UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗള്‍ഫില്‍ ഇന്ത്യന്‍ യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു

രോഗികളിലെ 43 ശതമാനം പേര്‍ക്കും രോഗകാരണമായിരിക്കുന്നത് രക്തസമ്മര്‍ദ്ദമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ആസ്റ്റര്‍ ആശുപത്രികളില്‍ ചികില്‍സക്കെത്തിയ രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഹൃദ്രോഗമുള്ളവരില്‍ അധികവും ഇന്ത്യക്കാരാണ് എന്ന കണ്ടെത്തലില്‍ എത്തിയത്. പഠനത്തിന് വിധേയരാക്കിയവരില്‍ 40 ശതമാനം പേര്‍ക്കും 55 വയസിന് മുമ്പേ ഹൃദയഘാതമുണ്ടായി എന്നാണ് കണ്ടെത്തല്‍.

കൊറോണറി ആര്‍ട്ടറി ഡിസീസ് പശ്ചാത്തലമുള്ള 142 രോഗികളെ നീരീക്ഷിച്ചായിരുന്നു പഠനം. മൂന്നു മാസത്തിനിടെ ആസ്റ്റര്‍ ആശുപത്രിയിലെ കാത്ത്‌ലാബില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവര്‍. യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവാക്കളില്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നുള്ളവരെക്കാള്‍ ഹൃദ്രോഗ സാധ്യത കൂടിയവരാണ്. ഇന്ത്യക്ക് പുറമെ പാക്കിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളയാളുകളിലും ചെറിയ പ്രായത്തിലും ഹൃദ്രോഗബാധ കൂടുതലായി കാണപ്പെടുന്നു. പാശ്ചാത്യരുമായി താരതമ്യം ചെയ്താല്‍ പത്ത് വര്‍ഷം മുമ്പേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവരെ ഹൃദ്രോഗം പിടികൂടുന്നു എന്നാണ് കണക്ക്.

യുവാക്കള്‍ ഹൃദ്രോഗ ലക്ഷണങ്ങളെ അവഗണിക്കരുതെന്നും രോഗികളിലെ 43 ശതമാനം പേര്‍ക്കും രോഗകാരണമായിരിക്കുന്നത് രക്തസമ്മര്‍ദ്ദമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പഠനത്തിന് വിധേയരാക്കിയവരില്‍ 39 ശതമാനം പേര്‍ക്ക് പ്രമേഹമാണ്. 20 ശതമാനം പേരില്‍ പുകവലി വില്ലനാണ്. മുമ്പ് പുകവലിച്ചിരുന്ന മൂന്ന് ശതമാനം പേര്‍ക്കും രോഗം ബാധിച്ചുവെന്ന് പഠനം വ്യക്തമാക്കുന്നു. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് സി.ഇ.ഒ. ഡോ. ഷെര്‍ബാസ് ബിച്ചു, സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. സച്ചിന് ഉപാധ്യായ, സ്‌പെഷ്യലിസ്റ്റ് ഇന്‍ര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദ് എന്നിവര്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ പത്രസമ്മേളനത്തിലൂടെയാണ് അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍