UPDATES

പ്രവാസം

ഖത്തര്‍ ഉപരോധം: സൗദിയും യുഎഇയും വഴിയടയ്ക്കുമ്പോള്‍ കുടുങ്ങുന്നത് മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍

ഉപരോധവാര്‍ത്ത പുറത്തുവന്നതോടെ വിമാനടിക്കറ്റുകള്‍ക്ക് വിലവര്‍ദ്ധിച്ചത് മലയാളി പ്രവാസികളെയടക്കം ബാധിച്ചിട്ടുണ്ട്.

സൗദി, യുഎഇ അടക്കം ഏഴ് രാജ്യങ്ങള്‍ ഭീകരബന്ധവും മേഖലയെ അസ്ഥിരപ്പെടുത്തുന്നുവെന്ന കുറ്റവും ആരോപിപിച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ആ രാജ്യത്തെ വലിയൊരു ശതമാനം വരുന്ന ഇന്ത്യന്‍ സമൂഹം കൂടിയാണ്. ഖത്തറിലെ 27 ലക്ഷത്തോളം വരുന്ന മൊത്തം ജനസംഖ്യയില്‍ ആറേമുക്കാല്‍ ലക്ഷത്തോളം വരും ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുലക്ഷത്തോളം പേര്‍ മലയാളികളാണ്. രാജ്യത്തിനുമേല്‍ ഉപരോധം വന്നതോടെ ഇവരെല്ലാം തന്നെ വല്ലാത്ത ആശങ്കയിലാണ്. കൂടുതല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ തിരിയുകയും സൗദിയടക്കമുള്ളവര്‍ നടപടികളില്‍ കൂടുതല്‍ കാര്‍ക്കശ്യം കാണിക്കുകയും ചെയ്താല്‍ സ്ഥിതി അതീവ ഗുരുതരമാകും.

ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചിരിക്കുന്നത്. ഖത്തറിലുള്ള പ്രവാസികള്‍ക്ക് നാട്ടില്‍ പോകാനും മറ്റും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഖത്തര്‍ അധികൃതരും പറയുന്നുണ്ട്. ഖത്തറിനുമേലുള്ള നടപടി സ്വദേശികളുടെയോ പ്രവാസികളുടെയോ സാധാരണജീവിതത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ഭരണകൂടം ആവര്‍ത്തിക്കുന്നത്. എങ്കില്‍ തന്നെയും സൗദിയും യുഎഇയും എടുത്തിരിക്കുന്ന നിലപാടില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ കനത്ത ആശങ്കയില്‍ തന്നെയാണ്. അതിര്‍ത്തികള്‍ അടച്ച് ഖത്തറിനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുള്ള സൗദിയുടെ നീക്കം സാരമായി ബാധിക്കുക ഖത്തറിലെ വ്യാപാര, വാണിജ്യ സമൂഹത്തെയായിരിക്കും. ഇന്നലെ സൗദിയുടെയും കൂട്ടരുടെയും പ്രഖ്യാപനം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവ്യാപാരത്തില്‍ വന്‍ ഇടിവാണ് ഉണ്ടായതെന്നു മാധ്യമവാര്‍ത്തകള്‍ പറയുന്നു. രാജ്യത്ത് വ്യാപാര, വാണിജ്യമേഖലകളില്‍ വളരെയധികം മലയാളികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാം തന്നെ ഭാവിയെക്കുറിച്ച് ആകുലരാണ്.

2022 ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട് വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഖത്തറില്‍ നടന്നുവരുന്നത്. സ്റ്റേഡിയനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സൗദിയിലേയും യുഎഇയിലേയും ഒട്ടേറേ കമ്പനികളും പങ്കാളികളാണ്. പുതിയ സാഹചര്യത്തില്‍ ഈ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം ഏതു രീതിയില്‍ മുന്നോട്ടു പോകുമെന്നത് സംശയമാണ്. ഒരുപക്ഷേ ലോകകപ്പ് നടത്തിപ്പില്‍ വരെ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

സുരക്ഷപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണു ഖത്തര്‍ അധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതെങ്കിലും സൗദിയില്‍ നിന്നാണ് ഖത്തര്‍ വിപണയിലേക്ക് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തുന്നത്. ഇന്നലെ ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉണ്ടായ തിരക്ക് അതിന്റെയൊരു തെളിവായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ആളുകള്‍ തിക്കിത്തിരക്കിയത് ഭക്ഷണസാധനങ്ങളും വെള്ളവും വാങ്ങിക്കൂട്ടാനായിരുന്നു. ഖത്തറിലേക്കുള്ള പച്ചക്കറി, പാല്‍, മുട്ട, ഇറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ അധികവും വരുന്നത് സൗദിയില്‍ നിന്നോ സൗദി വഴിയോ ആണ്. അവര്‍ അതിര്‍ത്തി അടച്ചതോടെ ഈ വരവ് നിലച്ചാല്‍ ഖത്തര്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കു വീഴുമെന്ന വാര്‍ത്തകളും ആശങ്ക പടര്‍ത്തുന്നു. ഇത് റംസാന്‍ മാസം ആയതിനാല്‍ ഭക്ഷണം തടയുന്ന നടപടി ഗള്‍ഫ് രാജ്യങ്ങളാരും ചെയ്യില്ലെന്ന പ്രതീക്ഷ മാത്രമാണ് ആശ്വസിപ്പിക്കുന്നത്. ഭക്ഷ്യകാര്യത്തില്‍ മാത്രമല്ല, ഗതാഗതം, ടൂറിസം, ഓഹരി, നിര്‍മാണം തുടങ്ങി വിവധ മേഖലകളെ സൗദിയുടെയും സഖ്യകക്ഷികകളുടെയും ഉപരോധം ബാധിക്കും. ഖത്തറിലേക്ക് ഏറ്റവുമധികം വാഹനങ്ങളും വാഹനസാമഗ്രികളും എത്തുന്നത് യുഎഇയില്‍ നിന്നാണ്.

ഉപരോധവാര്‍ത്ത പുറത്തുവന്നതോടെ വിമാനടിക്കറ്റുകള്‍ക്ക് വിലവര്‍ദ്ധിച്ചത് മലയാളി പ്രവാസികളെയടക്കം ബാധിച്ചിട്ടുണ്ട്. ഈ മാസം പകുതിയോടെ ആരംഭിക്കുന്ന അവധിക്കാലത്തിനനുസരിച്ച് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തുവച്ചിരുന്നവര്‍ ഏറെയാണ്. എന്നാല്‍ വ്യോമഗതാഗതത്തിനും ഖത്തറിന് അനുമതി നിഷേധിച്ച സൗദിയുടെയും യുഎഇയുടെയുമെല്ലാം തീരുമാനം വിമാനയാത്രകളെയും പ്രതിസന്ധിയിലാക്കി. ദോഹയില്‍ നിന്നും നേരിട്ടല്ലാതെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലൂടെ വിമാന ടിക്കറ്റ് എടുത്തവരെല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നു വാര്‍ത്തകള്‍ പറയുന്നു. സൗദിയടക്കം ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അവിടേയ്ക്ക് ഖത്തര്‍ വിമാനങ്ങള്‍ക്കും പ്രവേശനമില്ല. യുഎഇ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, സൗദി എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍ എന്നിവര്‍ സര്‍വീസ് നിര്‍ത്തിക്കഴിഞ്ഞു. ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നും നേരത്തെ ടിക്കറ്റ് ബു്ക്ക് ചെയ്തിരിക്കുന്നവര്‍ക്ക് പണം മടക്കി നല്‍കുമെന്നും ഖത്തറും അറിയിച്ചിട്ടുണ്ട്. പുതിയ പ്രതിസന്ധിവന്നതോടെ വിമാനടിക്കറ്റുകള്‍ക്ക് വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചവര്‍ക്കെല്ലാം ഉയര്‍ന്ന വിലയില്‍ ടിക്കറ്റ് എടുക്കേണ്ടി വരും. ഇപ്പോഴുള്ളതിന്റെ നേര്‍ ഇരട്ടിയാണു വില വര്‍ദ്ധിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍