UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെക്കികളാണ്; പ്രതിബദ്ധതകളുണ്ട്; ഞങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണ്

Avatar

തിരുവനന്തപുരം ടെക്നോപാര്‍ക്ക് രജത ജൂബിലി നിറവിലാണ്. ഗവണ്‍മെന്‍റ് നേതൃത്വത്തില്‍ ഒരു പദ്ധതി എത്രത്തോളം വിജയകരമാക്കാം എന്നതിന്റെ ഉദാഹരണമായിട്ടാണ് ടെക്നോപാര്‍ക്ക് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം അത് തൊഴിലിനെക്കുറിച്ചും സംരംഭകത്വത്തെക്കുറിച്ചുമുള്ള മലയാളികളുടെ പല മിത്തുകളും തകര്‍ക്കുക തന്നെ ചെയ്തിട്ടുണ്ട്. എന്താണ് ടെക്നോപാര്‍ക്ക് കേരളത്തിന്റെ വികസനത്തിന് നല്കിയിട്ടുള്ള സംഭാവനകള്‍? അഴിമുഖം പരമ്പര തുടരുന്നു. 

 

ഐ ടി പ്രൊഫഷന്‍ പലപ്പോഴും ഒരു മിത്തുപോലയാണ്. വേറെയേതോ ലോകത്ത് ജീവിക്കുന്നവരെപ്പോലെയാണ് ടെക്കിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരോ ഐടി പ്രൊഫഷണലിനെയും സമൂഹം നോക്കികാണുന്നത്. സാങ്കല്‍പ്പിക കഥകളിലെ കഥാപാത്രങ്ങളായി അവര്‍ മാറിയിരിക്കുന്നു. ഒന്നിനോടും പ്രതിബദ്ധതയില്ലാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവരായി ചിത്രീകരിക്കപ്പെടുകയാണ് ഈ കൂട്ടര്‍. എന്നാല്‍ ഇതാണോ യാഥാര്‍ത്ഥ്യം? മായികമായൊരു കഥാപാത്രമാല്ല യഥാര്‍ത്തത്തില്‍ ഇവരെന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പ്രതിധ്വനി എന്ന സംഘടന. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ പ്രതിധ്വനിയുടെ ഇടപെടലുകളെ കുറിച്ച് സംസാരിക്കുകയാണ് സംഘടനയുടെ സെക്രട്ടറി രാജീവ് കൃഷ്ണന്‍. (രാജീവ് കൃഷ്ണനുമായി സംസാരിച്ച് അഴിമുഖം പ്രതിനിധി രാകേഷ് നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്).

ടെക്കി; ആ വിളിപ്പേര് പ്രതിനിധാനം ചെയ്യുന്ന ഓരോരുത്തരെക്കുറിച്ചും ചില പൊതുധാരണകളുണ്ട്. സമൂഹത്തില്‍ നിന്ന് വിട്ട് തങ്ങളുടെതായൊരു ലോകത്തിലെ യാന്ത്രിക സൗകര്യങ്ങളില്‍ രമിച്ചു കഴിയുന്നവര്‍. പൊതുവിഷയങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്നവര്‍. അങ്ങനെ പലതും…നമ്മുടെ ചലച്ചിത്രങ്ങളില്‍ ടെക്കികളുടെ ജീവിതം ചിത്രീകരിക്കുന്നതിലെ പിഴവുകളാണിത്. ജീവിതം ആഘോഷിക്കുന്നവരായിട്ടെ ഐ ടി ഫേമുകളില്‍ ജോലി നോക്കുന്നവരെ സിനിമകളിലും കഥകളിലുമൊക്കെ സൃഷ്ടിട്ടിച്ചിട്ടുള്ളൂ. സാമൂഹികപ്രശ്‌നങ്ങളോടോ രാഷ്ട്രീയ ചര്‍ച്ചകളോടോ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടോ താല്‍പര്യമില്ലാത്ത ഒരു കൂട്ടമായി സ്വാഭാവികമായി ടെക്കികളെ മറ്റുള്ളവര്‍ കാണുന്നു.

എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ആരൊക്കെയോ ചേര്‍ന്ന് ചമച്ച പ്രതിരൂപമല്ല ഒരു ടെക്കിയുടേത്. ഞങ്ങള്‍ നിങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടവരല്ല…ഈ സമൂഹത്തിന്റെ തന്നെ പരിച്ഛേദമാണ്.

പ്രതിധ്വനി എന്ന സോഷ്യോ-കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആ വാസ്തവം വിളിച്ചറിയിക്കുകയാണ്. ടെക്‌നോപാര്‍ക്കില്‍ ജോലി നോക്കുന്ന ആയിരക്കണക്കിനു പേരുടെ പങ്കാളിത്തത്തോടെ കഴിഞ്ഞു മൂന്നുവര്‍ഷമായി പാര്‍ക്കിനകത്തും അതേപോലെ പുറത്തുള്ള സാമൂഹികവിഷയങ്ങളിലും വ്യക്തമായ നിലപാടുകളോടെ മുന്നോട്ടുപോകുന്ന സംഘടന. ടെക്കികള്‍ക്ക് സാമൂഹിക പ്രതിബദ്ധത ഇല്ലെന്ന് ആക്ഷേപിക്കുന്നവര്‍ക്കും അവര്‍ക്ക് സാംസ്‌കാരിക ഇടപെടലുകള്‍ക്ക് സാധ്യമല്ലെന്നു വിമര്‍ശിക്കുന്നവര്‍ക്കും പ്രതിധ്വനി ഉത്തമ മറുപടിയാണ്.

2012 ലാണ് പ്രതിധ്വനിക്ക് നമ്മള്‍ രൂപം കൊടുക്കുന്നത്. 350 ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഐടി ഫേമാണ് ടെക്‌നോപാര്‍ക്ക്. അമ്പതിനായിരത്തോളം പേര്‍ ജോലി നോക്കുന്നു. ഒരു ഐടി പ്രൊഫഷണലിന്റെ ജോലി ശാരീരികമായും മാനിസകമായും സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നതാണെന്നത് സത്യമാണ്. പലപ്പോഴും ഈ സ്‌ട്രെസ്സ് മറികടക്കാന്‍ കഴിയാതെ വരുന്നതോടെയാണ് ടെക്കികള്‍ക്കിടയില്‍ സാധാരണ കണ്ടുവരുന്ന ഡിപ്രഷന്‍സ് ഉണ്ടാകുന്നത്. മാനസികമായ ഉല്ലാസമാണ് ഇത്തരുണത്തില്‍ അവര്‍ക്ക് ആവശ്യം. ഈ സാഹചര്യം തന്നെയാണ് പ്രതിധ്വനിയെ പ്രസക്തമാക്കുന്നതും.

സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം ഒരുക്കിയാണ് പ്രതിധ്വനിയുടെ പ്രവര്‍ത്തനാരംഭം. ആ ചലച്ചിത്രം അന്ന് തിരുവനന്തപുരത്ത് റിലീസ് ചെയ്തിരുന്നില്ല. വളരെ നല്ല പ്രതികരണത്തോടെയാണ് അത്തരമൊരു സിനിമാപ്രദര്‍ശനത്തെ ജീവനക്കാര്‍ സ്വീകരിച്ചത്. അതോടെ പാര്‍ക്കിനകത്ത് നല്ലൊരു കള്‍ച്ചറല്‍ പ്ലാറ്റ്‌ഫോമിന്റെ ആവശ്യകതയുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. യാന്ത്രികമായ മനസ്സുള്ളവരല്ല ഇവിടെയുള്ളത്. അവരുടെയുള്ളിലും ലളിതമായ വികാരങ്ങളുണ്ട്. കലയോടും സാഹിത്യത്തോടും താല്‍പര്യമുണ്ട്. പൊതുബോധങ്ങളോട് ചേര്‍ന്ന് പോകാനുള്ള ത്വരയുണ്ട്. അവയ്ക്കുള്ള വേദി ലഭ്യമാകാതെ പോകുന്നുവെന്നതുമാത്രമാണ് പ്രതിസന്ധി. സമയമില്ലായ്മ തന്നെ അതിനും കാരണം. എന്നാല്‍ പ്രതിധ്വനി ഇന്‍ഷ്യേറ്റീവ് എടുത്ത് അത്തരമൊരു വേദിയൊരുക്കിയാല്‍ പങ്കാളികളാകാന്‍ വരുന്നവരുടെ എണ്ണം വലുതായിരിക്കുമെന്ന് ഉറപ്പായിരുന്നു.

സാധാരണ ഓരോ കമ്പനികളിലും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് നമുക്കറിയാവുന്ന കാര്യമാണ്. ടെക്‌നോപാര്‍ക്കില്‍ നിരവധി കമ്പനികളാണ്. അതിനാല്‍ തന്നെ ഇന്റര്‍ കമ്പനി കള്‍ച്ചറല്‍ മീറ്റുകള്‍ സംഘടിപ്പിക്കുന്നത് നല്ലൊരു അനുഭവമായിരിക്കുമെന്ന് മനസ്സിലായി. പ്രതിധ്വനി അതിനു തുടക്കമിട്ടതോടെ ജീവനക്കാരില്‍ അത് നിറച്ചത് നവ്യമായൊരു ആത്മവിശ്വാസമായിരുന്നു. അവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി.

2012 ല്‍ ആണ് നമ്മള്‍ ആദ്യമായി ഒരു ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്; ക്വിസ എന്ന പേരില്‍. പാര്‍ക്കിലുള്ളവര്‍ തന്നെ ഒരുക്കിയ ഹ്രസ്വചലച്ചിത്രങ്ങളുടെ പ്രദര്‍ശനം. ഇരുപതിലേറെ ഷോട്ട് ഫിലിമുകള്‍ ആ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.വലിയ വിജയമായിരുന്നു. ഒരു ടെക്കി എന്നതിനപ്പുറം അവരിലോരോരുത്തരിലും ഉണ്ടായിരുന്ന കലാകാരന് കിട്ടിയ ആവിഷ്‌കാരസ്വാതന്ത്രത്തിന്റെ പ്രതിഫലനങ്ങളായിരുന്നു അതില്‍ കണ്ടത്. ചെയ്യുന്ന ജോലിയുടെ പേരില്‍ ഒരാളെയും വരച്ചടയാളപ്പെടുത്തരുത്. ജോലി അയാളുടെ ജീവിതോപാധിയായിരിക്കാം. എന്നാല്‍ അയാള്‍ മാനസികവ്യാപാരം നടത്തുന്നത് ആ ജോലിയില്‍ മാത്രമായിരിക്കില്ല. 

ടെക്‌നോപാര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി പാര്‍ക്കിനകത്ത് ഒരു സാമൂഹികവിഷയത്തില്‍ ഇടപെട്ടുകൊണ്ട് തങ്ങളുടെ പ്രതിബദ്ധത വിളിച്ചറിയിക്കുന്ന ഒരു റാലി പ്രതിധ്വനി സംഘടിപ്പിക്കുന്നത് ഡല്‍ഹി ബലാത്സംഘത്തോടനുബന്ധിച്ചാണ്. ക്രൂരമായൊരു സാമൂഹിവിപത്തിനെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്ന് സന്ദേശവുമായി കൈകളില്‍ മെഴുകുതിരിയേന്തിക്കൊണ്ട് ഞങ്ങള്‍ ഒന്നിച്ചുകൂടിയപ്പോള്‍ തിരുത്തപ്പെട്ടതും ആഢംബരത്തോട് ആസ്‌കതി പുലര്‍ത്തുന്ന വെറും കരിയറിസ്റ്റുകള്‍ മാത്രമല്ല ടെക്കികള്‍ എന്ന വിലയിരുത്തലുകളാണ്. ശരിക്കും ഈയൊരു പ്രവര്‍ത്തിക്കുശേഷമാണ് പ്രതിധ്വനിക്ക് ഒരു സോഷ്യോ-കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്ന ലേബല്‍ കൃത്യമായി പതിച്ചുകിട്ടിയത്. നിരവധി പേര്‍ സംഘടനയോട് ചേര്‍ന്നു. സ്ത്രീകളുടെ വലിയതോതിലുള്ള പങ്കാളിത്തമുണ്ടായി. അതോടെ അവര്‍ക്ക് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ ഒരിടമായി. 

പ്രി-പെയ്ഡ് ഓട്ടോ, പൊലീസ് എയ്ഡ് പോസ്റ്റ്, വഴിവിളക്കുകളുടെ അപപര്യാപ്തത, ഗതാഗതസൗകര്യത്തിന്റെ കുറവ് എന്നിങ്ങനെ പലപ്രശ്‌നങ്ങളും ജീവനക്കാര്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കി. ഈകാര്യങ്ങളില്‍ ശക്തമായി ഇടപെടാനും സംഘടന തീരുമാനിച്ചു. അതിനായി ഉദ്യോഗസ്ഥതലത്തിലും പൊലീസിലും ബന്ധപ്പെട്ടു. അതോടൊപ്പം പാര്‍ക്ക് സിഇഒ യോടും കാര്യങ്ങള്‍ ബോധിപ്പിച്ചു. പ്രി പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡ് നമ്മള്‍ തന്നെ പണം മുടക്കി നിര്‍മ്മിക്കണമെന്നായിരുന്നു മറുപടി. ഞങ്ങള്‍ അത്തരമൊരു ഓട്ടോസ്റ്റാന്‍ഡിനുള്ള ചിലവ് പങ്കുവച്ചെടുത്ത് ആ പ്രശ്‌നം പരിഹരിച്ചു. ഒരു പൊലീസ് എയ്ഡ് പോസ്റ്റും ഇപ്പോള്‍ പാര്‍ക്കിനകത്തുണ്ട്. അമ്പതിനായിരത്തോളം പേര്‍ ജോലി ചെയ്യുന്നിരിടമായിട്ടും കഴക്കൂട്ടത്ത് സ്റ്റോപ്പുള്ളത് വളരെ കുറവ് ട്രെയിനുകള്‍ക്ക് മാത്രമായിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ നടപടികള്‍ ഉണ്ടാക്കണമെന്നാവിശ്യപ്പെട്ട് സംഘടന നടത്തിയ ശ്രമങ്ങളുടെ ഫലമായി നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണം കൂട്ടി. എന്നാല്‍ ഇപ്പോഴും അത് അപര്യാപ്തമാണ്. അതിനാല്‍ ഇക്കാര്യത്തിലുള്ള ഇടപെടലുകള്‍ ഞങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അതേപോലെ തന്നെ ബസ് സര്‍വീസ്. പാര്‍ക്കിനകത്തുകൂടി പോകുന്ന ബസുകളുടെ എണ്ണം തുലോം കുറവായിരുന്നു. ഇക്കാര്യത്തിലും അനുകൂലമായ നടപടികള്‍ ഉണ്ടാക്കാന്‍ പ്രതിധ്വനിക്ക് കഴിഞ്ഞു. ഇപ്പോള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ പാര്‍ക്കിനകത്തുകൂടി ഉണ്ട്. അതേപോലെ നേരിട്ടിരുന്നൊരു വിഷമം പാര്‍ക്കില്‍ നിന്ന് കഴക്കൂട്ടത്തേക്ക് ബസുകള്‍ കുറവായിരുന്നു എന്നതാണ്. ഇതിനും ഒരുപരിധിവരെ ഫലം കണ്ടിട്ടുണ്ട്. പാര്‍ക്കില്‍ നിന്ന ദേശീയപാതയിലേക്കുള്ള റോഡിന്റെ സ്ഥിതിയും വളരെ ശോചനീയമായിരുന്നു. റോഡ് നന്നാക്കാനുള്ള പ്രവര്‍ത്തിയുടെ പിന്നിലും പ്രതിധ്വനിക്ക് കാര്യക്ഷമമായി ഇടപെടാന്‍ സാധിച്ചു.

ഇത്തരത്തില്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഒത്തൊരുമയോടുകൂടി നിന്ന് പരിഹരക്കാന്‍ കഴിയുന്നു എന്നതു തന്നെയാണ് പ്രതിധ്വനിയുടെ വിജയം. അതോടൊപ്പം കള്‍ച്ചറല്‍ ആക്ടിവിറ്റീസിനുള്ള പ്ലാറ്റ്‌ഫോം നല്‍കുകയും ചെയ്യുന്നു. ഷോട്ട് ഫിലിം ഫെസ്റ്റിവലുകളെല്ലാം ഇത്തരം പ്ലാറ്റ്‌ഫോമുകളാണ് ഒരുക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇതിനോടുണ്ടാകുന്ന പ്രതികരണം നമ്മുടെ ഉദ്യമം വിജയമായി എന്നതിന് തെളിവാകുകയാണ്. ഓരോ വര്‍ഷം കൂടുതല്‍ കൂടുതല്‍ എന്‍ട്രികളാണ് ഉണ്ടാകുന്നത്. സൃഷ്ടി എന്ന പേരില്‍ നമ്മളിവിടെ ഒരു റൈറ്റിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. സാഹിത്യത്തോടെ തല്‍പരരായ നിരവധിപേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്കെല്ലാം ഇത്തരം വേദികള്‍ കിട്ടുന്നത് ഉള്ളിലെ കലാകാരനെ നഷ്ടപ്പെടാതിരിക്കാന്‍ സഹായികമായി മാറുന്നതാണ്. അതേപോലെ ഈ വര്‍ഷം നമ്മളൊരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയുണ്ടായി. കമ്പനികള്‍ തമ്മിലുള്ള സെവന്‍സ് ഫുട്‌ബോള്‍. 45 കമ്പനികള്‍ പങ്കെടുത്തു. അതിന്റെ സമ്മാനദാനത്തിന് പ്രശ്‌സ്ത താരം ഐ എം വിജയനാണ് എത്തിയത്. ഇതൊക്കെ ഓരോരുത്തരിലും വലിയ ആവേശമാണ് ഉണ്ടാക്കിയത്. തങ്ങളില്‍ ഉണ്ടായിരുന്ന കഴിവുകള്‍ കമ്പനികളിലെ ക്യുബിക്കുകളില്‍ ഇല്ലാതായിപ്പോകുമെന്ന് നിരാശപ്പെട്ടവര്‍ക്ക് അവ പ്രകടിപ്പിക്കാനും അതിന്റെ വിജയത്തില്‍ ആഹ്ലാദിക്കാനും അവസരം കിട്ടുക എന്നത് എത്രമാത്രം അവരെ മാനിസകമായി കരുത്തരാക്കുമെന്ന് ഓര്‍ക്കുക. സോഷ്യല്-കളച്ചറല്‍ പ്രോഗ്രാമുകള്‍ക്കൊപ്പം തന്നെ ഇന്‍വിയോണ്‍മെന്റല്‍ രംഗത്തും പാര്‍ക്കിലുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ പ്രതിധ്വനി ശ്രമിക്കുന്നുണ്ട്. എല്ലാ പരിസ്ഥിദിനത്തിലും വൃക്ഷത്തൈകള്‍ നട്ട് പ്രതിധ്വനി പ്രകൃതിയോടുള്ള അതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ട്.

പാര്‍ക്കിനകത്ത് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുധാരയില്‍ നില്‍ക്കുന്നവര്‍ കൃത്യമായി നിരീക്ഷിക്കാതെ വരുന്നതുകൊണ്ടാണ് പലപ്പോഴും ടെക്കികള്‍ സിനിമാക്കഥകളിലെ അടിച്ചുപൊളി പാര്‍ട്ടീസായി മാറുന്നത്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍, ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്നവര്‍; അതുമാത്രമാണ് ഞങ്ങളെപ്പറ്റി ഇപ്പോഴും കൂടുതല്‍പേരും പറയുന്നത്. ഹൈ സാലറിക്കാര്‍ ഇവിടെ വളരെ കുറവാണ്. സര്‍ക്കാര്‍ പുതിയ ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചാല്‍ ഒരു സര്‍ക്കാര്‍ പ്യൂണിന് കിട്ടുന്നത് ടെക്‌നോപാര്‍ക്കിലെ ഒട്ടുമിക്ക ജീവനക്കാരെക്കാള്‍ കൂടുതല്‍ ശമ്പളമായിരിക്കും. പതിനായിരത്തിനും താഴെ വാങ്ങുന്ന നിരവധിപേര്‍ ഇവിടെ ജോലിനോക്കുന്നുണ്ട്. ഐ ടി എന്നാല്‍ എടുത്താല്‍ പൊങ്ങാത്ത ശമ്പളം കിട്ടുന്ന ജോലി എന്നത് ആരോ പറഞ്ഞ വലിയൊരു നുണയാണ്. 

കുറഞ്ഞ വേതനവും അമിതമായ ജോലിയും ഐടിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇതോടൊപ്പം ജീവിതത്തില്‍ നേരിടുന്ന മറ്റ് പ്രതിസന്ധികളും. ഏതൊരു സാധാരണക്കാരനും വീണുപോകാവുന്ന അവസ്ഥ. ഈ ജീവിതാവസ്ഥകളെ മാനസികമായ ഉണര്‍വ് കൊണ്ട് മറികടക്കാന്‍ ഓരോരുത്തരേയും സഹായിക്കുക എന്നത് തന്നെയാണ് പ്രതിധ്വനിയുടെ ലക്ഷ്യവും. കിട്ടുന്ന ഒഴിവുവേളകള്‍ ആനന്ദകരമാക്കുക, ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നിലും സോഷ്യല്‍ മീഡിയയിലും സമയം പാഴാക്കാതെ ഉള്ളിലെ കഴിവുകള്‍ പുറത്തെടുത്ത് അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍, സമൂഹത്തിനും സഹജീവികള്‍ക്കും വേണ്ടി മുന്നിട്ടിറങ്ങാന്‍ സ്വയമൊരുങ്ങൂ എന്നാണ് പ്രതിധ്വനി ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നത്… കാരണം, ഞങ്ങളും ഈ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍

ഈ പകിട്ടും പത്രാസും ജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രം; ഒരു ടെക്കിക്ക് പറയാനുള്ളത്

ടെക്നോപാര്‍ക്ക്: തൊഴില്‍ദാതാവ് മാന്യമായി ഇടപെടുന്നിടത്ത് എന്തിനാണ് യൂണിയനും സമരവും?

ടെക്നോപാര്‍ക്ക് പൊളിച്ചാടുക്കിയ മലയാളി മിത്തുകള്‍ 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍