UPDATES

പ്രവാസം

ക്ഷേത്രനിര്‍മ്മാണത്തിന് കാനഡയില്‍ എത്തിയ തമിഴ് തൊഴിലാളികള്‍ നേരിട്ടത് കടുത്ത പീഡനം; അന്വേഷണം ആരംഭിച്ചു

തൊഴിലാളികളുടെ ദയനീയ അവസ്ഥയില്‍ അനുകമ്പ തോന്നിയ ക്ഷേത്ര ഭരണ സമിതിയിലെ ഒരംഗം തമിഴ് വര്‍ക്കേഴ്‌സ് നെറ്റ്വര്‍ക്ക് എന്ന സംഘടനയെ വിവരം അറിയിച്ചതോടെയാണ് പീഡന കഥ പുറത്തുവന്നത്

കാനഡയില്‍ ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ പോയ നാല് തമിഴ് ശില്‍പനിര്‍മ്മാണ തൊഴിലാളികള്‍ ദയനീയമായ ജീവിതസാഹചര്യങ്ങളില്‍ തീരെ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായതായി സിബിസി ടൊറാന്റോ റിപ്പോര്‍ട്ട് ചെയ്തു. പകല്‍ ക്ഷേത്രഭാഗങ്ങളില്‍ പ്രതിമകള്‍ കൊത്തുകയും ചായം പൂശുകയും ചെയ്യുന്ന തങ്ങള്‍ രാത്രിയില്‍ കൊടുംതണുപ്പില്‍ കെട്ടിടത്തിന്റെ നിലവറയില്‍ തളര്‍ന്നുറങ്ങാന്‍ നിര്‍ബന്ധിതരായതായി തൊഴിലാളികളില്‍ രണ്ടു പേര്‍ സിബിസിയോട് പറഞ്ഞു. തങ്ങള്‍ക്ക് പലപ്പോഴും ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്ന് സംഘത്തിലുള്ള ശേഖര്‍ കുരുസ്വാമി (51), സുധാകര്‍ മസ്ലാമണി (46) എന്നിവര്‍ പറഞ്ഞു.

അധികസമയ ജോലിക്ക് കൂലിയൊന്നും നല്‍കിയിരുന്നില്ല എന്ന് മാത്രമല്ല, ജോലി സ്ഥലത്ത് വേണ്ട സുരക്ഷ ക്രമീകരണങ്ങളും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ടൊറാന്റോയിലെ ശ്രീദുര്‍ഗ ക്ഷേത്ര ഗോപുരത്തിന്റെ 1.2 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ അറ്റകുറ്റപ്പണിക്കായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നാല് തൊഴിലാളികളെ ക്ഷേത്രം അധികാരികള്‍ കാനഡയിലേക്ക് കൊണ്ടുപോയത്. രാവിലെ എട്ടു മണിക്ക് ജോലി ആരംഭിക്കുന്ന ഈ നാല്‍വര്‍ സംഘത്തിന് രണ്ട്, മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഭക്ഷണമൊന്നും നല്‍കിയിരുന്നില്ല. ഭക്ഷണ കാര്യം ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ കനസ്വാമി ത്യാഗരാജകുരുക്കളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം തങ്ങളെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് കുരുസ്വാമി പറഞ്ഞു.

‘പുറത്തുപോടാ പട്ടീ,’ എന്നായിരുന്നു കുരുക്കളുടെ ആക്രോശമെന്ന് കുരുസ്വാമി ഓര്‍ക്കുന്നു. ശരിക്കും ജയിലില്‍പെട്ട അവസ്ഥയിലായിരുന്നു തൊഴിലാളികള്‍. വിശപ്പുമൂലം തങ്ങള്‍ കരയുകയായിരുന്നുവെന്നും അവര്‍ പറയുന്നു. കാനഡയില്‍ ആദ്യമായി എത്തുന്ന തങ്ങള്‍ക്ക് മറ്റാരുമായും ഒരു ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. അള്‍സര്‍ രോഗബാധിതനായ മസ്ലാമണിയുടെ അവസ്ഥയായിരുന്നു ഏറ്റവും ദയനീയം. അഞ്ച് മാസം ജോലി ചെയ്തിട്ടും ഒരു നേരം പോലും മര്യാദയ്ക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. തലേദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളാണ് ഇവര്‍ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. ആഴ്ചയില്‍ 60 മണിക്കൂറില്‍ കൂടുതല്‍ ഇവരെ കൊണ്ട് പണിയെടുപ്പിച്ചിരുന്നു. കിടക്കിയിലെ മൂട്ടകളെ കുറിച്ച് പരാതി പറഞ്ഞപ്പോഴും തെറിയായിരുന്നു ഉത്തരം. മുഖ്യ പൂജാരി തെറിവിളിക്കുകയും പലപ്പോഴും അടിക്കാനായി കൈയോങ്ങുകയും ചെയ്തിരുന്നതായും ഇവര്‍ പറയുന്നു.

തൊഴിലാളികളുടെ ദയനീയ അവസ്ഥയില്‍ അനുകമ്പ തോന്നിയ ക്ഷേത്ര ഭരണ സമിതിയിലെ ഒരംഗം തമിഴ് വര്‍ക്കേഴ്‌സ് നെറ്റ്വര്‍ക്ക് എന്ന സംഘടനയെ വിവരം അറിയിച്ചതോടെയാണ് പീഡന കഥ പുറത്തുവന്നത്. ആധുനിക ലോകത്തിലെ അടിമത്തമാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്ന് സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തകനായ രാം സെല്‍വരാജ് സിബിസിയോട് പറഞ്ഞു. വേതനത്തെ കുറിച്ചല്ല മറിച്ച് ആളുകളോട് പെരുമാറുന്ന രീതിയാണ് തന്നെ കൂടുതല്‍ അലട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൈപ്പ് കൊണ്ടു തീര്‍ത്ത ചട്ടത്തില്‍ 20 മീറ്റര്‍ ഉയരത്തില്‍ നിന്നും ജോലി ചെയ്യുമ്പോഴും തൊഴിലാളികള്‍ക്കായി ഒരു സുരക്ഷ ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും സെല്‍വരാജ് ചൂണ്ടിക്കാണിക്കുന്നു. ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയില്‍ നിന്നും വാങ്ങിയ ഹെല്‍മറ്റും ബൂട്ടുകളും മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്.

തമിഴ് വര്‍ക്കേഴ്‌സ് നെറ്റ്വര്‍ക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇവര്‍ക്ക് തൊഴില്‍ കരാര്‍ നല്‍കിയിരുന്നെങ്കില്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ അഭാവം നിമിത്തം അവര്‍ക്കത് വായിച്ചു മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. കരാര്‍ പ്രകാരം 2017 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ആറുമാസത്തേക്കാണ് ഇവരുടെ സേവനം. ആഴ്ചയില്‍ നാല്‍പത് മണിക്കൂര്‍ ജോലിക്ക് മണിക്കൂറിന് 18 കനേഡിയന്‍ ഡോളറും ഓവര്‍ടൈം മണിക്കൂര്‍ ഒന്നിന് 27 കനേഡിയന്‍ ഡോളറുമായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. അതായത് ഓവര്‍ടൈം കൂടാതെ മാസത്തില്‍ ശരാശരി 2500 ഡോളര്‍ എന്നതായിരുന്നു വേതന നിരക്ക്. എന്നാല്‍ ഉടനടി ഇന്ത്യയിലേക്ക് പോകാന്‍ സെപ്തംബര്‍ 24ന് മുഖ്യപൂജാരി തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. കരാര്‍ തീരുന്നതിന് മൂന്ന് ആഴ്ച മുമ്പായിരുന്നു ഇത്. അഞ്ചാമത്തെ മാസത്തെ കൂലി ഇതുവരെ നല്‍കിയിട്ടില്ലെന്ന് കുരുസ്വാമി പറയുന്നു.

കാനഡയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തവര്‍ക്ക് നല്‍കുന്ന ക്വീന്‍സ് ഡയമണ്ട് ജൂബിലി പുരസ്‌കാരം 2012 നേടിയ ആളാണ് ത്യാഗരാജകുരുക്കള്‍. എന്നാല്‍ ഭക്തിയെ ഒരു വലിയ വ്യവസായമാക്കി മാറ്റുകയാണ് കുരുക്കള്‍ ചെയ്യുന്നതെന്നാണ് സെല്‍വരാജ് പറയുന്നത്. തൊഴിലാളികളെ പീഡിപ്പിച്ച കഥ പറഞ്ഞപ്പോള്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തന്റെ അമ്മ പോലും വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ഇതൊരു ഗുരുതരമായ പ്രശ്‌നമായി ഏറ്റെടുക്കണമെന്നും സെല്‍വരാജ് പറയുന്നു. സ്വന്തമായി ഒരു ബിഎംഡബ്ലിയു ഉള്ള കുരുക്കള്‍ ക്ഷേത്രാവശ്യങ്ങള്‍ക്കായി മറ്റൊരു മെര്‍സിഡസ് എസ്5എ സംഘടിപ്പിച്ചിട്ടുണ്ട്.

ടൊറാന്റോയില്‍ ജീവിക്കുന്ന തമിഴ് പ്രവാസികള്‍ക്കിടയില്‍ നിന്നും ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാകാന്‍ വഴിയില്ലെന്നാണ് തമിഴ് വര്‍ക്കേഴ്‌സ് നെറ്റുവര്‍ക്ക് പറയുന്നത്. അവര്‍ ഇതുസംബന്ധിച്ച് ഒരു ഔദ്ധ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് സൗജന്യമായി വാദിക്കാന്‍ തയ്യാറായി പാര്‍ക്ക്‌ഡെയ്ല്‍ കമ്മ്യൂണിറ്റി ലീഗല്‍ സര്‍വീസ് മുന്നോട്ട് വന്നിട്ടുണ്ട്. തൊഴിലാളികള്‍ക്ക് യഥാര്‍ത്ഥത്തില്‍ എത്ര വേതനം ലഭിച്ചിട്ടുണ്ട് എന്നറിയുന്നതിനായി അവരുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖറിക്കുകയാണ് തങ്ങളെന്ന് ലിഗല്‍ സര്‍വീസസിന്റെ തൊഴിലാളി അവകാശ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ ജോണ്‍ നോ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും വാഗ്ദാനം ചെയ്തതില്‍ വലിയൊരു വെട്ടിക്കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് അനുമാനിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യാന്‍ മാത്രമേ കാനഡയിലെ താല്‍ക്കാലിക വിദേശ തൊഴിലാളി പെര്‍മിറ്റ് അനുവദിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ആ തൊഴിലുടമയെ പൂര്‍ണമായും ആശ്രയിക്കാന്‍ താല്‍ക്കാലിക തൊഴിലാളികള്‍ നിര്‍ബന്ധിതരാവുന്നു. വേതനത്തിലോ തൊഴില്‍ സാഹചര്യങ്ങളിലോ ചൂഷണം നടന്നാല്‍ പോലും ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുമില്ല. ഒരു വലിയ മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും നോ ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷം തൊഴിലാളി പീഢനവുമായി ബന്ധപ്പെട്ട 50 കേസുകളെങ്കിലും തങ്ങളുടെ ഓഫീസില്‍ എത്താറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ ക്ഷേത്രഭരണ സമിതി നിഷേധിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങള്‍ താല്‍ക്കാലി തൊഴിലാളികളെ കൊണ്ടു ജോലി ചെയ്യിക്കുന്നുണ്ടെന്നും ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല എന്നുമാണ് അവരുടെ വിശദീകരണം. കുരുക്കളുമായി അഭിമുഖത്തില്‍ സിബിസി ശ്രമിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല.

ഓറഞ്ച് പാസ്പോര്‍ട്ട്; വിവേചനത്തിന്റെ ഏറ്റവും നീചമായ രൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍