UPDATES

പ്രവാസം

അല്‍ഷിമേഴ്‌സ് രോഗിയായ അമ്മയെ പരിചരിച്ച പ്രവാസി മലയാളിക്ക് പിഴയും ശിക്ഷയും ഒഴിവാക്കി

അമ്മയുടെ സന്ദര്‍ശക വിസയുടെ കാലാവധി തെറ്റിയതിനാല്‍ 15000 (ഏകദേശം 2,83,000 രൂപ) റിയാല്‍ പിഴയാണ് സന്തോഷിന് വിധിച്ചത്.

സൗദി അറേബ്യയില്‍ വിസാ കാലാവധി കഴിഞ്ഞിട്ടും തങ്ങിയ മലയാളി കുടുംബത്തെ ശിക്ഷയില്‍ നിന്നും പിഴയില്‍ നിന്നും ഓഴിവാക്കി. സാമ്പത്തിക പരാധീനതകള്‍ക്ക് നടുവിലും അല്‍ഷിമേഴ്‌സ് രോഗിയായ മാതാവിനെ പരിചരിക്കാന്‍ മനസ് കാണിച്ചതുകൊണ്ടാണ് സൗദി അധികൃതര്‍ മലയാളി കുടുംബത്തിനോട് അലിവ് കാണിച്ചത്. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തങ്ങിയതിന്റെ പേരില്‍ അധികൃതര്‍ പിഴ വിധിെച്ചങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും അമ്മയുടെ രോഗ വിവരവും അറിഞ്ഞതിനെ തുടര്‍ന്ന് ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ സന്തോഷിനെയും കുടുംബത്തിനെയുമാണ് സൗദി അധികൃതര്‍ വന്‍ പിഴ ശിക്ഷയില്‍നിന്നും ഒഴിവാക്കിയത്.

അല്‍ഷിമേഴ്‌സ് രോഗിയായ മാതാവിനെ പരിചരിക്കാനായി തുടര്‍ച്ചയായി സന്ദര്‍ശക വിസയില്‍ സന്തോഷ് അമ്മയെ ദമാമില്‍ എത്തിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സന്ദര്‍ശക കാലാവധി കഴിഞ്ഞിട്ടും ചില സാമ്പത്തിക പ്രശ്‌നങ്ങളാല്‍ മാതാവിനെ കൂടെ താമസിപ്പിച്ച് പരിചരിക്കുകയായിരുന്നു. സന്തോഷിന്റെ അച്ഛന്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അതിന് ശേഷമുള്ള വര്‍ഷവും തുടര്‍ച്ചയായി സന്ദര്‍ശക വിസയില്‍ അമ്മയെ ദമാമിലേക്ക് കൊണ്ടുവരാറുണ്ട് സന്തോഷ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇദ്ദേഹത്തിന്റെ അമ്മ അല്‍ഷിമേഴ്‌സ് രോഗിയാണ്. 82 വയസ്സ് കഴിഞ്ഞ രോഗിയായ അമ്മയെ പ്രാരാബ്ദങ്ങള്‍ക്കിടയിലും മുടങ്ങാതെ വിസിറ്റ് വിസയിലെത്തിക്കുന്ന സന്തോഷിന് എല്ലാ കാര്യത്തിലും കൂടെ നില്‍ക്കാനും അമ്മയ്ക്ക് വേണ്ട പരിലാളനകള്‍ നല്‍കാനും കണ്ണൂര്‍ക്കാരിയായ ഭാര്യ അജിതയും ഉണ്ടായിരുന്നു.

അമ്മയുടെ സന്ദര്‍ശക വിസയുടെ കാലാവധി തെറ്റിയതിനാല്‍ 15000 (ഏകദേശം 2,83,000 രൂപ) റിയാല്‍ പിഴയാണ് സന്തോഷിന് വിധിച്ചത്. എന്നാല്‍ ഇത് തിരിച്ചടക്കാനുളള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന സന്തോഷ് സൗദിയിലെ സാമൂഹ്യപ്രവര്‍ത്തകനായ ഷാജി വയനാടിനെ സമീപിക്കുകയായിരുന്നു. ഷാജിയാണ് സന്തോഷിനെ അധികൃതരുടെ അടുത്തെത്തിച്ച് സഹായം തേടിയത്. ഒടുവില്‍ സൗദിയില്‍ തങ്ങിയതിന്റെ പിഴയായ 15000 റിയാല്‍ ഒഴിവാക്കി കൊടുക്കുകയായിരുന്നു. കൂടാതെ സന്ദര്‍ശക വിസ പുതുക്കി നല്‍കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍