UPDATES

പ്രവാസം

കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി കേന്ദ്ര ചിട്ടി നിയമത്തിനു വിരുദ്ധമാണോ? ധനമന്ത്രി ടി എം തോമസ് ഐസക് മറുപടി പറയുന്നു

കേന്ദ്ര ചിട്ടി നിയമത്തിലെ എല്ലാ നിബന്ധനങ്ങളും അനുസരിച്ചാണ് പ്രവാസിച്ചിട്ടി നടപ്പിലാക്കുന്നത്. ചിട്ടിയുടെ നടത്തിപ്പിന് ആവശ്യമായ എല്ലാ ഉത്തരവുകളും ഇതിനോടകം കെഎസ്എഫ്ഇ നേടിയിട്ടുണ്ട്.

ഏറെ പ്രതീക്ഷയോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയെ കുറിച്ച് നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇത് കേന്ദ്ര ചിട്ടി നിയമത്തിനു വിരുദ്ധമാണോ എന്നതുതന്നെയാണ് പ്രധാന ചോദ്യം. പ്രവാസി ചിട്ടിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് ധനമന്ത്രി ഡോ: ടി എം തോമസ് ഐസക്.

കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി കേന്ദ്ര ചിട്ടി നിയമത്തിനു വിരുദ്ധമാണോ?

അല്ല. കേന്ദ്ര ചിട്ടി നിയമത്തിലെ എല്ലാ നിബന്ധനങ്ങളും അനുസരിച്ചാണ് പ്രവാസിച്ചിട്ടി നടപ്പിലാക്കുന്നത്. ചിട്ടിയുടെ നടത്തിപ്പിന് ആവശ്യമായ എല്ലാ ഉത്തരവുകളും ഇതിനോടകം കെഎസ്എഫ്ഇ നേടിയിട്ടുണ്ട്.

ഫെമാ നിയമങ്ങളുടെ ലംഘനമാണോ പ്രവാസി ചിട്ടി?

അല്ല. പ്രവാസിയായ ഇന്ത്യക്കാരിൽ നിന്നു പണം സ്വീകരിക്കുന്നതിന് ചിട്ടിക്കമ്പനികളെ അതതു സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകി 2015ൽ തന്നെ റിസർവ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാങ്കിങ് ചാനലുകൾ വഴി നോൺ റെപാട്രിയേഷൻ വ്യവസ്ഥയിൽ പ്രവാസ രാജ്യത്തിരുന്നുകൊണ്ടു തന്നെ ചിട്ടികളിൽ പണമടക്കാൻ പ്രവാസികൾക്കും റിസർവ് ബാങ്ക് അനുമതി നൽകി. ആ ഉത്തരവുകൾ താഴെ പറയുന്നു;
1. റിസർവ്വ് ബാങ്ക് നോട്ടിഫിക്കേഷൻ നമ്പർ 337/2015 തീയ്യതി 2/03/2015
2. റിസർവ് ബാങ്ക് നോട്ടിഫിക്കേഷൻ നമ്പർ 338/2015 തീയ്യതി 2/03/2015

ഈ ഉത്തരവുകൾക്കു ചുവടു പിടിച്ച് 29/07/2015 ന് ഇറങ്ങിയ കേരള ഗവണ്മെന്റിന്റെ GO(MS) No. 136/2015/TD ഉത്തരവു പ്രകാരം കെ.എസ്.എഫ്.ഇയ്ക്ക് പ്രവാസി ഇന്ത്യക്കാരിൽ നിന്നു ചിട്ടി അടവുകൾ സ്വീകരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ, വിദേശപ്പണ വിനിമയ ചട്ടം (ഫെമ) മറികടന്നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി നടത്തുന്നത് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

പ്രവാസിച്ചിട്ടി കേന്ദ്ര ചിട്ടി നിയമം 1982ന് അനുസൃതമല്ല എന്ന ആരോപണത്തിൽ കഴമ്പുണ്ടോ?

ഇല്ല. 1982ലെ കേന്ദ്ര നിയമവും 2012ലെ കേരള ചിട്ടി റൂൾസും അനുസരിച്ചാണ് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നത്. പ്രവാസി ചിട്ടിയിലെ പ്രധാന വ്യത്യാസം അത് ഓൺലൈൻ ആയി ചെയ്യുന്നു എന്നതും ചിട്ടിയിൽ ചേരുന്നവർക്ക് മറ്റു ചില ആനുകൂല്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട് എന്നതും മാത്രമാണ്. ഓൺലൈൻ ആയി ചിട്ടി നടത്താനുള്ള അനുമതി 24/01/2018ൽ GO(MS) 6/2018/taxes പ്രകാരം കെ.എസ്.എഫ്.ഇ യ്ക്ക് ലഭിച്ചിട്ടുണ്ട്.

ഫോർമാൻ നൽകുന്ന സെക്യൂരിറ്റി, കിഫ്ബിയിൽ നിക്ഷേപിക്കുന്നത് കേന്ദ്ര നിയമത്തിനു വിരുദ്ധമാണോ?

അല്ല. ചിട്ടി നിയമത്തിന്റെ സെക്ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവും അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുണ്ട്. 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ 20-ാം വകുപ്പ് പ്രകാരം മുതലിനും പലിശയ്ക്കും സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഗ്യാരണ്ടി നൽകുന്ന സെക്യൂരിറ്റികളാണ് അംഗീകൃത സെക്യൂരിറ്റികൾ.

2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്ക് സർക്കാർ നൂറുശതമാനം ഗ്യാരണ്ടി നൽകുന്നതിനാൽ ചിട്ടി തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് പൂർണമായും നിയമവിധേയമായിട്ടാണ്. ഇതുകൂടാതെ 2012ൽ ചിട്ടി തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിന് അന്നത്തെ സർക്കാർ കെഎസ്എഫ്ഇക്ക് അനുമതി നൽകിയിട്ടുണ്ട്.

പ്രവാസി ചിട്ടിയിൽ നൽകുന്ന ആനുകൂല്യങ്ങൾ നിയമാനുസൃതമാണോ?

അതെ. കെഎസ്എഫ്ഇ നടത്തുന്ന ബ്രാൻഡഡ് ചിട്ടികളിൽ സമ്മാനങ്ങളും ആനുകൂല്യങ്ങളും നേരത്തെയും നൽകി വരുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വർണ വർഷ, സുവർണ്ണ ശ്രേയസ് എന്നീ ചിട്ടികൾ അവതരിപ്പിക്കുകയുണ്ടായി. ഈ രീതി പ്രവാസി ചിട്ടികളിലും അവലംബിച്ചു എന്നു മാത്രം. പ്രവാസി ചിട്ടിയിലെ ഇൻഷുറൻസ് അപകട പരിരക്ഷയും പെൻഷൻ പദ്ധതിയും വളരെ ആകർഷകമാണ്.

കെ.എസ്.എഫ്.ഇ മിസ്സെലേനിയസ് ബാങ്ക് ആണെന്ന് വെബ്‌സൈറ്റിൽ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ?

കെ.എസ്.എഫ്.ഇ ഒരു ബാങ്കല്ല. റിസർവ്വ് ബാങ്കിന്റെ കീഴിലുള്ള മിസെലേനിയസ് നോൺ ബാങ്കിങ് കമ്പനിയാണ്. ഇക്കാര്യം വ്യക്തമായി വെബ്‌സൈറ്റിൽ എബൌട്ട് അസ് എന്ന തലക്കെട്ടിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, നോൺ ബാങ്കിങ്ങ് കമ്പനികൾക്കു മാത്രമേ ചിട്ടി നടത്താൻ പറ്റൂ. ബാങ്കുകൾക്ക് പറ്റില്ല. റിസർവ്വ് ബാങ്കിന്റെ നിബന്ധന അതാണ്.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍