UPDATES

പ്രവാസം

തൊഴില്‍ കേസുകളില്‍ വിധി പറയാന്‍ സൗദിയില്‍ ഇനി തൊഴില്‍ കോടതികള്‍

തൊഴില്‍ അനുബന്ധ കേസുകളുടെ ആധിക്യം പരിഗണിച്ചാണ് പ്രത്യേക കോടതികള്‍ സ്ഥാപിച്ചത്‌

സൗദി അറേബ്യയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കോടതികള്‍ പ്രാബല്യത്തില്‍ വന്നു. തൊഴില്‍ തര്‍ക്ക പരിഹാര അതോറിറ്റിയാണ് സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഗണിക്കാറ്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ നിന്നു മാറി ഇപ്പോള്‍ തൊഴില്‍പരമായ കേസുകള്‍ക്ക് പുതുതായി നിലവില്‍ വന്ന പ്രത്യേക കോടതികളെ സമീപിക്കാം.

റിയാദ്, മക്ക, ദമ്മാം, ജിദ്ദ, അബ്ഹാ, ബുറൈദ, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രഥമ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ പ്രാബല്യത്തില്‍ വന്നത്. മറ്റു സ്ഥലങ്ങളിലെ കോടതികളില്‍ 27 ബഞ്ചുകള്‍ പ്രവര്‍ത്തിക്കും. തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് അപ്പീല്‍ കോടതികള്‍ വേറേയുമുണ്ടാകും.

അതേസമയം തൊഴില്‍ കേസുകളില്‍ ഫസ്റ്റ് ക്ലാസ് കോടതികളില്‍ നിന്ന് വിധിക്കുന്ന ചില വിധികളില്‍ അപ്പീല്‍ പോകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരുപതിനായിരം റിയാല്‍ താഴെ നല്‍കാനുള്ള വിധികള്‍, സേവന സര്‍ട്ടിഫിക്കറ്റ്, തൊഴിലാളിയുടെ രേഖകള്‍ നല്‍കാന്‍ അവശ്യപ്പെട്ടുകൊണ്ടുള്ള കേസുകളിലുള്ള വിധികള്‍ക്കും അപ്പീല്‍ സാധ്യമാകില്ല.

പുതിയ തൊഴില്‍ കോടതികളില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുന്നതും വിധി ലഭിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. തൊഴില്‍ അനുബന്ധ കേസുകളുടെ ആധിക്യം പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം 60,000 തൊഴില്‍ കേസുകളാണ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള തൊഴില്‍ തര്‍ക്ക പരിഹാര സമിതികളില്‍ എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍