UPDATES

പ്രവാസം

പ്രവാസി നിക്ഷേപം 1,54,253 കോടി കവിഞ്ഞു; പക്ഷേ, വായ്പയ്ക്ക് ചെന്നാല്‍ ബാങ്കുകള്‍ക്ക് മുട്ടാപ്പോക്ക് ന്യായങ്ങള്‍

സൗദിയിൽ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതും ഒമാൻ അടക്കമുള്ള രാഷ്ട്രങ്ങൾ പുതിയ സ്വദേശിവൽക്കരണ നയം പ്രഖ്യാപിക്കുകയും ചെയ്തത് മലബാറിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്

ഗള്‍ഫ് രാഷ്ട്രങ്ങളിൽ സ്വദേശി വൽക്കരണം സജീവമാകുമ്പോൾ കേരളത്തിൽ പ്രവാസികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത വായ്‌പ ബാങ്കുകൾ നല്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നു.

“ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് പതിനഞ്ചു ശതമാനം മൂലധന സബ്‌സിഡിയോടെ ഇരുപതു ലക്ഷം രൂപ വരെ വായ്‌പ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ എസ് ബി ഐ, യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവർ ഇത്തരം വായ്പ്കൾ നിഷേധിക്കുകയാണ്” പ്രവാസിയായ റസാഖ് അഴിമുഖത്തോടു പറഞ്ഞു.

ഇപ്പോൾ വാഹനം വാങ്ങുന്നതിനായി വായ്‌പകൾ ലഭിക്കുന്നുണ്ട്. എന്നാൽ അതല്ല പ്രവാസികൾ പ്രതീക്ഷിക്കുന്നത്. പകരം ജന്മനാട്ടിൽ എന്തെങ്കിലും ചെയ്തുകൊണ്ട് ജീവിതം മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം എന്നു ഇവര്‍ പറയുന്നു. അത്തരത്തിൽ നിരവധി പദ്ധതി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ സർക്കാരും ഇപ്പോഴത്തെ ഇടതു സർക്കാരും നടത്തിയിട്ടുണ്ട്. എന്നാൽ കാര്യങ്ങളോട് അടുക്കുമ്പോൾ പുളിക്കുന്നുവെന്നാണ് പ്രവാസികളുടെ അനുഭവമെന്നു പ്രവാസി സംഘടനയായ കെ എം സി സിയുടെ പ്രവർത്തകർ പറയുന്നു.

“നിതാഖത് പ്രഖ്യാപനം വരുമ്പോൾ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ സ്വന്തം നാടും അവിടെ ഒരു സർക്കാരും ഉണ്ടെന്നായിരുന്നു. തിരിച്ചു വന്നിട്ട് രണ്ടു വര്‍ഷമായി. പ്രവാസി ലോൺ ലഭിക്കുമെന്ന് പലരും പറഞ്ഞു. ബാങ്കുകൾ കയറി ഇറങ്ങിയപ്പോൾ മനസിലായതു മറ്റെന്തെങ്കിലും വഴി കണ്ടെത്താം എന്നാണ്. അങ്ങനെ ഒടുവിൽ നിതാഖത് എന്ന പേരിൽ ഒരു തട്ടുകട തുടങ്ങുകയായിരുന്നു.” മുന്‍ പ്രവാസിയായ ബാബു അഴിമുഖത്തോടു മനസ് തുറന്നു.

അതേസമയം 2017 ജൂൺ വരെ ഉള്ള കണക്കു പ്രകാരം കേരളത്തിലെ ബാങ്കുകളിൽ 1,54,253 കോടി രൂപ പ്രവാസി നിക്ഷേപം ഉണ്ടെന്നാണ് കേരളാ പ്രവാസി സംഘം സംസ്ഥാന പ്രസിഡന്‍റ് സി കെ കൃഷ്ണദാസ് പറയുന്നത്. “പൊതുമേഖല ബാങ്കുകളിൽ 84,000 കോടി രൂപയുണ്ട്. അതിൽതന്നെ എസ് ബി ഐ യിൽ 52,000 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. സ്വകാര്യ മേഖലയിൽ 70,253 കോടിയാനുള്ളത്. അതിൽ ഫെഡറൽ ബാങ്കിൽ 35,000 കോടിയും പ്രവാസികളുടെ നിക്ഷേപമായി ഉണ്ട്. എന്നാൽ ഈ ബാങ്കുകൾ ഒന്നും അർഹരായ പ്രവാസികൾക്ക് ലോൺ നല്‌കുന്നില്ലെന്നു നിരവധി പരാതികളാണ് ദിവസവും സംഘത്തിന്റെ ഓഫിസിൽ എത്തുന്നത്” സി കെ കൃഷ്‌ണദാസ്‌ പറഞ്ഞു.

സൌദി സ്ത്രീകള്‍ വളയം പിടിച്ചാല്‍ പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊരു ‘നിതാഖത്ത്’

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ എത്തുന്ന പ്രവാസികൾ ലോൺ എടുക്കുന്നതിനായി ചെന്നാൽ നിസ്സാര കാര്യങ്ങൾ പറഞ്ഞു മടക്കി അയക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക സമ്പദ് ഘടനയിൽ എണ്ണ ഖനനത്തിന്റെ ഭൂമിശാസ്ത്രം മാറിയത് മലബാറിന്റെ പ്രത്യേകിച്ചും മലപ്പുറത്തിന്റെ സാമ്പത്തിക ഘടികാരത്തെ നിശ്ചലമാക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ഭയം കാരണം ജനങ്ങൾ പണം ചിലവഴിക്കുന്നത് വെട്ടിക്കുറച്ചുവെന്ന പരാതിയാണ് കച്ചവടക്കാർ പറയുന്നത്. ‘കുറച്ചു കാലമായി പഴയതു പോലെ സാധനങ്ങൾ പോകുന്നില്ല. എല്ലാവര്‍ക്കും ഒരു പേടിപോലെ. പണം ഇറങ്ങിയാൽ അല്ലെ കച്ചവടം ശരിക്കും നടക്കൂ’ എന്നാണ് കടക്കാർ ചോദിക്കുന്നത്.

നാട്ടിലേക്കുള്ള അവധികളെണ്ണുന്നവര്‍- ഒരു പ്രവാസി കുറിപ്പ്

സൗദിയിൽ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതും ഒമാൻ അടക്കമുള്ള രാഷ്ട്രങ്ങൾ പുതിയ സ്വദേശിവൽക്കരണ നയം പ്രഖ്യാപിക്കുകയും ചെയ്തത് മലബാറിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. നിലവിൽ ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് അവരുടെ തന്നെ നിക്ഷേപ വിഹിതത്തിൽ നിന്നും ലോൺ നൽകുകയോ സ്വയം തൊഴിലിനായി പ്രാപ്‌തരാക്കുകയോ ചെയ്തില്ലെങ്കിൽ വലിയ വിപത്താണ് ഭാവിയിൽ സംസ്ഥാനം നേരിടേണ്ടി വരിക എന്നാണ് വിദഗ്ദ്ധ അഭിപ്രായം.

ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പ്രവാസി സംഘം കഴിഞ്ഞ ദിവസം ജില്ലാ ആസ്ഥാനങ്ങളിൽ സൂചന സമരങ്ങൾ നടത്തിയിരുന്നു. വിഷയത്തിൽ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. പ്രവാസി സമ്പദ് വ്യവസ്ഥ മലബാറിന്റെ പൊതു സാമ്പത്തിക ചക്രത്തിന്റെ ചലനത്തിന് മുഖ്യ സ്രോതസാണെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

ഗള്‍ഫ് പ്രതിസന്ധി; കേരളം കരുതിയിരിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍