UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

യുഎഇയില്‍ കാന്‍സര്‍ രോഗികളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്; 2030-ഓടെ ഇരട്ടിയാകും

സ്ത്രീകളുടെ ആകെ മരണനിരക്കില്‍ 20% പേര്‍ മരിക്കുന്നത് സ്തനാര്‍ബുദം കാരണം; ലോകാരോഗ്യ സംഘടന

യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് മേഖലയില്‍ 2030-ഓടു കൂടി കാന്‍സര്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നു ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. അബുദാബി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം, ഓരോ ദിവസവും 12 കാന്‍സര്‍ കേസുകളാണ് യുഎഇയില്‍ റിപോര്‍ട്ട് ചെയ്യുന്നത്. സ്തനാര്‍ബുദമാണ് യുഎഇയില്‍ അധികമായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് സ്ത്രീകളുടെ ആകെ മരണനിരക്ക് എടുത്താല്‍ 20% പേര്‍ മരിക്കുന്നത് സ്തനാര്‍ബുദത്താലാണെന്നുമാണ് കണ്ടെത്തല്‍. രോഗം കണ്ടെത്താന്‍ വൈകുന്നതോടെ ചികിത്സ ഫലവത്താകാത്തതു മൂലം മരണം സംഭവിക്കുകയാണ് ചെയ്യുന്നത്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ കുടലില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളിലാണെങ്കില്‍ സെര്‍വിക്‌സ് ക്യാന്‍സറും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ജീവിതശൈലിയും, ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് വേണ്ട വിധത്തില്‍ ബോധവത്കരണമില്ലാത്തതും, രോഗം കൃത്യമായി കണ്ടുപിടിക്കാത്തതുമെല്ലാം രോഗികളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. കൊളറെക്ടല്‍, പ്രോസ്റ്റേറ്റ്, നോണ്‍ ഹോഡ്കിന്‍സ്, ബ്രെയ്ന്‍ ക്യാന്‍സറുകളും ലുക്കീമിയയുമാണ് പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സര്‍. സ്ത്രീകളിലാണെങ്കില്‍ സ്തനാര്‍ബുദത്തിനും ലുക്കീമിയയ്ക്കും പുറമെ കൊളറെക്ടല്‍, തൈറോയ്ഡ്, സെര്‍വിക്‌സ് ക്യാന്‍സറുകളാണ് പ്രധാനമായി കണ്ടുവരുന്നത്.

സ്തനാര്‍ബുദം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം തിരിച്ചറിയുന്നതിനായി നിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തു വിടുന്നു. മാമോഗ്രാം ആണ് സ്തനാര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധന. 40നും 69നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലൊരിക്കലോ മാമോഗ്രാം ചെയ്യേണ്ടതാണ്. സെര്‍വിക്‌സ് കാന്‍സറിനാണെങ്കില്‍ പാപ് ടെസ്റ്റാണ് നടത്തുക. ഇത് 21 മുതല്‍ 29 വരെ പ്രായമുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ചെയ്യാവുന്നതാണ്. അതല്ലെങ്കില്‍ എച്ച്.പി.വി ടെസ്റ്റ് ചെയ്യാം. കുട്ടികള്‍ക്ക് എച്ച്.പി.വി വാക്‌സിനേഷന്‍ നല്‍കുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ കേസുകളുടെ എണ്ണം നല്ലരീതിയില്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. 

കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നിരവധി ആരോഗ്യപരിപാടികളാണ് യുഎഇ സര്‍ക്കാര്‍ ആലോചിക്കുന്നത്. 2021-ഓടു കൂടി കാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണം 18% കുറയ്ക്കുമെന്നാണ് തീരുമാനം. ഇതിനായുള്ള ബോധവത്കരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍