UPDATES

ബൈന ആര്‍ നാഥ്

കാഴ്ചപ്പാട്

ബൈന ആര്‍ നാഥ്

പ്രവാസം

അക്കരെ നിന്നൊരു പത്തായം കപ്പലിലേറി വരുന്നുണ്ട്

“മുറ്റത്തെ മുല്ലയ്ക്ക് മണമില്ല”-നമുക്കെല്ലാമറിയാവുന്ന പതിരില്ലാത്ത പഴഞ്ചൊല്ല്…കൊച്ചുക്ലാസ്സുകളില്‍ അന്താക്ഷരിയായി വാശിമൂത്ത് ചൊല്ലി എറിഞ്ഞ എത്രയെത്ര പഴഞ്ചൊല്ലുകളും കടങ്കഥകളും… പക്ഷേ,അതിന്‍റെ എല്ലാം അര്‍ത്ഥം നമ്മളറിയുന്നത് വളര്‍ന്നു തുടങ്ങുമ്പോഴാണ്. മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും പോലെ.. നെല്ലിക്കയുടെ ചവര്‍പ്പുകള്‍ വെള്ളം ചേരുമ്പോള്‍ മധുരമായി മാറുന്നു. അതുപോലെ തന്നെ ഈ പ്രവാസവും…

എന്നും നാട്ടില്‍ തന്നെ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം കാഴ്ചകളില്‍ പുതുമകള്‍ ഒന്നുമില്ലതാവുന്നു. മാത്രമല്ല, മധുരിച്ചിട്ടു തുപ്പാനും കയ്ച്ചിട്ട് ഇറക്കാനുമാവാത്ത ജീവിത ചവര്‍പ്പുകള്‍ മുറ്റത്തെ മുല്ലയെപ്പോലെ അവരുടെ അനുഭവങ്ങളില്‍മടുപ്പും മണമില്ലായ്മയും കടത്തിവിടുന്നു.

മണ്ണും മനുഷ്യനും പ്രിയപ്പെട്ടവരും കടലും ഭൂഖണ്ഡങ്ങളും എല്ലാം മാറിമറയുന്ന ഒരു പറിച്ചുനടല്‍, അവിടെ തുടങ്ങുന്നു നഷ്ടപ്പെട്ട മണ്ണിനെയും വേരിനേയും ഓര്‍ത്തുള്ള അവന്‍റെ/അവളുടെ വ്യകുലതകള്‍. അതോടെ നഷ്ടപ്പെട്ടതെല്ലം കൂടുതല്‍ പ്രിയപ്പെട്ടതായി അവരുടെ മനസ്സുകളില്‍ തിരിച്ചെത്തുകയാണ്. പണ്ട് മണമില്ലായിരുന്ന മുല്ലകളിലേക്ക് ജന്മത്തിന്‍റെ ആത്മഗന്ധം ആവാഹിക്കപ്പെടുന്നു. ഓര്‍മ്മകളുടെ മുറ്റത്തെ ഓരോ മണല്‍ത്തരിക്കുപോലും ഹൃദയരക്തം വീണ് ജീവന്‍ വെക്കുകയാണ്‌…അവിടെയാണ് യഥാര്‍ത്ഥത്തില്‍ ഒരു പ്രവാസിയുടെ ജനനം. പിന്നെ ഗൃഹതുരത്വത്തിന്‍റെ ചുഴികളില്‍ ആണ്ടും പൊങ്ങിയും ജീവിച്ചുതീര്‍ക്കേണ്ടിവരുന്ന പൊങ്ങുതടി ആയിപ്പോവുന്നു പല ജീവിതങ്ങളും. ജോലി ചെയ്യുക;കഴിയുന്നത്ര പണം സമ്പാദിക്കുക എന്നത് മാത്രമാണ് പിന്നത്തെ ലക്ഷ്യം. സ്വന്തം സ്വാതന്ത്ര്യവും ഇഷ്ടാനിഷ്ടങ്ങളും വികരനിര്‍ഭരതകളും എല്ലാം അടക്കിവെച്ചു ജീവനുള്ള യന്ത്രങ്ങളായി മാറുന്നു പലരും.

ഒരു ശരാശരി ഗള്‍ഫ് പ്രവാസിയെ സംബന്ധിച്ചിടത്തോളം അവരുടെ അടിസ്ഥാന ആഗ്രഹം ഒരു വീടും അത്യാവശ്യം ജീവിക്കാനുള്ള ഒരു ചുറ്റുപാടും ആയതിനുശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകുക എന്നത് തന്നെ. ഒപ്പം നാട്ടിലെ പ്രിയപ്പെട്ടവര്‍ തങ്ങളുടെ അസാന്നിധ്യം മൂലമനുഭവിക്കുന്ന വിഷമങ്ങള്‍ തല്‍ക്കാലം പണം കൊണ്ടെങ്കിലും നികത്താനും അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ ഒരിക്കലും അവസാനിക്കാത്ത മനുഷ്യന്‍റെ ആഗ്രഹങ്ങളെപ്പോലെ  തന്നെ ഇനിയും വീട്ടിതീര്‍ക്കാത്ത കടങ്ങളും പുതിയ പുതിയ ആവശ്യങ്ങളും അവന്‍റെ തിരിച്ചു പോക്ക് ഗണപതി കല്യാണം പോലെ നാളെ നാളെകളിലേക്ക് മാറ്റിവെക്കപ്പെടുന്നു. വീട് പണി,കുട്ടികളുടെ വിദ്യാഭ്യാസം,പെങ്ങന്മാരുടെ കല്യാണം,അനിയന്മാര്‍ക്കും അളിയന്മാര്‍ക്കും പുതിയ ജോലി…ആവശ്യങ്ങള്‍ നീളുന്നത് പ്രവാസിയുടെ യൌവനത്തില്‍ നിന്ന് വാര്‍ദ്ധക്യത്തിലേക്കുള്ള ജീവിതപാതയിലൂടെയാണ്. എല്ലാത്തിനും വേണ്ടത് പണം തന്നെ. പണം….പരുന്തിനു മീതെയും പറക്കാന്‍ കെല്‍പ്പുള്ള; അതില്ലാത്തവനെ വെറും പിണമാക്കി കളയുന്ന മായാജാലം.

ഏതൊക്കെ തത്വചിന്തകള്‍ നിരത്തിയാലും അതിനൊക്കെ അപ്പുറം ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ നമുക്ക് വെളിവാക്കുന്നതില്‍ പ്രധാനപങ്ക് പണത്തിനുണ്ട്.അതൊരു അളവുകോലായി മാറുകയാണ് പുതിയ സംസ്കാരത്തില്‍. പിന്നെ പണം കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ കിതച്ചോടുകയാണ് ഓരോ മനുഷ്യനും. ഓട്ടം മരുഭൂമിയിലൂടെ ആവുമ്പോള്‍ കിതപ്പും ക്ഷീണവും വല്ലാതെ കൂടും,അത്ര തന്നെ. അങ്ങനെ, ജോലിക്കും പണത്തിനും വേണ്ടി, ജീവിതസാഹചര്യങ്ങള്‍ അല്‍പ്പംകൂടി മെച്ചപ്പെടുത്താം എന്നീ കൊച്ചു കൊച്ചു മോഹങ്ങളില്‍ പ്രവാസിയായി മാറിയവര്‍… മക്കളുടെ കല്യാണം,അച്ഛ്നമ്മമാരുടെ മരണം… അങ്ങനെ ഏതെല്ലാം വേര്‍പിരിയലുകള്… ഓരോന്നിലും കരഞ്ഞും ചിരിച്ചും സ്വന്തം നിശ്വാസങ്ങള്‍ അടക്കിപ്പിടിക്കുകയാണ് ഓരോ പ്രവാസിയും. ഒടുവില്‍ അവരുടെ അവസ്ഥ എങ്ങനെയാവും?  

അകാലത്തിലെത്തുന്ന വാര്‍ദ്ധക്യത്തോടൊപ്പം ജീവിതത്തിനു നര കയറുമ്പോള്‍… പ്രിയപ്പെട്ടവരെല്ലാം പലവഴി വേര്‍പിരിയാന്‍ തുടങ്ങുമ്പോള്‍ അസുഖങ്ങള്‍ മാത്രം വിട്ടുപിരിയാത്ത കൂട്ടുകാരായെത്തുന്നു. പിന്നെ പിന്മടക്കം. അത് ചിലപ്പോള്‍ നാട്ടിലേക്കാവാം അല്ലെങ്കില്‍ ഒരു പക്ഷേ ആരും തിരിച്ചു വന്നിട്ടില്ലാത്ത ആ അദൃശ്യലോകത്തേക്കാവാം. 

ജീവിതം ഒരു യാത്രയായി കണ്ടാല്‍ അതിന്‍റെ ഒടുക്കവും തുടക്കവുമാണ് മരണവും ജനനവും. ഒന്ന് പ്രതീക്ഷയാണെങ്കില്‍ മറ്റേത് ഓര്‍മ്മകളിലേക്ക് നമ്മെ തിരികെ നടത്തും. നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ടവരിലേക്കുള്ള തിരിച്ചു നടത്തം മരണമെന്ന പ്രഹേളികയിലേക്കുള്ള ഒരു ആഴ്ന്നിറക്കം കൂടിയാണ്.

മരണം- അത് പലപ്പോഴുമെത്തുന്നത് ‘രംഗബോധമില്ലാത്ത കോമാളി’യായിത്തന്നെ. കോമാളികള്‍ സ്വയം കരഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുന്നവരാണ്.ഇവിടെ പക്ഷേ താനും മരിച്ചവനും ഒഴികെ മറ്റെല്ലാവരെയും ഒരുപോലെ കരയിപ്പിച്ച് സ്വയം ചിരിക്കുന്നവന്‍ ഈ കോമാളി. ഒരു പക്ഷേ അവന്‍റെ കോമാളിത്തം ഇത്രയേറെ രംഗബോധാമില്ലാതായി പോവുന്നത് പ്രവാസികളുടെ അടുത്തെത്തുമ്പോഴായിരിക്കും എന്ന് തോന്നും ചില അവസ്ഥകള്‍ കണ്മുന്നില്‍ വരുമ്പോള്‍.

ആയുസ്സിന്‍റെ മുക്കാല്‍  ഭാഗവും കുടുംബാംഗങ്ങള്‍ക്ക് വേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്നവര്‍; ഒടുവില്‍ അത്യാവശ്യം ജീവിക്കാനുള്ള വക ഒത്തുവരുമ്പോള്‍,എല്ലാം മതിയാക്കി ഇനിയുള്ള കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം അവരുടെ സ്നേഹവും സന്ത്വനവുമൊക്കെ അനുഭവിച്ചു കഴിയാമെന്നു കരുതുമ്പോഴാണ്. ഓര്‍ക്കാപ്പുറത്ത് മരണത്തിന്‍റെ പിടിമുറുക്കം.പലപ്പോഴും കാലം തെറ്റിയെത്തുന്ന, പ്രവാസിയുടെ സ്വപ്നങ്ങള്‍ക്കെല്ലാം ഒരു മുഴം മുന്‍പേ എറിഞ്ഞുവീഴ്ത്തപ്പെടുന്ന യമദേവന്‍റെ കയറുകള്‍. അത് അവരുടെ കുടുംബത്തില്‍ മാത്രമല്ല കണ്ടുനില്‍ക്കുന്നവരുടെ ഹൃദയങ്ങളിലും തീരാവേദനയാവുന്നു.  

വിസ ക്യാന്‍സലടിച്ച്നാട്ടിലേക്ക് പോവാന്‍ ടിക്കറ്റ് എടുക്കാന്‍ പോവുന്ന വഴി, അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിനിടയില്‍, അതുമല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ നാട്ടിലേക്കുള്ള വിമാനവും കാത്തിരിക്കുന്ന നേരത്ത്. അങ്ങനെ എത്രയേറെ പ്രിയപ്പെട്ട നേരങ്ങളിലാണ്‌ മരണം രംഗബോധമില്ലാതെ കടന്നുവരുന്നത്‌.എവിടെയും എപ്പോഴും കടന്നെത്താവുന്ന പ്രകൃതിസത്യം; എങ്കിലും ഈയിടെ സംഭവിച്ച ചന്ദ്രേട്ടന്‍റെ  മരണം ഞങ്ങളെയെല്ലാം ഞെട്ടിച്ചുകളഞ്ഞ ഒരു സംഭവമാണ്.

ബഹറിനിലെ ഒരു പ്രധാന ഹൈപ്പര്‍ മാര്‍ക്കെറ്റിലെ മാനേജര്‍ ആയിരുന്നു ചന്ദ്രേട്ടന്‍. ഇരുപതു വര്‍ഷം നീണ്ട ഗള്‍ഫ്‌ വാസത്തിനിടയില്‍ പല സ്ഥാനങ്ങളിലും ജോലി ചെയ്താണ് ഇവിടം വരെയെത്തിയത്. ഭാര്യയും പതിനാല് വയസ്സുള്ള മൂത്തമകനും മകളും നാട്ടില്‍. അവരെ വിളിച്ചു സംസാരിക്കാതെ ഒരുദിനം പോലും ഉറക്കം വരാത്തത്രയും സ്നേഹധനനായ അച്ഛനും ഭര്‍ത്താവും മകനുമൊക്കെയാണ്. ഇപ്പോള്‍ കുഴപ്പമില്ലാത്ത ശമ്പളവും ഫാമിലി സൗകര്യങ്ങളും എല്ലാമായിക്കഴിഞ്ഞു. അടുത്ത സ്കൂള്‍ അവധിക്കു ഭാര്യയെയും കുട്ടികളെയും ബഹറിനിലേക്ക് കൊണ്ടുവരണമെന്നാണ് ഇനിയുള്ള ആഗ്രഹം. അപ്പോഴാണ് അപ്രതീക്ഷിതമായി ദുരന്തത്തിന്‍റെ കടന്നുവരവ്.

വിദേശ ജോലിസ്ഥാപനങ്ങളില്‍ ജോലിസമ്മര്‍ദ്ധവും ബിസിനസ്‌ ടാര്‍ഗെറ്റുമെല്ലാം കൂടുതലാണ്. കാരണം അവിടെ മുന്‍പന്തിയില്‍ എത്താന്‍ വേണ്ടി വന്‍കിട കമ്പനികളുടെ കിടമത്സരമാണ്. ഈ ടെന്‍ഷ൯ ആ സ്ഥാപനങ്ങളിലെ സ്റ്റാഫുകളെയും ബാധിക്കുമെന്നത് സ്വാഭാവികം. അതിനു ഒരു മാറ്റം വരുത്താനായി പല സ്ഥാപനങ്ങളും സ്റ്റാഫുകള്‍ക്കായി ടൂര്‍ ട്രിപ്പുകളും മറ്റും ഏര്‍പ്പാട് ചെയാറുണ്ട്. അങ്ങിനെ ബഹറിനിലെ പ്രശസ്തമായ അല്ബന്തര്‍ റിസോര്‍ട്ടില്‍ വച്ചുനടന്ന ആ പരിപാടിയില്‍ പങ്കെടുക്കാനായി  ചന്ദ്രേട്ടനും  സഹപ്രവര്‍ത്തകരും ഒരുമിച്ചാണ് പോയത്. ബോട്ടിംഗ്,വാട്ടര്‍ ഡ്രൈവിംഗ്…. എല്ലാമായുള്ള  ആഹ്ലാദത്തിമര്‍പ്പിനിടയില്‍  പെട്ടെന്ന് ഒരു നെഞ്ചുവേദന… അത് മരണവേദനയായിരുന്നെന്നു  ആലോചിക്കാന്‍പോലും ആര്‍ക്കും തോന്നുന്നതിന്‍ മുന്‍പേ കുഴഞ്ഞുവീണുപോയി ആ ജീവന്‍…പിന്നെ ഒരിക്കലും എണീക്കാനാവാത്തവിധം.   

മൂന്നക്ക നമ്പരില്‍ വിളിച്ചാല്‍ മിനിട്ടുകള്‍ക്കകം ഓടിയെത്താറുള്ള  ആംബുലന്‍സും ഡോക്ടറും പോലീസും എല്ലമെത്തുന്നതിനു മുന്‍പേ മരണം ചന്ദ്രേട്ടനെയും കൊണ്ടുപോയി. അതുകൊണ്ട് തന്നെ സ്വാഭാവികമരണമോ കൊലപാതകമോ എന്ന തെളിവെടുപ്പിനും മറ്റുമായി മണിക്കൂറുകളോളം ആ ശവശരീരം മരണം നടന്ന അതേ സ്ഥലത്ത് അതേ നിലയില്‍ കിടത്തി ഇടേണ്ടിവന്നു. അതും കൂടെ നിന്നവരില്‍ വല്ലാത്ത വേദനയുണ്ടാക്കി. മിനിട്ടുകള്‍ക്കപ്പുറ൦ തോളില്‍ കൈയിട്ടുനടന്ന കൂട്ടുകാ൪  പോലും ഒന്ന് തൊട്ടു കരയാ൯പോലുമാവാതെ പോലീസ് സീലുകള്‍ക്കിപ്പുറം അയിത്തക്കാരെപ്പോലെ നില്‍ക്കേണ്ടിവന്നു. 

ദിവസവും നാട്ടിലേക്ക് വിളിക്കാറുള്ളത് കൊണ്ടുതന്നെ,പതിവ് നേരമായിട്ടും ശബ്ദം കേള്‍ക്കാഞ്ഞപ്പോള്‍ മരണം പ്രിയപ്പെട്ടവന്‍റെ ജീവനെടുത്തെന്നറിയാതെ  നാട്ടില്‍നിന്നുള്ള വിളി അദ്ദേഹത്തിന്‍റെ മൊബൈലില്‍ നിര്‍ത്താതെയടിച്ചുകൊണ്ടിരുന്നു. അതു കൂടെനിന്നവ൪ക്കെല്ലാം താങ്ങാനാവുന്നതിലപ്പുറമായി. 

ഒടുവില്‍ നിയമത്തിന്‍റെ എല്ലാ നൂലാമാലകളും കഴിഞ്ഞ് ആശുപത്രിയിലേക്കെടുത്ത ശരീരം രണ്ടുദിവസം കൊണ്ട് നാട്ടിലേക്കെത്തിച്ചു. ഒപ്പം സ്ഥാപനത്തിന്‍റെയും മുതലാളിയുടെയും മനുഷ്യത്വപരമായ ഇടപെടലില്‍ വലിയൊരു തുക കുടുംബത്തിനു കൈമാറാ൯  കഴിഞ്ഞു എന്നുള്ളത് ചെറിയൊരാശ്വാസം. ആത്യന്തികമായി പറഞ്ഞാല്‍ നഷ്ടം നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ്. എങ്കിലും നാട്ടിലേതുകൂടാതെ ഗള്‍ഫില്‍ വച്ച് അദ്ദേഹത്തിന്‍റെ മരണാനന്തരചടങ്ങുകള്‍ നടത്താ൯ സഹപ്രവര്‍ത്തകരും സ്ഥാപനമേധാവികളും മുന്നിട്ടിറങ്ങിയെന്നതും ഒരു അപൂര്‍വ്വമായ കാഴ്ചയായിരുന്നു. 

പ്രവാസികളില്‍ കൂടുതല്‍ മരണവും ഹൃദയസ്തംഭനം മൂലംതന്നെ. ഒരായുസ്സ് മുഴുവന്‍ തേങ്ങുന്ന ഹൃദയവുമായി പ്രവാസിയായി ജീവിക്കേണ്ടി വരുന്നവ൪…അത്രയേറെ സമ്മര്‍ദ്ദം ഒരു ഹൃദയവും അനുഭവിച്ചിട്ടുണ്ടാവില്ല. പിന്നെ പെട്ടെന്നൊരു ആഹ്ലാദത്തിന്‍റെ,  പുന:സമാഗമത്തിന്‍റെ കൊടുങ്കാറ്റുകള്‍ വീശുമ്പോള്‍… വിങ്ങുന്ന ശീലങ്ങള്‍ക്കിപ്പുറം പുതിയതായെത്തിയ ആഹ്ലാദത്തെ താങ്ങാനാവാതെ സ്തംഭിച്ചുപോകുന്നതായിരിക്കുമോ ഓരോ ഹൃദയവും? കൊളസ്ട്രോള്‍, പ്രമേഹം,മറ്റു ജീവിതശൈലീരോഗങ്ങള്‍… എന്നിങ്ങനെ പലതുമുണ്ട് കാരണമായി. എന്നാലും എനിക്ക് ഈ ഹൃദയങ്ങളെ ഇങ്ങനെ കാണാനാണ് കൂടുതലിഷ്ടം. 

“അക്കരെ നിന്നൊരു പത്തായം കപ്പലിലേറി വരുന്നുണ്ട്“  – പ്രവാസ മരണങ്ങളില്‍ ഇത്രയേറെ ഉള്ളില്‍തട്ടുന്ന വരികള്‍ മറ്റൊന്നില്ല. യൌവനവും ജീവിതസ്വപ്നങ്ങളുമായി കടല്‍ കടന്നു പോയവ൪….. അവസാനം ചരക്കുകെട്ടുകളുടെ കൂട്ടത്തില്‍ ഒരു വലിയ പെട്ടിയില്‍ തിരിച്ചു വരുന്ന അവസ്ഥ. ഇനിയും നിറവേറപ്പെടാത്ത സ്വപ്നങ്ങളും ആവശ്യങ്ങള് മെല്ലാം ആ ആറടിപ്പെട്ടിയില്‍ അടച്ചുമൂടുന്നു. അവര്‍ക്ക് പകരമാവില്ലെങ്കിലും സഹപ്രവര്‍ത്തകരും ജോലിസ്ഥാപനങ്ങളും അനുവദിച്ചുനല്‍കുന്ന കുറച്ചു പണം,അതിലടങ്ങിയിരിക്കുന്ന അവരുടെ കുടുംബത്തിന്‍റെ ഭാവി,ആശ്വാസങ്ങള്‍,പേപ്പറില്‍ സാധാരണ ചരമകോളങ്ങളെക്കാള്‍ ഇത്തിരി വലുപ്പത്തില്‍ എയര്‍ലൈ൯സിന്‍റെയും വിദേശകമ്പനികളുടെയുമൊക്കെ പേരുവച്ചുള്ള ഇത്തിരി ഗമകൂട്ടിയ ഒരു ചരമക്കുറിപ്പ്‌ …. അതിലൊടുങ്ങുന്നു ആ പ്രവാസജീവിതം. 

“കൂടെയില്ല ജനിക്കുന്ന നേരത്തും, കൂടെയില്ല മരിക്കുന്ന നേരത്തും” – ജ്ഞാനപ്പാനയിലെ വരികള്‍ അന്വര്‍ത്ഥമാക്കുന്നപോലെ എയര്‍പോര്‍ട്ടിലും ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലുമെല്ലാം വെറും അന്യരെപ്പോലെ മരിക്കേണ്ടി വരുന്നവ൪; കൂട്ടിരുന്നൊന്നു കരയാന്‍ പോലും ആരുമില്ലാതെ വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങള്‍. പ്രിയപ്പെട്ടവരുടെ അടുത്തെത്താന്‍ പിന്നെയും കാത്തുകെട്ടിക്കിടക്കേണ്ട ദിവസങ്ങള്‍… നിയമങ്ങളുടെ നൂലാമാലകള്‍ … ശവങ്ങളോടുപോലും   ലജ്ജയില്ലാതെ ചരക്കുകൂലിയും കൈക്കൂലിയും വാങ്ങി വലുതാവുന്ന കാര്‍ഗോ ഏജന്‍റുമാരുടെ നരകക്കൊയ്ത്തുകള്‍. അങ്ങനെ ഊറ്റിപ്പിഴിയുന്ന എല്ലാ പീഡനങ്ങള്‍ക്കുമൊടുവില്‍ അവരെത്തുന്നു. അക്കരെ നിന്നൊരു പത്തായമായി….. ചിറകു കരിഞ്ഞ സ്വപ്നങ്ങളുടെ ഈ പത്തായം ജീവിച്ചിരിക്കുന്ന ഓരോ പ്രവാസിയുടെയും മനസ്സില്‍ തന്നെയാണ് കുഴിച്ചുമൂടപ്പെടുന്നത്.  

ബൈന ആര്‍ നാഥ്

ബൈന ആര്‍ നാഥ്

പ്രവാസ എഴുത്തുകാരിയാണ് ബൈന. ഇപ്പോള്‍ ബഹറിനില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍