UPDATES

പ്രവാസം

കുവൈറ്റ് പ്രവാസികളെ ചതിയില്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് റാക്കറ്റ്; സിബിഐ അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസിയുടെ വ്യാജ ഇ-മെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുകയും എംബസി പ്രതിനിധികളാണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്

ഇന്ത്യന്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് കുവൈറ്റില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പറ്റിച്ച ഒരു സംഘത്തിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പരാതിയിന്മേലാണ് അന്വേഷണം നടക്കുന്നത്. ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസിയുടെ വ്യാജ ഇ-മെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുകയും എംബസിയുടെ പ്രതിനിധികളാണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്.

ഇന്ത്യയിലെ ഒരു സര്‍വകലാശാലയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിനായി 17,150 രൂപ നിര്‍ബന്ധിത ഫീസ് അടയ്ക്കണമെന്ന് കാണിച്ച് കുവൈറ്റ് എംബസിയുടെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്നും തനിക്ക് മെയില്‍ ലഭിച്ചതായി കുവൈറ്റില്‍ ജീവിക്കുന്ന ജിഷ ജേക്കബ് ഇന്ത്യന്‍ എംബസിയെ വിവരം അറിയച്ചതോടെയാണ് തട്ടിപ്പ് പുറത്തായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

[email protected] എന്ന വ്യാജ ഇ-മെയില്‍ വിലാസമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസിക്ക് ഇങ്ങനെയൊരു ഇ-മെയില്‍ വിലാസമില്ലെന്ന് സിബിഐയ്ക്ക് നല്‍കിയ പരാതിയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികളുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ട ചുമതല അതാത് രാജ്യങ്ങളിലെ എംബസികള്‍ക്കാണ്. ഇതൊരു ദൈര്‍ഘ്യമേറിയ പ്രക്രിയയാണ്. ഈ സാഹചര്യം മുതലെടുത്ത് എംബസി ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പുകാര്‍ പ്രവാസികളെ പറ്റിക്കുന്നത്.

കുവൈറ്റില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് ഇവര്‍ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കുകയും അതിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഏതൊക്കെ ഇന്ത്യക്കാര്‍ക്കാണ് വിദ്യാഭ്യാസ രേഖകള്‍ ആവശ്യമുള്ളതെന്ന് തട്ടിപ്പുകാര്‍ക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയുന്നു എന്നത് അജ്ഞാതമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തട്ടിപ്പിന്റെ ഒരംശം മാത്രമായിരിക്കാം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് വേണം അനുമാനിക്കാനെന്നും വിദേശകാര്യ മന്ത്രാലയം നല്‍കിയ പരാതിയില്‍ പറയുന്നു.

കുവൈറ്റില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയ രണ്ട് സര്‍ക്കാരുകളും ഉള്‍പ്പെടുന്ന ഒന്നാണ്. ഇതിന് വരുന്ന കാലതാമസം സ്വാഭാവികമായും അപേക്ഷകരില്‍ അസ്വസ്ഥത ഉണ്ടാക്കും. ഇത് സംബന്ധിച്ച ധാരാളം പരാതികള്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് ലഭിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. അടുത്ത കാലത്ത് കുവൈറ്റ് ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നേഴ്‌സുമാര്‍ തങ്ങളുടെ വിദ്യാഭ്യാസരേഖകളുടെ പരിശോധന വേഗത്തിലാക്കണം എന്ന് എംബസിക്ക് പരാതി നല്‍കിയിരുന്നു. വിദ്യാഭ്യാസരേഖകള്‍ സാക്ഷ്യപ്പെടുത്തി ലഭിക്കാത്തതുമൂലം ഇവരില്‍ പലരുടെയും പ്രമോഷന്‍ തടയപ്പെടുകയും ചിലര്‍ക്ക് തൊഴില്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള അവസ്ഥയിലുമായിരുന്നു.

2017-ല്‍ നടക്കാനിരിക്കുന്ന ആരോഗ്യ സഹകരണത്തിന് വേണ്ടിയുടെ സംയുക്ത പ്രവര്‍ത്തക സമിതിയുടെ യോഗത്തില്‍ ഇതൊരു അജണ്ടയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ രേഖകള്‍ സമയബന്ധിതമായി സാക്ഷ്യപ്പെടുത്തി ലഭിക്കുന്നതിന് ഇന്ത്യയിലെ സര്‍വകലാശാലകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ടുള്ള ഒരു പ്രത്യേക സംവിധാനം ആരംഭിക്കേണ്ടത് അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണെന്നും മന്ത്രാലയം അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍