UPDATES

പ്രവാസം

ഒമാനില്‍ വിദേശികളുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറണം; സമയക്രമം പ്രഖ്യാപിച്ചു

2020 നവംബര്‍ 19നുള്ളിലാണ് ഭൂമി കൈമാറ്റം ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത് എന്നും ഉത്തരവില്‍ പറയുന്നു.

ഒമാനില്‍ വിദേശികള്‍ക്ക് കൈവശം വെക്കാന്‍ അനുമതി ഇല്ലാത്തയിടങ്ങളിലെ സ്ഥലവും മറ്റ് വസ്തുവകകളും സ്വദേശികള്‍ക്ക് കൈമാറുന്നതിന് ഭവന വകുപ്പ് സമയക്രമം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവ സ്വദേശികള്‍ക്ക് കൈമാറണമെന്നാണ് നിര്‍ദ്ദേശം. അല്ലാത്ത പക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ നടപടികളുടെ ഭാഗമായി വിദേശി ഉടമസ്ഥതയിലുള്ള കൃഷി ഭൂമികളുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു. 2020 നവംബര്‍ 19നുള്ളിലാണ് ഭൂമി കൈമാറ്റം ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത് എന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് പ്രകാരം ഒമാനില്‍ വിദേശികള്‍ കൃഷിഭൂമി സ്വന്തമാക്കാനോ ഭൂമിയോ വസ്തുക്കളോ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനോ അനുവാദമില്ല. കൊട്ടാരങ്ങള്‍, സുരക്ഷാ ഏജന്‍സികളുടെയോ സേനയുടെയോ സംവിധാനങ്ങള്‍, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങള്‍ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങള്‍ക്ക് സമീപമുള്ള മലകളും ദ്വീപുകളും വിദേശികള്‍ക്ക് ഉടമസ്ഥതാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടും.

നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലോ കരാറിലോ ബോധപൂര്‍വമായി ഏര്‍പ്പെടുകയോ, മധ്യസ്ഥത വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ആയിരം റിയാല്‍ മുതല്‍ മുവായിരം റിയാല്‍ വരെ പിഴയും ശിക്ഷ നല്‍കാന്‍ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. നിയമത്തെ മറി കടക്കാന്‍ തട്ടിപ്പ് രീതികള്‍ സ്വീകരിക്കുന്നവര്‍ക്ക് ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും രണ്ടായിരം റിയാല്‍ മുതല്‍ അയ്യായിരം റിയാല്‍ വരെ പിഴയും ശിക്ഷയായി നല്‍കാനും വ്യവസ്ഥയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍