UPDATES

പ്രവാസം

വിദേശീയര്‍ക്ക് സ്ഥിരതാമസം ഒരുക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി ഖത്തര്‍

ഉത്തരവ് നടപ്പാകുന്നതോടെ വിദേശീയര്‍ക്ക് സ്ഥിരതാമസം ഒരുക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി ഖത്തര്‍ മാറും.

പ്രവാസികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് അമീര്‍ തമീംമ് ബിന്‍ ഹമ്മദ് അല്‍ താനി. ദീര്‍ഘനാളായി ഖത്തറില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കഴിയുന്നവരെയാണ് ഖത്തര്‍ പൗരന്‍മാരാക്കാന്‍ ഭരണകൂടം തയ്യാറെടുക്കുന്നത്. ഉത്തരവ് നടപ്പാകുന്നതോടെ വിദേശീയര്‍ക്ക് സ്ഥിരതാമസം ഒരുക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി ഖത്തര്‍ മാറും. വിസാ സൗജന്യവും കുറഞ്ഞ കൂലി സമ്പ്രദായവും പ്രഖ്യാപിച്ചതിന് പിന്നാലെ തൊഴില്‍ നിയമത്തിലെ ഭേദഗതിയും ഖത്തര്‍ കൊണ്ടുവന്നു. തൊഴില്‍ ഉടമയുടെ അനുമതി ഇല്ലാതെ തന്നെ തൊഴിലാളിക്ക് ഖത്തര്‍ വിട്ടുപോകാമെന്നതായിരുന്നു ഭേദഗതി.

സ്ഥിര താമസക്കാരാകാന്‍ അപേക്ഷ നല്‍കുന്നവരില്‍ നിന്ന് മുന്‍ഗണന പ്രകാരമാണ് അനുമതി നല്‍കുന്നത്. ഓരോ വര്‍ഷവും 100 പേര്‍ക്ക്സ്ഥിരതാമസ അനുമതി നല്‍കാനാണ് പദ്ധതി. സ്ഥിരതാമസ അനുമതി ലഭിച്ചാല്‍ ഇവര്‍ക്ക് ഖത്തര്‍ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ ക്ഷേമ പദ്ധതികള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. ലഭിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് ഖത്തറില്‍ വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്.

സ്ഥിരതാമസ അനുമതി ലഭിക്കുന്നതിന് ചില നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. ഖത്തറില്‍ ജനിച്ചവര്‍ക്കാണ് സ്ഥിരതാമസ അനുമതി വേണ്ടത് എങ്കില്‍ അവര്‍ 10 വര്‍ഷം ഖത്തറില്‍ താമസിച്ചുവെന്ന രേഖ വേണം. വിദേശത്ത് ജനിച്ചവരാണെങ്കില്‍ 20 വര്‍ഷം ഖത്തറില്‍ താമസിച്ചുവെന്ന രേഖ വേണം. സ്ഥിരതാമസ അനുമതി ലഭിക്കുന്നതോടെ സ്വദേശികളുടെ സഹായമില്ലാതെ തന്നെ ഖത്തറില്‍ വാണിജ്യ കമ്പനികള്‍ സ്വന്തമായി തുടങ്ങാന്‍ സാധിക്കും. കൂടാതെ ദേശീയ തലത്തില്‍ നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികളില്‍ ഭാഗമാകാനും പറ്റും.

രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ തൊഴില്‍ ഉടമയുടെ അനുമതി വേണമെന്ന സമ്പ്രദായം ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്. ഖത്തര്‍ സന്ദര്‍ശനത്തിന് വിസാ ചട്ടത്തില്‍ അടുത്തിടെ ഭരണകൂടം ഇളവ് നല്‍കിയിരുന്നു. ഇതോടെ ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു. അമീര്‍ തമീംമ് ബിന്‍ ഹമ്മദ് അല്‍താനിയുടെ സ്വപ്നമായ ഖത്തര്‍ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഖത്തറില്‍ സുസ്ഥിര വികസനം സാധ്യമാക്കി പത്തു വര്‍ഷം കൊണ്ട് പുതിയ ഖത്തറിനെ നിര്‍മ്മിക്കുകയാണ് അല്‍താനിയുടെ ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍