UPDATES

പ്രവാസം

ഖത്തറിലെ രാജകുടുംബത്തിന്റെ കമ്പനിയില്‍ 650 ഇന്ത്യക്കാർ പട്ടിണിയിൽ; സംഘത്തില്‍ നൂറോളം മലയാളികളും

പരാതി കിട്ടിയിട്ടും ഇന്ത്യൻ എംബസി മൗനം പാലിക്കുന്നു എന്ന് ആക്ഷേപം

ഖത്തറിലെ രാജകുടുംബത്തിന് 88 ശതമാനം ഓഹരി ഉള്ള HKH കമ്പനിയിൽ നൂറിലധികം മലയാളികള്‍ ഉള്‍പ്പെടെ 650 ഇന്ത്യൻ തൊഴിലാളികൾ ദുരിതത്തിൽ. കഴിഞ്ഞ നാലു മാസമായി തങ്ങള്‍ ശമ്പളവും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്ന് തൊഴിലാളികള്‍ അഴിമുഖത്തോട് പറഞ്ഞു. ഗൾഫിലെ മികച്ച കുടിയേറ്റ തൊഴിലാളി സൗഹൃദ രാജ്യമായാണ് ഖത്തര്‍ അറിയപ്പെടുന്നത്.

ഖത്തറിലെ രാജകുടുംബത്തിന് ഓഹരി ഉള്ളതിനാൽ ഈ വാർത്ത പുറംലോകംഅറിഞ്ഞിട്ടില്ല. ദുരിതത്തിൽ ആയ ഒട്ടുമിക്ക തൊഴിലാളികളും മാധ്യമങ്ങളോട് സംസാരിക്കാനും തയ്യാറാകുന്നില്ല. HKH കമ്പനിയുടെ 12 ശതമാനം ഓഹരി കയ്യിൽ വെച്ചിരിക്കുന്നത് ഒരു കനേഡിയൻ കമ്പനിയാണ്.

അഴിമുഖത്തോടു സംസാരിച്ച ചില തൊഴിലാളികൾ പറഞ്ഞത് അവരുടെ തൊഴിൽ കാർഡ് കാലാവധി കഴിഞ്ഞതിനാൽ അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ് എന്നാണ്. ഖത്തർ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ ഹോസ്പിറ്റലിൽ പോകാനും പുറത്തു ഇറങ്ങി നടക്കാനും തൊഴിൽ കാർഡ് ആവശ്യമാണ്.

ശമ്പള സംരക്ഷണ പദ്ധതി (വേജ് പ്രൊട്ടക്ഷൻ സിസ്റ്റം) ഉള്ള ഖത്തറിൽ ആണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് വിഷയത്തിന്‍റെ ഗൗരവം കൂട്ടുന്നു. വെള്ളവും വൈദ്യുതിയും ഇല്ലാതെ ദുരിതത്തിൽ ആയ തൊഴിലാളികളെ ചില ഇന്ത്യൻസംഘടനകൾ ആണ് സഹായിച്ചു പോന്നിരുന്നത്. ഇന്ത്യൻ എംബസിയിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല എന്ന് തൊഴിലാളികൾ അഴിമുഖത്തോടു പറഞ്ഞു.

കമ്പനിയുടെ യഥാർത്ഥ ഉടമയുടെ മരണത്തോടു കൂടിയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉടമയുടെ രണ്ടു മക്കൾ കമ്പനി നടത്താൻ ശ്രമിച്ചെങ്കിലും അവര്‍ക്കത് മികച്ച രീതിയില്‍ നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തൊഴില്‍ പ്രശ്നം തുടങ്ങുന്നത്. നിലവിൽ മൂന്നാമതൊരു പാർട്ടിയെ വെച്ച് വിഷയം പരിഹരിക്കാൻ ആണ് കമ്പനി ശ്രമിക്കുന്നത്.

അന്താരാഷ്ട്ര തൊഴിലാളി സംഘടനയും അന്താരാഷ്ട്ര ട്രേഡ് യൂണിയൻ കോൺഫെഡറേഷനും മറ്റും വാനോളം പുകഴ്ത്തിയ ഖത്തറിൽ ആണ് തൊഴിലാളികൾ ദുരിതത്തിൽ കഴിയുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൊഴിലാളി സൗഹൃദ നിയമങ്ങളും സാഹചര്യങ്ങളും ഒരുക്കി എന്നപേരിലാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടന ഖത്തറിനു മേലുള്ള കേസുകൾ എടുത്തുകളഞ്ഞത്.

രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുന്ന ഖത്തർ 2022 ലോക ഫുട്ബോൾ നടത്താൻ വേണ്ടിയാണ് ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

*Representational image

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍