വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീക്കിയതിന് പിന്നാലെ സൗദി സര്‍വകലാശാല വനിതകള്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളും ആരംഭിച്ചിരുന്നു
സൗദി അറേബ്യ 10 വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകി ചരിത്രം കുറിച്ചു. മൂന്ന് ആഴ്ചയ്ക്കു ശേഷം വനിതകൾക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം നല്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. തിങ്കളാഴ്ച ലൈസന്‍സ് കിട്ടിയ പത്തുപേരും അന്താരാഷ്ട്ര ലൈസൻസ് ഉള്ളവരാണ്. സൌദിയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വിധേയമായിട്ടാണ് അവര്‍ ലൈസൻസ് കൈപ്പറ്റിയത്.
വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീക്കിയതിന് പിന്നാലെ സൗദി സര്‍വകലാശാല വനിതകള്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളും ആരംഭിച്ചിരുന്നു. തങ്ങള്‍ക്ക് റിയാദിലും മറ്റ് നഗരങ്ങളിലുമായി 60,000 വനിതകള്‍ വിദ്യാര്‍ത്ഥികളായിട്ടുണ്ടെന്ന് സര്‍വകലാശാല പറയുന്നു. പുതിയ തീരുമാനത്തോടെ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഒപ്പം വാഹന വിപണിയിലും അതിന്റെ ചലനങ്ങള്‍ ഉണ്ടാകും. നിസാന്‍, ഫോര്‍ഡ് എന്നീ വാഹന നിര്‍മ്മാതാക്കള്‍ സൗദിയിലെ സ്ത്രീകളെ ആശംസകള്‍ അറിയിച്ചിരുന്നു.
വാഹനം എന്ന് പറയുമ്പോള്‍ കാര്‍ മാത്രമല്ല. ട്രക്ക്, വാന്‍, ബൈക്ക് എല്ലാം ഇതില്‍ ഉള്‍പ്പെടും. ആ സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി വനിതകള്‍. രാത്രിയില്‍ മരുഭൂമികള്‍ തണുക്കുമ്പോള്‍ അവിടത്തെ ബൈക്ക് സര്‍ക്യൂട്ടുകളില്‍ ഹാര്‍ലി ഡേവിഡ്‌സന്റെയും സുസുക്കി ബൈക്കുകളുടെയും ഇരമ്പലുകള്‍ കൊണ്ട് ശബ്ദ മുഖരിതം ആവുകയാണ്. നിരവധി സ്ത്രീകള്‍ കാറും ബൈക്കും ഓടിക്കുന്നത് പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
31 വയസുള്ള ഹനാന്‍ അബ്ദുല്‍ റഹ്മാന്‍ കറുത്ത സുസുക്കിയില്‍ വരുന്നത് ആ സ്വാതന്ത്ര്യം ആസ്വദിക്കാനാണ്. ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയത്. ഇതൊരു ചരിത്ര തീരുമാനം എന്നാണ് ഹനാന്‍ പറഞ്ഞത്. റിയാദിലെ ബൈക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്ലാവരും ബൈക്ക് ഓടിക്കാനാണ് പഠിക്കുന്നത്. ചിലര്‍ 150 സിസി ആണ് ഓടിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ 250 സിസി ഓടിക്കുന്നു.
ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഇല്ലാത്തവര്‍ സൗദിയില്‍ നിന്നും ലൈസന്‍സ് എടുക്കണം. നിലവില്‍ അഞ്ച് സ്‌കൂളുകള്‍ ആണ് റിയാദിലുള്ളത്. ഏകദേശം 50000 ഇന്ത്യന്‍ രൂപയാണ് ഫീസ്. സൗദിയെ ഒരു പുരോഗമന രാജ്യമാക്കുക, എണ്ണ മാത്രമല്ലാതെ മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക, സ്വതന്ത്ര കമ്പോളം ശക്തിപ്പെടുത്തുക എന്നീ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദി രാജകുമാരന്‍ വനിതകള്‍ക്കും വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം സൗദി സിനിമ തീയേറ്ററുകള്‍ തുറക്കുകയും ചെയ്തിരുന്നു.