30,000 അനധികൃത ഇന്ത്യക്കാരിൽ 15,000 പേര്‍ മാത്രമേ ഇതുവരെ തിരിച്ചു പോയിട്ടുള്ളൂ
കുവൈറ്റിൽ പൊതുമാപ്പ് കാലാവധി കഴിഞ്ഞതോടെ ആഭ്യന്തര വകുപ്പ് സുരക്ഷാ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃത താമസക്കാർക്കായി പരിശോധന നടന്നു. പരിശോധനയിൽ 86 പേർ അറസ്റ്റിലായി.
30,000 അനധികൃത ഇന്ത്യക്കാരിൽ 15,000 പേര്‍ മാത്രമേ ഇതുവരെ തിരിച്ചു പോയിട്ടുള്ളൂ. 4,000 പേർ രേഖകൾ ശരിയാക്കി കുവൈറ്റിൽ തുടരുന്നുണ്ടെന്ന് ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥൻ അഴിമുഖത്തോടു പറഞ്ഞു.
ജനുവരി 29ന് പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം പരിശോധന വലിയ തോതിൽ നടത്തിയിരുന്നില്ല. അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാൻ അവസരം നൽകുന്നതിനായിരുന്നു ഇത്.
പൊതുമാപ്പ് ഏപ്രിൽ 22നാണ് അവസാനിച്ചത്. ഇൗ സമയത്ത് തിരിച്ചുപോവുന്നതിനുള്ള നടപടിക്രമങ്ങൾ പാതിവഴിയിലുള്ളവർക്കും പോവാൻ അവസരമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 22ന് രേഖകൾ താമസകാര്യ വകുപ്പിലോ എംബസിയിലോ നൽകിക്കഴിഞ്ഞവർക്ക് സാവകാശം നൽകിയിട്ടുണ്ട്. ഇതും ഏതാണ്ട് അവസാനിച്ച സ്ഥിതിക്ക് വരും ദിവസങ്ങളിൽ കർശന പരിശോധന നടക്കുമെന്നാണ് സൂചന. മുഴുവൻ അനധികൃത താമസക്കാരെയും പിടികൂടി നാടുകടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്തയാഴ്ച മുതൽ വിവിധ ഗവർണറേറ്റുകളിൽ കനത്ത പരിശോധന നടക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ.