UPDATES

പ്രവാസം

അബുദാബി കോടതിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക്  ഹിന്ദിയിലും പരാതിപ്പെടാന്‍ സൗകര്യം

കോടതി നടപടികള്‍ക്ക് വിദേശ ഭാഷകളായ ഇംഗ്ലിഷ്, ഹിന്ദി എന്നിവ അംഗീകരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് യുഎഇ

അബുദാബിയിലെ കോടതിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് പ്രയോജനകരമാകും വിധം ഹിന്ദിയിലും പരാതി നല്‍കാന്‍ സൗകര്യം. അറബി, ഇംഗ്ലീഷ് ഭാഷകള്‍ കഴിഞ്ഞ് മൂന്നാമതായി ഹിന്ദിയിലും പരാതിപ്പെടാന്‍ അബുദാബി ജുഡീഷ്യല്‍
ഡിപ്പാര്‍ട്ട്മെന്റാണ് സൗകര്യം ഒരുക്കിയത്. അബുദാബി കോടതിയിലെ അപേക്ഷാ ഫോമുകള്‍  ഹിന്ദിയിലും ലഭ്യമാക്കി പരിഷ്‌കരിച്ചു. നേരത്തെ അറബിക് ഭാഷയില്‍ മാത്രമായിരുന്നു സേവനമെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലിഷില്‍ പരാതിപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

അറബിക് ഭാഷ സംസാരിക്കാത്തവര്‍ക്കെതിരെയുള്ള സിവില്‍, ക്രിമിനല്‍ കേസുകള്‍ ഇംഗ്ലിഷില്‍ ഫയല്‍ ചെയ്യാമെന്നായിരുന്നു നിയമം. ഈ വിഭാഗത്തിലേക്ക് ഹിന്ദി കൂടി ഉള്‍പ്പെടുത്തിയതോടെ അബുദാബിയില്‍ നീതിന്യായ സേവനം മൂന്നു ഭാഷകളില്‍ ലഭ്യമാകും. യുഎഇയിലെ ജോലിക്കാരില്‍ കൂടുതലും ഹിന്ദി സംസാരിക്കുന്നവരായതിനാലാണ് ഹിന്ദി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിദഗ്ധ തൊഴിലാളികളുടെ കേന്ദ്രമായി അബുദാബിയെ മാറ്റുന്നതിനൊപ്പം വിദേശനിക്ഷേപം ആകര്‍ഷിക്കാനും പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. തൊഴില്‍ തര്‍ക്കം അടക്കമുള്ള പരാതികള്‍ സ്വന്തം ഭാഷയില്‍ ഉന്നയിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. കോടതി നടപടികള്‍ക്ക് വിദേശ ഭാഷകളായ ഇംഗ്ലിഷ്, ഹിന്ദി എന്നിവ അംഗീകരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് യുഎഇ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍