UPDATES

പ്രവാസം

വിവാഹവേദിയിലെത്തിയ ഇന്ത്യന്‍ വംശജനായ വരനെ മടക്കി അയച്ചു

നൂറ്റിഅമ്പതോളം അതിഥികള്‍ക്ക് മുന്നില്‍ താന്‍ നാണം കെട്ടുപോയെന്നും ഒടുവില്‍ വിവാഹം മാറ്റി വയ്‌ക്കേണ്ട അവസ്ഥയായെന്നും ഇയാള്‍ പറയുന്നു.

ദുബായിലെ  ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ സ്വന്തം വിവാഹത്തിനായെത്തിയ വരനെ പുറത്താക്കി. ഇന്ത്യന്‍ വംശജനായ യുവാവിനെയാണ് വിവാഹ വേദി ബുക്കിംഗ് നടന്നിട്ടില്ലെന്ന് കാരണത്തില്‍ ഹോട്ടല്‍ അധികൃതര്‍ മടക്കി അയച്ചത്. ഇതേതുടര്‍ന്ന് യുവാവിന്റെ വിവാഹം നടന്നില്ല. വിവാഹ പാര്‍ട്ടിക്കായി പ്രത്യേക ഡിസ്‌കൗണ്ടില്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് തരാമെന്ന വാഗ്ദാനം നല്‍കി ലെബനീസ് വംശജന്‍ യുവാവിനെ കബളിപ്പിക്കുകയായിരുന്നു. ഹോട്ടല്‍ ബുക്കിംഗിനായി 26000 ദിര്‍ഹമാണ് 35 കാരനായ യുവാവില്‍ നിന്ന് ലെബനീസ് വംശജന്‍ വാങ്ങിയത്. എന്നാല്‍ വിവാഹദിനത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരന്റെ വേഷത്തില്‍ ജുമൈറയിലെ ഹോട്ടലിലെത്തിയപ്പോഴാണ് തന്റെ പേരില്‍ ഒരു ബുക്കിംഗും നടന്നിട്ടില്ലെന്ന് വരന്‍ അറിയുന്നത്. പലതവണ സുഹൃത്തിനെ വിളിച്ചെങ്കിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന മറുപടി നല്‍കി ഇയാള്‍ ഒഴിവാകുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

നൂറ്റിഅമ്പതോളം അഥിതികള്‍ക്ക് മുന്നില്‍ താന്‍ നാണം കെട്ടുപോയെന്നും ഒടുവില്‍ വിവാഹം മാറ്റി വയ്‌ക്കേണ്ട അവസ്ഥയായെന്നും ഇയാള്‍ പറയുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ദുബായിലെ മറ്റൊരു ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നാണക്കേടിനും ധനനഷ്ടത്തിനും പുറമെ അവസാനഘട്ടത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയ വിവാഹവേദി ഒരുക്കാന്‍ കഷ്ടപ്പെടേണ്ടി വന്നുവെന്നാണ് യുവാവ് പറയുന്നത്. തന്നെ പറ്റിച്ച സുഹൃത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണിയാള്‍. ദുബായിലെ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് സുഹൃത്ത് തന്റെ വിശ്വാസം നേടിയെടുത്തത്. വേദിക്കായി അന്‍പത് ശതമാനത്തോളം ഡിസ്‌കൗണ്ടും നേടിത്തരാമെന്ന് പറഞ്ഞിരുന്നതായും യുവാവ് പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍