പടരുകയാണ്. ആരെയൊക്കെയാണ് ആ തീ വിഴുങ്ങന്നത്? ഉമ്മന്‍ ചാണ്ടി, അരവിന്ദ് കെജ്‌രിവാള്‍, എത്രയെത്ര മുഖ്യമന്ത്രിമാര്‍… അങ്ങനെ ആരൊക്കെ നിലംപരിശാകുന്നു? പോരാത്തതിന് ബീഫ് പരിശോധിക്കാന്‍ കേരള ഹൗസിലെത്തിയ തന്റെ പോലീസുകാരുടെ ശുഷ്‌കാന്തിയെ ന്യായീകരിച്ചുകൊണ്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ തന്നെ രംഗത്തെത്തിയ ആ മനോഹര കാഴ്ചയ്ക്കും പ്രതീഷ് അല്ലാതെ മറ്റാരാണ് പുരസ്‌കൃതനാകേണ്ടത്?

മാല ഇട്ടോണ്ട് നടക്കുന്നത് മറ്റുള്ളവര്‍ക്ക് പിടിച്ചു പറിക്കാനാണ് എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ ഒക്കുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ലോധി ഗാര്‍ഡന്‍, ഖാന്‍ മാര്‍ക്കറ്റ് ഏരിയയില്‍ മാത്രം ഒരു ഡസനിലേറെ പിടിച്ചുപറിയും മാലപൊട്ടിക്കല്‍ സംഭവങ്ങളും അരങ്ങേറിയെങ്കിലും ഏതെങ്കിലും സ്ത്രീക്ക് സഹായഹസ്തവുമായി ഇത്ര ശുഷ്‌കാന്തി കാണിക്കുന്ന ഡല്‍ഹി പോലീസുകാര്‍ എത്തിയതായി അറിവില്ല. 100 എന്ന നമ്പര്‍ സഹായം ആവശ്യമുള്ളവര്‍ക്കു വേണ്ടിയുള്ളതാണെന്നാണല്ലോ വയ്പ്. ഒരു സ്ത്രീയെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മാലയും മറ്റു സാധനങ്ങളും പിടിച്ചുപറിച്ച ശേഷം മുങ്ങിയ ഒരാളെ പിടിക്കാന്‍ അരമണിക്കൂര്‍ കഴിഞ്ഞ് സ്ഥലത്തെത്തുന്ന ഡല്‍ഹി പോലീസാണ് നമ്മുടെ ഏക ആശ്വാസം. (നമ്മുടെ സ്ത്രീകള്‍ക്കുള്ള ഒരുപദേശം: ഇനി നിങ്ങളെ ആരെങ്കിലും ആക്രമിക്കുന്നു എന്നു കരുതുക, 100-ല്‍ വിളിച്ച് ഇക്കാര്യം പറയുന്നതിന് മുമ്പ്  ബീഫ് എന്നലറുക. നിങ്ങളുടെ ജീവിതം സുരക്ഷിതമായിരിക്കും.)

ബീഫ് സുക്ഷിച്ചിട്ടുണ്ട് എന്ന സംശയത്തിന്റെ പേരില്‍ ഡല്‍ഹി പോലീസിന് കേരള ഹൗസില്‍ കയറാനും അടുക്കള വരെ പരിശോധിക്കാനും അധികാരമുണ്ടോ എന്നൊക്കെ നമ്മുടെ ഘടാഘടിയന്‍ നാഷണല്‍ മീഡിയയെക്കൊണ്ട് വരെ ഒരുദിവസം മുഴുവന്‍ ഡിബേറ്റ് ചെയ്യിക്കാന്‍ പ്രതീഷിന്റെ ആ സാംസ്‌കാരിക ഇടപെടല്‍ കൊണ്ട് സാധ്യമായി എന്നത് ചില്ലറക്കാര്യമാണോ? വിവരക്കേടിന് യാതൊരു പഞ്ഞവുമില്ലാത്ത നാടായതു കൊണ്ട് ഡല്‍ഹി പോലീസ് പറയുന്നത് നമുക്ക് കേള്‍ക്കേണ്ടി വരും, ബീഫ് തിന്നോ, പക്ഷേ സൂക്ഷിക്കാന്‍ പാടില്ല എന്നൊക്കെ. ഉമ്മന്‍ ചാണ്ടിയൊക്കെ ആര്, കേരള ഹൗസ് സംഭവത്തെ കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും തന്റെ ആ ഗംഭീരമൗനത്തിന് ഭംഗം വരുത്താന്‍ അദ്ദേഹം തയായ്യാറായോ? അതാണ് നരേന്ദ്ര മോദി. പക്ഷേ ഒരുകാര്യം ഉറപ്പാണ്. എന്നെങ്കിലും അദ്ദേഹം വായ തുറന്നാല്‍ പ്രതീഷിന്റെ ആ ചരിത്രപരമായ ഇടപെടലിന്റെ കാര്യത്തില്‍ മോദിക്കും യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടാകാന്‍ ഇടയില്ല.

അല്ലെങ്കില്‍ തന്നെ മോദിക്ക് എങ്ങനെ പ്രതീഷിനിയൊക്കെ തള്ളിപ്പറയാന്‍ പറ്റും? മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന സംഭവത്തെ ഒരുവിധത്തില്‍ അപലപിക്കാതെ അതിനോട് പ്രതികരിച്ച, നാഴികക്ക് നാല്‍പ്പതുവട്ടം ഹിന്ദു-മുസ്ലീം മൈത്രിയെ കുറിച്ച് ആക്രോശിക്കുന്ന, അതിനും ഏതാനും ദിവസം കഴിഞ്ഞ് സംവരണത്തെ കുറിച്ച് പച്ചനുണ പറഞ്ഞ് ബിഹാറിന്റെ തെരഞ്ഞെടുപ്പ് രാഷട്രീയത്തിലേക്ക് വര്‍ഗീയത കുത്തിവച്ച ആള്‍ക്കെങ്ങനെ ഇങ്ങനെയല്ലാതെ പ്രതികരിക്കാന്‍ പറ്റും? സത്യത്തില്‍ പ്രതീഷ് നടത്തിയ ഈ വിപ്ലവത്തിന്റെ കുറച്ച് ക്രെഡിറ്റ് മോദിക്കും എടുക്കാവുന്നതാണ്. കാരണം ഇന്ത്യയിലെ ബീഫ് കയറ്റുമതിയെ കുറിച്ച് മോദി തന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ എടുത്തലക്കിയ ‘പിങ്ക് റവല്യൂഷന്‍’ ഒക്കെത്തന്നെയല്ലേ പ്രതീഷിന്റെ വിപ്ലവാഹ്വാനങ്ങള്‍ക്ക് വഴിമരുന്നിട്ടത്?


കേരള ഹൌസ് കാന്റീനില്‍ സ്ഥാപിച്ച പുതിയ മെനു ബോര്‍ഡ്

റഫറന്‍സസ്
സത്യത്തില്‍ സുഹൃത്തുക്കളെ, പ്രതീഷിന്റെ ആ മഹത്തായ ഇടപെടല്‍, അതിന്റെ ആ ഗരിമ ഒക്കെ കണ്ട് ഞങ്ങള്‍ അത്ഭുതപരതന്ത്രരായിരിക്കുകയായിരുന്നു. ആഗോളതലത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുന്ന വിപ്ലവമാണോ വരാന്‍ പോകുന്നത്? ടോക്കിയോയിലേയും ലണ്ടനിലേയും അമേരിക്കയിലെ പല സ്ഥലങ്ങളിലുമുള്ള കേരള ഹോട്ടലുകളിലേക്ക് കൂടി ഇത് വ്യാപിക്കുമോ? എത്രയെത്ര സ്ഥലങ്ങളിലായിരിക്കും ഇനി ബോര്‍ഡുകള്‍ തിരുത്തി എഴുതേണ്ടി വരിക? അങ്ങനെ ആശങ്കകളും അസ്വസ്ഥതകളും കൊണ്ട് ഞങ്ങളാകെ ഉഴറുകയായിരുന്നു. മലയാളി, കുടിയന്മാരുടേയും അല്ലാത്തവരുടേയുമൊക്കെയായ ‘ബീഫ് ഫ്രൈ’ എന്ന വിശിഷ്ട ഭോജ്യത്തിന്റെ പേര് ഇനി എന്തായിട്ട് മാറ്റിയെഴുതും? സത്യത്തില്‍ പ്രതീഷിനെ നമ്മള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. പേര് മാറ്റാനും അദ്ദേഹം വഴി കാണിച്ചു തരും. അതെന്തായിരിക്കും? ബീഫ് എന്നു മാത്രം മതിയോ? അതോ കന്നുകാലി എന്നോ? അതോ വെറും ഫ്രൈ എന്നോ? ഇനി അതുമല്ലെങ്കില്‍ ഉള്ളിക്കറി എന്നു മതിയാകുമോ?

പേര് മാറ്റുകയോ എന്തെങ്കിലും ചെയ്യട്ടെ, കൈയില്‍ കാശുള്ളവര്‍ ഇനി മുതല്‍ ചിക്കനും മീനും കഴിക്കുമായിരിക്കും. പക്ഷേ ഇതിന്റെയൊക്കെ വില പോകുന്നത് കണ്ടിട്ട് വളരെ അടുത്ത ഭാവിയില്‍ തന്നെ നമ്മളൊക്കെ വെജിറ്റേറിയന്‍മാരായി മാറിയേക്കാം, കുറച്ചുകൂടി കഴിഞ്ഞാല്‍ വെറും പുല്ലുതീനികള്‍. സത്യത്തില്‍ കേരള ഹൗസ് സംഭവം കഴിഞ്ഞയുടന്‍ ടീം അഴിമുഖം ലഭ്യമായ ഒരുവിധപ്പെട്ട ഡിക്ഷണറികളും എന്‍സൈക്ലോപീഡിയകളുമൊക്കെ അരിച്ചുപെറുക്കുകയായിരുന്നു. എവിടെ നിന്നാണ് പ്രതീഷിന് ഇത്രമാത്രം പ്രബുദ്ധത ഒറ്റയടിക്ക് കിട്ടിയത് എന്നറിയാന്‍. കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് എം.എ ഇംഗ്ലീഷ് കഴിഞ്ഞിറങ്ങിയ ആളായാലും ഭാഷയുടെ കാര്യത്തിലുണ്ടാകുന്ന പരിമിതികള്‍ ഞങ്ങള്‍ക്കും മനസിലാകും. പക്ഷേ ഡിക്ഷണറി വായിക്കാന്‍ അത്രേം വലിയ അധ്വാനം ഒന്നും ആവശ്യമില്ലല്ലോ.

Oxford English Dictionary: ബീഫ് എന്നാല്‍ “the flesh of an ox, bull, or cow, used as food.”
Cambridge Dictionary പറയുന്നത് ബീഫ് എന്നാല്‍ “flesh of cattle eaten as meat.”
Encyclopedia Britannica പറയുന്നത് ബീഫ് എന്നാല്‍ “flesh of mature cattle, as distinguished from veal, the flesh of calves.”
പിന്നെ നമ്മുടെ ഫേവറിറ്റ് വിക്കിപീഡിയ: “Beef is the culinary name for meat from bovines, especially cattle. Beef can be harvested from bulls, heifers or steers.”

എന്തായാലും, കന്നുകാലിയെ കുറിച്ചോ വിവരക്കേടിനെ കുറിച്ചോ ആര്‍ക്കെങ്കിലും ക്ലാസ് എടുക്കാമെന്ന് കരുതി പറഞ്ഞതല്ല, പക്ഷേ ചില മഹാവിപ്ലവങ്ങള്‍ നടക്കുമ്പോള്‍ ഇടയ്ക്ക് കയറിവരുന്ന ആകസ്മിക സംഭവവികാസങ്ങളെ കുറിച്ച് പറഞ്ഞുവെന്നേയുള്ളൂ.

ഈ പ്രതീഷ്യന്‍ വിപ്ലവം നാള്‍ക്കുനാള്‍ മുന്നേറട്ടെ, നമ്മളെയൊക്കെ കാലാള്‍പ്പടയായിട്ടെങ്കിലും കൂടെക്കൂട്ടുമായിരിക്കും. ആ ശ്രമത്തില്‍ തന്റെ അടുത്ത വിപ്ലവാഹ്വാനത്തിന് മുമ്പ് പ്രതീഷിന് ചില പൊടിക്കെകള്‍ കൂടി നിര്‍ദേശിക്കാന്‍ ആഗ്രഹിക്കുന്നു. അതായത്, പുതിയ സര്‍ക്കാരിന്റെ കീഴില്‍ ബീഫ് കയറ്റുമതി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒപ്പം ബീഫ് കൊഴുപ്പിന്റെ കയറ്റുമതിയും കുതിച്ച് കയറുന്നുണ്ട്. വിപ്ലവത്തില്‍ പ്രതീഷിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പേരാടുന്ന വെസ്‌റ്റേണ്‍ യു.പിയിലെ അദ്ദേഹത്തിന്റെ പങ്കാളി സംഗീത് സോം സ്ഥാപിച്ച കമ്പനി ബീഫ് കയറ്റുമതിയില്‍ കൂടി കോടികള്‍ നേടിയിരുന്നു. അപ്പോള്‍ ആ വഴിക്കും ഒന്നു നോക്കാവുന്നതാണ്.

അതുകൊണ്ട് സുഹൃത്തുക്കളെ, പ്രതീഷിന്റെ അടുത്ത വിപ്ലവ പോസ്റ്റിനായി നമുക്ക് കാതോര്‍ത്തിരിക്കാം. ഏതുവഴിയില്‍ കൂടിയായിരിക്കണം നമ്മുടെ മുന്നേറ്റം എന്നതിന്- നോര്‍ത്ത് ബ്ലോക്ക് വേണോ, സൗത്ത് ബ്ലോക്ക് വേണോ അതോ ഇനി പാര്‍ലമെന്റില്‍ കൂടി തന്നെയോ- ഉത്തരം കണ്ടെത്താന്‍ ഒരു ഗൂഗിള്‍ മാപ്പ് ഒക്കെയായി കാത്തിരിക്കേണ്ടതുണ്ട്.

ഒരു ചെറിയ കാര്യം കൂടി. പ്രതിവിപ്ലവകാരികളായ ഉമ്മന്‍ ചാണ്ടിക്കും കെജ്‌രിവാളിനുമൊക്കെ ഒരവസരം കൂടി കിട്ടിയേക്കാം-മതസ്പര്‍ധ, തമ്മിലടിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന നിരവധി വകുപ്പുകള്‍ ഇപ്പോഴും ബാക്കിയുണ്ട്. ജയില്‍ ആരുടേയും കുത്തകയൊന്നും അല്ലല്ലോ. പക്ഷേ പ്രതീഷ് തളരില്ല. അദ്ദേഹം വിപ്ലവം പൂര്‍ത്തിയാക്കിയേ അടങ്ങൂ, അത്രേ.

പിന്‍കുറിപ്പ്: ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങി കേരളം കണ്ടിട്ടുള്ള മഹാനുഭാവന്മാരെ, ക്ഷമിക്കുക. ഇമ്മാതിരി വിപ്ലവം കൊണ്ടൊക്കെ ഇത്തരം കക്ഷികള്‍ ഇറങ്ങുമെന്ന് അറിയാനുള്ള ദീര്‍ഘദൃഷ്ടി നിങ്ങള്‍ക്കൊന്നും ഇല്ലായിരുന്നോ?

ഫോട്ടോ കടപ്പാട്: വിപ്ലവ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍

കേരള ഹൗസിലെ ബീഫ് പരിശോധന: പിന്നില്‍ മലയാളിയായ വി.എച്ച്.പിക്കാരന്‍

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍